Wednesday, July 20, 2011

റബര്‍ ഇറക്കുമതി വേണ്ട

നാല്‍പ്പതിനായിരം ടണ്‍ റബര്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റബര്‍കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട. 2,80,000 ടണ്‍ റബര്‍ ഇവിടെ കെട്ടിക്കിടക്കുമ്പോഴാണ് വന്‍കിട ടയര്‍ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന് കേരളത്തിലെ ആയിരക്കണക്കിന് റബര്‍കര്‍ഷകരെക്കാള്‍ പ്രധാനം വന്‍കിട റബര്‍ കമ്പനിക്കാരാണ്. റബര്‍ ഇറക്കുമതിചെയ്യുന്നത് നിലവിലുള്ള 20 ശതമാനം ഇറക്കുമതിച്ചുങ്കം 7.5 ശതമാനമാക്കി വെട്ടിച്ചുരുക്കിയാണ്. സര്‍ക്കാരിനു ലഭിക്കുന്ന വരുമാനംപോലും ടയര്‍ കമ്പനികള്‍ക്കുവേണ്ടി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.

കാര്‍ഷികോല്‍പ്പന്നങ്ങളില്‍ റബറിനുമാത്രമാണ് ന്യായമായ വില ലഭിക്കുന്നത്. നാളികേരവില അല്‍പ്പം വര്‍ധിച്ചിരുന്നു. എന്നാല്‍ , അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളവിപണിയിലേക്ക് വെളിച്ചെണ്ണ ഒഴുകാന്‍ തുടങ്ങിയതോടെ നാളികേരവില ഇടിയാന്‍ തുടങ്ങി. നിയമസഭയില്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തില്‍ എല്ലാ കോണില്‍നിന്നും പ്രതിഷേധസ്വരം ഉയര്‍ന്നപ്പോള്‍ ആഭ്യന്തരവിപണിയില്‍ റബര്‍വില ഇടിയാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. അത് റബര്‍കര്‍ഷകരെ ആശ്വസിപ്പിക്കാനുള്ള മാര്‍ഗമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുന്നതുകൂടിയാണ് ഈ തീരുമാനം. ടയര്‍ലോബി രണ്ടുലക്ഷം ടണ്‍ സ്വാഭാവികറബര്‍ ഇറക്കുമതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. വാണിജ്യമന്ത്രാലയം 40,000 ടണ്‍മാത്രം മതിയെന്നു തീരുമാനിച്ചതായാണ് അറിയുന്നത്. ഇത് റബര്‍കര്‍ഷകരുടെ മനോഭാവം മനസ്സിലാക്കാനുള്ള തുടക്കംമാത്രമാണ്. ഇത്രയും റബര്‍ ഇറക്കുമതി ചെയ്താല്‍ത്തന്നെ ആഭ്യന്തരവിപണിയില്‍ റബര്‍വില കുത്തനെ ഇടിയാനിടവരും. റബര്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമായില്ലെങ്കില്‍ കൂടുതല്‍ റബര്‍ തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും ഉറപ്പാണ്. റബര്‍ചുങ്കം വെട്ടിക്കുറച്ച് ഇറക്കുമതിചെയ്യുമെന്ന വാര്‍ത്ത വന്നതോടെ കര്‍ഷകര്‍ അങ്കലാപ്പിലാണ്. ചെറുകിടകര്‍ഷകര്‍ അവരുടെ കൈവശമുള്ള റബര്‍ വിറ്റഴിക്കാന്‍ ഉടന്‍തന്നെ വിപണിയിലെത്തും. ആഗോളവല്‍ക്കരണ -ഉദാരവല്‍ക്കരണനയം ഇന്ത്യയിലെ കര്‍ഷകരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിയാന്‍ ഇറക്കുമതി ഉദാരവല്‍ക്കരണനയം ഇടവരുത്തി. 300 ശതമാനംവരെ ഇറക്കുമതിച്ചുങ്കം ഈടാക്കാന്‍ കഴിയുമെന്നിരിക്കെ 20 ശതമാനംതന്നെ തുച്ഛമായ തുകയാണ്. അതാണ് ടയര്‍ ലോബിക്കുവേണ്ടി ഏഴര ശതമാനമാക്കി കുറച്ചത്. അതുതന്നെ അഞ്ചുശതമാനമായി ചുരുക്കണമെന്നാണാവശ്യം. സാമ്രാജ്യത്വ സാമ്പത്തികനയത്തിന്റെ കെടുതി കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവരികയാണ്. റബര്‍ ഇറക്കുമതി അരുതെന്ന് ധനമന്ത്രി കെ എം മാണി ആവശ്യപ്പെട്ടതായി കാണുന്നു. കേവലം വാക്കുകൊണ്ടുള്ള പ്രതിഷേധമായി അത് മാറുമെന്നാണു കരുതേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ യുഡിഎഫ് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസിനോ മറ്റു ഘടകകക്ഷികള്‍ക്കോ കരുത്തില്ല.

പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചു. ഏറ്റവും ഒടുവില്‍ പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ നാലായി പരിമിതപ്പെടുത്താന്‍ തീരുമാനിക്കുമെന്ന പ്രഖ്യാപനം വന്നു. കൂടുതല്‍ ആവശ്യമുള്ള ഓരോ സിലിണ്ടര്‍ പാചകവാതകത്തിനും 800 രൂപ നല്‍കണം. കേരള നിയമസഭ ഏകകണ്ഠമായി ഈ നയത്തിനെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. പ്രമേയം പ്രാവര്‍ത്തികമാക്കുന്നതിന് തുടര്‍ന്നും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തുന്നതിന് ഐക്യം അനിവാര്യമാണ്. റബര്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെയും ഈ ഐക്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. റബര്‍ബോര്‍ഡിനോടുപോലും ചര്‍ച്ചചെയ്യാതെ ഇറക്കുമതിചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുഴുവന്‍ കര്‍ഷകരുടെയും പ്രതിഷേധം അലയടിച്ചുയരേണ്ടതുണ്ട്. റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. ഒരുടണ്‍ റബര്‍ പോലും ഇറക്കുമതിചെയ്യരുതെന്നാവശ്യപ്പെടണം. ഇറക്കുമതിച്ചുങ്കം വെട്ടിച്ചുരുക്കാനുള്ള തീരുമാനവും ഉടന്‍ പിന്‍വലിക്കണം.

deshabhimani editorial 200711

1 comment:

  1. നാല്‍പ്പതിനായിരം ടണ്‍ റബര്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റബര്‍കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട. 2,80,000 ടണ്‍ റബര്‍ ഇവിടെ കെട്ടിക്കിടക്കുമ്പോഴാണ് വന്‍കിട ടയര്‍ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന് കേരളത്തിലെ ആയിരക്കണക്കിന് റബര്‍കര്‍ഷകരെക്കാള്‍ പ്രധാനം വന്‍കിട റബര്‍ കമ്പനിക്കാരാണ്. റബര്‍ ഇറക്കുമതിചെയ്യുന്നത് നിലവിലുള്ള 20 ശതമാനം ഇറക്കുമതിച്ചുങ്കം 7.5 ശതമാനമാക്കി വെട്ടിച്ചുരുക്കിയാണ്. സര്‍ക്കാരിനു ലഭിക്കുന്ന വരുമാനംപോലും ടയര്‍ കമ്പനികള്‍ക്കുവേണ്ടി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.

    ReplyDelete