Wednesday, August 25, 2010

റബര്‍: കൂടുതല്‍ ഇറക്കുമതി അനുവദിക്കും

റബര്‍ ഇറക്കുമതി തീരുമാനത്തില്‍ മാറ്റമില്ലെന്ന് മാത്രമല്ല കൂടുതല്‍ ഇറക്കുമതിക്ക് അനുമതി നല്‍കുകയും ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. കയറ്റിറക്ക് നയം ചര്‍ച്ചചെയ്യുന്നതിന് വ്യവസായികളുടെ സംഘടനയായ ഫിക്കി സംഘടിപ്പിച്ച യോഗത്തില്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയാണ് ഗവര്‍മെണ്ട് നയം വ്യക്തമാക്കിയ്ത്. രാജ്യത്തെ റബര്‍ വ്യവസായങ്ങള്‍ക്ക് ആവശ്യമായത്ര റബര്‍ ഇറക്കുമതി ചെയ്യേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ആസിയന്‍ കരാറിനെയും റബര്‍ ഇറക്കുമതിയെയും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.

പരിധിയോടെ മാത്രമേ റബര്‍ ഇറക്കുമതി അനുവദിക്കൂ എന്നാണ് വാണിജ്യമന്ത്രാലയം തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍, പരിധിയില്ലാത്ത ഇറക്കുമതിക്കാണ് വന്‍കിട ടയര്‍ലോബിയുടെ ശ്രമം. തിങ്കളാഴ്ച വിദേശവ്യാപാര നയം പ്രഖ്യാപിച്ച ചടങ്ങിലും റബര്‍ ഇറക്കുമതി തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആനന്ദ്ശര്‍മ പ്രസ്താവിച്ചിരുന്നു. റബര്‍വില രണ്ടാഴ്ചയിലൊരിക്കല്‍ പുനരവലോകനം ചെയ്യുമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനത്തില്‍ കാര്യമില്ലെന്നതിന്റെ വ്യക്തമായ സൂചനയായി മന്ത്രിയുടെ വാക്കുകള്‍. ഇറക്കുമതി തീരുമാനം വന്നതിനു പിന്നാലെ റബര്‍വിലയില്‍ ഗണ്യമായ ഇടിവ് വന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ രാജ്യത്തെ വ്യവസായങ്ങള്‍ പൂട്ടിയിടാനാവില്ലെന്നായിരുന്നു ആനന്ദ്ശര്‍മയുടെ പ്രതികരണം. ടയര്‍വിപണിയില്‍ വലിയ ഉണര്‍വ് വന്നിട്ടുണ്ട്. എന്നാല്‍, ആവശ്യമനുസരിച്ച് റബര്‍ കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇറക്കുമതി തീരുമാനം അനിവാര്യമാണ്. പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം ദൌര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

ആസിയന്‍ കരാറുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യക്ക് കരാര്‍ ഏറെ ഗുണകരമാണെന്നും വിദേശവ്യാപാര നയപ്രഖ്യാപന വേദിയില്‍ മന്ത്രി പറഞ്ഞു. ആസിയന്‍ കരാറിലെ സംരക്ഷിതപ്പട്ടികയിലുണ്ടായിട്ടും റബര്‍ഇറക്കുമതി അനുവദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇറക്കുമതിയും കരാറും രണ്ടുവിഷയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. റബറിന്റെ ആവശ്യകതയും ലഭ്യതയും തമ്മില്‍ വലിയ അന്തരം വന്നിട്ടുണ്ട്. റബറിന്റെ ഉല്‍പ്പാദനം കുറഞ്ഞതോടെ ടയര്‍കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണ്. അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായത്തെക്കൂടി ബാധിക്കുന്ന വിഷയമാണിത്. ഇറക്കുമതി തീരുമാനത്തില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും ആനന്ദ്ശര്‍മ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ ഇടിഞ്ഞത് 15 രൂപ

കേന്ദ്രസര്‍ക്കാര്‍ റബറിന്റെ ഇറക്കുമതിതീരുവ വെട്ടിക്കുറച്ച് ഒരാഴ്ചയ്ക്കകം ആഭ്യന്തരവിപണിയില്‍ റബര്‍വില 15 രൂപയോളം ഇടിഞ്ഞു. തുടര്‍ച്ചയായ വിലയിടിവിനുശേഷം നേരിയ ഉയര്‍ച്ച ചൊവ്വാഴ്ച ദൃശ്യമായെങ്കിലും ഇത് താല്‍ക്കാലികമാണെന്ന് കര്‍ഷകര്‍ വിലയിരുത്തുന്നു. ഇറക്കുമതിതീരുവ വെട്ടിക്കുറച്ചേക്കുമെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍, 184.50 രൂപയായിരുന്ന റബര്‍വില 180 ലേക്ക് ഇടിഞ്ഞിരുന്നു. മന്ത്രിസഭാതീരുമാനം വന്നതോടെ 170 ലേക്കും തുടര്‍ന്ന് 168 ലേക്കും കൂപ്പുകുത്തി. കേന്ദ്ര തീരുമാനം വന്നതോടെ റബര്‍ വ്യാപാരികള്‍ വിപണിയില്‍നിന്ന് പൊടുന്നനേ പിന്മാറിയതാണ് വിലകുറയാന്‍ കാരണമായത്. വെള്ളി, ശനി ദിവസങ്ങളില്‍ 171 രൂപയ്ക്കാണ് നാലാംതരം റബറിന്റെ കച്ചവടം നടന്നത്. രണ്ടു ദിവസത്തെ അവധിക്കുശേഷം ചൊവ്വാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോള്‍ നാലാം തരം റബറിന് 173 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രണ്ടു രൂപയുടെ വര്‍ധനയുണ്ടായത് താല്‍ക്കാലികം മാത്രമാണെന്നാണ് വിലയിരുത്തല്‍. മഴ മൂലം ആവശ്യമായ റബര്‍ വിപണിയില്‍ എത്തുന്നില്ല. ഇതാണ് നേരിയ വിലവര്‍ധനയ്ക്ക് കാരണം. റെയിന്‍ഗാര്‍ഡ് ഉപയോഗിച്ചിട്ടുള്ള റബര്‍ തോട്ടങ്ങളില്‍പോലും ജൂ, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കാര്യമായ ഉല്‍പ്പാദനം നടന്നിട്ടില്ല.

ദേശാഭിമാനി 25082010

1 comment:

  1. റബര്‍ ഇറക്കുമതി തീരുമാനത്തില്‍ മാറ്റമില്ലെന്ന് മാത്രമല്ല കൂടുതല്‍ ഇറക്കുമതിക്ക് അനുമതി നല്‍കുകയും ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. കയറ്റിറക്ക് നയം ചര്‍ച്ചചെയ്യുന്നതിന് വ്യവസായികളുടെ സംഘടനയായ ഫിക്കി സംഘടിപ്പിച്ച യോഗത്തില്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയാണ് ഗവര്‍മെണ്ട് നയം വ്യക്തമാക്കിയ്ത്. രാജ്യത്തെ റബര്‍ വ്യവസായങ്ങള്‍ക്ക് ആവശ്യമായത്ര റബര്‍ ഇറക്കുമതി ചെയ്യേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ആസിയന്‍ കരാറിനെയും റബര്‍ ഇറക്കുമതിയെയും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.

    ReplyDelete