റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ച നടപടി ഒരുകാരണവശാലും പിന്‍വലിക്കില്ല എന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്ശര്‍മ ഖണ്ഡിതമായി പറഞ്ഞിക്കുന്നു. ആസിയന്‍ കരാറിലെ നെഗറ്റീവ് ലിസ്റ്റില്‍ റബറിനെ പെടുത്തിയതിനര്‍ഥം ഇറക്കുമതി നിരോധിക്കും എന്നല്ല എന്നുകൂടി കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. ഇരുപതുശതമാനമായിരുന്ന ഇറക്കുമതിത്തീരുവ ഏഴരയാക്കി കുറച്ചതിനുള്ള ന്യായീകരണം പക്ഷേ അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണുന്നില്ല. റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി കിട്ടിയാലും ടയര്‍ലോബിക്കുവേണ്ടി വിടുപണി യുപിഎ ഗവമെന്റ് തുടരും എന്ന ധിക്കാരപൂര്‍ണമായ സമീപനമാണ് മന്ത്രിയുടേത്.
റബര്‍ വിപണിയില്‍ ഞൊടിയിടയിലാണ് മാറ്റംവരുന്നത്. മഴക്കാലത്ത്, ഉല്‍പ്പാദനം ഏറ്റവും കുറവുള്ളപ്പോള്‍ മാര്‍ക്കറ്റില്‍ വില വര്‍ധിക്കുക പതിവാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചതോടെ വില കുത്തനെ താഴോട്ടുവരികയാണ്. ഒരുകിലോ റബറിന് 190 രൂപവരെ കിട്ടുകയും 200 കടക്കുമെന്ന പ്രതീക്ഷ വളരുകയുംചെയ്ത ഘട്ടത്തിലാണ് ഇടിത്തീയായി കേന്ദ്രതീരുമാനം. അതോടെ വില 173 രൂപയിലെത്തി. രണ്ടുദിവസംകൊണ്ടുണ്ടായ വിലയിടിച്ചില്‍ ഇനിയും തുടരുമെന്നാണ് സുചന. അത്തരമൊരു ഭീതി കര്‍ഷകര്‍ക്കുണ്ടാകുമ്പോള്‍ അവര്‍ സൂക്ഷിച്ച റബര്‍ വിറ്റഴിക്കാന്‍ നോക്കും. അതോടൊപ്പം വിദേശ റബറും എത്തും. സ്വാഭാവികമായും ആഭ്യന്തരവിപണിയില്‍ കൂടുതല്‍ കടുത്ത പ്രത്യാഘാതമാണ് ഇതുമൂലമുണ്ടാവുക.
ടയര്‍ കമ്പനികളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷനാണ് ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. ആ സംഘടനയ്ക്ക് കോടതിയിലൂടെ കാര്യം സാധിക്കാനാകാതെ വന്നു. അതോടെ കോണ്‍ഗ്രസിന്റെ സമുന്നത നേതൃത്വത്തെ ഇടപെടുവിച്ച് രാഷ്ട്രീയ തീരുമാനമെടുപ്പിക്കുകയായിരുന്നു എന്നാണ് വാര്‍ത്ത. കേരളത്തിലെ പിസിസി സെക്രട്ടറികൂടിയായ ആന്റോ ആന്റണിക്ക് നല്‍കിയ മറുപടിയിലാണ് രണ്ടാഴ്ചമുമ്പ്, കൂടുതല്‍ ഇറക്കുമതിക്കുള്ള സാഹചര്യമൊരുക്കുമെന്ന് ധനസഹമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം വന്നയുടന്‍ റബര്‍വില ഇടിഞ്ഞുതുടങ്ങി. എന്നാല്‍, കര്‍ഷകരുടേത് അടിസ്ഥാനമില്ലാത്ത ആശങ്കയാണെന്നും വില ഒരുപരിധിയില്‍ താഴാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും റബറിന്റെ ലഭ്യതക്കുറവ് കണക്കിലെടുക്കണമെന്നുമുള്ള ഒഴുക്കന്‍ വാചകങ്ങളാണ് കേന്ദ്ര വാണിജ്യമന്ത്രി ഉപ്പോഴും ഉരുവിടുന്നത്.
ആസിയന്‍ കരാര്‍പ്രകാരം റബര്‍ നെഗറ്റീവ് പട്ടികയിലാണെങ്കിലും സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി തീരുവനിരക്കില്‍ മാറ്റംവരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും വിശദീകരിച്ചിട്ടുണ്ട് അദ്ദേഹം. കേരളത്തിന്റെ നാണ്യവിളകൃഷിക്ക് തുടരെത്തുടരെ ആഘാതമേല്‍പ്പിച്ചതും കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിട്ടതും ഇത്തരം തൊടുന്യായങ്ങള്‍ നിരത്തിയാണ്. റബറിന്റെ ഇറക്കുമതിത്തീരുവ എത്രയായിരിക്കണമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ വസ്തുതകള്‍ അപഗ്രഥിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതു കണക്കിലെടുക്കാതെയാണ് തീരുവ കുറച്ചത്.
കേരളത്തിലെ റബര്‍കര്‍ഷകരെ ഒരുതരം അവജ്ഞയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ഇവിടെ കെട്ടിക്കിടക്കുന്ന റബര്‍ കൊണ്ടുതന്നെ തീര്‍ക്കാവുന്നതേയുള്ളൂ ടയര്‍ വ്യവസായികളുടെ ആവശ്യം. എന്നാല്‍, ഇവിടത്തെ കര്‍ഷകരെ പൂഴ്ത്തിവയ്പുകാരോ കരിഞ്ചന്തക്കാരോ ആക്കി അവഹേളിച്ച് വിദേശത്തുനിന്ന് ടയറുകമ്പനിക്കാര്‍ക്കായി റബര്‍ ഇറക്കുമതി ചെയ്തുകൊടുക്കുകയാണിപ്പോള്‍. കേന്ദ്ര ഗവമെന്റിന്റെ ഈ അതിക്രമത്തോട് കേരളത്തിലെ യുഡിഎഫ് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയേണ്ടതുണ്ട്.
ആസിയന്‍ കരാര്‍ റബര്‍ അടക്കമുള്ള കേരളത്തിലെ സുപ്രധാന കാര്‍ഷികവിളകളെയും കര്‍ഷകരെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍, കമ്യൂണിസ്റുകാര്‍ ചൈനയ്ക്കുവേണ്ടിയാണ് ആസിയന്‍ കരാറിനെ എതിര്‍ക്കുന്നതെന്ന് അന്ന് ഉമ്മന്‍ചാണ്ടി അധിക്ഷേപിച്ചു. ഇപ്പോള്‍ റബറിന്റെ ഇറക്കുമതിത്തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ആസിയന്‍ കരാറിലെ സംരക്ഷിതപ്പട്ടിക അപ്രസക്തമായി. സംരക്ഷിതപ്പട്ടികയുണ്ടല്ലോ; എന്തിന് പേടി എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നത്. റബറിന്റെ കാര്യത്തില്‍ ഉറപ്പ് ലംഘിച്ചതോടെ സംരക്ഷിതപ്പട്ടികയിലെ മറ്റ് ഉല്‍പ്പന്നങ്ങളുടെ കാര്യവും അതേ വഴിയിലാകും. സംരക്ഷിതപ്പട്ടികയില്‍ ഉള്‍പ്പെട്ടാലും അതതുസമയം മാറ്റംവരുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ പറഞ്ഞത്. വിദേശകുത്തകകളോ നാടന്‍കുത്തകകളോ സമ്മര്‍ദം ചെലുത്തിയാല്‍ സംരക്ഷിതപ്പട്ടികയിലെ ഏത് ഉല്‍പ്പന്നത്തിന്റെയും തീരുവ ഇല്ലാതാക്കാന്‍ മടിക്കില്ല എന്നാണതിനര്‍ഥം.
റബര്‍കര്‍ഷകരെ പ്രതി അലമുറയിടുകയും നാടകമാടുകയും ചെയ്യുന്ന കുറെയധികമാളുകള്‍ യുഡിഎഫിലുണ്ട്. മലയോര കര്‍ഷകപ്പാര്‍ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് അക്കൂട്ടത്തില്‍ പെടും. അവര്‍ ഡല്‍ഹിയില്‍ സമരംചെയ്യാന്‍ പോവുകയാണത്രെ. ബാബറി മസ്ജിദ് തകര്‍ക്കുന്നത് നോക്കിനിന്ന നരസിംഹറാവുവിനെ ന്യായീകരിക്കാന്‍ മുസ്ളിംലീഗ് നടത്തിയ നാണംകെട്ട കളികള്‍ ആരും മറന്നിട്ടില്ല. അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടിയായിരുന്നു ലീഗിന്റെ ആ മുട്ടിലിഴയല്‍. അതേ പാതയിലാണിപ്പോള്‍ മാണി കേരളയും. കോണ്‍ഗ്രസിനുമുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണവര്‍. തെരഞ്ഞെടുപ്പിനും അധികാരത്തിനുമല്ലാതെ എന്തിന് റബര്‍ കര്‍ഷകരെ അവര്‍ ശ്രദ്ധിക്കണം. മാത്രമല്ല, കര്‍ഷകരേക്കാള്‍ ടയര്‍ വ്യവസായികളുടെ മടിശീലയ്ക്കാണല്ലോ കനം.
ആസിയന്‍ കരാറിന്റെ അപകടം ചൂണ്ടിക്കാട്ടി മനുഷ്യ മഹാശൃംഖല തീര്‍ത്ത നാടാണ് കേരളം. അന്നാ ജനമുന്നേറ്റത്തെ പുച്ഛിച്ചവര്‍തന്നെ ഇപ്പോള്‍, റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ച് കര്‍ഷകരോട് കൊടിയ വഞ്ചന ആവര്‍ത്തിക്കുമ്പോള്‍ നാടിനോടു സ്നേഹമുള്ള ആര്‍ക്കും വെറുതെ നില്‍ക്കാനാവില്ല. കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന ഈ തീരുമാനം പിന്‍വലിപ്പിക്കാന്‍ ശക്തമായ പ്രക്ഷോഭം ഉയരേണ്ടതുണ്ട്. കള്ളംപറഞ്ഞും പ്രലോഭിപ്പിച്ചും കൊടും ചതിക്ക് ഒത്താശചെയ്ത യുഡിഎഫ് നേതൃത്വം ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുകതന്നെ വേണം. ഇറക്കുമതിത്തീരുവ കുറച്ചുകുറച്ച് ഏഴരശതമാനത്തിലെത്തിച്ചവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്ന ചര്‍ച്ചയും ഉയര്‍ന്നുവരണം. കര്‍ഷകരെ ദ്രോഹിച്ച് ടയര്‍ലോബിയെ സേവിക്കുന്ന ഇവരെ വെറുതെ വിടരുത്.
ദേശാഭിമാനി മുഖപ്രസംഗം 25082010
റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ച നടപടി ഒരുകാരണവശാലും പിന്‍വലിക്കില്ല എന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്ശര്‍മ ഖണ്ഡിതമായി പറഞ്ഞിക്കുന്നു. ആസിയന്‍ കരാറിലെ നെഗറ്റീവ് ലിസ്റ്റില്‍ റബറിനെ പെടുത്തിയതിനര്‍ഥം ഇറക്കുമതി നിരോധിക്കും എന്നല്ല എന്നുകൂടി കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. ഇരുപതുശതമാനമായിരുന്ന ഇറക്കുമതിത്തീരുവ ഏഴരയാക്കി കുറച്ചതിനുള്ള ന്യായീകരണം പക്ഷേ അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണുന്നില്ല. റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി കിട്ടിയാലും ടയര്‍ലോബിക്കുവേണ്ടി വിടുപണി യുപിഎ ഗവമെന്റ് തുടരും എന്ന ധിക്കാരപൂര്‍ണമായ സമീപനമാണ് മന്ത്രിയുടേത്.
ReplyDelete