Sunday, January 3, 2021

മാര്‍ക്സിസത്തിന്റെ 'അപകട'വും എം കെ മുനീറും

മാർക്സിസത്തിന്‍റെ 'അപകടങ്ങളെയും മതവിരുദ്ധത'യെയും കുറിച്ചു ബോധവല്‍ക്കരണം നടത്തുമെന്ന മുസ്ലീം ലീഗ്  നേതാവ് ഡോ. എം കെ മുനീറിന്റെ പ്രസ്താവനയോട് കെ ടി കുഞ്ഞിക്കണ്ണന്‍ പ്രതികരിക്കുന്നു.

മാർക്സിസത്തിന്‍റെ 'അപകടങ്ങളെയും മതവിരുദ്ധത'യെയും സംബന്ധിച്ച എഴുത്തും കാമ്പയിനുമൊക്കെ ഒരു താത്വിക സംവാദമാണെന്ന നിലയിലാണെങ്കിൽ സ്വാഗതാർഹം തന്നെ. പക്ഷെ ഡോ.എം കെ മുനീറിന്‍റെ നീക്കം ആധുനിക മതനിരപേക്ഷ ജനാധിപത്യ സങ്കല്പങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയ ഇസ്ലാമിസത്തിന്‍റെയും മതരാഷ്ട്രവാദത്തിന്‍റെയും പ്രത്യയശാസ്ത്രചുവട് പിടിച്ചാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുമെന്ന് തോന്നുന്നില്ല. കോൺഗ്രസിന്‍റെ ദേശീയ നിലപാടുകളെ പോലും ധിക്കരിച്ച് കൊണ്ടു കേരളത്തിൽ ജമാഅത്തെഇസ്ലാമിയുമായി ധാരണയും സഖ്യവുമുറപ്പിക്കാൻ ലീഗും യു ഡി എഫും കാണിക്കുന്ന അത്യുത്സാഹത്തിന്‍റെ ഭാഗമായിട്ടാവാം മുനീറിന്‍റെ ഈ കമ്യൂണിസ്റ്റ് വിരുദ്ധ കുരിശുയുദ്ധത്തിനുള്ള പുറപ്പാട്‌.

ഒരു കാര്യം മുനീറിനെ ഓർമ്മിപ്പിക്കുന്നു. ആദരണീയനായ മുനീറിന്‍റെ പിതാവ് സി എച്ച് മുഹമ്മദ് കോയ 1974 ൽ ൽ എഴുതിയ ഒരു പുസ്തകമുണ്ട്. "സോവ്യറ്റ് യൂണിയനിൽ " എന്ന യാത്രാ വിവരണ കൃതി. കമ്യൂണിസ്റ്റുകാരും സോവ്യറ്റ് യൂണിയനും മതത്തോട് എടുക്കുന്ന നീതിപൂർവ്വവും സോഷ്യലിസ്റ്റ് ജനാധിപത്യപരവുമായ സമീപനമെന്തെന്ന് സി എച്ച് സ്വന്തം അനുഭവങ്ങളെ മുൻനിർത്തി അതിൽ വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയ ഇസ്ലാമിസത്തിന്‍റെ അബദ്ധ പഞ്ചാംഗങ്ങളിൽ പെട്ട് കമ്യൂണിസ്റ്റു ഭൗതികതയെ കുറിച്ചൊക്കെ വാചകമടിക്കുന്ന നേരത്ത്ആ പുസ്തകമൊന്ന് മറിച്ചു നോക്കുന്നത് കൊണ്ടുദോഷമൊന്നും വരില്ല...

എല്ലാതരം മതവിശ്വാസികളും പ്രത്യേകിച്ചൊരു മതത്തിലുംവിശ്വാസമില്ലാത്തവരും ഒരുമിച്ച് ഒരു സമൂഹവും രാഷ്ട്രവുമായി നിലനില്ക്കാൻ കഴിയണമെന്നതാണല്ലോ മത നിരപേക്ഷ ജനാധിപത്യത്തിന്‍റെ അടിസ്ഥാനം.വ്യക്തികൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും രാഷ്ട്രങ്ങൾ മതനിരപേക്ഷമായിരിക്കാനുമാണല്ലോ ആധുനിക ജനാധിപത്യം വിഭാവനം ചെയ്യുന്നത്. ഈ മതനിരപേക്ഷ സങ്കല്പത്തെ യാണ് ആർ എസും ജമാഅത്തെ ഇസ്ലാമിയും താത്വികമായി നിരാകരിക്കുന്നതും താന്താങ്ങളുടെതായ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രവാദം ഉയർത്തി സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നതും.

സ്വകാര്യസ്വത്തുടമസ്ഥതാവ്യവസ്ഥയുടെ ആധുനിക രൂപമായമുതലാളിത്ത വിമർശനമെന്ന നിലയിലാണ് മാർക്സിസം ജന്മമെടുത്തത്. മതത്തിന്‍റെ ആവിർഭാവമൂല്യങ്ങളെ തിരസ്കരിച്ച് തങ്ങളുടെ ചൂഷണതാല്പര്യങ്ങളെ സാധൂകരിക്കുകയും ശാശ്വതീകരിച്ച് നിർത്തുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര പദ്ധതിയായി മതത്തെ മുതലാളിത്തമെങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് മാർക്സും എംഗൽസും പരിശോധിച്ചത്. പാശ്ചാത്യ മുതലാളിത്തം ക്രൈസ്തവ സഭയെ ഉപയോഗിച്ച് നടത്തിയ അധിനിവേശ പ്രക്രിയയെ മാർക്സ് വിശദമായി തന്നെ അപഗ്രഥനം ചെയ്യുന്നുണ്ട്‌. ഇസ്ലാമിന്‍റെ സാമൂഹ്യ സംഭാവനകളെയും ജ്ഞാനോത്സുകതയെയും ഭയപ്പെട്ട പാശ്ചാത്യ അധിനിവേശശക്തികൾ പൗരസ്ത്യ സമൂഹങ്ങൾക്ക് നേരെ നടത്തിയ കടന്നാക്രമണങ്ങളെയും മാർക്സും എംഗൽസും നിശിതമായി തന്നെ വിമർശന വിധേയമാക്കിയിട്ടുണ്ടു്. പിൽക്കാല സഭക്ക് സംഭവിച്ച അപചയങ്ങൾ ചൂഷകവർഗ്ഗ താല്പര്യങ്ങളോടൊപ്പം ചേർന്നതാണെന്ന് വിശദമാക്കിയ മാർക്സിസ്റ്റാചാര്യന്മാർ ആദ്യകാല ക്രിസ്തുമതത്തെ ആധുനിക തൊഴിലാളി വർഗ്ഗപ്രസ്ഥാനവുമായി താരതമ്യം ചെയ്യുന്നുണ്ട്.

മുതലാളിത്ത വ്യവസ്ഥ ദരിദ്രവൽക്കരിച്ച പണിയെടുക്കുന്നവരുടെയും നിസ്വജനകോടികളുടെയും പക്ഷത്ത് നിന്നാണ് മാർക്സിസം ചരിത്രത്തെയും മതത്തെയും മനുഷ്യവിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും എല്ലാ ആവിഷ്ക്കാരങ്ങളെയും പഠിക്കുന്നതും സമീപിക്കുന്നതും. മതങ്ങളുടെ ആവിർഭാവ ദർശനങ്ങൾ ദൈവ ചിന്താപരമെന്നത് പോലെ ഇഹലോകത്തിലെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടത് കൂടിയാണെന്നും അതിന് ഭൗതികമായ പരിഹാരങ്ങൾ ആവശ്യമാണെന്നും മാർകസിസ്റ്റുകൾ കാണുന്നു.

സാമ്രാജ്യത്വ ശക്തികളും വലതുപക്ഷ ചിന്താകേന്ദ്രങ്ങളും മാർക്സിസത്തിനെതിരായി നടത്തുന്ന കുരിശുയുദ്ധങ്ങൾക്ക് മാർക്സിസത്തിന്‍റെയും ആധുനിക തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്‍റെയും ആരംഭകാലത്തോളം തന്നെ ചരിത്രമുണ്ടല്ലോ. ക്രിസ്ത്യൻ ഇസ്ലാമിക മതങ്ങളുടെ ആവിർഭാവദർശനങ്ങളെയും അതിനെ രൂപപ്പെടുത്തിയ ചരിത്ര സാഹചര്യങ്ങളെയും ചരിത്രത്തിന്‍റെ ഗതിവിഗതികളിൽ മതങ്ങൾക്ക് സംഭവിച്ച പരിണാമങ്ങളെയുമെല്ലാം അപഗ്രഥിച്ചു കൊണ്ടാണല്ലോ മാർക്സും എംഗൽസും മാർക്സിസത്തെ അതിന്‍റെ പ്രത്യയശാസ്ത്ര സമഗ്രതയിൽ വികസിപ്പിച്ചത്.

 കെ ടി കുഞ്ഞിക്കണ്ണന്‍

No comments:

Post a Comment