ന്യൂഡല്‍ഹി: മലേഷ്യയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയാകും. ആസിയന്‍ കരാറിനു പുറമെ മലേഷ്യയുമായി നേരിട്ട് സ്വതന്ത്രവ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ റബര്‍, പാമോയില്‍, കുരുമുളക് തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തീരുവരഹിതമായി ആഭ്യന്തരവിപണിയിലേക്ക് ഒഴുകും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ മലേഷ്യന്‍ സന്ദര്‍ശനവേളയിലാണ് സ്വതന്ത്രവ്യാപാര കരാറുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇരു രാജ്യവുമായുള്ള വ്യാപാരം 2015 ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്ര വ്യാപാരം. കരാറിലേര്‍പ്പെടാനുള്ള ധാരണാപത്രം ഇരു രാജ്യവും കൈമാറി.
ചരക്കുവ്യാപാരം ആസിയന്‍ കരാറിലേതിനേക്കാള്‍ ലഘൂകരിക്കണമെന്ന് പറയുന്നു. ഇതിന്റെ ഭാഗമായാണ് പ്രത്യേക സ്വതന്ത്രവ്യാപാര കരാര്‍. 2011 ജനുവരി 30നു രണ്ടു രാജ്യത്തെയും വാണിജ്യമന്ത്രിമാര്‍ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കും. 2011 ജൂലൈ ഒന്നു മുതല്‍ കരാര്‍ നടപ്പില്‍ വരും. കരാര്‍ കേരളത്തിലെ നാണ്യവിള കര്‍ഷകരെ പ്രത്യേകിച്ച് കേര, റബര്‍ കര്‍ഷകരെ ദോഷമായി ബാധിക്കും. കരാറിലെ മുഖ്യ നിബന്ധനകളിലൊന്ന് മലേഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പാമൊയിലിന്റെ തീരുവ കുറയ്ക്കല്‍ വേഗത്തിലാക്കുക എന്നതാണ്. ആസിയന്‍ കാരാര്‍പ്രകാരം അസംസ്കൃത പാമൊയിലിന്റെ ഇറക്കുമതി തീരുവ പത്തുവര്‍ഷത്തിനകം 80 ശതമാനത്തില്‍ നിന്ന് 37.5 ശതമാനമായും സംസ്കരിച്ച പാമൊയിലിന്റെ തീരുവ 90 ശതമാനത്തില്‍ നിന്ന് 45 ശതമാനമാക്കാനും ഇന്ത്യ ബാധ്യസ്ഥമാണ്. മലേഷ്യയുമായി സ്വതന്ത്രവ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ തീരുവരഹിതമായി ഇറക്കുമതി ചെയ്യേണ്ടിവരും. മലേഷ്യയില്‍ നിന്നാണ് ഇന്ത്യയുടെ പാമൊയില്‍ ഇറക്കുമതിയുടെ സിംഹഭാഗവും. മലേഷ്യയില്‍ നിന്നുള്ള പാമൊയില്‍ ഇറക്കുമതി ആഭ്യന്തരവിപണിയില്‍ വെളിച്ചെണ്ണയുടെ രൂക്ഷമായ വിലയിടിവിനും കേര കര്‍ഷകരുടെ തകര്‍ച്ചയ്ക്കും വഴിവയ്ക്കും. ഇക്കാര്യം കണക്കിലെടുക്കാതെയാണ് സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പിടുന്നത്.
റബര്‍ കയറ്റുമതിയിലും മലേഷ്യ മുന്നിലാണ്. ഇന്ത്യയിലെ റബര്‍ വ്യവസായത്തിന് അനുയോജ്യമായ പ്രത്യേക ഇനം റബര്‍ ഉല്‍പ്പാദനത്തിലേക്ക് മലേഷ്യ ശ്രദ്ധതിരിച്ചിരിക്കയാണ്. കുരുമുളക്, ഗ്രാമ്പു തുടങ്ങിയ നാണ്യവിളകളുടെ ഇറക്കുമതിയും കേരളത്തിന്റെ കാര്‍ഷികമേഖലയെ ഗുരുതരമായി ബാധിക്കും. മലേഷ്യയുമായുള്ള പ്രത്യേക കരാറില്‍ സംരക്ഷിത പട്ടികയുണ്ടാവില്ല. റബര്‍, റബര്‍ ഉല്‍പ്പന്നങ്ങള്‍, ലാറ്റെക്സ്, പാമോയില്‍, കുരുമുളക്, മറ്റു സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ തീരുവരഹിതമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടും. മലേഷ്യയിലെ ആഭ്യന്തര റബര്‍വില ഇന്ത്യയിലെ വിലയേക്കാള്‍ കുറവാണ്. തീരുവരഹിതമായി ഇറക്കുമതി ചെയ്യാന്‍ അവസരമാകുന്നതോടെ ഇന്ത്യയിലെ ടയര്‍ ലോബി മലേഷ്യന്‍ റബറിനെ ആശ്രയിക്കുമെന്ന് തീര്‍ച്ചയാണ്. ഇത് ഇന്ത്യന്‍ വിപണിയില്‍ വിലയിടിവിനു വഴിയൊരുക്കും. സ്വതന്ത്രവ്യാപാര കരാറിലെ പ്രതികൂല വ്യവസ്ഥകളെപ്പറ്റി കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും കോഗ്രസ് എംപിമാരും ദയനീയമായി പരാജയപ്പെട്ടിരിക്കയാണ്.
deshabhimani news
No comments:
Post a Comment