ഉൽപ്പന്നമേഖല ആസിയാൻ സ്വതന്ത്രവ്യാപാര കരാർ പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ എതിർത്ത് അംഗരാജ്യങ്ങൾ. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് കരാർ തിരിച്ചടിയായ സാഹചര്യത്തിലാണ് പുനഃപരിശോധന ആവശ്യപ്പെട്ടത്. എന്നാൽ, ആർസിഇപി (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത) കരാറിൽ ഇന്ത്യ ഭാഗമാകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന നിലപാടിലാണ് ആസിയാൻ രാജ്യങ്ങൾ. കഴിഞ്ഞ മാസം ഓൺലൈനിൽ ചേർന്ന മന്ത്രിതലയോഗത്തിനുശേഷം ആസിയാൻ സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്‌താവനയിൽ ഇക്കാര്യം വ്യക്തമാക്കി. ആസിയാൻ കരാറിനേക്കാൾ ഇന്ത്യക്ക് ദോഷകരമാകുന്നതാണ് ആർസിഇപി കരാർ.
നിതി ആയോഗും ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസും രണ്ടു വർഷമായി ആസിയാൻ കരാറിന്റെ തിക്തഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയുടെ വ്യാപാരകമ്മി 2400 കോടി ഡോളറാണ്. കരാർ പുനഃപരിശോധിക്കണമെന്ന ആവശ്യം ഇന്ത്യ–- ആസിയാൻ മന്ത്രിതല യോഗത്തിൽ ഇന്ത്യ ആവർത്തിച്ചു. തുടർന്ന് വാണിജ്യ സെക്രട്ടറി അനൂപ് വധ്‌വാൻ സെപ്‌തംബർ 14ന് ആസിയാൻ സെക്രട്ടറി ജനറൽ ലിം ജോക് ഹോയിക്ക് കത്തയച്ചു. ഇക്കൊല്ലം നവംബറിൽ നടക്കുന്ന ഇന്ത്യ–- ആസിയാൻ ഉച്ചകോടിയിൽ അന്തിമതീരുമാനം എടുക്കാൻ കഴിയുന്ന വിധത്തിൽ പുനഃപരിശോധന ഉടൻ ആരംഭിക്കണമെന്നാണ് ആവശ്യം. യുപിഎ ഭരണകാലത്ത് 2009ൽ ഒപ്പിട്ട് അടുത്തവർഷം നിലവിൽവന്നതാണ് ഇന്ത്യ–- ആസിയാൻ കരാർ. ഇതിനെ തുടക്കംമുതൽ ഇടതുപക്ഷം ശക്തമായി എതിർത്തു. 21 ഇനം ഉൽപ്പന്നങ്ങളുടെ മേഖലയിൽ 13ലും ആസിയാൻ കരാർ ഇന്ത്യക്ക് പ്രതികൂലമാണെന്ന് വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു.
ആർസിഇപിയിൽ ഇന്ത്യക്ക് ചാഞ്ചാട്ടം
പത്ത് ആസിയാൻ രാജ്യവും ഓസ്‌ട്രേലിയ, ചൈന, ന്യൂസിലൻഡ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവയും ഉൾപ്പെട്ട ആർസിഇപി കരാറിൽ ഒപ്പിടുന്നതിന്റെ വക്കിൽവരെ കഴിഞ്ഞവർഷം ഇന്ത്യ എത്തിയതാണ്. രാജ്യത്തെ കർഷകരുടെയും വ്യവസായികളുടെയും സംഘടനകളും വിവിധ സംസ്ഥാനങ്ങളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തെതുടർന്നാണ് കേന്ദ്രസർക്കാർ പിന്തിരിഞ്ഞത്. കേന്ദ്രസർക്കാർ ആർസിഇപിയെ പൂർണമായി നിരാകരിച്ചിട്ടില്ല.
No comments:
Post a Comment