Saturday, January 15, 2011

കര്‍ഷക ആത്മഹത്യ കൂടുതല്‍ നടന്നത് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍

വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മറക്കരുതെന്ന് കര്‍ഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി കൃഷ്ണപ്രസാദ് എം എല്‍ എ പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തില്‍ ഇരുന്നപ്പോള്‍ കര്‍ഷക ആത്മഹത്യ തടയാനോ ആത്മഹത്യ ചെയ്ത കര്‍ഷകരുടെയെങ്കിലും കടം ഏറ്റെടുക്കാനോ കഴിയാത്ത ഉമ്മന്‍ചാണ്ടിക്ക് കര്‍ഷകപ്രേമം പ്രസംഗിക്കാന്‍ ധാര്‍മിക അവകാശമില്ല. 2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോഴാണ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുത്തതും കര്‍ഷക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചതും. വയനാട്ടിലെ 42113 കര്‍ഷകരുടെ 25000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളിയ വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനകം വയനാട്ടിലെയും കേരളത്തിലെയും കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്നതില്‍ വിജയിച്ചു എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം.

 2008ല്‍ കേന്ദ്രസര്‍ക്കാര്‍ കടം എഴുതിത്തള്ളിയതുകൊണ്ടാണ് വയനാട്ടില്‍ കര്‍ഷക ആത്മഹത്യ അവസാനിച്ചതെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി 2009ല്‍ രാജ്യത്താകെ 17683 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദികളാരാണെന്ന് വ്യക്തമാക്കണം. 2008ലെക്കാള്‍ 1520 കര്‍ഷകര്‍ 2009ല്‍ കൂടുതലായി ആത്മഹത്യ ചെയ്തതായാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കര്‍ഷക ആത്മഹത്യക്കും കാര്‍ഷിക പ്രതിസന്ധിക്കും കാരണം ഉദാരവല്‍ക്കരണ നയങ്ങളാണെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞവരാണ് വയനാട്ടിലെ കര്‍ഷകര്‍. രാജ്യത്താകെ കര്‍ഷകരെ കടക്കെണിയിലും ആത്മഹത്യയിലും മുക്കിത്താഴ്ത്തുന്ന ഉദാരവല്‍ക്കരണ നയം നടപ്പിലാക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ഉമ്മന്‍ചാണ്ടി വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയ വി എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്.

2008ലെ കേന്ദ്ര കടാശ്വാസ പദ്ധതിയില്‍ പുതുക്കിയ കടം റദ്ദാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തതുമൂലം ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്ക് കടാശ്വാസം ലഭിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ സര്‍ഫാസി ആക്ട് മൂലം വയനാട്ടിലെ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ ജപ്തി നോട്ടീസ് നേരിടുകയാണ്. ഇതിനെതിരെ ഒരക്ഷരം പറയാതെയാണ് കര്‍ഷകരെ സഹായിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നത്.

സഹകരണ ബാങ്കുകളുടെ ചെലവില്‍ കാപ്പി കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിനടപ്പിലാക്കാനാവാത്തതിന് കേരള സര്‍ക്കാരിനെ കുറ്റം പറയുന്നത് കര്‍ഷക വഞ്ചനയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 4,20000 കോടി രൂപയുടെ നികുതി സൌജന്യം വന്‍കിട വ്യവസായികള്‍ക്ക് നല്‍കിയ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാനുള്ള ബാധ്യത സഹകരണ ബാങ്കുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് പരിശ്രമിക്കുന്നത്.

ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ 7 രൂപയായിരുന്ന ഒരു കിലോ നെല്ലിന്റെ വില 13 രൂപയായും 8-11 രൂപയായിരുന്ന ഒരു ലിറ്റര്‍ പാലിന്റെ വില 17-21 രൂപയായും ഉയര്‍ത്തിയത് വി എസ് സര്‍ക്കാരാണ്. ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. യുഡിഎഫിന്റെ 5 വര്‍ഷ ‘ഭരണത്തില്‍ പൂട്ടിക്കിടന്ന സുല്‍ത്താന്‍ ബത്തേരിയിലെ കാര്‍ഷിക മൊത്ത വ്യാപാര വിപണി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. കാരാപ്പുഴ പദ്ധതി കമ്മീഷന്‍ ചെയ്യാനും വി എസ് സര്‍ക്കാര്‍ വിജയിച്ചു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 110 രൂപ എന്നത് 300 രൂപയാക്കി ഉര്‍ത്തി വയനാട്ടിലെ 1.76 ലക്ഷം കുടുംബങ്ങളില്‍ 52% വരുന്ന 93000 കര്‍ഷകതൊഴിലാളി - ദരിദ്ര കര്‍ഷക കുടുംബങ്ങള്‍ക്ക് 2 രൂപക്ക് ഒരു കിലോ അരി വി എസ് സര്‍ക്കാര്‍ ലഭ്യമാക്കി. രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 3 രൂപക്ക് ഒരു കിലോ അരി നല്‍കുമെന്ന് 2009 മെയ്മാസത്തിലെ പ്രഖ്യാപനം നടപ്പിലാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇതേവരെ തയ്യാറായിട്ടില്ല എന്നതും ഉമ്മന്‍ചാണ്ടി ഓര്‍ക്കേണ്ടതാണ്.

കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് തെരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാനാണെന്നും ‘ഭരണത്തില്‍ വന്നാല്‍ അഴിമതി നടത്താനും വിലക്കയറ്റം സൃഷ്ടിക്കാനും വന്‍കിട കച്ചവടക്കാര്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും സൌകര്യമൊരുക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നതെന്നും രാഷ്ട്രീയ ബോധമുള്ളവര്‍് തിരിച്ചറിയും. ആസിയാന്‍ കരാര്‍ നടപ്പിലാക്കപ്പെടുക 2019ഓടെയാണെന്നിരിക്കെ കരാര്‍ ഒപ്പിട്ടതിനാലാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം ഉദാരവല്‍ക്കരണ നയത്തെ ന്യായീകരിക്കുന്നതാണ്. 1994ല്‍ WTO കരാര്‍ ഒപ്പിട്ട ശേഷം 5 വര്‍ഷം കഴിഞ്ഞ് 1999ഓടെയാണ് കരാറിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടതും ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച വന്നതും കര്‍ഷക ആത്മഹത്യ ശക്തിപ്പെട്ടതും എന്നതും ഉമ്മന്‍ചാണ്ടി മറക്കരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി വയനാട് ജില്ല 150111

1 comment:

  1. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മറക്കരുതെന്ന് കര്‍ഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി കൃഷ്ണപ്രസാദ് എം എല്‍ എ പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തില്‍ ഇരുന്നപ്പോള്‍ കര്‍ഷക ആത്മഹത്യ തടയാനോ ആത്മഹത്യ ചെയ്ത കര്‍ഷകരുടെയെങ്കിലും കടം ഏറ്റെടുക്കാനോ കഴിയാത്ത ഉമ്മന്‍ചാണ്ടിക്ക് കര്‍ഷകപ്രേമം പ്രസംഗിക്കാന്‍ ധാര്‍മിക അവകാശമില്ല. 2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോഴാണ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുത്തതും കര്‍ഷക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചതും. വയനാട്ടിലെ 42113 കര്‍ഷകരുടെ 25000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളിയ വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനകം വയനാട്ടിലെയും കേരളത്തിലെയും കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്നതില്‍ വിജയിച്ചു എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം.

    ReplyDelete