Friday, November 8, 2013

വര്‍ഗീയധ്രുവീകരണത്തിന് ആര്‍എസ്എസ് ശ്രമം: കാരാട്ട്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ആര്‍എസ്എസും സംഘപരിവാറും കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. യുപിയിലെ മുസഫര്‍ നഗറില്‍ സെപ്തംബറിലുണ്ടായ വര്‍ഗീയ കലാപം യാദൃഛികമല്ല. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുശേഷമാണ് കലാപം അരങ്ങേറിയത്- ന്യൂനപക്ഷങ്ങളുടെ ആശയപ്രചാരണത്തിനായുള്ള "മുഖ്യധാര" മാസിക പ്രകാശനം കോഴിക്കോട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്.

മുസഫര്‍ നഗറിലെ കലാപത്തില്‍ 63 മുസ്ലിം സഹോദരന്മാരാണ് കൊല്ലപ്പെട്ടത്. 40,000 മുസ്ലിങ്ങള്‍ സ്വന്തം ഗ്രാമങ്ങള്‍വിട്ട് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ഏതാനും മാസങ്ങളായി വിഷലിപ്ത പ്രചാരണം നടത്തി ഹിന്ദുത്വ ശക്തികള്‍ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. യുപിയിലെ മറ്റു പ്രദേശങ്ങളിലും രാജസ്ഥാനിലും ബീഹാറിലും കലാപത്തിന് സംഘപരിവാര്‍ ശ്രമിക്കുന്നു. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനും വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന യുപിഎ സര്‍ക്കാരിനുമെതിരെ എല്ലാ മത നിരപേക്ഷ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ദുര്‍ഭരണംമൂലം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് ബദല്‍ നരേന്ദ്ര മോഡിയാണ് എന്ന പ്രതീതി സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍, വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളെ വര്‍ഗീയതയെ ചെറുക്കുക എന്ന അജന്‍ഡയില്‍ ഒരേ വേദിയില്‍ കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.

ഒക്ടോബര്‍ 30ന് ഡല്‍ഹിയിലായിരുന്നു കണ്‍വന്‍ഷന്‍. ഭീകരത വളര്‍ത്തുന്നത് വര്‍ഗീയതയാണ്. ഇരു വിഭാഗത്തിലുംപെട്ട തീവ്രവാദികള്‍ വര്‍ഗീയത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഭരണകൂടത്തില്‍നിന്ന് പക്ഷപാതപരമായ സമീപനമുണ്ടാകുമ്പോഴാണ് വര്‍ഗീയത ഭീകരതയുടെ രൂപം കൈവരിക്കുന്നത്. ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന വര്‍ഗീയ- തീവ്രവാദ പ്രവര്‍ത്തനങ്ങളെ യോജിച്ച് എതിര്‍ക്കണം. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ പേരില്‍ നൂറുകണക്കിന് നിരപരാധികളായ മുസ്ലിങ്ങളെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പലരെയും നിരപരാധികളെന്നുകണ്ട് കോടതി വെറുതെ വിട്ടു.

ഡല്‍ഹിയില്‍നിന്നുള്ള ആമിര്‍ എന്ന യുവാവ് 14 വര്‍ഷം ജയിലില്‍ കിടന്നു. 19 വയസ്സില്‍ ജയിലിലടച്ച ആമിറിനെ 33-ാം വയസ്സിലാണ് നിരപരാധിയാണെന്ന് കണ്ട് കോടതി മോചിതനാക്കിയത്. നിരപരാധികളായ മുസ്ലിങ്ങളെ അന്യായമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പൊലീസ് വേട്ടയാടുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം. പോട്ടയും യുഎപിഎ നിയമവുംപോലെ ഭീകരവിരുദ്ധ നിയമത്തെക്കുറിച്ചും പുനഃപരിശോധന നടത്തണമെന്നും കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment