Wednesday, May 26, 2010

ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രി

രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തതിനുശേഷം ആദ്യമായി നടത്തിയ പ്രാധാന്യമേറിയ പത്രസമ്മേളനത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രിയെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. മുന്നൂറിലധികം മാധ്യമ പ്രവര്‍ത്തകരാണ് പത്രസമ്മേളനത്തില്‍ എത്തിച്ചേര്‍ന്നതെന്നതുതന്നെ അതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. ഒരു വര്‍ഷംമുമ്പ് അധികാരം ഏറ്റെടുക്കുമ്പോള്‍ ബിജെപിയും ഇടതുപക്ഷവും ഒഴികെ മറ്റെല്ലാ കക്ഷികളുടെയും പിന്തുണ സര്‍ക്കാരിനുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടിനുശേഷം കേന്ദ്ര മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്ന കക്ഷിയായ കോണ്‍ഗ്രസിന് 205 സീറ്റ് ലഭിച്ചതും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പില്‍ യുപിഎയില്‍നിന്ന് വേറിട്ടുനിന്ന് മത്സരിച്ച് ബിഎസ്പി, സമാജ്വാദി, ആര്‍ജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണയും സര്‍ക്കാരിന് ലഭിച്ചു. അതോടെ ആത്മവിശ്വാസത്തിനപ്പുറം അഹന്തയും ധിക്കാരവുമൊക്കെ സര്‍ക്കാരിനെ നയിക്കുന്നവരില്‍ വര്‍ധിതവീര്യത്തോടെ വന്നുചേര്‍ന്നു. എന്നാല്‍, ഒരുവര്‍ഷം തികയുന്നതിനുമുമ്പുതന്നെ രണ്ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പൂര്‍ണമായും ഒറ്റപ്പെടുന്ന സ്ഥിതിയാണുണ്ടായത്. മായാവതിയുടെ ബിഎസ്സിയുടെ പ്രശ്നാധിഷ്ഠിത പിന്തുണയാണ് സര്‍ക്കാരിനെ രക്ഷപ്പെടുത്തിയത്. മായാവതിയുടെ 21 ലോക്സഭാംഗങ്ങളുടെ പിന്തുണ മാറ്റിനിര്‍ത്തിയാല്‍ 258 അംഗങ്ങളുടെ പിന്തുണ മാത്രമാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന് നിര്‍ണായക ഘട്ടത്തില്‍ ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം ചോര്‍ന്നുപോകാനിടയായതെന്ന് വേണം കരുതാന്‍.

പത്രസമ്മേളനത്തില്‍ അഴിമതിയെപ്പറ്റി ഉയര്‍ന്നുവന്ന വളരെ പ്രസക്തവും തികച്ചും ന്യായവുമായ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാനാവാകെ പ്രധാനമന്ത്രി വിഷമിക്കുകയായിരുന്നു. സ്പെക്ട്രം അഴിമതി കുറച്ചുകാലമായി യുപിഎ മന്ത്രിസഭയെ വേട്ടയാടുകയാണ്. 2 ജി സ്പെക്ട്രം ലേലം വിളിക്കാതെ അതിവിചിത്രമായ രീതിയില്‍ ആദ്യം അപേക്ഷയുമായി വന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ഏല്‍പ്പിച്ചുകൊടുക്കുകയാണല്ലോ ചെയ്തത്. ഇത് നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ എല്ലാവര്‍ക്കും വ്യക്തമാണ്. ഇതുമൂലം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായി എന്ന് അന്നുതന്നെ സിപിഐ എം ചൂണ്ടിക്കാണിച്ചതാണ്. ഇപ്പോള്‍ 3ജി സ്പെക്ട്രം ലേലംവിളിച്ച് നല്‍കിയപ്പോള്‍ 67,719 കോടി രൂപ വരുമാനമുണ്ടായത് ആദ്യത്തെ അഴിമതിയുടെ ആഴം വെളിപ്പെടുത്തുന്നതാണ്. 2ജി സ്പെക്ട്രത്തിന് 10,000 കോടിരൂപ മാത്രമാണ് വരുമാനമുണ്ടായതെന്ന് ഓര്‍ക്കണം. 3 ജി സ്പെക്ട്രത്തിന് ഒരു ലക്ഷം കോടി രൂപ വരുമാനമുണ്ടാകുമെന്ന് ഇപ്പോള്‍ വ്യക്തമായ സാഹചര്യത്തില്‍ അഴിമതി ആരോപണത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല.

ഐപിഎല്‍ അഴിമതി ആരോപണം ശരിയാണെന്ന് വന്നപ്പോള്‍ കേന്ദ്രമന്ത്രി ശശിതരൂരിന് രാജിവച്ച് പുറത്തുപോകേണ്ടിവന്നു. എന്നാല്‍, അതിലും വലിയ അഴിമതി നടത്തിയ കേന്ദ്രമന്ത്രി ഡിഎംകെക്കാരനായതുകൊണ്ട് സമ്മര്‍ദ രാഷ്ട്രീയത്തിന് വഴങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി. ഒരു വര്‍ഷംമുമ്പ് കേന്ദ്രമന്ത്രിസഭയില്‍ രാജയെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ഡിഎംകെ നേതാവ് ഭീഷണി പുറപ്പെടുവിച്ചു. അന്നുതന്നെ പ്രധാനമന്ത്രിക്ക് അധികാരം നിലനിര്‍ത്താന്‍ കീഴടങ്ങേണ്ടിവന്നു. ഇപ്പോള്‍ അഴിമതി ശരിയാണെന്ന് നൂറുശതമാനം തെളിഞ്ഞിട്ടും പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നതാണ് പത്രസമ്മേളനത്തില്‍ കാണാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് 2 ജി സ്പെക്ട്രം ഇടപാട് നടത്തിയതെന്ന് നേരത്തെതന്നെ രാജ അവകാശപ്പെട്ടതാണ്. അത് ശരിയാണെന്ന് ഇപ്പോള്‍ വീണ്ടും തെളിഞ്ഞു. പ്രധാനമന്ത്രി സ്പെക്ട്രം അഴിമതിയെ ന്യായീകരിച്ചത് ലജ്ജാകരമാണ്.

മാവോയിസ്റ്റുകളെ നേരിടുന്നതില്‍ യുപിഎ സര്‍ക്കാരിന് ഏകാഭിപ്രായമല്ല ഉള്ളതെന്ന് പണ്ടേ വ്യക്തമായതാണ്. കേന്ദ്ര റെയില്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനെ അനുകൂലിക്കുന്നില്ല. പരസ്യമായി എതിര്‍ക്കാനും മടികാണിച്ചിട്ടില്ല. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ 76 സുരക്ഷാ ഭടന്മാരെയാണ് വെടിവച്ചുകൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു ഇത്. വീണ്ടും യാത്രക്കാര്‍ സഞ്ചരിക്കുന്ന ബസ് ബോംബുവച്ച് തകര്‍ത്ത് നിരവധി പേരെ കൊന്നു. മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ആവര്‍ത്തിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറയുന്നത് തനിക്ക് പരിമിതികളുണ്ടെന്നാണ്. എന്താണ് പരിമിതിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര മന്ത്രിസഭയില്‍ നക്സല്‍ ഭീകരരെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്ന ശക്തയായ കേന്ദ്രമന്ത്രിയുള്ളപ്പോള്‍ ആഭ്യന്തര മന്ത്രിക്ക് പരിമിതികളുണ്ടെന്നത് ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനും പ്രധാനമന്ത്രിക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

കേന്ദ്രമന്ത്രിമാര്‍ അഭിപ്രായവ്യത്യാസം പരസ്യമായിത്തന്നെ പറയുന്ന നിലയെപ്പറ്റി ചോദിച്ചപ്പോഴും പ്രധാനമന്ത്രിയുടെ ആശയക്കുഴപ്പവും ചാഞ്ചാട്ടവും വ്യക്തമായിരുന്നു. പരസ്യമായ അഭിപ്രായപ്രകടനം അഭികാമ്യമല്ലെന്നും അവര്‍ക്ക് സ്വന്തം അഭിപ്രായം പറയാന്‍ വേദിയുണ്ടെന്നുമുള്ള പൊതുതത്വം പറഞ്ഞ് രക്ഷപ്പെടുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതോടൊപ്പം മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ സ്വാതന്ത്ര്യമുണ്ടെന്ന് കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെപ്പറ്റി ഓര്‍മിപ്പിക്കാന്‍പോലും പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടായില്ല.

രണ്ടാമത്തെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഏറെ ദുര്‍ബലനായ പ്രധാനമന്ത്രിയെയാണ് പത്രസമ്മേളനത്തില്‍ കാണാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി സൂപ്പര്‍ ക്യാബിനറ്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായ പ്രകടനത്തിനും ഫലപ്രദമായി പ്രതികരിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെടുകയാണുണ്ടായത്. ഒരു വര്‍ഷം തികയുന്നതിനു മുമ്പേ രണ്ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷമായി മാറി. രാഷ്ട്രത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിലക്കയറ്റമാണെന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ അത് തടയാന്‍ സ്വീകരിച്ച എന്തെങ്കിലും നടപടിയെപ്പറ്റി വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. ഡിസംബറാകുമ്പോള്‍ വിലക്കയറ്റം കുറയുമെന്ന പ്രവചനം മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. വളര്‍ച്ചനിരക്കിനെപ്പറ്റി പെരുപ്പിച്ച കണക്ക് ചൂണ്ടിക്കാണിക്കാനല്ലാതെ ജനകീയ പ്രശ്നങ്ങള്‍ക്കൊന്നിനും പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരാണ് തന്റേതെന്ന കുറ്റസമ്മതം മാത്രമാണ് പത്രസമ്മേളനത്തിലുണ്ടായത്.

ദേശാഭിമാനി മുഖപ്രസംഗം 26052010

പത്രസമ്മേളന വാര്‍ത്തകള്‍

പ്രതിരോധത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഷമവൃത്തത്തിലായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നു സമ്മതിച്ച മന്‍മോഹന്‍സിങ്ങിന് നേരിടേണ്ടി വന്നതേറെയും വീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളും. പ്രധാനമന്ത്രി പദത്തില്‍നിന്ന് എപ്പോള്‍ ഒഴിയുമെന്നന്വേഷിക്കുന്ന ചോദ്യങ്ങള്‍ക്കും ദയനീയാവസ്ഥ വെളിപ്പെടുത്തുന്നതായി മന്‍മോഹന്‍സിങ്ങിന്റെ മറുപടി. വിലക്കയറ്റത്തില്‍ തുടങ്ങി മന്ത്രിസഭയിലെ പടലപ്പിണക്കത്തെക്കുറിച്ചുവരെയുള്ള ചോദ്യങ്ങള്‍ പ്രധാനമന്ത്രിയെ പ്രതിരോധത്തില്‍ നിര്‍ത്തി.

പ്രധാനമന്ത്രി പദത്തില്‍ ഇത്തവണ മന്‍മോഹന്‍സിങ്ങിന്റേത് ഇടക്കാല നിയമനമാണെന്ന സൂചനയും വിദേശ മാധ്യമപ്രവര്‍ത്തകരടക്കം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലുണ്ടായി. വിരമിക്കലിനെക്കുറിച്ച് ആദ്യമുയര്‍ന്ന ചോദ്യങ്ങളോടുള്ള പ്രതികരണത്തില്‍ത്തന്നെ രാഹുല്‍ഗാന്ധിക്കായി സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന സൂചനയുണ്ടായി. എന്നാല്‍, 'രാജി' ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ ചില ദൌത്യങ്ങള്‍കൂടി പൂര്‍ത്തീകരിക്കാനുണ്ടെന്നും അതുവരെ രാജിയെക്കുറിച്ച് ചിന്തയില്ലെന്നും പ്രധാനമന്ത്രിക്ക് പറയേണ്ടിവന്നു.

വനിതാബില്ലിനെക്കുറിച്ച് പരാമര്‍ശമൊന്നും നടത്തിയില്ലെന്നതും ശ്രദ്ധേയമായി. പഞ്ചായത്തുകളില്‍ വനിതാസംവരണം ഉറപ്പാക്കി ബില്‍ കൊണ്ടുവന്നിട്ടുണ്ടെന്നുമാത്രം ആമുഖ ഭാഷണത്തില്‍ പറഞ്ഞു. നിയമനിര്‍മാണസഭകളില്‍ സംവരണം ഉറപ്പാക്കുന്ന ബില്‍ ലോക്സഭയില്‍ എപ്പോള്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കാന്‍ മന്‍മോഹന്‍സിങ് തയ്യാറായില്ല. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ മായാവതി, മുലായം എന്നിവരുമായി രഹസ്യധാരണകളില്‍ ഏര്‍പ്പെട്ടെന്ന ആക്ഷേപം പ്രധാനമന്ത്രി തള്ളി. അധികാരം നിലനിര്‍ത്താന്‍ സിബിഐയെ ദുരുപയോഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു.

കേരളത്തിന് ദോഷകരമായ ആസിയാന്‍ കരാറിനെ സര്‍ക്കാരിന്റെ നേട്ടപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. ഭക്ഷ്യസുരക്ഷാ ബില്‍ തയ്യാറായിവരികയാണെന്നും ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്നും പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണയില്ലാത്തത് നഷ്ടമായി തോന്നുന്നുവോ എന്ന ചോദ്യത്തിന് സ്വപ്നം കാണുന്നതില്‍ അര്‍ഥമില്ലെന്നും പ്രവൃത്തിയാണ് ആവശ്യമെന്നുമുള്ള ഇംഗ്ളീഷ് പഴഞ്ചൊല്ലായിരുന്നു മറുപടി.
(എം പ്രശാന്ത്)

രാജയെ പ്രധാനമന്ത്രി ന്യായീകരിക്കുന്നു

ന്യൂഡല്‍ഹി: 2-ജി സ്പെക്ട്രം അനുവദിച്ചതില്‍ വന്‍ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന ടെലികോംമന്ത്രി എ രാജയെ പ്രധാധനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് സ്പെക്ട്രം ഇടപാടില്‍ നിലനിന്ന നയം നടപ്പാക്കുക മാത്രമാണ് രാജ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. രാജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം നിരാകരിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ശരിയായ ദിശയില്‍ പ്രശ്നത്തെ സമീപിക്കണം. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയും ടെലികോം കമീഷണറും 2 ജി സ്പെക്ട്രം ലേലനയം അംഗീകരിച്ചതാണ്.

"ഞാന്‍ രാജയുമായി ഈ പ്രശ്നം സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് 2003ല്‍ നിലവില്‍ വന്ന നയം നടപ്പാക്കുകയാണ് ചെയ്തതെന്നാണ്. ആരോപണങ്ങള്‍ക്ക് രാജ പാര്‍ലമെന്റിലും മാധ്യമങ്ങളിലും മറുപടിയും നല്‍കിയിട്ടുണ്ട്''.

പരാതി ഉയര്‍ന്നതിനാല്‍ കേന്ദ്ര വിജിലന്‍സ് കമീഷന്റെ നിര്‍ദേശപ്രകാരം സിബിഐയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ല. എന്തെങ്കിലും ഇടപെടല്‍ നടന്നതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. 2ജി സ്പെക്ട്രം ലേലത്തില്‍നിന്നും (10,000 കോടി) ഈയിടെ നടന്ന 3-ജി സ്പെക്ട്രം ലേലംവഴിയും}(67,700 കോടി രൂപ) ലഭിച്ച വരുമാനം തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു.

അതിരൂക്ഷമായ വിലക്കയറ്റം ജനങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്ന് പ്രധാനമന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഡിസംബറോടെ വിലക്കയറ്റം കുറയ്ക്കാന്‍ സാധിക്കും. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകളെ സംബന്ധിച്ച ചോദ്യങ്ങളാണ് കൂടുതലും ഉയര്‍ന്നത്. മാന്ദ്യകാലത്തും ഏഴു ശതമാനത്തിനുമേല്‍ സാമ്പത്തികവളര്‍ച്ച നേടാനായത് മാത്രമാണ് പ്രധാനമന്ത്രിക്ക് സര്‍ക്കാരിന്റെ നേട്ടമായി ചൂണ്ടിക്കാട്ടാനായത്. ആഗോളമാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

ഏറ്റെടുത്ത ദൌത്യം പൂര്‍ത്തീകരിക്കുംവരെ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. അതേസമയം, പാര്‍ടി ആഗ്രഹിച്ചാല്‍ യുവാക്കള്‍ക്കായി വഴിമാറാന്‍ ഒരുക്കമാണ്. രാഹുല്‍ഗാന്ധി എന്നാണ് മന്ത്രിസഭയില്‍ ചേരുക എന്ന ചോദ്യത്തിന് ഏതു പദവി വഹിക്കാനും രാഹുല്‍ പ്രാപ്തനാണെന്നും എന്നാല്‍ രാഹുലിന്റെ വൈമനസ്യമാണ് തടസ്സമെന്നും മന്‍മോഹന്‍ മറുപടി നല്‍കി.

ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 10 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാരിന്റെ ഇടക്കാല ലക്ഷ്യം. ബുദ്ധിമുട്ടേറിയ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 6.5 ശതമാനവും 7.2 ശതമാനവും വളര്‍ച്ച കൈവരിക്കാനായി. നടപ്പുവര്‍ഷം 8.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഭീകരതയെയും വിവിധ രൂപത്തിലുള്ള ആശയപരമായ തീവ്രവാദത്തെയും ശക്തമായി നേരിടും. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരസുരക്ഷാ വെല്ലുവിളി നക്സലിസമാണ്. ഇതിനെ നേരിടാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം ആവശ്യമാണ്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സിബിഐയെ ദുരുപയോഗിക്കുന്നെന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണ്. മുലായത്തിന്റെയും മായാവതിയുടെയും പിന്തുണ ഉറപ്പാക്കിയത് അവരുമായി എന്തെങ്കിലും ധാരണയിലെത്തിയിട്ടല്ല. സോണിയയും താനുമായി അഭിപ്രായഭിന്നതകളൊന്നുമില്ല. പാര്‍ടിയും സര്‍ക്കാരും തമ്മിലും പ്രശ്നങ്ങളൊന്നുമില്ല- പ്രധാനമന്ത്രി പറഞ്ഞു.

ദേശാഭിമാനി 25052010

1 comment:

  1. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തതിനുശേഷം ആദ്യമായി നടത്തിയ പ്രാധാന്യമേറിയ പത്രസമ്മേളനത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രിയെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. മുന്നൂറിലധികം മാധ്യമ പ്രവര്‍ത്തകരാണ് പത്രസമ്മേളനത്തില്‍ എത്തിച്ചേര്‍ന്നതെന്നതുതന്നെ അതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. ഒരു വര്‍ഷംമുമ്പ് അധികാരം ഏറ്റെടുക്കുമ്പോള്‍ ബിജെപിയും ഇടതുപക്ഷവും ഒഴികെ മറ്റെല്ലാ കക്ഷികളുടെയും പിന്തുണ സര്‍ക്കാരിനുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടിനുശേഷം കേന്ദ്ര മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്ന കക്ഷിയായ കോണ്‍ഗ്രസിന് 205 സീറ്റ് ലഭിച്ചതും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പില്‍ യുപിഎയില്‍നിന്ന് വേറിട്ടുനിന്ന് മത്സരിച്ച് ബിഎസ്പി, സമാജ്വാദി, ആര്‍ജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണയും സര്‍ക്കാരിന് ലഭിച്ചു. അതോടെ ആത്മവിശ്വാസത്തിനപ്പുറം അഹന്തയും ധിക്കാരവുമൊക്കെ സര്‍ക്കാരിനെ നയിക്കുന്നവരില്‍ വര്‍ധിതവീര്യത്തോടെ വന്നുചേര്‍ന്നു. എന്നാല്‍, ഒരുവര്‍ഷം തികയുന്നതിനുമുമ്പുതന്നെ രണ്ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പൂര്‍ണമായും ഒറ്റപ്പെടുന്ന സ്ഥിതിയാണുണ്ടായത്. മായാവതിയുടെ ബിഎസ്സിയുടെ പ്രശ്നാധിഷ്ഠിത പിന്തുണയാണ് സര്‍ക്കാരിനെ രക്ഷപ്പെടുത്തിയത്. മായാവതിയുടെ 21 ലോക്സഭാംഗങ്ങളുടെ പിന്തുണ മാറ്റിനിര്‍ത്തിയാല്‍ 258 അംഗങ്ങളുടെ പിന്തുണ മാത്രമാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന് നിര്‍ണായക ഘട്ടത്തില്‍ ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം ചോര്‍ന്നുപോകാനിടയായതെന്ന് വേണം കരുതാന്‍.

    ReplyDelete