Tuesday, October 8, 2013

പ്രൊഫ. സി സി ജേക്കബിന്റെ സംസ്കാരം സഭ വിലക്കി

തൊടുപുഴ: സഭാവിശ്വാസത്തിനെതിരെ ലഘുലേഖ പ്രസിദ്ധീകരിച്ച അധ്യാപകന് സിഎസ്ഐ സഭ പള്ളി സെമിത്തേരിയില്‍ സംസ്കാരം നിഷേധിച്ചു. സിഎസ്ഐ സിനഡ് എക്സിക്യുട്ടീവ് മുന്‍ അംഗവും ഈസ്റ്റ് കേരള മഹാഇടവക അല്‍മായസഭയുടെ ആദ്യ സെക്രട്ടറിയുമായിരുന്ന മേലുകാവ് എള്ളുംപുറം ചുവന്നപ്ലാക്കല്‍ പ്രൊഫ. സി സി ജേക്കബി(64)ന്റെ സംസ്കാരമാണ് സഭ വിലക്കിയത്. തുടര്‍ന്ന് വിരമിച്ച വൈദികരുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ തയ്യാറാക്കിയ കല്ലറയില്‍ സംസ്കരിച്ചു.

നാലുവര്‍ഷം മുന്‍പാണ് "ജലസ്നാനം ഒരുപഠനം" എന്ന ലഘുലേഖയുടെ പേരില്‍ സി സി ജേക്കബിനെ സഭയില്‍നിന്ന് പുറത്താക്കിയത്. ശിശുസ്നാനമാണ് സിഎസ്ഐ സഭയുടെ കീഴ്വഴക്കം. എന്നാല്‍ പെന്തക്കോസ്ത്് സഭയിലെതു പോലെ പ്രായപൂര്‍ത്തി സ്നാനം വേണമെന്ന ആശയമാണ് പ്രൊഫസര്‍ മുന്നോട്ടുവച്ചത്. ഇദ്ദേഹം ജലസ്നാനം സ്വീകരിക്കുകയും ചെയ്തു. സഭാപാരമ്പര്യം ലംഘിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന് സഭാ വക്താക്കള്‍ പറയുന്നു. കോടതിയെ സമീപിച്ച ജേക്കബിനെ സഭയില്‍ തിരിച്ചെടുക്കാന്‍ ഈരാറ്റുപേട്ട മുന്‍സിഫ് കോടതി ഉത്തരവിട്ടു. ഇതിനെതിരെ മഹായിടവക ബിഷപ് മേല്‍കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതി ഉത്തരവ് ശരിവച്ചു. കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന ബിഷപ്പിനെതിരെ കോടതിയലക്ഷ്യ കേസ് പരിഗണിക്കാനിരിക്കെയാണ് ജേക്കബിന്റെ അന്ത്യം. ഇടവകയായ എള്ളുംപുറം സിഎസ്ഐ പള്ളിസെമിത്തേരിയിലെ പൊതുക്കല്ലറയില്‍ സംസ്കരിക്കാന്‍ അനുവാദം നല്‍കിയിരുന്നതായി സഭാ വൃത്തങ്ങള്‍ പറയുന്നു. കുടുംബക്കല്ലറയില്‍ അടക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. സഭയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നില്ലന്നും സഭ വ്യക്തമാക്കി.

സി സി ജേക്കബ് എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് മുന്‍ അംഗവും മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജ് ചരിത്ര വിഭാഗം തലവനുമായിരുന്നു. കോണ്‍ഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്. റിസര്‍വ് ബാങ്ക് ഓഫീസര്‍ മേരിയാണ് ഭാര്യ. മക്കള്‍: സുമ(അധ്യാപിക), സന്തോഷ്(പി ആന്‍ഡ് ടി ജീവനക്കാരന്‍). മരുമക്കള്‍: സിജോ, ബിജിമോള്‍

deshabhimani

No comments:

Post a Comment