Wednesday, November 4, 2009

കോണ്‍ഗ്രസിന്റെ ജനവഞ്ചന തുടര്‍ക്കഥ

ആസിയന്‍ കരാറിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ ആക്ഷേപം. ആഗസ്ത് 25ന് കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു എന്നതാണ് ആനക്കാര്യമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ആഗസ്ത് 25നുശേഷം ആസിയന്‍ കരാറുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാര്‍ത്തയൊക്കെ ആന്റണി സൌകര്യപൂര്‍വം മറക്കുകയാണ്. ആസിയന്‍ കരാറിന്റെ ഭാഗമായി 489 ഉല്‍പ്പന്നം ഉള്‍പ്പെട്ട നെഗറ്റീവ് ലിസ്റ്റ് 2010 ജനുവരി ഒന്നിന് കരാര്‍ നിലവില്‍ വരുന്നതോടെ അതിന്റെ ഭാഗമായി നിലവില്‍ വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.

"ഈ കരാര്‍മൂലം ഇന്ത്യക്ക് ഗുണമുണ്ടാകും. എന്നാല്‍ കാപ്പി, റബര്‍ എന്നീ വിഭാഗം കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തും. ആസിയന്‍ കരാറിന് അംഗീകാരം നല്‍കിയ മന്ത്രിസഭായോഗം പ്രത്യേക മന്ത്രിസഭാസമിതി രൂപവല്‍ക്കരിച്ചത് ഈ ലക്ഷ്യത്തോടെയാണ്. വയലാര്‍ രവിയും താനും ഈ സമിതിയില്‍ അംഗങ്ങളാണെന്നും ആന്റണി പറഞ്ഞു'' (മാതൃഭൂമി നവംബര്‍ 3).

489 ഉല്‍പ്പന്നം ഉള്‍പ്പെട്ട നെഗറ്റീവ് ലിസ്റിന്റെ ഉള്ളുകള്ളി എന്താണെന്ന് വ്യക്തമാക്കുന്ന പ്രൊഫസര്‍ കെ എന്‍ ഗംഗാധരന്റെ ലേഖനം ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. നെഗറ്റീവ് ലിസ്റ്റാണ് എല്ലാറ്റിനും പരിഹാരമെങ്കില്‍ പിന്നെന്തിനാണ് മന്ത്രിസഭ ഉപസമിതിയെന്ന് മനസ്സിലാകുന്നില്ല. കരാര്‍ ഒപ്പിട്ടശേഷം മന്ത്രിസഭാ ഉപസമിതി ചര്‍ച്ചചെയ്ത് കരാര്‍ റദ്ദാക്കുമോ? സംരക്ഷിതപട്ടിക ഉള്ളതുകൊണ്ട് കര്‍ഷകരുടെ കാര്യമെല്ലാം ഭദ്രമാണെങ്കില്‍ കാപ്പി, റബര്‍ എന്നീ വിഭാഗം കര്‍ഷകരുടെ ആശങ്കയ്ക്ക് അടിസ്ഥാനമെന്താണ്?

ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ ആസിയന്‍ കരാറിലെ ഒളിച്ചുകളി പകല്‍പോലെ വ്യക്തമാകുന്നുണ്ട്. ആശങ്കയകറ്റാന്‍ ശ്രമിക്കുമെന്നല്ലാതെ, കേരളത്തിലെ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുപറയാന്‍ ആന്റണിക്ക് കഴിയുന്നില്ല.

കേരളത്തിലെ കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആസിയന്‍ കരാര്‍ ഒരു മുഖ്യവിഷയമായി, കോണ്‍ഗ്രസിന് മുമ്പൊക്കെ വോട്ടുചെയ്ത വോട്ടര്‍മാരും കാണുന്നുണ്ട്. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ തിരുവനന്തപുരം രാജ്ഭവന്‍മുതല്‍ കാസര്‍കോടുവരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന ദശലക്ഷക്കണക്കിന് ജനങ്ങളും അതിന്റെ അഭൂതപൂര്‍വമായ വിജയവും കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിക്കുന്നതാണ്. നെഗറ്റീവ് ലിസ്റ്റ് ചൂണ്ടിക്കാണിച്ച് ഇനിയും കര്‍ഷകരെ വഞ്ചിക്കാന്‍ കഴിയില്ല. ഒക്ടോബര്‍ രണ്ടിന്റെ മനുഷ്യച്ചങ്ങല പരാജയപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് മൂന്നുദിവസം തുടര്‍ച്ചയായി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. എന്നിട്ടും മനുഷ്യച്ചങ്ങലയ്ക്ക് ഒരു ബലക്ഷയവും ഉണ്ടായില്ലെന്നു മാത്രമല്ല, കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തിലെ ഒരുഭാഗം ഇവിടെ ഉദ്ധരിക്കാം:

"എണ്ണക്കുരു കൃഷിക്കാരുടെ താല്‍പ്പര്യം പൂര്‍ണമായി സംരക്ഷിക്കുന്നു. പ്രാദേശികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഓരോവര്‍ഷവും ഇന്ത്യ 50-60 ലക്ഷം മെട്രിക്ട ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുന്നു. ഇന്തോനേഷ്യയില്‍നിന്നും മലേഷ്യയില്‍നിന്നുമുള്ള പാമോയില്‍ ഇറക്കുമതി ഇതില്‍ ഉള്‍പ്പെടുന്നു. അസംസ്കൃത പാമോയിലിന് പൂജ്യം ശതമാനം താരിഫും ശുദ്ധീകരിച്ച പാമോയിലിന് 7.5 ശതമാനം താരിഫും എന്നതാണ് ഇപ്പോഴത്തെ നിരക്ക്. 10 വര്‍ഷത്തിനുശേഷം സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രകാരം (എഫ്ടിഎ) അസംസ്കൃത പാമോയിലിന് 37.5 ശതമാനവും സംസ്കരിച്ച പാമോയിലിന് 45 ശതമാനവും ചുങ്കം ചുമത്താം''.

ഇതില്‍നിന്ന് ഒരുകാര്യം വ്യക്തമാകുന്നുണ്ട്. ഇപ്പോള്‍ത്തന്നെ സംസ്കരിച്ച പാമോയിലിന് 300 ശതമാനം ചുങ്കം ചുമത്താവുന്നതാണ്. അതാണ് 7.5 ശതമാനമായി കുറച്ചത്. പോരാത്തതിന് പാമോയിലിന് ഒരു കിലോയ്ക്ക് 15 രൂപ സബ്സിഡിയും നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് സബ്സിഡി നല്‍കാതിരിക്കുന്നത്? ഇതിന്റെ ആത്യന്തിക ഫലമെന്താണ്? കേരത്തിന്റെ പേരിലാണ് കേരളം അറിയപ്പെടുന്നത്. ഇപ്പോള്‍ ഒരു തേങ്ങയ്ക്ക് മൂന്നു രൂപയാണ് കര്‍ഷകനു ലഭിക്കുന്നത്. നാളികേര കര്‍ഷകരുടെ ദയനീയാവസ്ഥ ആന്റണി ഒരുനിമിഷംപോലും ഓര്‍ക്കുന്നില്ല. കേരളത്തിലെ മത്സ്യമേഖല പൂര്‍ണമായും തകര്‍ക്കുന്നതാണ് ആസിയന്‍ കരാര്‍. ഇത് മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയുന്നു. അവര്‍ രാഷ്ട്രീയം മാറ്റിവച്ച് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ആന്റണി ഒരുകാര്യം മനസ്സിലാക്കണം. കേരള സര്‍ക്കാര്‍ ആസിയന്‍ കരാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയല്ല. രാഷ്ട്രീയം മാറ്റിവച്ച് കേരളത്തിലെ ജനങ്ങളുടെ ഐക്യം ആസിയന്‍ കരാറിനെതിരെ ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് ആസിയന്‍ കരാറിനെതിരെ അണിനിരന്ന കേരളീയരെ ഭിന്നിപ്പിക്കാനാണ് ആന്റണിയുടെ ശ്രമം. അതു നടക്കാന്‍പോകുന്നില്ല.

ആസിയന്‍ കരാറിന്റെ കാര്യത്തില്‍ ഇന്ത്യ-അമേരിക്ക ആണവ സഹകരണ കരാറിന്റെ കാര്യത്തിലെന്നപോലെ തുടക്കംമുതല്‍ ഒളിച്ചുകളി നടന്നിരിക്കുന്നു. കരാറിന്റെ പൂര്‍ണരൂപം കരാര്‍ ഒപ്പിടുന്നതിനുമുമ്പ് മുഖ്യമന്ത്രിക്കു നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. പ്രധാനമന്ത്രി ഇക്കാര്യം ഇതേവരെ നിഷേധിച്ചിട്ടില്ല. ഒപ്പിടുന്നതിനുമുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആരായുമെന്നു പറഞ്ഞു. രണ്ടും നടന്നില്ല. ഭരണഘടനപ്രകാരം കൃഷി സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. ഫെഡറല്‍ സംവിധാനത്തിന്റെ അന്തഃസത്ത കാറ്റില്‍പറത്തിയാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ചത്. സംരക്ഷിതപട്ടിക കരാറിന്റെ ഭാഗമാണെന്ന വാദം ശരിയല്ലെന്നു വന്നിരിക്കുന്നു. മന്ത്രിസഭ ഉപസമിതി കേരളത്തിലെ കര്‍ഷകര്‍ക്കു കരാര്‍മൂലം ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ അകറ്റാനുള്ളതല്ലെന്നും വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ യഥാര്‍ഥ വസ്തുതകള്‍ മറച്ചുപിടിച്ച് നുണപറയുന്നത് കേന്ദ്രമന്ത്രിമാരാണ്.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ആന്റണിയും കൂട്ടരും ഭയപ്പെടുന്നു എന്നതാണ് സത്യം. ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന് അനുകൂലമായ തരംഗം നീങ്ങിപ്പോയിരിക്കുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ 10ല്‍ ഒമ്പതു സീറ്റ് കിട്ടി. നിയമസഭ തെരഞ്ഞെടുപ്പില്‍ 90ല്‍ 40 മാത്രമാണു ലഭിച്ചത്. അതായത് പകുതിയില്‍ താഴെയായി കോണ്‍ഗ്രസ് താണുപോയി. മഹാരാഷ്ട്രയില്‍ 288ല്‍ 144 സീറ്റ് കോണ്‍ഗ്രസ്-എന്‍സിപി മുന്നണിക്കു ലഭിച്ചു എന്നത് നേരാണ്. വോട്ടിന്റെ ശതമാനം പരിശോധിച്ചാല്‍ 37.6 ശതമാനം മാത്രം. കോണ്‍ഗ്രസിന് 21 ശതമാനവും എന്‍സിപിക്ക് 16.4 ശതമാനവും വോട്ടാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്. പ്രതിപക്ഷം ഭിന്നിച്ചതുകൊണ്ടുമാത്രം ഭരണത്തില്‍ തിരിച്ചെത്തി. മുന്നണിയിലെ തര്‍ക്കം ഇതെഴുതുമ്പോള്‍ തുടരുകയാണ്.

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടന്ന പ്രാദേശിക സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 16ഉം യുഡിഎഫിന് 12ഉം സീറ്റാണു ലഭിച്ചത്. കണ്ണൂരില്‍ മൂന്നില്‍ മൂന്നും എല്‍ഡിഎഫ് ജയിച്ചു. അഞ്ചരക്കണ്ടിയില്‍ യുഡിഎഫിന്റെ സീറ്റ് പിടിച്ചെടുത്തുകൊണ്ടാണ് മൂന്നിലും ജയിച്ചത്. ഇതൊക്കെ കോണ്‍ഗ്രസിന്റെ സ്വൈരം കെടുത്തുന്നതാണ്. കേന്ദ്രസേനയെ ഇറക്കിയാലൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടുമെന്നുള്ള വ്യാമോഹവും വേണ്ട. ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനെ തുറിച്ചുനോക്കുന്നത് എന്നുറപ്പ്. അത് ആസിയന്‍ കരാറിനെതിരായ വിധികൂടിയായിരിക്കും.

ദേശാഭിമാനി മുഖപ്രസംഗം 04 നവംബര്‍ 2009

2 comments:

  1. 489 ഉല്‍പ്പന്നം ഉള്‍പ്പെട്ട നെഗറ്റീവ് ലിസ്റിന്റെ ഉള്ളുകള്ളി എന്താണെന്ന് വ്യക്തമാക്കുന്ന പ്രൊഫസര്‍ കെ എന്‍ ഗംഗാധരന്റെ ലേഖനം ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. നെഗറ്റീവ് ലിസ്റ്റാണ് എല്ലാറ്റിനും പരിഹാരമെങ്കില്‍ പിന്നെന്തിനാണ് മന്ത്രിസഭ ഉപസമിതിയെന്ന് മനസ്സിലാകുന്നില്ല. കരാര്‍ ഒപ്പിട്ടശേഷം മന്ത്രിസഭാ ഉപസമിതി ചര്‍ച്ചചെയ്ത് കരാര്‍ റദ്ദാക്കുമോ? സംരക്ഷിതപട്ടിക ഉള്ളതുകൊണ്ട് കര്‍ഷകരുടെ കാര്യമെല്ലാം ഭദ്രമാണെങ്കില്‍ കാപ്പി, റബര്‍ എന്നീ വിഭാഗം കര്‍ഷകരുടെ ആശങ്കയ്ക്ക് അടിസ്ഥാനമെന്താണ്?

    ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ ആസിയന്‍ കരാറിലെ ഒളിച്ചുകളി പകല്‍പോലെ വ്യക്തമാകുന്നുണ്ട്. ആശങ്കയകറ്റാന്‍ ശ്രമിക്കുമെന്നല്ലാതെ, കേരളത്തിലെ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുപറയാന്‍ ആന്റണിക്ക് കഴിയുന്നില്ല.

    ReplyDelete
  2. L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ


    <

    കണ്ണൂരിന്റെ വികസന സ്വപ്നങള്‍ സാക്ഷാല്‍കരിക്കാനും കേരളത്തിന്റെ അഭിമാനം സം‌രക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. കള്ളപ്രചരണങള്‍ അഴിച്ചുവിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ ആജ്ഞാവര്‍ത്തിയാക്കിയും കോണ്‍ഗ്രസ്സ് കണ്ണൂരിനേയും കേരളത്തേയും ആകെ അപമാനിക്കുകയാണ്.നാടിനെ അപമാനിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് നേത്രത്വത്തിന്ന് കനത്ത തിരിച്ചടികൊടുക്കെണ്ടത് പ്രബുദ്ധരായ വോട്ടര്‍മാരുടെ‍ കടമയും കര്‍ത്തവ്യവുമാണ്.

    കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് കള്ള പ്രചരണങളില്‍ കുടുങി യു.ഡി.എഫിനൊപ്പം നിന്ന പലരും ഇപ്പോള് പശ്ചാത്തപിക്കുകയാണ് .അവരെല്ലാം ഇന്ന് എല്‍ ഡി എഫിന്റെ വിജയത്തിന്നുവേണ്ടി രം‌ഗത്ത് ഇറങിയിരിക്കുകയാണ്
    .

    ReplyDelete