കൊച്ചി> ജമാഅത്തെ ഇസ്ലാമി‐കോൺഗ്രസ് അവിഹിത കൂട്ടുകെട്ടിന്റെ മറനീക്കുന്ന വെളിപ്പെടുത്തലാണ് മാധ്യമത്തിന്റെ എഡിറ്റർ ഒ അബ്ദുറഹിമാൻഎഴുതിയ ലേഖനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിജയരാഘവൻ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ലേഖനത്തിൽ നിന്ന്:
ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ എഡിറ്ററും ആ പ്രസ്ഥാനത്തിന്റെ ഉന്നതസമിതികളിൽ അംഗവുമായ ഒ അബ്ദുറഹിമാൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കുന്നത് കള്ളനെ കൈയോടെ പിടിക്കാൻ സഹായിക്കും.‘‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് (2019) മാസങ്ങൾക്കുമുമ്പ് എം ഐ ഷാനവാസ് എംപി , ജമാഅത്തെ ഇസ്ലാമി നേതാക്കളെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതൃത്വവുമായി ചർച്ചയ്‌ക്ക് ഏർപ്പാട് ചെയ്‌തു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഷാനവാസ് എന്നീ നേതാക്കൾ യുഡിഎഫിനെയും എം ഐ അബ്ദുൽ അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിവർ ജമാഅത്തിനെയും പ്രതിനിധാനം ചെയ്‌തു. ചർച്ചകളിൽ ഞാനുമുണ്ടായിരുന്നു. നിങ്ങൾ 20 സീറ്റിലും യുഡിഎഫിനെ സഹായിക്കണം. എങ്കിലേ ഉദ്ദേശിച്ച ഫലം ഉണ്ടാകൂവെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. അതനുസരിച്ച് വെൽഫെയർ പാർടി യുഡിഎഫിനൊപ്പം നിന്നു, മുഴുവൻ സീറ്റിലും അടുത്ത തെരഞ്ഞെടുപ്പിലും സ്വാഭാവികമായി ആ നയം തുടരും. ഫാസിസ്റ്റുകൾക്കെതിരെ മതനിരപേക്ഷ ശക്തികളെ പിന്താങ്ങുക എന്നത് ജമാഅത്തിന്റെ മൗലിക നിലപാടാണ്. ഷാനവാസ് വിടവാങ്ങിയെങ്കിലും യുഡിഎഫുമായുള്ള ചർച്ചകൾ തുടർന്നു''
ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോൾ കോൺഗ്രസിനോട് ഒരു പരാതിയുണ്ട് അതു വ്യക്തമാക്കാനാണ് അബ്ദുറഹിമാന്റെ ലേഖനം. അദ്ദേഹം പറയുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക് മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും സ്വാഭാവിക ഫലമായിരുന്നു. എന്നാൽ, കെപിസിസി നേതൃത്വം കാര്യങ്ങൾ തുറന്നുപറയാൻ ആർജവം കാണിച്ചില്ല. കാര്യങ്ങൾ ഇതിൽനിന്ന് പകൽപോലെ വ്യക്തമാണ്. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ സഹായം മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നുവെന്ന് അബ്ദുറഹിമാൻ പറയുന്നുണ്ട്. ആ വാഗ്‌ദാനവും ഉറപ്പും എന്താണെന്ന് ജനങ്ങളോടു പറയാൻ കോൺഗ്രസിന് ബാധ്യതയുണ്ട്. ഏതായാലും അബ്ദുറഹിമാനോട് നന്ദിയുണ്ട്. ഈ അവിഹിത കൂട്ടുകെട്ടിന്റെ മറ കുറച്ചെങ്കിലും നീക്കാൻ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ സഹായിച്ചിട്ടുണ്ട്-.വിജയരാഘവൻ പറയുന്നു.
ലേഖനം പൂർണ്ണരൂപം താഴെ:
വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും
തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വർഗീയ കൂട്ടുകെട്ടുകൾ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കേരളത്തിലെ കോൺഗ്രസിനുള്ളത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ വോട്ടുകൾ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അവർ ഫലപ്രദമായി ഉപയോഗിച്ചാണ് വിജയം നേടിയത്. എന്നാൽ, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികൾക്ക് ലഭിക്കുകയും പ്രധാനമന്ത്രിയാകുമെന്ന് അവർ പ്രചരിപ്പിച്ച രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിക്കാതിരിക്കുകയും ചെയ്‌തു. ഇത് രാജ്യത്തെ രാഷ്‌ട്രീയ ഘടനയിൽ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികൾക്ക് മേധാവിത്വം നൽകി.
ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കുന്നതിലും സംസ്ഥാന പദവികളെടുത്തുകളഞ്ഞതിലും മുസ്ലിം വിരുദ്ധതയാണ് പ്രകടമായത്. അയോധ്യയിലെ ക്ഷേത്രനിർമാണനേതൃത്വം കേന്ദ്ര ഗവൺമെന്റ് തന്നെ ഏറ്റെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിട്ടും അത് നടപ്പാക്കുമെന്നു തന്നെയാണ് കേന്ദ്രം പറയുന്നത്. യുപിയിലെ ബിജെപി സംസ്ഥാന സർക്കാർ ലൗജിഹാദിന്റെ പേരിൽ ഒരു മുസ്ലിംവിരുദ്ധ നിയമംതന്നെ പാസാക്കിയിരിക്കുകയാണ്. അയോധ്യാക്ഷേത്ര നിർമാണത്തിനുള്ള നിർബന്ധപിരിവും അവിടെ നടക്കുന്നു. സ്വാഭാവികമായും ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിനോടുള്ള ഓരോ പാർടിയുടെയും നിലപാടും പ്രസക്തമാണ്.
ആർഎസ്‌എസ് പിന്നിൽനിന്നു നിയന്ത്രിക്കുന്ന മോഡി ഭരണത്തിന്റെ തീവ്രഹിന്ദുത്വ നിലപാടിനെ സിപിഐ എം ചാഞ്ചാട്ടമില്ലാതെ എതിർക്കുകയാണ് . പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധതയ്‌ക്കെതിരെ മുഴുവൻ മതനിരപേക്ഷവാദികളെയും ഒന്നിപ്പിച്ച് എതിർക്കാനും നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പരസ്യമായി പറയാനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായി. എൽഡിഎഫ് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. അയോധ്യാക്ഷേത്ര നിർമാണത്തിൽ കേന്ദ്ര സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യുന്നതിനെയും യുപി സർക്കാരിന്റെ നിർബന്ധിത പിരിവിനെയും ആദ്യം എതിർത്തത് സിപിഐ എം ആയിരുന്നു. എന്നാൽ, അയോധ്യയിലേക്ക് വെള്ളി ഇഷ്ടിക കൊടുത്തയക്കുകയാണ് മധ്യപ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന കമൽനാഥ് ചെയ്‌തത്. ശിലാസ്ഥാപനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെ എതിർക്കാതെ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന പരാതിയാണ് അവർ നടത്തിയത്. കശ്‌മീർ വിഷയത്തിലും കേന്ദ്ര നിലപാടിനെ പൂർണമായി എതിർക്കാൻ അവർ തയ്യാറായില്ല. ഇതിൽനിന്ന് വ്യക്തമാകുന്ന വസ്‌തുത ബിജെപിയുടെ തീവ്രഹിന്ദുത്വ അജൻഡയെ എതിർക്കുന്നതിനുപകരം മൃദുഹിന്ദുത്വ നിലപാടിലൂടെ രാഷ്‌ട്രീയ അവസരവാദനിലപാടാണ് കോൺഗ്രസിനുള്ളത് എന്നാണ്.
ഈ പശ്ചാത്തലത്തിൽ വേണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അനുഭവങ്ങളെ കാണാൻ. പാർലമെന്റ് തെരഞ്ഞെടുപ്പിലെ വർഗീയ കൂട്ടുകെട്ടിനെ കൂടുതൽ വിപുലീകരിക്കാൻ യുഡിഎഫ് തയ്യാറായി. ജമാഅത്തെ ഇസ്ലാമിയെക്കൂടി മുന്നണിയിൽ ചേർത്തും ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയും വിപുലീകരിച്ച ആ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് ജനങ്ങൾ നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ കോൺഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ, സിപിഐ എം വർഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവർ നടത്തിയത്. എന്നാൽ, കോൺഗ്രസ്–- ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പിന്നാമ്പുറക്കഥകൾ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്കാർ മാധ്യമം ദിനപത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
കോൺഗ്രസ്–- ജമാഅത്തെ ഇസ്ലാമി ബന്ധം
ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ എഡിറ്ററും ആ പ്രസ്ഥാനത്തിന്റെ ഉന്നതസമിതികളിൽ അംഗവുമായ ഒ അബ്ദുറഹിമാൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കുന്നത് കള്ളനെ കൈയോടെ പിടിക്കാൻ സഹായിക്കും.‘‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് (2019) മാസങ്ങൾക്കുമുമ്പ് എം ഐ ഷാനവാസ് എംപി , ജമാഅത്തെ ഇസ്ലാമി നേതാക്കളെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതൃത്വവുമായി ചർച്ചയ്‌ക്ക് ഏർപ്പാട് ചെയ്‌തു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഷാനവാസ് എന്നീ നേതാക്കൾ യുഡിഎഫിനെയും എം ഐ അബ്ദുൽ അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിവർ ജമാഅത്തിനെയും പ്രതിനിധാനം ചെയ്‌തു. ചർച്ചകളിൽ ഞാനുമുണ്ടായിരുന്നു. നിങ്ങൾ 20 സീറ്റിലും യുഡിഎഫിനെ സഹായിക്കണം. എങ്കിലേ ഉദ്ദേശിച്ച ഫലം ഉണ്ടാകൂവെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. അതനുസരിച്ച് വെൽഫെയർ പാർടി യുഡിഎഫിനൊപ്പം നിന്നു, മുഴുവൻ സീറ്റിലും അടുത്ത തെരഞ്ഞെടുപ്പിലും സ്വാഭാവികമായി ആ നയം തുടരും. ഫാസിസ്റ്റുകൾക്കെതിരെ മതനിരപേക്ഷ ശക്തികളെ പിന്താങ്ങുക എന്നത് ജമാഅത്തിന്റെ മൗലിക നിലപാടാണ്. ഷാനവാസ് വിടവാങ്ങിയെങ്കിലും യുഡിഎഫുമായുള്ള ചർച്ചകൾ തുടർന്നു''
ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോൾ കോൺഗ്രസിനോട് ഒരു പരാതിയുണ്ട് അതു വ്യക്തമാക്കാനാണ് അബ്ദുറഹിമാന്റെ ലേഖനം. അദ്ദേഹം പറയുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക് മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും സ്വാഭാവിക ഫലമായിരുന്നു. എന്നാൽ, കെപിസിസി നേതൃത്വം കാര്യങ്ങൾ തുറന്നുപറയാൻ ആർജവം കാണിച്ചില്ല. കാര്യങ്ങൾ ഇതിൽനിന്ന് പകൽപോലെ വ്യക്തമാണ്. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ സഹായം മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നുവെന്ന് അബ്ദുറഹിമാൻ പറയുന്നുണ്ട്. ആ വാഗ്‌ദാനവും ഉറപ്പും എന്താണെന്ന് ജനങ്ങളോടു പറയാൻ കോൺഗ്രസിന് ബാധ്യതയുണ്ട്. ഏതായാലും അബ്ദുറഹിമാനോട് നന്ദിയുണ്ട്. ഈ അവിഹിത കൂട്ടുകെട്ടിന്റെ മറ കുറച്ചെങ്കിലും നീക്കാൻ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ സഹായിച്ചിട്ടുണ്ട്.
ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ആശയങ്ങളിൽനിന്ന് കോൺഗ്രസ് അകലുക മാത്രമല്ല ഉണ്ടായത്. മതനിരപേക്ഷനയങ്ങൾ വലിച്ചെറിഞ്ഞ് അധികാരത്തിനുവേണ്ടി ഏതു വർഗീയപ്രസ്ഥാനവുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക് ആ പാർടി എത്തി. സോമനാഥക്ഷേത്രം വീണ്ടും തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത രാഷ്‌ട്രപതി രാജേന്ദ്രപ്രസാദിന്റെ നിലപാട് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയ്‌ക്ക് പോറലുണ്ടാക്കുമെന്നാണ് നെഹ്‌റു രാഷ്‌ട്രപതിക്ക് എഴുതിയ കത്തിൽ അന്ന് പറയാൻ ശ്രമിച്ചത്.
ഈ നിലപാടിൽനിന്നുള്ള പൂർണമായ പിന്മാറ്റമാണ് വർഗീയതയുമായി ബന്ധപ്പെട്ട് ഇന്നത്തെ കോൺഗ്രസിനുള്ളത്. കോൺഗ്രസ് അവസരവാദ നിലപാടുകൾ സ്വീകരിച്ച് ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ്. പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ബിജെപിയെ സഹായിച്ചത് ഈ മൃദുഹിന്ദുത്വമാണ്. കൂട്ടത്തോടെയാണ് കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും ബിജെപിയിലേക്ക് ഓടിക്കയറുന്നത്. മധ്യപ്രദേശ് ബിജെപിയുടെ കീഴിലായി. കർണാടകത്തിലും ഈ മൊത്തക്കച്ചവടം ഭംഗിയായി നടത്തി. അതിനുമുമ്പ് ഗോവയിലും ഇതുകണ്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ, പുതുച്ചേരിയിൽ മന്ത്രിയും എംഎൽഎയുമടക്കം കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നിരിക്കുന്നു. കേരളത്തിൽ ഇതു സംഭവിക്കില്ലെന്നു പറയാൻ കഴിയുമോ? മൃദുഹിന്ദുത്വവും ഹിന്ദുവർഗീയതയ്‌ക്ക് വളമാകുന്ന നയങ്ങളും തിരുത്തിയില്ലെങ്കിൽ എവിടെയും ഇതു സംഭവിക്കാം.
ന്യൂനപക്ഷ വർഗീയത തലപൊക്കുന്നതും വളരുന്നതും ബിജെപിയുടെ ആവശ്യമാണെന്ന് കോൺഗ്രസ് ഇനി എന്നാണ് തിരിച്ചറിയുക. ന്യൂനപക്ഷ വർഗീയത ചൂണ്ടിക്കാണിച്ചാണ് ഹിന്ദുവർഗീയത ബിജെപി വളർത്തുന്നത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജപി എങ്ങനെയാണ് ഉപയോഗിച്ചതെന്ന് നമുക്കറിയാം. ഇതുപോലെ ഓരോ സംസ്ഥാനത്തും അവിടേക്കു പറ്റിയ തന്ത്രങ്ങൾ ബിജെപി ഉപയോഗിക്കുന്നു. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശവും യുഡിഎഫുമായുള്ള സഖ്യവും ബിജെപിക്കാണ് വളമാകുന്നത്. ജമാഅത്തെ ഇസ്ലാമിയോടുള്ള സിപിഐ എം നിലപാട് മുമ്പേ വ്യക്തമാക്കിയതാണ്. എങ്കിലും ആവർത്തിക്കാം. ആർഎസ്‌എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന് ബദൽ എന്നോണം മുസ്ലിം രാഷ്ട്രവാദം ഉയർത്തുന്ന പ്രസ്ഥാനമാണ് അത്. അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഐ എം തയ്യാറല്ല.
വർഗീയ ശക്തികൾക്കുവേണ്ടി കോൺഗ്രസ് സ്വന്തം നയത്തിൽ വെള്ളം ചേർക്കുന്നുവെന്ന ഞങ്ങളുടെ വിമർശനം സത്യസന്ധമാണ്. വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ്. അതിൽ പാർടി ഉറച്ചുനിൽക്കുകയാണ്. അടുത്തകാലത്തുണ്ടായ രണ്ട് രാഷ്ട്രീയ സംഭവ വികാസങ്ങൾ വിലയിരുത്തിയാൽ സിപിഐ എം വിമർശം നൂറുശതമാനം ശരിയാണെന്ന് വ്യക്തമാകും. വെൽഫെയർ പാർടിയുമായി ബന്ധം പാടില്ലെന്ന് എഐസിസി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രഖ്യാപിച്ചതല്ലേ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അതു ആവർത്തിച്ചു. പക്ഷേ, നടപ്പായത് വർഗീയതയ്‌ക്ക് കീഴ്‌പ്പെടലാണ്. സംസ്ഥാനത്താകെ വെൽഫെയർ പാർടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി. എതിർത്ത മുല്ലപ്പള്ളി രാമചന്ദ്രൻപോലും പിന്നീട് വഴങ്ങി.
രണ്ടാമത്തെ കാര്യം, സംവരണമില്ലാത്ത വിഭാഗങ്ങൾക്ക് പത്തുശതമാനം സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ്. സംവരണേതര വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണമെന്നത് സിപിഐ എമ്മിന്റെ പ്രഖ്യാപിത നയമാണ്. ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിനു തടസ്സം. അടുത്തകാലത്ത് കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി ചെയ്‌തു. കേരളത്തിൽ സംവരണം നടപ്പാക്കാൻ തീരുമാനിച്ചു. നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിലാണ് ഇതു നടപ്പാക്കുന്നത്. കോൺഗ്രസും ഈ നയത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ് നേതാക്കൾ പ്രഖ്യാപിച്ചത്. യുഡിഎഫ് പ്രകടനപത്രികയിൽ അങ്ങനെ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാൽ, വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ല. ഇടതുപക്ഷത്തിന്റെയും എൽഡിഎഫ് സർക്കാരിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത തീവ്രഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ വെളിച്ചമുള്ളതുകൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് കടന്നുകയറാൻ കഴിയാത്തതെന്ന് മതനിരപേക്ഷ സമൂഹത്തിനറിയാം. എല്ലാത്തരം വർഗീയതകൾക്കും മതമൗലിക വാദത്തിനും എതിരായ പോരാട്ടവുമായി സിപിഐ എം മുന്നോട്ടുപോകും.
നാടിന്റെ ഭാവിയാണ് പ്രധാനം
തീവ്രഹിന്ദുത്വ വർഗീയതയ്‌ക്കും മോഡി സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കുമെതിരായി എല്ലാ മതനിരപേക്ഷ ശക്തികളുടെയും യോജിപ്പ് എന്നതാണ് സിപിഐ എം നിലപാട്. ഹിന്ദുവർഗീയതയെ എതിർക്കാനെന്നപേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വശക്തികൾക്ക് കരുത്തുപകരുന്ന നിലപാടാണ്. അതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉണ്ടാക്കിയ വർഗീയ രാഷ്‌ട്രീയ ബന്ധങ്ങൾ തുടരുമോ എന്ന ചോദ്യം സിപിഐ എം ഉന്നയിച്ചത്. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിയാതെ ചോദ്യംചോദിച്ചവരെ വർഗീയവാദികളായി കോൺഗ്രസ് മുദ്രകുത്തുന്നു.
ജമാഅത്തെ ഇസ്ലാമി മതന്യൂനപക്ഷ ജനവിഭാഗങ്ങൾ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത് ഇഷ്ടപ്പെടുന്നില്ല. സംസ്ഥാനത്ത് മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവർ ഭയപ്പെടുന്നു. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവർഗീയത ശക്തിപ്പെടുത്തുമ്പോൾ ന്യൂനപക്ഷവർഗീയത ശക്തിപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ഈ നിലപാട് കൂടുതൽ വിപുലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങൾ മതനിരപേക്ഷ ചേരിയോട് അടുക്കാതിരിക്കാൻ ന്യൂനപക്ഷ വർഗീയ ചേരിയുണ്ടാക്കുമെന്നാണ് അവർ പറയുന്നത്. ബിജെപിയെ സഹായിക്കുന്ന അത്യന്തം അപകടകരമായ നിലപാടാണ് ഇത്. സമൂഹത്തിൽ കൂടുതൽ മതാത്മക രാഷ്‌ട്രീയ ചേരിതിരിവ് രൂപപ്പെടുത്തുന്നതിനെയാണ് സിപിഐ എം വിമർശിക്കുന്നത്. അത് ‘വർഗീയയവാദ'മാണെന്ന് വ്യാഖ്യാനിക്കുന്നവർ മലയാളിയുടെ ബോധനിലവാരത്തെയാണ് പുച്ഛിക്കുന്നത്.
No comments:
Post a Comment