Thursday, November 7, 2013

ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും എതിര്‍ക്കപ്പെടണം : പിണറായി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേ ആശയങ്ങളാണ് മുറുകെ പിടിക്കുന്നതെന്നും അതിനാല്‍ മതനിരപേക്ഷത നിലനിര്‍ത്താന്‍ രണ്ട്കൂട്ടരെയും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. "മുഖ്യധാര" മാസിക കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കകുയായിരുന്നു പിണറായി. രാഷ്ട്രങ്ങളുടെ ദേശീയതയെ എതിര്‍ക്കുകയും ലോകമെങ്ങുമുള്ള മുസ്ലീംങ്ങളുടെ മതരാഷ്ട്രം വിഭാവനം ചെയ്യുകയും ചെയ്യുന്ന മൗദൂദിയുടെ ആശയങ്ങളാണ് ജമാ അത്തെ ഇസ്ലാമിയുടെ അടിസ്ഥാനം. ഹിന്ദുത്തരാഷ്ട്രം എന്ന കാഴ്ചപാടിനെ സാധൂകരിക്കുന്ന ഹൈന്ദവ വര്‍ഗീയതക്കും സംഘപരിവാറിനുമാണ് അത് ഗുണം ചെയ്യുക.

ലോകമെങ്ങുമുള്ള ഭീകരവാദ പ്രസ്ഥാനങ്ങളെ പിന്തുണക്കാന്‍ ജമാ അത്തെ ഇസ്ലാമിക്ക് കഴിയുന്നത് അത്തരം നിലപാടുകള്‍ അവര്‍ക്ക് ഉള്ളതിനാലാണ്. മുസ്ലീം സമുദായത്തെ യാഥാസ്ഥിക ചിന്തകളിലെക്ക് വീണ്ടും വീണ്ടും തള്ളിയിടുവാനാണ് മതനേതാക്കള്‍ ശ്രമിക്കുന്നത്. അതാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നത്പോലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്.

ഒരു കാലത്ത് മലയാളം പഠിക്കുന്നത്പോലും നിഷിധമായി കരുതിയിരുന്നു. മലയാളം അവര്‍ക്ക് നരകത്തിന്റെ ഭാഷയായിരുന്നു. എന്നാല്‍ അതിനെതിരെയെല്ലാം അന്ന് മതത്തിനകത്ത്നിന്നുള്ള പുരോഗമനവാദികള്‍ രംഗത്തുവന്നും അവരുടെ പ്രയത്നങ്ങളിലൂടെ ആര്‍ജിച്ച നേട്ടങ്ങളാണ് സമുദായത്തെ ഒരു പരിധിവരെയെങ്കിലും മുഖ്യധാരയിലെത്തിച്ചത്. എന്നാല്‍ അതെല്ലാം ഉപേക്ഷിച്ച് വീണ്ടും യാഥാസ്ഥിക പരിതസ്ഥിതികളിലേക്ക് കൂട്ടികൊണ്ടുപോകാനാണ് ഇന്ന് ശ്രമം. അതിനായി മതത്തെ കൂട്ടുപിടിക്കുകയാണെന്നും പിണറായി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസിന് ശക്തിപകരുന്നു: പിണറായി

കോഴിക്കോട്: ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന അജന്‍ഡ മുന്നോട്ടുവച്ച ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര അജന്‍ഡക്ക് എണ്ണ പകരുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യാധാര മാസിക പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതരാഷ്ട്ര സങ്കല്‍പ്പമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. അതിനെ തുറന്നുകാട്ടുമ്പോള്‍ അസഹിഷ്ണുതയോടെയും പ്രകോപനപരവുമായി രംഗത്തുവരികയാണ്. തെരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്നാണ് വെല്ലുവിളി. മതരാഷ്ട്ര നിലപാട് ചോദ്യംചെയ്താല്‍ എതിര്‍ത്ത് വായടപ്പിക്കാമെന്നാണെങ്കില്‍ അത് നടക്കില്ല. ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ഒരേ നാണയത്തിന്റെ രണ്ടു വശമാണ്. ഇതിനെ രണ്ടിനെയും എതിര്‍ക്കേണ്ടത് നാടിന്റെ ഭാവിക്കും മതേതര രാഷ്ട്ര നിലനില്‍പ്പിനും ആവശ്യമാണ്. വിമര്‍ശം സമചിത്തതയോടെ കേള്‍ക്കാനും തിരുത്തലുകള്‍ വേണമോയെന്ന് പരിശോധിക്കാനുമാണ് ജമാഅത്തെ ഇസ്ലാമി തയ്യാറാകേണ്ടത്. മതരാഷ്ട്ര സങ്കല്‍പ്പം പിന്തുടരുന്നത് മതസൗഹാര്‍ദപരമായ രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാനാണ്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ശക്തികളും ഇത്തരം പ്രവര്‍ത്തനമാണ് തുടരുന്നത്. രാഷ്ട്രീയ അധികാരം പിടിച്ചെടുത്ത് അതിലൂടെ മതരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ജമാഅത്ത് കാഴ്ചപ്പാട്. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തെ ഇസ്ലാമികവല്‍ക്കരിക്കുക എന്നതാണവരുടെ ലക്ഷ്യം. ഇത് സംഘപരിവാര്‍ ശക്തികളെ സഹായിക്കുന്ന നയമാണ്.

ആര്‍എസ്എസിന് അധികാരം ലഭിച്ചപ്പോള്‍ അത്തരമൊരു അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഗുജറാത്തില്‍ കണ്ടു. ആധുനിക രാഷ്ട്രസങ്കല്‍പ്പം അംഗീകരിക്കാത്ത മൗദൂദിയന്‍ ആശയങ്ങളാണ് ജമാഅത്ത് ഇസ്ലാമിയുടെ ചിന്താധാര. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ദേശീയത, ജനാധിപത്യം, മതേതരത്വം എന്നീ നിലപാടുകളെ ചോദ്യംചെയ്യുന്നതാണ് അവരുടെ നിലപാട്. ദേശാതിര്‍ത്തികളല്ല മതവിശ്വാസമാണ് ദേശീയത നിര്‍മിക്കുന്നത് എന്നതിലാണവരുടെ വിശ്വാസം. പാര്‍ലമെന്റ്, വോട്ടിങ് തുടങ്ങിയ ജനാധിപത്യ സംവിധാനത്തെയൊന്നും അവര്‍ അംഗീകരിക്കുന്നില്ല. ആധുനിക രാഷ്ട്രത്തെ ഇല്ലായ്മചെയ്ത് മതാനുഷ്ഠാനം നടപ്പാക്കാനുള്ള പുരോഹിതഭരണം സ്ഥാപിക്കുക എന്നതാണവരുടെ നയത്തിന്റെ ഉള്ളടക്കം. സാമ്രാജ്യത്വത്തിനെതിരായി ഉയര്‍ന്നുവരേണ്ട ജനകീയ ഐക്യത്തെ തകര്‍ത്ത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയും അവരുടെ നയമാണ്. ഫലത്തില്‍ ഇത് സാമ്രാജ്യത്വ ശക്തികളെ സഹായിക്കലാണ്.

മതനിരപേക്ഷത ഇസ്ലാമിന്റെ ശത്രുക്കളായ പാശ്ചാത്യര്‍ കണ്ടുപിടിച്ച സൂത്രമായാണവര്‍ വിലയിരുത്തുന്നത്. ജനാധിപത്യവിരുദ്ധവും പിന്തിരിപ്പനുമായ മൗദൂദിയന്‍ ആശയങ്ങള്‍ ഞങ്ങള്‍ക്ക് ബാധകമല്ലെന്ന് ഇവിടെ ചിലര്‍ പറയുന്നുണ്ട്. അത് ജനങ്ങളെ പറ്റിക്കലാണ്. ഇവിടെ സൗമ്യമുഖം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കയാണ്. എന്നാല്‍,തൊട്ടയല്‍രാജ്യമായ ബംഗ്ലാദേശില്‍ ബുദ്ധിജീവികളടക്കം മതേതരത്വത്തിന് നിലകൊണ്ട ആയിരങ്ങളെ കൊലപ്പെടുത്തിയതും ജമാഅത്താണെന്നത് കാണാതിരുന്നുകൂടാ. നവോത്ഥാനപ്രവര്‍ത്തനം ഇസ്ലാമിനകത്ത് നടന്നത് കടുത്ത യാഥാസ്ഥിതികതയോട് എതിര്‍ത്തായിരുന്നു. മക്തി തങ്ങളടക്കം നിരവധിപേര്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പ് മറികടന്ന് നടത്തിയ നവോത്ഥാന പ്രവര്‍ത്തനഫലമായാണ് വിദ്യാഭ്യാസമടക്കം ഒട്ടേറെ രംഗങ്ങളില്‍ പുരോഗതിയാര്‍ജിക്കാനായത്. അങ്ങനെ മുന്നേറിയതിനാലാണ് ഇന്ന് വിവാഹപ്രായം കുറയ്ക്കണമെന്ന വാദത്തെ മുസ്ലിം ബഹുജനങ്ങളിലെ ഭൂരിപക്ഷവും എതിര്‍ക്കുന്ന നിലയുണ്ടായതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment