ആയിരം കോടി രൂപയ്‌ക്കടുത്ത് പൊടിച്ച് പതിമൂന്ന് ഏക്കറിൽ നിർമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലപാകിയത് തീർത്തും മതപരമായ ചടങ്ങുകളോടെയായിരുന്നുവെന്നത് മതനിരപേക്ഷതയ്‌ക്കെതിരെ സമീപകാലത്തുണ്ടായ നഗ്നമായ കടന്നാക്രമണങ്ങളിൽ പ്രധാനമാണ്. ആകെ 20000 കോടിരൂപ മുടക്കിയാണ് സെൻട്രൽ വിസ്‌ത സമുച്ചയ പദ്ധതി നടപ്പാക്കുന്നത്. കർണാടകത്തിലെ ശൃംഗേരി മഠത്തിൽനിന്നുള്ള ശങ്കരാചാര്യന്മാരുടെ കാർമികത്വത്തിലുള്ള വേദമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടും 12 മതനേതാക്കളുടെ പ്രാർഥനയോടും നടന്ന ഭൂമിപൂജ വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ സൂചനമാത്രം. എല്ലാ പൗരന്മാരുടെയും അവകാശമായ രാജ്യകാര്യങ്ങളിൽ തീർത്തും വൈയക്തികമായ സങ്കുചിത മതതാൽപ്പര്യങ്ങൾ ബോധപൂർവം കൂട്ടിക്കലർത്തുന്നത് ഭരണഘടനാ തത്വങ്ങൾക്കും സങ്കൽപ്പങ്ങൾക്കും കടകവിരുദ്ധമാണെന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെപ്പോലുള്ളവർ സ്വാതന്ത്ര്യലബ്ധിയുടെ നാളുകളിൽ വ്യക്തമാക്കിയത് മറക്കാതിരിക്കാം.
സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ മോഡിക്ക് പൂജകൾ നടത്താം; അവയിൽ ഭാഗഭാക്കാകാം. -എന്നാൽ, ഔദ്യോഗികമായ നിലയിൽ അത്തരം ചടങ്ങുകളിൽനിന്ന് മാറിനിൽക്കാൻ ഭരണഘടനാപരമായി പൂർണ ബാധ്യതയുണ്ട്. സംഘപരിവാര ഭീകരർ ബാബ്‌റി മസ്‌ജിദ് തകർത്തിടത്ത് രാമക്ഷേത്രത്തിന്റെയും ഇപ്പോൾ പാർലമെന്റ് മന്ദിരത്തിന്റെയും മതപരമായ പൂജകൾക്ക് പ്രധാനമന്ത്രിതന്നെ നേതൃത്വം കൊടുക്കുന്നത് മതനിരപേക്ഷ റിപ്പബ്ലിക്കെന്ന് ഊറ്റംകൊള്ളുന്ന രാജ്യത്തിന് തീർത്തും അപമാനകരമാണ്. ആ അർഥത്തിൽ പുതിയ പാർലമെന്റ് മന്ദിരം ഹിന്ദുക്ഷേത്രമാകാനിടയുണ്ടെന്ന വികാരമാണുയർത്തിയതും.
നിർമാണ കരാർ കൈക്കലാക്കിയ ടാറ്റാ ഗ്രൂപ്പ് തലവൻ രത്തൻ ടാറ്റയുടെ സാന്നിധ്യം തറക്കല്ലിടൽ ചടങ്ങിൽ ഉറപ്പാക്കിയ സർക്കാർ രാഷ്ട്രപതിയെ പങ്കെടുപ്പിച്ചില്ലെന്നത് ഗൗരവതരമാണ്. പണിയാനിരിക്കുന്ന മന്ദിരം പഴമയുടെയും പുതുമയുടെയും സഹവർത്തിത്വത്തിന് ഉത്തമോദാഹരണമായിരിക്കുമെന്ന് അവകാശപ്പെട്ട മോഡി, പഴയ പാർലമെന്റ് ഇന്ത്യൻ നിർമിതമല്ലെന്നും പുതിയത് ആത്മനിർഭർ ഭാരതത്തിന്റേത് ആയിരിക്കുമെന്നും വികാരാധീനനായി വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ, അവിടെനിന്ന് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമ നിഷ്‌കരുണം മാറ്റുന്നത് സൂചിപ്പിച്ചതേയില്ല. സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്ന ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെ എംപിമാർ പ്രതിഷേധിച്ചിരുന്നത് ആ പ്രതിമയെ സാക്ഷിയാക്കിയാണ്.
ഇതിനു സമാനമാണ് കന്നുകാലി കശാപ്പിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വിവാദ ഗോവധ നിരോധന ബിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കർണാടക നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയത്. മതനിരപേക്ഷതയ്‌ക്കും വൈവിധ്യത്തിനും സഹിഷ്‌ണുതയ്‌ക്കും കനത്ത ആഘാതമാണിതും. പശു കശാപ്പ് പൂർണമായി നിരോധിക്കാനെന്ന മറവിൽ ധൃതിപിടിച്ച് ചുട്ടെടുത്ത നിയമം അരലക്ഷം രൂപമുതൽ അഞ്ച് ലക്ഷംവരെ പിഴയും മൂന്നുമുതൽ അഞ്ച് വർഷംവരെ ജയിൽവാസവും വ്യവസ്ഥ ചെയ്യുന്നു. അതോടെ പശുവിനെയും പതിമൂന്ന് വയസ്സിന് താഴെയുള്ള കാളയെയും പോത്തിനെയും എരുമയെയും കശാപ്പുചെയ്യുന്നത് നിയമവിരുദ്ധമായി. അത്തരം കേസുകളുടെ അതിശീഘ്ര വിചാരണയ്‌ക്ക് പ്രത്യേക കോടതി, ഗോശാല നിർമാണം, പൊലീസ് പരിശോധന എന്നിവയും നിയമത്തിന്റെ ഭാഗമാണ്.
സ്വന്തം പാർടിയിലെ പടലപ്പിണക്കവും വിമതനീക്കവും പ്രതിസന്ധിയിലാക്കിയ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അപകടകരമായ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുംനട്ട് വിനാശകരങ്ങളായ പല നടപടികളും കൈക്കൊള്ളുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. കാവിപ്പടയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ്, ഗുജറാത്ത് സർക്കാരുകൾ ഇത്തരം നിയമം പാസാക്കിയിരുന്നു. കശാപ്പിന് കന്നുകാലികളെ കൈമാറുന്നത് നിരോധിച്ച് കേന്ദ്രം കൊണ്ടുവന്ന നിയമം കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നുവല്ലോ. പിന്നാലെ സുപ്രീംകോടതി നിയമം സ്‌റ്റേ ചെയ്യുകയുമുണ്ടായി.
ഗോവധ നിരോധനം, കാളയിലേക്കും മറ്റു മൃഗങ്ങളിലേക്കും നീണ്ടാൽ കനത്ത പ്രത്യാഘാതമായിരിക്കുമെന്നതിന്റെ ഉദാഹരണമാണ് അന്താരാഷ്ട്ര തലത്തിലും അതിപ്രശസ്‌തമായ കോലാപ്പൂരി ചെരുപ്പ് വിപണി. ഒരിക്കലുമില്ലാത്തവിധം അത് താറുമാറായത് മുസ്ലിങ്ങളെയും ദളിതരെയും കാര്യമായി ബാധിച്ചു. കന്നുകാലി ചന്തകളിൽനിന്ന് അത്യാവശ്യം വരുമാനം ഉണ്ടാക്കിവന്ന പിന്നോക്കക്കാരും മറാത്ത ജനതയും പ്രതിസന്ധിയിലായി. മാട്ടിറച്ചി നിരോധിക്കപ്പെട്ട മഹാരാഷ്ട്രയിൽ അതിന്റെ പരിണതികൾ ആലോചിക്കേണ്ടതുണ്ട്. ഗോവധവും മാട്ടിറച്ചിയും നിരോധിക്കുക, അത് ഒരളവുവരെ കാളയിലേക്കും പോത്തിലേക്കും വ്യാപിക്കുകയെന്നത് മൗലികവാദ ആശയമാണ്. പകുതിയോളം വരുന്ന ജനസംഖ്യക്ക് പ്രത്യയശാസ്ത്രപരമായോ മതപരമായോ മാട്ടിറച്ചി തിന്നുന്നതുമായി ബന്ധപ്പെട്ട ഒരു പ്രശ്നവുമില്ല.
ബാക്കിവരുന്ന, ഹിന്ദുക്കളെന്ന് വിളിക്കപ്പെടുന്ന കോടിക്കണക്കിനാളുകളിൽ പലരും ഇങ്ങനെയാണെന്ന് കാണാം. ബീഫ് നിരോധനത്തിന്റെ ആദ്യ ആഴ്ചയിൽ മുംബൈ മൃഗശാലയിലെ മൃഗങ്ങൾക്ക് ഭക്ഷണമായി കോഴിയിറച്ചി നൽകിയപ്പോൾ ബജ്റംഗ്‌ദൾ, വിശ്വഹിന്ദു പരിഷത്തുകാർ അഴിഞ്ഞാടി. മഹാരാഷ്ട്രയിലാകെ കന്നുകാലിച്ചന്തകൾ തകർത്തു. കച്ചവടക്കാരെ സംഘടിതമായി കടന്നാക്രമിച്ചു. അതോടെ ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യർ‐ ഹിന്ദുക്കൾ, മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, ദളിതർ‐ കൊടിയ ദുരിതത്തിലായി. പ്രതിമ‐ ക്ഷേത്ര നിർമാണങ്ങൾക്കൊപ്പം ഹിന്ദുത്വ അജൻഡയിലെ പ്രധാന ഇനമായിരിക്കുന്നു പശുപൂജ. ജനാധിപത്യ‐ മതനിരപേക്ഷ‐ ബഹുസ്വര ഇന്ത്യയുടെ അടിത്തറയിളക്കാനുള്ള ബിജെപി ഭരണത്തിന്റെ ഇത്തരം ഗൂഢപദ്ധതികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 12122020
No comments:
Post a Comment