Monday, August 23, 2010

കര്‍ഷകവഞ്ചന മുഖമുദ്രയാക്കിയ കേന്ദ്രസര്‍ക്കാര്‍

സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുകയും ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശഠിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കര്‍ഷകദ്രോഹ നയം ഒരിക്കല്‍കൂടി തെളിയിക്കുകയാണ്. ഇറക്കുമതി തീരുവ ഇരുപത് ശതമാനത്തില്‍ നിന്ന് ഏഴര ശതമാനമായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. റബ്ബറിന്റെ വിലക്കൂടുതലും ദൗര്‍ലഭ്യവും ടയര്‍ വ്യവസായത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ തീരുവ സാരമായ നിലയില്‍ വെട്ടിക്കുറച്ചത്. റബ്ബറിന്റെ വന്‍തോതിലുള്ള വിലയിടിവിനും അതുവഴി റബ്ബര്‍ കര്‍ഷകരുടെ ജീവിത പ്രതിസന്ധിക്കുമാണ് ഈ തീരുമാനം വഴിതെളിക്കുക. വന്‍കിട ടയര്‍ നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനും സ്വാധീനത്തിനും വഴിപ്പെട്ടുകൊണ്ടാണ് റബ്ബര്‍ കര്‍ഷകരെ വേട്ടയാടുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഏഴര ശതമാനം തീരുവ നിരക്കില്‍ രണ്ടു ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍ മുതലാളിമാര്‍ക്ക് ഇനിമുതല്‍ അവസരമുണ്ടാവും.

വിദേശ റബ്ബര്‍ ഇന്ത്യന്‍ കമ്പോളത്തില്‍ കുന്നുകൂടുന്നതിനും ടയര്‍ മുതലാളിമാരുടെ ലാഭക്കൊയ്ത്ത് ഏറുന്നതിനും സഹായിക്കുന്ന നിലപാടാണിത്. തീരുവ കുറയ്ക്കാതെ തന്നെ വിദേശത്തുനിന്ന് റബ്ബര്‍ ഇറക്കുമതി ചെയ്താലും ടയര്‍ മുതലാളിമാര്‍ക്ക് ലാഭമാണ്. ആര്‍ എസ് എസ് 4 ഗ്രേഡ് റബ്ബറിന് ഇന്ത്യയിലെ വില 183 രൂപയാണെങ്കില്‍ ആഗോളവിപണിയില്‍ 153 രൂപയേയുള്ളൂ. ആ നിലയ്ക്ക് ടയര്‍ മുതലാളിമാര്‍ക്ക് ലാഭമാണെങ്കിലും അവരുടെ ലാഭം പതിന്‍മടങ്ങ് ഉയര്‍ത്തുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കാനാണ് തീരുവ ഇരുപതില്‍ നിന്ന് ഏഴര ശതമാനമായി വെട്ടിക്കുറച്ചതെന്ന് വ്യക്തം.

കാര്‍ഷികരാജ്യമായ ഇന്ത്യയെ കര്‍ഷക ആത്മഹത്യ പരമ്പരകള്‍ അരങ്ങേറുന്ന ദുരന്തഭൂമിയാക്കി മാറ്റിയത് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ഇത്തരം തെറ്റായ നയസമീപനങ്ങളാണ്. ഒന്നര ദശകത്തിനിടയില്‍ രണ്ടര ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ഇവര്‍ പാഠം പഠിക്കുവാനോ തെറ്റായ നയങ്ങള്‍ തിരുത്തുവാനോ സന്നദ്ധമല്ല. കുത്തക മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിനും സാമ്രാജ്യത്വ സാമ്പത്തിക അജണ്ടകള്‍ ദാസ്യഭാവത്തോടെ നടപ്പാക്കുന്നതിനുമായുള്ള നടപടികള്‍ നിരന്തരം കൈക്കൊണ്ടതോടെയാണ് ഇന്ത്യയിലെ കാര്‍ഷികരംഗം വിനാശത്തെ അഭിമുഖീകരിച്ചത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയും സംജാതമായി.

ആസിയാന്‍ കരാര്‍ നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ റബ്ബറിന്റെയും നാണ്യവിളകളുടെയും കാര്യത്തില്‍ വന്‍തോതിലുള്ള ആശങ്ക ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ റബ്ബര്‍ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തീരുവരഹിതമായി റബ്ബര്‍ ഇറക്കുമതി ചെയ്യില്ലെന്നും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അതെല്ലാം പാഴ്‌വാക്കുകളായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മ്മയെ കണ്ട് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടതു തന്നെ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണെന്നു വേണം കരുതാന്‍. കാരണം കോണ്‍ഗ്രസ് എം പിമാരെ ഒപ്പം നിര്‍ത്തിയാണ് തീരുമാനം പിന്‍വലിക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് ആനന്ദ്ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധവും ജനദ്രോഹപരവുമായ ഒരു നിലപാടിനെയും യുക്തിപൂര്‍വം എതിര്‍ക്കുവാനോ പോരായ്മ ചൂണ്ടിക്കാട്ടുവാനോ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, ആസിയാന്‍ കരാറിനെ അവര്‍ ശ്ലാഘിക്കുകയും ചെയ്തു.

കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് അഞ്ച് അംഗങ്ങളുണ്ട്. കൃഷിവകുപ്പ് സഹമന്ത്രിയും കേരളത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നിട്ടും കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനായില്ലെന്നത് ആത്മാര്‍ഥതയുള്ള സമീപനം അവര്‍ സ്വീകരിക്കുന്നില്ലെന്നുള്ളതുകൊണ്ടാണ്.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം നിര്‍ബാധം റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധി കനത്തതായിരിക്കും. കേരളത്തില്‍ റബ്ബര്‍ കെട്ടിക്കിടക്കുമ്പോഴാണ് റബ്ബര്‍ ദൗര്‍ലഭ്യം എന്ന വാദമുയര്‍ത്തി ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതെന്നത് മറ്റൊരു വിരോധാഭാസം, കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ സാര്‍വത്രികമായ പ്രതിഷേധം ഉയര്‍ന്നുവരണം.

ജനയുഗം മുഖപ്രസംഗം 23082010

1 comment:

  1. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുകയും ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശഠിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കര്‍ഷകദ്രോഹ നയം ഒരിക്കല്‍കൂടി തെളിയിക്കുകയാണ്. ഇറക്കുമതി തീരുവ ഇരുപത് ശതമാനത്തില്‍ നിന്ന് ഏഴര ശതമാനമായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. റബ്ബറിന്റെ വിലക്കൂടുതലും ദൗര്‍ലഭ്യവും ടയര്‍ വ്യവസായത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ തീരുവ സാരമായ നിലയില്‍ വെട്ടിക്കുറച്ചത്. റബ്ബറിന്റെ വന്‍തോതിലുള്ള വിലയിടിവിനും അതുവഴി റബ്ബര്‍ കര്‍ഷകരുടെ ജീവിത പ്രതിസന്ധിക്കുമാണ് ഈ തീരുമാനം വഴിതെളിക്കുക. വന്‍കിട ടയര്‍ നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനും സ്വാധീനത്തിനും വഴിപ്പെട്ടുകൊണ്ടാണ് റബ്ബര്‍ കര്‍ഷകരെ വേട്ടയാടുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഏഴര ശതമാനം തീരുവ നിരക്കില്‍ രണ്ടു ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍ മുതലാളിമാര്‍ക്ക് ഇനിമുതല്‍ അവസരമുണ്ടാവും.

    ReplyDelete