Thursday, August 26, 2010

വീണ്ടും ഒരു ആഘാതം

ഓണക്കാലത്ത് കേന്ദ്ര യുപിഎ ഭരണത്തില്‍നിന്ന് കേരളത്തിനു ലഭിക്കുന്ന രണ്ടാമത്തെ ആഘാതമാണ് കയറ്റുമതി പ്രോത്സാഹനപദ്ധതിയില്‍നിന്ന് കശുവണ്ടിയെയും കയറിനെയും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം. ഇന്നത്തെ ആഗോള വാണിജ്യ കാലാവസ്ഥയിലെ മാന്ദ്യത്തെ മറികടക്കാന്‍ 1052 കോടി രൂപയുടെ ഊര്‍ജിത കയറ്റുമതി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. വിപുലമായ തൊഴില്‍മേഖലയെ അടിസ്ഥാനപ്പെടുത്തി നിലനില്‍ക്കാന്‍ പരമ്പരാഗത വ്യവസായങ്ങളുടെ ഉല്‍പ്പന്നങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചണം മുതല്‍ കരകൌശലസാധനങ്ങള്‍വരെ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടിയിരിക്കുന്നു. എന്നാല്‍, കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കശുവണ്ടിക്കും കയറിനും ഇതില്‍ സ്ഥാനമില്ല. ഇരു വ്യവസായമേഖലകളെയും ഇത് അതിഗുരുതരമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്.

ഇറക്കുമതിച്ചുങ്കം കുറച്ച് രണ്ടുലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ നിശ്ചയിച്ച് ഒരാഴ്ച തികയുംമുമ്പാണ് കശുവണ്ടി-കയര്‍ കയറ്റുമതി സാധ്യതകള്‍ക്കു നേര്‍ക്ക് വാതില്‍ കൊട്ടിയടയ്ക്കുക കൂടി ചെയ്യുന്നത്. (റബര്‍ ഇറക്കുമതിത്തീരുവ ഏഴരയില്‍നിന്ന് 13 ശതമാനമാക്കി ഉയര്‍ത്തുമെന്ന് ഉറപ്പുകിട്ടിയതായി ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇറക്കുമതിത്തീരുവ ഒരാഴ്ച മുമ്പുവരെ 20 ശതമാനമായിരുന്നു എന്നിരിക്കെ, കേരളത്തിന് ഇത് ഒരു ആശ്വാസവും തരുന്നില്ല) ഒരുവശത്ത്, ആഭ്യന്തര കമ്പോളത്തില്‍ ഇറക്കുമതി റബര്‍ വന്നു നിറയുകയും നമ്മുടെ റബറിനു വിലയിടിയുകയും ചെയ്യും. അത് റബര്‍കൃഷി രംഗത്തെ വല്ലാതെ തളര്‍ത്തും. മറുവശത്താകട്ടെ, കേരളത്തിന്റെ ഉല്‍പ്പന്നമായ കശുവണ്ടിക്ക് വിദേശ കമ്പോളം കിട്ടാതെ വരികയും അതുകൂടി ഇവിടെ കെട്ടിക്കിടക്കുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ കിതയ്ക്കുന്ന കയര്‍ രംഗമാകട്ടെ കൂടുതല്‍ തകര്‍ച്ചയില്‍ പതിക്കും.

ഇരുനൂറ് ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് 2010-11ലേക്ക് കയറ്റിറക്കുമതി നയപ്രകാരം ഇന്ത്യ വിഭാവനംചെയ്യുന്നത്. ഈ ലക്ഷ്യത്തിന്റെ അടുത്തെങ്കിലും എത്തണമെങ്കില്‍ സമഗ്രവും സര്‍വതോമുഖവുമായ കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍ കൂടിയേ തീരൂ. കയറ്റിറക്കുമതി രംഗത്തെ ആഗോള മത്സരത്തില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനും ഇതു കൂടിയേ തീരൂ. ഈ പശ്ചാത്തലത്തിലാണ്, കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രഗവമെന്റ് നിര്‍ബന്ധിതമായത്. ഇപ്രകാരമാണ് കേന്ദ്രം 1052 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്.

എന്നാല്‍, ഇത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പല മേഖലയെയും ഒഴിവാക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ടതാണ് കേരളത്തിലെ കശുവണ്ടി-കയര്‍ മേഖലകള്‍. ലക്ഷക്കണക്കിന് ആളുകള്‍ ജീവനോപാധിയാക്കിയിട്ടുള്ളതാണ് കശുവണ്ടി വ്യവസായം. പോയവര്‍ഷം 2908 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്ന മേഖലയാണത്. കയറ്റുമതി ഊര്‍ജസ്വലമാക്കുകയാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെങ്കില്‍, അതിനുള്ള ഏതു പദ്ധതിയും കശുവണ്ടി വ്യവസായത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാകണം. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ശക്തിപ്പെടുത്തുന്ന സംസ്ഥാനത്തിന്, കയറ്റുമതിയിലൂടെയുള്ള വരവിന്റെ ഒരു ചെറു ഓഹരി പോലും നല്‍കില്ലെന്ന കേന്ദ്രനിലപാട് ന്യായീകരിക്കാനാകാത്തതാണ്.
നേരത്തെ, ഊര്‍ജിത നെല്‍ക്കൃഷി വികസനപദ്ധതിയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. കാപ്രോലാക്ടത്തിന്റെ ഇറക്കുമതിച്ചുങ്കം ക്രമാതീതമായി താഴ്ത്തിക്കൊടുത്തിരുന്നു. നെഗറ്റീവ് ലിസ്റായിരുന്നിട്ടുകൂടി റബറിന്റെ ഇറക്കുമതി ഉദാരവല്‍ക്കരിക്കുകയും അതിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചുകൊടുക്കുകയും ചെയ്തു. ഇതിനൊക്കെ പിന്നാലെയാണ് കശുവണ്ടി-കയര്‍ കയറ്റുമതിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നത്.

കേരളത്തില്‍നിന്നു ജയിച്ചുചെന്ന് കേന്ദ്രമന്ത്രിമാരായ പലരുണ്ട് ഡല്‍ഹിയില്‍. എന്നാല്‍, അവരാരും കേരളത്തിനുവേണ്ടി സംസാരിക്കുന്നതായി കാണുന്നില്ല. അല്ലെങ്കില്‍, അവരുടെ വാക്കുകള്‍ കേന്ദ്രത്തില്‍ വിലപ്പോകുന്നതായി തോന്നുന്നില്ല. അതിശക്തമായ പ്രക്ഷോഭത്തിലൂടെ മാത്രമേ കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകള്‍ തിരുത്തിക്കാനാകൂ. അതിനുള്ള ശ്രമമാണ് ഇന്ന് കേരളത്തിലുണ്ടാകേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 26082010

1 comment:

  1. ഓണക്കാലത്ത് കേന്ദ്ര യുപിഎ ഭരണത്തില്‍നിന്ന് കേരളത്തിനു ലഭിക്കുന്ന രണ്ടാമത്തെ ആഘാതമാണ് കയറ്റുമതി പ്രോത്സാഹനപദ്ധതിയില്‍നിന്ന് കശുവണ്ടിയെയും കയറിനെയും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം. ഇന്നത്തെ ആഗോള വാണിജ്യ കാലാവസ്ഥയിലെ മാന്ദ്യത്തെ മറികടക്കാന്‍ 1052 കോടി രൂപയുടെ ഊര്‍ജിത കയറ്റുമതി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. വിപുലമായ തൊഴില്‍മേഖലയെ അടിസ്ഥാനപ്പെടുത്തി നിലനില്‍ക്കാന്‍ പരമ്പരാഗത വ്യവസായങ്ങളുടെ ഉല്‍പ്പന്നങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചണം മുതല്‍ കരകൌശലസാധനങ്ങള്‍വരെ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടിയിരിക്കുന്നു. എന്നാല്‍, കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കശുവണ്ടിക്കും കയറിനും ഇതില്‍ സ്ഥാനമില്ല. ഇരു വ്യവസായമേഖലകളെയും ഇത് അതിഗുരുതരമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്.

    ReplyDelete