Friday, November 8, 2013

മുസഫര്‍നഗര്‍ മറ്റൊരു ഗുജറാത്ത് ആയി: ഷബ്നം ഹാഷ്മി

കോഴിക്കോട്: മിനി ഗുജറാത്താണ് മുസഫര്‍ നഗറില്‍ സംഭവിക്കുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തക ഷബ്നം ഹാഷ്മി. ഗുജറാത്തില്‍ 2002ല്‍ ഉണ്ടായ കലാപം ഇപ്പോള്‍ മുസഫര്‍ നഗറിലും ആവര്‍ത്തിക്കുകയാണ്. എല്ലാ കലാപങ്ങളിലും വേട്ടയാടപ്പെടുന്നത് ന്യൂനപക്ഷങ്ങളാണ്. മുഖ്യധാര മാസിക പ്രകാശനത്തിന്റെ ഭാഗമായി "ന്യൂനപക്ഷം, മതനിരപേക്ഷത, വര്‍ഗീയ ഫാസിസം" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

വര്‍ഗീയ കലാപങ്ങള്‍ രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുക നരേന്ദ്രമോഡിയുടെ തന്ത്രമാണ്. ആര്‍എസ്എസും ബിജെപിയും പ്രതിസന്ധിയിലായപ്പോഴെല്ലാം രാജ്യത്ത് സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഝോധ, മാലേഗാവ് തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ഇതിനുണ്ട്. ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാനുള്ള തന്ത്രമാണ് സംഘപരിവാറിന്റേത്. ഇടതുപക്ഷം ഉള്‍പ്പെടുന്ന മതേതര ശക്തികള്‍ക്കേ സംഘപരിവാറിന്റെ ദുഷ്ചെയ്തികള്‍ തടയാനാവൂ. ദാരിദ്ര്യത്തിന്റെയും അഴിമതിയുടെയും സംസ്ഥാനമായി ഗുജറാത്ത് മാറി. 40 ശതമാനം കുട്ടികളും മതിയായ പോഷകാഹാരമില്ലാത്തവരാണ്. മോഡിയുടെ ഭരണത്തില്‍ 60,000 ചെറുകിട വ്യവസായങ്ങള്‍ പൂട്ടി. ഗുജറാത്ത് കര്‍ഷക ആത്മഹത്യകളുടെ വിളനിലമായി. ദേശീയ മാധ്യമങ്ങള്‍ ഗുജറാത്തിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നില്ല. കോര്‍പറേറ്റുകളാണ് ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഇതിനാലാണ് ദേശീയ മാധ്യമങ്ങള്‍ മോഡിക്കെതിരായ വാര്‍ത്തകള്‍ തിരസ്കരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഗുജറാത്ത് കലാപം ഭൂരിഭാഗത്തെയും യാചകരാക്കി: മുഖ്താര്‍ മുഹമ്മദ്

കോഴിക്കോട്: ഗുജറാത്ത് കലാപം വലിയ വിഭാഗത്തെ യാചകരാക്കിയെന്ന് സെന്റര്‍ ഫോര്‍ ജസ്റ്റിസിന്റെ പ്രവര്‍ത്തകന്‍ മുഖ്താര്‍ മുഹമ്മദ് പറഞ്ഞു. കലാപകാലത്ത് സര്‍വവും നഷ്ടപ്പെട്ട് പലര്‍ക്കും നാടുവിടേണ്ടി വന്നു. ഇന്ത്യയില്‍ സാഹോദര്യത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാകണമെന്നാണ് കലാപം നമ്മോട് പറയുന്നത്. ഗുജറാത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ വോട്ടിനുവേണ്ടി ദുരുപയോഗിക്കുന്നവരെ മാറ്റിനിര്‍ത്തണം. കലാപസമയത്ത് തനിക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിലേത് പുരുഷകേന്ദ്രീകൃത വ്യവസ്ഥ: ഡോ. ഖദീജ മുംതാസ്

കോഴിക്കോട്: മുസ്ലിം സമുദായത്തിനകത്തെ പുരുഷാധിപത്യം ചെറുത്തുതോല്‍പ്പിക്കണമെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥയാണ് ഇസ്ലാമില്‍ നിലനില്‍ക്കുന്നത്. ആധുനിക കാലത്ത് ബഹുഭാര്യാത്വം എന്ന സങ്കല്‍പ്പം തികച്ചും അപ്രായോഗികമാണ്. മുസ്ലിം സമുദായത്തില്‍ പുരുഷന്മാര്‍ക്ക് വിവാഹമോചനം എളുപ്പത്തില്‍ സാധിക്കുമ്പോള്‍ ഇഷ്ടമില്ലാത്ത ബന്ധം സ്ത്രീക്ക് ഒഴിയാനാവുന്നില്ല. നിയമം സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാവണം. മുഖ്യധാര പ്രകാശനത്തോടനുബന്ധിച്ച് നടന്ന "ന്യൂനപക്ഷ സമൂഹവും സ്ത്രീ പദവിയും" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. നവോത്ഥാന നായകരെ മതപുരോഹിതര്‍ ജാതി പുനരുദ്ധാരണത്തിന് ഉപയോഗിക്കുകയാണ്. മുസ്ലിങ്ങള്‍ക്കിടയിലും മത പുനരുദ്ധാരണത്തിന്റെ കാലമാണിത്. ശരിയായ വിദ്യഭ്യാസം ലഭിച്ചാലേ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ശേഷി സ്ത്രീകള്‍ക്ക് ഉണ്ടാകൂ. ദരിദ്രകുടുംബങ്ങളില്‍ പെണ്‍കുട്ടിയെ വിറ്റൊഴിക്കുക എന്ന സമീപനമാണ്. മൈസൂര്‍ കല്യാണം, അറബിക്കല്യാണം തുടങ്ങി ശിഥിലമായ ദാമ്പത്യബന്ധം ഇതിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

ജാതിനേതാക്കളുടേത് സ്വാര്‍ഥത: ഡോ. ടി ജമാല്‍മുഹമ്മദ്

കോഴിക്കോട്: സ്വാര്‍ഥ താല്‍പ്പര്യങ്ങളില്‍ അധിഷ്ഠിതമായ കൊട്ടാരം പണിയാനാണ് ജാതി നേതാക്കളുടെ ശ്രമമെന്ന് ഡോ. ടി ജമാല്‍ മുഹമ്മദ് പറഞ്ഞു. ഭാഷാ പഠനത്തില്‍പ്പോലും വിമുഖത കാണിച്ച ചില മതനേതൃത്വം സമുദായത്തെ സാംസ്കാരികമായി പിന്നിലാക്കി. കേരളീയ നവോത്ഥാനത്തിന്റെ മുസ്ലിം പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിങ്ങളുടെ പുരോഗതിക്ക് വിദ്യഭ്യാസം അനിവാര്യമാണെന്ന് ചിന്തിച്ചയാളാണ് വക്കം അബ്ദുള്‍ ഖാദര്‍ മൗലവി. മലയാളവും ഇംഗ്ലീഷും പഠിക്കാന്‍ അവസരമുണ്ടായത് വലിയ മാറ്റത്തിന് കാരണമായി. ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഏറെ പ്രയോജനപ്പെട്ടു. ഗ്രന്ഥത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ പരിഭാഷ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളെ അവഗണിച്ച് മുന്നേറാനാവില്ല: കെ ടി ജലീല്‍

കോഴിക്കോട്: മുസ്ലിങ്ങളുടെയും മറ്റു പീഡിത വിഭാഗങ്ങളുടെയും പ്രശ്നം അവതരിപ്പിക്കുമ്പോള്‍ നിലപാടുകളില്‍ വൈകാരികതയുടെ ഭാഷ്യംചേര്‍ത്ത് ആവേശത്തിന്റെ കൊടുമുടി സൃഷ്ടിക്കുന്നവര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ മനസില്‍ തീ കോരിയിടുകയാണെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. മുഖ്യധാര മാസികയുടെ പ്രകാശന ചടങ്ങില്‍ മാസിക പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങളെയും ഭാഷാന്യൂനപക്ഷങ്ങളെയും അവഗണിച്ചുകൊണ്ട് ഇന്ത്യക്ക് മുന്നോട്ട് കുതിക്കാനാവില്ല. ചിലരുടെ പങ്കാളിത്തം വേണ്ട എന്ന് ബുദ്ധിശൂന്യതകൊണ്ട് ഭരണാധികാരികള്‍ തീരുമാനിച്ചാല്‍ ആ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നത് കാലം തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമികവത്കരണം അപകടകരം: ഡോ. ഫസല്‍ ഗഫൂര്‍

കോഴിക്കോട്: ആര്യവത്കരണംപോലെതന്നെ അപകടകരമാണ് ഇസ്ലാമികവത്കരണവുമെന്ന് ഡോ. പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. സാമ്രാജ്യത്ത അധിനിവേശത്തിന്റെ ഭാഗമായാണ് രാജ്യങ്ങളില്‍ തീവ്രവാദം വളര്‍ന്നത്. മതമൗലിക വാദികളുടെയും വര്‍ഗീയവാദികളുടെയും കയ്യിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഇസ്ലാമിക ലോകവും മതേതരത്വവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായി മതേതര രാജ്യമായാണ് അറബ് രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും നിലനില്‍ക്കുന്നത്. എന്നാല്‍, സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം തകര്‍ന്നതോടെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് സംരക്ഷണമില്ലാതായി. ഇതിനാലാണ് നൂറുശതമാനം മതേതരമായിരുന്ന സിറിയയിലും തുര്‍ക്കിയിലുമെല്ലാം തീവ്രവാദം വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment