Monday, December 30, 2013

മതവാദികളെ വിളിച്ചിരുത്തുവാനുള്ള ഇടമല്ല ശിവഗിരി: പിണറായി

വര്‍ക്കല: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവിന്റെ വചനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നിടം ആ മതം തന്റെതാകണമെന്ന് ശഠിക്കുന്നവരെ വിളിച്ചിരുത്തുവാനുള്ള സ്ഥലമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അത്തരക്കാരെ എത്തിക്കുവാനുള്ള സ്ഥലമല്ലിതെന്ന് ഗുരുവിന്റെ ശിക്ഷ്യന്‍മാരായ സന്യാസിവര്യന്‍മാര്‍ ഓര്‍ക്കണം. 81-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്.

അല്ലാതെ മറ്റ് ജാതികള്‍ക്കോ മതങ്ങള്‍ക്കോ എതിരായി സംഘടിക്കണമെന്നല്ല. സംഘടന എല്ലാ മനുഷ്യരേയും ഒന്നായി ചേര്‍ക്കുന്നതാകണമെന്നാണ് എസ്എന്‍ഡിപിയെ കുറിച്ച് ഗുരു പറഞ്ഞത്. ജനിച്ച നാടിന്റെ അവസ്ഥ മാറ്റിയെഴുതിയതാണ് ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നത്. ദുരാചാരങ്ങള്‍ മൂലം മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിലാണ് അദ്ദേഹം മാനവ സ്നേഹത്തിന്റെ മഹത്വം കൊണ്ടുവന്നത്. അവര്‍ണന്റെ ശരീരഭാഗങ്ങള്‍ക്ക് വരെ കരം ചുമത്തിയിരുന്ന ഭൂതകാലം നമുക്കുണ്ടായിരുന്നു. സംഘടനകൊണ്ട് ശക്തരാകുക എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഈഴവ സമുദായത്തെ മാത്രമല്ല സ്വാധീനിച്ചത്.

അക്കാലത്ത് ഈഴവ സമുദായത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ മാറ്റിയെടുക്കുവാനാണ് ഗുരു ശ്രമിച്ചത്. അതിന്റെ അലയൊലികള്‍ മറ്റ് സമുദായങ്ങള്‍ക്കകത്തേക്കും പടര്‍ന്നു. കേരളം ഭ്രാന്താലയമെന്ന കാഴ്ചപാടിന് മാറ്റം വരുത്തുവാന്‍ കഴിഞ്ഞതും ആ അലയൊലികള്‍ക്കാണെന്ന് പിണറായി പറഞ്ഞു.

മനുഷ്യത്വം ഇല്ലാത്തവരെ വരവേല്‍ക്കേണ്ട സ്ഥലമല്ല ശിവഗിരി: പിണറായി

ശിവഗിരി: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ശ്രീനാരായണഗുരു ചിന്ത വാഴുന്നിടത്ത് മതം തന്റേതുതന്നെയാകണമെന്നു ശഠിക്കുകയും അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നയാള്‍ക്ക് സ്ഥാനമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യത്വം ഇല്ലാത്ത അത്തരക്കാരെ വിളിച്ചുവരുത്തി വരവേല്‍പ് നല്‍കാനുള്ള സ്ഥലമല്ല ശിവഗിരി. എണ്‍പത്തി ഒന്നാമത് ശിവഗിരി തീര്‍ഥാടനത്തിനോടനുബന്ധിച്ച് "അധഃസ്ഥിത മുന്നേറ്റം ഗുരുദര്‍ശനത്തിലൂടെ" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും പല മത സാരം ഏകം എന്നുമാണ് ശ്രീനാരായണഗുരു പറഞ്ഞത്. എന്നാല്‍, മതം താനാണെന്നും മതം തന്റേതുതന്നെ ആയിക്കൊള്ളണമെന്നും ശഠിക്കുന്നവരെ വിളിച്ചുവരുത്തി ആദരിക്കുന്നത് ശരിയോ എന്ന് ഗുരുവിന്റെ ശിഷ്യന്മാരായ സന്യാസിവര്യന്മാര്‍ ചിന്തിക്കണം. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ഗുരു ഉപദേശിച്ചത്. അല്ലാതെ മറ്റ് മതങ്ങള്‍ക്കോ ജാതികള്‍ക്കോ എതിരായി സംഘടിക്കണമെന്നല്ല. ഗുരു ഉയര്‍ത്തിയ മാനവികതയുടെ മഹാസന്ദേശം കൂടുതല്‍ കരുത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ട കാലഘട്ടമാണിതെന്ന് പിണറായി പറഞ്ഞു. ഒരു പ്രത്യേക ജാതിയോ പ്രത്യേക മതമോ മാത്രം മതിയെന്നല്ല അദ്ദേഹം ഉദ്ബോധിപ്പിച്ചത്.

അദ്ദേഹം ഉണ്ടാക്കിയ സംഘടനയുടെ പേര് ഒരു ജാതിയുമായും ബന്ധപ്പെട്ടതല്ല. ശ്രീനാരായണധര്‍മത്തിന്റെ പേരാണ് സംഘടനയ്ക്ക് നല്‍കിയത്. സംഘടനയില്‍ പ്രത്യേക സമുദായക്കാര്‍ മാത്രമായി ചുരുങ്ങരുതെന്നും മനുഷ്യരെയെല്ലാം ഒന്നായി ചേര്‍ക്കുന്നതാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. തന്റെ ശിഷ്യര്‍ ഒരേ സമുദായത്തില്‍ പെട്ടവരാകരുതെന്നായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. സന്ദേശത്തിനൊപ്പം പ്രവര്‍ത്തനത്തിലൂടെയേ സാമൂഹ്യമാറ്റം കൈവരിക്കാനാകൂ എന്ന് ശ്രീനാരായണഗുരു തെളിയിച്ചു. അരുവിപ്പുറം ശിവപ്രതിഷ്ഠ നല്‍കുന്ന സന്ദേശം ഇതാണ്.

ചാതുര്‍വര്‍ണ്യ തേര്‍വാഴ്ചയില്‍ ചതഞ്ഞരഞ്ഞ ഒരു സമൂഹത്തെ അതില്‍നിന്ന് മോചിപ്പിക്കാനും ആത്മാഭിമാനവും നവോത്ഥാനത്തിന്റെ വെളിച്ചവും പകര്‍ന്നുനല്‍കാനും ഗുരുവിന് കഴിഞ്ഞു. സാമൂഹ്യമാറ്റത്തിന്റെ ചിന്തയുടെ പ്രതിഷ്ഠയാണ് അരുവിപ്പുറത്ത് ഗുരു നടത്തിയത്. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയോടുള്ള കലാപമായിരുന്നു ഇത്. നിങ്ങള്‍ നിങ്ങളെത്തന്നെ തിരിച്ചറിയണമെന്ന സന്ദേശവുമായി കണ്ണാടിപ്രതിഷ്ഠയും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദീപപ്രതിഷ്ഠയും വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ അക്ഷരപ്രതിഷ്ഠയും നടത്തി അദ്ദേഹം മാറ്റത്തിന്റെ കാഹളമായി. ഇതെല്ലാം മറന്ന് വിഗ്രഹത്തില്‍മാത്രം കേന്ദ്രീകരിച്ചാല്‍ അത് ഗുരുനിന്ദയാകും. അറിവിനെ ആയുധമാക്കി സാമൂഹ്യമാറ്റത്തിനായി പോരാടാന്‍ വിദ്യാലയങ്ങളുടെ അനിവാര്യത ഗുരു ഊന്നിപ്പറഞ്ഞു.

സാധാരണ സന്യാസികള്‍ മോക്ഷപ്രാപ്തിക്കായി ശ്രമിക്കുമ്പോള്‍ ജനങ്ങളുടെ ജീവിതപ്രാപ്തിക്ക് ഉതകുന്ന വഴികള്‍ തേടി ഗുരു വഴിമാറി നടന്നു. സമൂഹത്തെ മാറ്റുന്നതിനുള്ള സമരോത്സുകമായ വഴിയായിരുന്നു ഇത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥയില്‍ മനുഷ്യത്വത്തിന്റെ മഹാസന്ദേശവുമായി ഗുരു ഇടപെട്ടു. ഒരുപാട് അനാചാരങ്ങളും ജീര്‍ണതകളും പീഡനങ്ങളും അടിമത്ത മനോഭാവവുമെല്ലാം നിറഞ്ഞുനിന്നിരുന്ന അവസ്ഥ. ഗുരുവിന്റെ സന്ദേശങ്ങളും ഇടപെടലുകളും ഒരു സമുദായത്തില്‍ മാത്രമല്ല കേരളത്തിലെമ്പാടും മാറ്റത്തിന്റെ കാഹളം മുഴക്കി.

കേരളത്തെ ഭ്രാന്താലയമാണെന്ന വിശേഷണത്തില്‍നിന്ന് മാറ്റുന്നതിനുള്ള തീവ്രമായ ശ്രമമാണ് ഗുരു നടത്തിയത്. അധ്വാനവര്‍ഗത്തിന്റെ പോരാട്ടങ്ങളിലൂടെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം കേരളത്തിലുണ്ടായത്. എന്നാല്‍, അധ്വാനവര്‍ഗത്തിന്റെ ഐക്യത്തെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് ഗുരുനിന്ദയാണെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment