Monday, January 11, 2021

ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവും

അഖിലേന്ത്യാ മുസ്ലിം ലീഗ് ലാഹോറിൽവച്ച് പാകിസ്ഥാൻ പ്രമേയം പാസാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് അബുൽ അൽഅ മൗദൂദി 1941ൽ അതേ സ്ഥലത്തുവച്ച് ജമാഅത്തെ ഇസ്ലാമിക്ക് രൂപം കൊടുക്കുന്നത്.  മുഹമ്മദലി ജിന്നയുടെ മതമില്ലാത്ത പാകിസ്ഥാൻ ഇസ്ലാമിന് ഒരു ഗുണവും ചെയ്യില്ല എന്ന വാദം നിരത്തിയാണ് ഈ സംഘം രംഗത്ത് വരുന്നത്. മുസ്ലിംലീഗിനോടോ അതിന്റെ നേതാക്കളോടോ ഒരു മതിപ്പും മൗദൂദിക്കുണ്ടായില്ല. മാത്രമല്ല, മൗദൂദി സാബിന് താൻ വിഭാവനം ചെയ്യുന്ന ഇസ്ലാം അംഗീകരിക്കാത്തവരൊക്കെ താഗൂതി (പിശാചിനെ പിന്തുടരുന്നവർ)കളുമാണ്.

ജിന്നയും കൂട്ടരും മതത്തെക്കുറിച്ച് വിവരമില്ലാത്തവരും പാശ്ചാത്യ ശൈലിയുടെ വക്താക്കളുമാണ്. പാകിസ്ഥാൻ പിറന്നപ്പോൾ അങ്ങോട്ട് കുടിയേറിയ മൗദൂദി തന്റെ ജമാഅത്തെ ഇസ്ലാമിയെ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയുമാക്കി. സെക്കുലർ ചിന്താഗതിക്കാരായ മുസ്ലിം ലീഗുകാരോട് കടുത്ത അമർഷം വച്ചുകൊണ്ടാണ് അദ്ദേഹം ഗോദയിലിറങ്ങിയത്. പാകിസ്ഥാനടക്കമുള്ള ലോകത്തെ മുഴുവൻ ഇസ്ലാമികവൽക്കരിക്കുകയെന്ന  ലക്ഷ്യമാണ് അവതരിപ്പിച്ചത്. അത് പാകിസ്ഥാനിൽനിന്ന് തുടങ്ങണം. അവിടെനിന്ന് മറ്റ്‌ രാജ്യങ്ങളിലേക്കും. ഇസ്ലാമിക രാജ്യമുണ്ടാകുക എന്നാൽ ഇസ്ലാമിക ഭരണം (ഹുകൂമത്) സ്ഥാപിക്കലാണ്. തന്റെ കണ്ണിൽ ലോകത്തെവിടെയും ഇസ്ലാമിക ഭരണമില്ല. അതിനാൽ ഈജിപ്തിൽ ബ്രദർ ഹുഡ് ചെയ്തപോലെ തീവ്രമായ ഇസ്ലാമികവൽക്കരണമാണ് മൗദൂദിയും തന്റെ ജമാഅത്തെ ഇസ്ലാമിയും ലക്ഷ്യം വച്ചത്.

ദേശീയത, സെക്കുലറിസം, ജനാധിപത്യം

ദേശീയത, മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങൾ പാശ്ചാത്യമാണെന്നും അതിനാൽതന്നെ ഇസ്ലാമിന് കടക വിരുദ്ധമാണെന്നും അതിനെ അംഗീകരിക്കുന്നവർ ചെകുത്താനെയാണ് പിന്തുടരുന്നതെന്നും മൗദൂദി പ്രസ്താവിച്ചു. ഇത് മുസ്ലിം ലീഗുമായി മാത്രമല്ല, മുസ്ലിം പണ്ഡിതൻമാരുമായും സമുദായവുമായും മറ്റ്‌ മതക്കാരുമായുമുള്ള  ശത്രുതയ്‌ക്ക് വളംവച്ചു. മൗദൂദിയുടെതന്നെ വാക്കുകളിൽ, "നമ്മുടെ പക്ഷത്തിൽ പ്രസ്തുത മൂന്ന് തത്വവും (ദേശീയത, സെക്കുലറിസം, ജനാധിപത്യം) അബദ്ധ ജടിലങ്ങളാണ്. അബദ്ധ ജടിലങ്ങളെന്ന് മാത്രമല്ല, മനുഷ്യനിന്ന് അടിമപ്പെട്ടു പോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു.

നമ്മുടെ വിരോധം വാസ്തവത്തിൽ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴു ശക്തിയും ഉപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ.' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം, ഒരു താത്വിക വിശകലനം, ഐപിഎച്ച്, കോഴിക്കോട്, 1960,1991, 15). "മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയശൂന്യരും സനാതന ധാർമികതത്വങ്ങളിൽനിന്ന്‌ വിമുക്തരും ആക്കിത്തീർത്തു. അനന്തരം ദേശീയവാദം അവരെ ജനകീയ സ്വാർഥത്തിന്റെയും അന്ധമായ ദേശീയ പക്ഷപാതത്തിന്റെയും മുഴുത്ത അഹങ്കാരത്തിന്റെയും മദ്യം കുടിപ്പിച്ചു മത്തൻമാരാക്കി. ഇപ്പോഴിതാ ജനാധിപത്യം ലഗാനില്ലാത്തവരും മത്തു പിടിപ്പിച്ചവരും താന്തോന്നിത്ത പൂജകരുമായ ജനങ്ങളുടെ സാമൂഹ്യാഭിലാഷങ്ങൾക്ക് നിയമനിർമാണത്തിനുള്ള പൂർണാധികാരം സമ്മാനിച്ചിരിക്കുന്നു(അതേ പുസ്തകം: 22).

അൽ ജിഹാദു ഫിൽ ഇസ്ലാം (ഇസ്ലാമിലെ ജിഹാദ്) എന്ന കൃതിയിലൂടെയാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദി സാബ് തന്റെ തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. ഈജിപ്തിലെ ഇഖ്വാനുൽ മുസ്ലിമുൻ പ്രസ്ഥാനത്തിന്റെ ശിൽപ്പി ഹസനുൽ ബന്നായുടെ ചിന്തകൾക്ക് ചുവടൊപ്പിച്ചുകൊണ്ടാണ് മൗദൂദി ഈ കൃതി രചിക്കുന്നത്. "ഇസ്ലാമിന്റെ ആശയങ്ങൾ സ്വീകരിക്കാത്ത  എല്ലാ സർക്കാരുകളെയും സ്റ്റേറ്റുകളെയും ഇല്ലാതാക്കാനാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. ഇസ്ലാമിനു വേണ്ടത് ഈ ഭൂമി മുഴുവനുമാണ്. ഒരു ഭാഗം മാത്രമല്ല. ഈ ഗ്രഹം മുഴുവനുമാണ്. ഇതിനുവേണ്ടി എല്ലാ ശക്തികളെയും ഉപയോഗപ്പെടുത്തുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. ജനങ്ങളുടെ വീക്ഷണങ്ങളെ മാറ്റിയെടുത്ത് അവരിൽ ബുദ്ധിപരവും മാനസികവുമായ വിപ്ലവത്തിന്റെ തീപ്പൊരിയുണ്ടാക്കുന്നതും ജിഹാദാണ്.''(അൽ ജിഹാദു ഫിൽ ഇസ്ലാം).

പരീക്ഷണം പാകിസ്ഥാനിൽ

ജമാഅത്തെ ഇസ്ലാമി പാകിസ്ഥാനെയാണ് ആദ്യം തങ്ങളുടെ പരീക്ഷണശാലയാക്കിയത്. അവിടെ താൻതന്നെ ദൈവനിഷേധം എന്ന് പ്രഖ്യാപിച്ച ജനാധിപത്യവ്യവസ്ഥയുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് ജമാഅത്തെയിലെ ഒരു വിഭാഗം വിട്ടുനിന്നു. ഗവൺമെന്റിൽ പ്രവേശിക്കാതെ ഇസ്ലാമികവിപ്ലവം കൊണ്ടുവരാനാകില്ലെന്നതാണ് അദ്ദേഹം പറഞ്ഞ ന്യായം. 1958ൽ പാകിസ്ഥാൻ പ്രസിഡന്റ്‌ അയൂബ് ഖാൻ തീവ്ര നിലപാട് കാരണം ജമാഅത്തെയെ നിരോധിച്ചു. പിന്നീട് അധികാരത്തിലെത്തിയ ഭൂട്ടോയും ജമാഅത്തെയുടെ നയങ്ങളെ എതിർത്തു. ജമാഅത്തെ അതിന്റെ വിദ്യാർഥി വിഭാഗത്തെ (ജംഇയ്യത്തേ തുലബ) ശക്തിപ്പെടുത്തുകയും മറ്റു പാർടികളെ കൂട്ടി ഭൂട്ടോയ്‌ക്കെതിരെ മുന്നണി രൂപീകരിക്കുകയും ചെയ്തു. ഇവർക്ക് അമേരിക്കയുടെ പിന്തുണ ഉണ്ടായിരുന്നത്രേ.

താമസിയാതെ ഭൂട്ടോയെ അധികാര ഭ്രഷ്ടയാക്കി ജമാഅത്തെയുടെ പിന്തുണയോടെ സിയാ ഉൾ ഹഖ് അധികാരത്തിലെത്തി. സിയാ തന്റെ ഏകാധിപത്യത്തിന് മറയിടാൻ ജമാഅത്തെയുടെ മത മൗലികവൽക്കരണത്തെ പിന്തുണച്ചു. ജമാഅത്തെയുടെ ആഗ്രഹത്തിനൊത്ത് ഭരിച്ചുവെന്ന് മാത്രമല്ല, അവരെ സർക്കാരിൽ ഉൾപ്പെടുത്തുകകൂടി ചെയ്തു. 1979ൽ ഭൂട്ടോയെ സിയായുടെ ഇസ്ലാമിക കോടതി തൂക്കിക്കൊന്നു. താമസിയാതെ സിയാ ഉൾ ഹഖുമായി പിണങ്ങിയ ജമാഅത്തെ അദ്ദേഹത്തെ താഴെ ഇറക്കാൻ ശ്രമിച്ചു. അതിനിടയിൽ ദുർബലമായിക്കൊണ്ടിരുന്ന ജമാഅത്തെ പലരുമായും സഖ്യമുണ്ടാക്കി. ബേനസീർ ഭൂട്ടോയെ തകർക്കാൻ നവാസ് ഷെരീഫിനെ കൂട്ടുപിടിച്ചു.

ബംഗ്ലാദേശ് സ്ഥാപിച്ച മുജീബുറഹ്മാൻ അവിടെ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. മുജീബുറഹ്മാനെ വധിച്ച് അധികാരത്തിലേറിയ പട്ടാള മേധാവി സിയാഉൾ റഹ്മാൻ ജമാഅത്തെയെ ചേർത്തുപിടിച്ചു. ബംഗ്ലാദേശ് വിമോചനകാലത്ത് നടത്തിയ വംശഹത്യയുടെ പേരിൽ നിരവധി കേസുകളിൽ ജമാഅത്തെ ഇസ്ലാമികൾ പ്രതിയായി. ബംഗ്ലാദേശിൽ തീവ്രവാദ പ്രസ്ഥാനമായാണ് ജമാഅത്തെ പ്രവർത്തിച്ചത്. 2013ൽ ജമാഅത്തെ ഇസ്ലാമിക്കാർ ബംഗ്ലാദേശിൽ മുസ്ലിങ്ങളല്ലാത്തവർക്കെതിരെ കലാപമഴിച്ചുവിട്ടു.

മുസ്ലിങ്ങൾ ന്യൂനപക്ഷമുള്ള ഇന്ത്യയിൽ വേറിട്ട തന്ത്രങ്ങളാണ് ജമാഅത്തെ സ്വീകരിച്ചത്. അതിന്റെ ഭാഗമായി ദൈവീക ഭരണമെന്ന ലക്ഷ്യം പ്രത്യക്ഷത്തിൽ അവർ പുറത്തെടുക്കുന്നില്ല. എന്നാൽ, ഇവരുടെ അജൻഡകൾ അറിയുന്ന മറ്റ്‌ മുസ്ലിം സംഘടനകൾ ജമാഅത്തെയെ മാറ്റിനിർത്തുന്നു. ഇന്ത്യയിൽ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും നിരോധിത സംഘടനകളായിരുന്നു. കോൺഗ്രസും മുസ്ലിം ലീഗും ആർഎസ്‌എസിനോടുള്ള മനോഭാവം തന്നെയാണ് ജമാഅത്തെയ്‌ക്കെതിരെയും പുലർത്തിയിരുന്നത്. തങ്ങൾ നിഷിദ്ധമെന്ന് പ്രസ്താവിച്ച ജനാധിപത്യസംവിധാനത്തിൽ ജമാഅത്തെ ഭാഗഭാക്കാകുന്നത് തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള തൽക്കാല അഡ്‌ജെസ്‌റ്റ്‌മെന്റ്‌ മാത്രമാണെന്ന് മൗദൂദിതന്നെ പ്രസ്താവിച്ചതാണ്. ഈ തന്ത്രംതന്നെയാണ് ഇവിടെയും ജമാഅത്തെ പയറ്റിയത്.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കി തീവ്രവാദവുമായി വന്ന സിമി ജമാഅത്തെയുടെ വളർത്തു പുത്രനായിരുന്നു. ഇവരൊരുക്കിയ കെണിയിൽ കോൺഗ്രസും ലീഗും വീണു. ജമാഅത്തെ ഒരുക്കിയ കുരുക്കിൽ സ്വയം ചെന്ന യുഡിഎഫ് മരുമകളുടെ കണ്ണീരുകാണാൻ മകനെ കൊന്നു എന്നപോലെ കമ്യൂണിസ്റ്റു പാർടിയോടുള്ള അരിശംതീർക്കാൻ ചെകുത്താനെ കൂട്ടുപിടിച്ചതുപോലെയായി.

ഹുസൈൻ രണ്ടത്താണി

No comments:

Post a Comment