Tuesday, October 15, 2013

ബലാത്സംഗത്തിന് നിയമസാധുത നേടാന്‍: കുരീപ്പുഴ

ഹരിപ്പാട്: വിവാഹപ്രായം കുറയ്ക്കുന്നത് ക്രൂരമായ ശൈശവ ബലാത്സംഗങ്ങള്‍ക്ക് നിയമസാധുത ഉണ്ടാക്കാനാണെന്ന് കവി കുരീപ്പൂഴ ശ്രീകുമാര്‍ പറഞ്ഞു. ശൈശവ വിവാഹത്തിന്റെ പേരില്‍ നടക്കുന്നത് ക്രൂരബലാത്സംഗങ്ങളെ ന്യായീകരിക്കാന്‍ സംഘടിത മതമേധാവിത്വം ശ്രമിക്കുന്നു. ഇതിനെതിരെ ചാഞ്ചല്യമില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഹരിപ്പാട്ട് സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരോഹിത്യമുയര്‍ത്തുന്ന നിരര്‍ഥകവാദങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ട സാഹിത്യകാരന്മാര്‍ വന്‍ പ്രതിഫലം പറ്റി വന്‍കിട പത്രമാധ്യമങ്ങളുടെ വേദികളിലെത്തി കീഴാളവര്‍ഗത്തിന് അക്ഷരം നിഷേധിച്ച സവര്‍ണസൂക്തങ്ങള്‍ പിഞ്ചുനാവുകളില്‍ ചൊല്ലിക്കൊടുക്കുകയാണ്. ആസുരമായ സാമൂഹ്യാവസ്ഥയാണ് മതമേലധികാരികളും പൗരോഹിത്യവും നിയന്ത്രിക്കുന്ന കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഡോ പള്ളിപ്പുറം മുരളി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് വിഷയം അവതരിപ്പിച്ചു. പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സീസ് ടി മാവേലിക്കര ചര്‍ച്ച ഉദ്ഘാടനം ചെയ്തു. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, സംസ്ഥാന സെക്രട്ടറി ഗോകുലേന്ദ്രന്‍, പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍, ചുനക്കര ജനാര്‍ദനന്‍ നായര്‍, ശിവരാമന്‍ ചെറിയനാട്, കെ കെ സുധാകരന്‍, എം കൃഷ്ണന്‍കുട്ടി, ഇലപ്പിക്കുളം രവീന്ദ്രന്‍, ഡോ. അമൃത, ഡോ. ബിച്ചു എക്സ് മലയില്‍, കണിമോള്‍, രാമപുരം ചന്ദ്രബാബു, സുരേഷ് മണ്ണാറശാല, സജിനി പവിത്രന്‍, സരോജിനി ഉണ്ണിത്താന്‍, ചന്തിരൂര്‍ താഹ, പി എ ഷിപാന, ആദില കബീര്‍, ബി വിജയന്‍നായര്‍ നടുവട്ടം, രവി പ്രസാദ് ഹരിപ്പാട്, ഇളനെല്ലൂര്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം സത്യപാലന്‍ സ്വാഗതവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ജോഷ്വ നന്ദിയും പറഞ്ഞു.

എഴുത്തും വായനയും മനുഷ്യനു വേണ്ടിയാകണം: കെഇഎന്‍

കൊല്ലം: എഴുത്തും വായനയും പഠനവും എല്ലാം മനുഷ്യബന്ധങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാകണമെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. പുകസ ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു കെ ഇ എന്‍.

ജനതയുടെ ഭാവനയേയും ആത്മാഭിമാനത്തെയും ഉയര്‍ത്തുന്നതാകണം എഴുത്തും വായനയും സാമൂഹ്യപ്രവര്‍ത്തനവും. എന്നാല്‍ എല്ലാവരും ഭാവനയെ നിയന്ത്രണങ്ങളുടെ തടവറയില്‍ ഇട്ടിരിക്കുകയാണ്. നമ്മുടെ ജനാധിപത്യം പോലും മതത്തോടും ജാതിയോടും സന്ധിചെയ്യുന്നു. ആത്മബോധത്തിന്റെ ആകാശത്തില്‍ വളരാനല്ല മറ്റാരെയൊപോലെ ആയിത്തീരുന്നതാണ് വികസനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട്. കല കലഹമാണ്. യഥാര്‍ഥ ജീവിതത്തെ അഭിമുഖീകരിക്കാന്‍ ശക്തിപകരുന്ന സമാന്തര ജീവിതത്തെ സൃഷ്ടിക്കാന്‍ പുരോഗമന കലക്കും സാഹിത്യത്തിനും കഴിയണം. സംഗീതം ശബ്ദസൗകുമാര്യത്തിന്റെ പവിത്രത മാത്രമല്ല. വംശഹത്യയുടെ നിലവിളികള്‍ ആലാപനത്തില്‍ അറിയാതെ വരുന്നതാകണം. അധികാരത്തിന് മുന്നില്‍ നിവര്‍ന്നു നില്‍ക്കാരെ സാഷ്ടാംഗം പ്രണമിക്കുകയാണ് ഇന്ന് കല. ചാനലുകളിലെ മൂലധന പ്രതിഫല പ്രോത്സാഹനത്തിനെതിരെ ജനകീയ ഇടപെടലുകളും സാധ്യമാക്കണമെന്ന് കെഇഎന്‍ പറഞ്ഞു.

കേരളീയ ജീവിതത്തിന്റെ വര്‍ത്തമാനം: സെമിനാര്‍

കോങ്ങാട്: സ്ത്രീ സമം അടുക്കള എന്ന മത മേലാളന്‍മാരുടെ മറ്റൊരു മുഖമാണ് വിവാഹപ്രായം 16 ആക്കണമെന്ന ചില മതസംഘടനകളുടെ തീരുമാനമെന്ന് കെഇ എന്‍ കുഞ്ഞഹമ്മദ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരളശേരി യൂണിറ്റ് നടത്തിയ കേരളീയജീവിതത്തിന്റെ വര്‍ത്തമാനം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുസമൂഹത്തിലെ പുരുഷമേല്‍ക്കോയ്മകളില്‍ ഉടലെടുക്കുന്ന ഇത്തരം തീരുമാനങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും അദേഹം പറഞ്ഞു. കേരളശേരി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷയായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡോ. എന്‍ എം മുഹമ്മദാലി, സിനിമാനിരൂപകന്‍ ജി പി രാമചന്ദ്രന്‍, മുണ്ടൂര്‍ മേഖലാ കമ്മിറ്റിയംഗം വൈ എന്‍ ജയഗോപാലന്‍, ഒടുവില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സി ആര്‍ സജീവ്, സെക്രട്ടറി കെ ഇ പത്മകുമാര്‍, യൂണിറ്റ് പ്രസിഡന്റ് രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

2 comments:

  1. Njan prasangichille....enthe ozhivaakky? Samsaram ishtapedanjitta..?

    ReplyDelete
  2. Njan prasangichille....enthe ozhivaakky? Samsaram ishtapedanjitta..?

    ReplyDelete