Tuesday, October 22, 2013

മരുന്ന് പരീക്ഷണം വ്യവസ്ഥകള്‍ പാലിച്ചുമതി: സുപ്രീം കോടതി

വേണ്ടത്ര ഒരുക്കങ്ങളോടെയും നിയമങ്ങള്‍ പാലിച്ചും മതി മരുന്നുപരീക്ഷണങ്ങളെന്ന് സുപ്രീംകോടതി. 162 മരുന്നുപരീക്ഷണങ്ങള്‍ക്ക് അംഗീകാരം നല്‍കിയ കേന്ദ്രതീരുമാനം അതേപടി അംഗീകരിക്കേണ്ടെന്നും സുപ്രീംകോടതി തീരുമാനിച്ചു. അഞ്ച് മരുന്നുപരീക്ഷണങ്ങള്‍ക്കു മാത്രമാണ് അനുമതി. പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളും വ്യവസ്ഥകളും സംബന്ധിച്ച രഞ്ജിത് റോയ് കമ്മിറ്റി പരിശോധിച്ച് ഉറപ്പുവരുത്തിയ അഞ്ച് പരീക്ഷണങ്ങള്‍ക്കാണ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്. വിദഗ്ധസമിതി നിലവില്‍ വരുംമുമ്പേ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ 157 മരുന്നുപരീക്ഷണങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഈ അപേക്ഷകള്‍ക്ക് വിദഗ്ധസമിതി ആദ്യം അംഗീകാരം നല്‍കണം. അതിനുശേഷം കേന്ദ്രം പരിശോധിക്കണം. പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയെന്ന് കേന്ദ്രം ഉറപ്പുവരുത്തണം. വിദഗ്ധസമിതി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കണം. പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രത്യാഘാതങ്ങള്‍ക്ക് സ്പോണ്‍സര്‍മാര്‍ ധനസഹായം നല്‍കി കൈയൊഴിയുന്ന പ്രവണതയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.

2011ല്‍ 48 കോടി ഡോളറിന്റെ 320 മരുന്നുപരീക്ഷണങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. 2012ല്‍ 250 ആയി കുറഞ്ഞു. അമേരിക്കന്‍ കമ്പനിയായ മെര്‍ക്കിന്റെയും ഗ്ലാക്സോ സ്മിത്ത്ക്ലൈന്റെയും പരീക്ഷണങ്ങള്‍ക്ക് വിധേയരായി ഏഴ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ പ്രശ്നം വീണ്ടും സജീവമായത്. മരുന്നുപരീക്ഷണങ്ങള്‍ക്കുള്ള വ്യവസ്ഥ പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ഉപദേശകന്‍ രഞ്ജിത് റോയ് ചൗധരി അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രം നിയോഗിച്ചിരുന്നു. അംഗീകാരമുള്ള സ്ഥാപനങ്ങളും വ്യക്തികളും മാത്രമേ മരുന്നുപരീക്ഷണങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്ന് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇത്തരം സ്ഥാപനങ്ങളിലെ എത്തിക്സ് കമ്മിറ്റിക്കും അംഗീകാരം വേണം. പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവരും മുന്‍കൂട്ടി അനുമതി നേടണം. പരീക്ഷണം മരണത്തിനിടയാക്കിയാല്‍ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണം. ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ ജീവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പരീക്ഷണത്തിനിടയിലാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ പരീക്ഷണം നടത്തുന്നവരുടെ ചുമതലയില്‍ത്തന്നെ ചികിത്സ നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍.

deshabhimani

No comments:

Post a Comment