Tuesday, March 31, 2009

സ്ഥാനാര്‍ത്ഥികളോട് ചോദിക്കാനുള്ളത്

തിരഞ്ഞെടുപ്പ് സമയമായതോടെ മാധ്യമങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളുമായുള്ള മുഖാമുഖങ്ങളുടെ തിരക്കാണ്. ചിലത് നാട്ടുകാരുമായുള്ള കൂട്ടപ്പൊരിച്ചിലാണെങ്കില്‍ ചിലത് ചുരുങ്ങിയ വൃത്തത്തിലെ ചോദ്യോത്തരങ്ങളാണ്. ഇതിനു പുറമേയാണ് ഓരോ എം.പിയും സ്വന്തം നിയോജക മണ്ഡലത്തിനു വേണ്ടി എന്തു ചെയ്തു എന്ന മാധ്യമവിചാരണ. പൊതുമുഖാമുഖങ്ങളിലും ഉയര്‍ന്നുകേള്‍ക്കാറുള്ളത് നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങളാണ്. തമ്പാനൂരിലെ വെള്ളപ്പൊക്കവും കണ്ണൂര്‍ വിമാനത്താവളവും എന്തിന് പഞ്ചായത്ത് സ്കൂളില്‍ മൂത്രപ്പുര ഇല്ലാത്തതുപോലും സ്ഥാനാര്‍ത്ഥിയോട് ചോദിക്കുന്നതും ‘ഒക്കെ ശരിയാക്കാം. എന്നെ ഒന്നു ജയിപ്പിച്ചുവിട്ടാല്‍ മതി’ എന്നമട്ടില്‍ ഓരോ സ്ഥാനാര്‍ത്ഥിയും മറുപടി പറയുന്നതും പതിവായിരിക്കുന്നു.

സംസ്ഥാനത്തെ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ എല്ലാം കേന്ദ്രത്തിന്റെ നയദൂഷ്യമാണെന്നും കേന്ദ്രത്തിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയാണെനില്‍ എല്ലാം സംസ്ഥാനം ഭരിക്കുന്നവരുടെ നടപടി ദൂഷ്യമാണെന്നും പറയുക എന്നതാണ് നടപ്പു രീതി. മൂന്നാമത്തെ കൂട്ടരാണെങ്കില്‍ ബഹുസുഖം. രണ്ടു കൂട്ടരും പറയുന്നത് ശരിവെച്ചാല്‍ മതി. ‘രണ്ടു പേരുടേയും കുറ്റമുണ്ട്.’ അതുകൊണ്ട് ഞങ്ങള്‍ക്ക് ചാന്‍സ് തരൂ!

എം.പി.ഫണ്ട് വിനിയോഗമാണ് മറ്റൊരു ചര്‍ച്ചാവിഷയം. വാസ്തവത്തില്‍ എം.പി.മാരെ പ്രാദേശികപ്രശ്നങ്ങളില്‍ ഒതുക്കിയിടാനുള്ള ഒരു ഗൂഢാലോചനയാണ് എം.പി.ഫണ്ട്. പഞ്ചായത്തും മുനിസിപ്പാലിറ്റിയും ചെയ്യേണ്ട കാര്യങ്ങളില്‍ എം.പി.യുടെ രക്ഷാകര്‍തൃത്വം കയറ്റി വിടുന്ന രീതിയാണിത്. ഇതൊക്കെയാണോ എം.പി.ചെയ്യേണ്ട പണി എന്ന് ആരും ചോദിക്കുന്നില്ലല്ലോ.

കര്‍ഷകരുടെ ദുരിതങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. പക്ഷേ, കടം എഴുതിത്തള്ളലും താല്‍ക്കാലിക ആശ്വാസങ്ങളും ചില പ്രദേശങ്ങള്‍ക്കുള്ള പാക്കേജുകളുമാണ് ചര്‍ച്ചയില്‍ വരുന്നത്. ഈ ദുരിതങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ നയങ്ങള്‍ ചര്‍ച്ചയില്‍ വരുന്നില്ല. ഉല്പന്നങ്ങള്‍ക്കു ന്യായമായ വില കിട്ടാത്തതാണ് കര്‍ഷകരുടെ അടിസ്ഥാനപ്രശ്നം. എന്തുകൊണ്ട് വിലയിടിയുന്നു? ഉദാരമായ ഇറക്കുമതി തന്നെ കാരണം. തങ്ങളുടെ കര്‍ഷകരുടെ നടുവൊടിക്കുന്ന ഇറക്കുമതികള്‍ എന്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നു? അങ്ങിനെ ചെയ്യാമെന്ന് ലോകവ്യാപാരസംഘടയോട് ഏറ്റുപോയി എന്നതാണ് ഉത്തരം. എന്തിനിങ്ങനെ ഏല്‍ക്കാന്‍ പോയി? അതിന്റെ ഉത്തരം ആരാണ് പറയേണ്ടത്?

ലോകത്തൊരിടത്തും കാര്‍ഷികമേഖലയ്ക്ക് ഉല്പാദനക്ഷമത കൊണ്ട് വ്യവസായ മേഖലയോടും സേവന മേഖലയോടും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. വ്യാവസായികമായി വികസിച്ച രാജ്യങ്ങളെല്ലാം ചെയ്യുന്നത് പലവിധത്തിലും തങ്ങളുടെ കര്‍ഷകരെ സബ്‌സിഡികളിലൂടെ താങ്ങി നിര്‍ത്തുകയാണ്. അമേരിക്കയും യൂറോപ്പിയന്‍ യൂണിയനും വ്യത്യസ്തരീതികളില്‍ ഇതു തന്നെയാണ് ചെയ്യുന്നത്. എന്നിട്ടാണവര്‍ കാര്‍ഷികരംഗത്തെ സബ്‌സിഡി വെട്ടിക്കുറയ്ക്കണമെന്ന് നമ്മോട് ആവശ്യപ്പെടുന്നത്. അതിന്‍പ്രകാരമാണ് വെള്ളത്തിനു വളത്തിനും രാസ കീടനാശിനികള്‍ക്കുമെല്ലാമുള്ള സബ്‌സിഡികള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. അതോടെയാണ് മുന്നേ ദുര്‍ബലമായിരുന്ന നമ്മുടെ കാര്‍ഷിക മേഖലയുടെ നടുവൊടിഞ്ഞത്. ഉല്പന്നവില ഇടിയുന്നു. ഉല്പാദന ഘടകങ്ങളുടെ വില കൂടുന്നു. ഇതോടെയാണ് കര്‍ഷക ആത്മഹത്യകള്‍ പതിവായത്. എന്നിട്ടോ? ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് നക്കാപ്പിച്ച. കുറെ ഭാഗ്യശാലികളുടെ കടം എഴുതിത്തള്ളല്‍. ബന്ധപ്പെട്ട വ്യവസ്ഥകള്‍ വ്യാഖ്യാനിച്ചു വരുമ്പോള്‍ എഴുതിത്തള്ളലിന്റെ ഗുണം കിട്ടിയത് കൂടുതലും വസ്തുക്കരം രസീതുകാണിച്ച് കാറു വാങ്ങാനും കടകെട്ടാനും ലോണെടുത്തവര്‍ക്ക്! യഥാര്‍ത്ഥ ദുരിതക്കാരന്‍ പുറത്തും. കഷ്ടപ്പെട്ടും പട്ടിണികിടന്നും മാനം കാക്കാന്‍ വേണ്ടി കടം പലിശ സഹിതം തിരിച്ചടച്ചവര്‍ മണ്ടന്മാര്‍. ഇങ്ങനെയാണോ കര്‍ഷകരെ സഹായിച്ചെന്നു വരുത്തേണ്ടത്?ഇതൊനൊക്കെ കാരണമായ അടിസ്ഥാന നയങ്ങള്‍ എന്തേ മാറ്റുന്നില്ല? ഞങ്ങളുടെ കര്‍ഷകരെ സംരക്ഷിക്കാനായി ഇറക്കുമതി നിയന്ത്രിക്കുന്നതും സബ്‌സിഡി കൊടുക്കുന്നതും ഞങ്ങളുടെ കര്‍ത്തവ്യമാണ്. പരമാധികാരമാണ്. ഇതു നിയന്ത്രിക്കുന്ന ഒന്നും ഞങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് ലോകവ്യാപാരസംഘടനയോട് എന്തുകൊണ്ട് പറയുന്നില്ല?

കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുമ്പോള്‍ തന്നെ പതിനായിരക്കണക്കിനു കോടി രൂപയുടെ നികുതി ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യം കസ്റ്റംസ് ഡ്യൂട്ടി കുറച്ച് ഇറക്കുമതി പ്രോത്സാഹിപ്പിക്കുക. പിന്നെ നിരപ്പയ കളിസ്ഥലം ഉറപ്പുവരുത്താനായി നാടന്‍ മുതലാളിമാരെ സഹായിക്കുന്നതിനു വേണ്ടി എക്സൈസ് തീരുവ കുറയ്ക്കുക. അന്തിമഫലം സര്‍ക്കാരിനു കിട്ടേണ്ട നികുതി കുറയുക തന്നെ. ഇതൊരു പരോക്ഷ സബ്‌സിഡി അല്ലേ?അതിവേഗം കുതിച്ചുയരുന്ന ഐ.ടി. കമ്പനികള്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതും സര്‍ക്കാര്‍ ചിലവില്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതും പരോക്ഷ സബ്‌സിഡി അല്ലേ? വമ്പന്‍ ലാഭമുണ്ടാക്കുന്ന ടൂറിസം റിസോര്‍ട്ടുകളെയും സ്റ്റാര്‍ ഹോട്ടലുകളെയും നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് സബ്‌സിഡി അല്ലേ? ഇതൊക്കെ ഒരു പുറേ നടക്കുമ്പോഴാണ് കര്‍ഷകര്‍ക്കു മാത്രം സബ്‌സിഡി നിഷേധിക്കുന്നത്.

ഇതുപോലെത്തന്നെയാണ് മറ്റു പല രംഗങ്ങളിലേയും സ്ഥിതി. കേരളത്തിലും ഇന്ത്യയില്‍ പൊതുവെയും വലിയൊരളവില്‍ ജനങ്ങള്‍ ഉപജീവനം തേടുന്നത് ചെറുകിട കച്ചവടങ്ങളിലൂടെയാണ്. ഈ രംഗത്തേക്കാണ് ഇപ്പോള്‍ വമ്പന്മാര്‍ നോട്ടമിട്ടിരിക്കുന്നത്. വാള്‍മാര്‍ട്ടിന്റെയൊക്കെ ചരിത്രം കാണിക്കുന്നത് അവരുടെ പ്രവേശനത്തോടെ ‘കവലക്കടക്കാര്‍’ ഒന്നൊന്നായി അടച്ചുപൂട്ടുന്നു എന്നാണ്. ഇപ്പോള്‍ കേരളത്തിലും സംഭവിച്ചു തുടങ്ങിയിരിക്കുന്നത് ഇതാണ്. സ്വദേശികളായ വമ്പന്മാര്‍ വന്‍‌കിട മാളുകള്‍ തുടങ്ങുന്നത് തടയാനാവില്ല. പക്ഷേ, വിദേശക്കുത്തകകളെയെങ്കിലും തടയരുതോ? എന്തുകൊണ്ടതു ചെയ്യുന്നില്ല. അതുപോലെ ലാഭത്തില്‍ നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ആരെ പ്രീണിപ്പിക്കാനാണ്? സ്തുത്യര്‍ഹമായ പ്രവര്‍ത്തനചരിത്രമുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഭൂരിപക്ഷ ഓഹരി വിറ്റഴിക്കുന്നതിന്റെ നീതിവല്‍ക്കരണം എന്താണ്? തന്ത്രപ്രാധാന്യമുള്ള യുദ്ധക്കപ്പലുകള്‍ വരെ നിര്‍മ്മിക്കുന്ന ഈ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതിനെപ്പറ്റി എന്തു പൊതു ചര്‍ച്ചയാണ് നടന്നിട്ടുള്ള്ത്? അതിനേക്കാള്‍ കഷ്ടമാണ് പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടം നടത്തുന്നതിനു വേണ്ടി സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കം. എന്താണിതിന്റെയൊക്കെ അര്‍ത്ഥം?ഷെയറിലും മ്യൂച്വല്‍ ഫണ്ടിലും പണം നിക്ഷേപിച്ചിരുന്നവരെല്ലാം കൈപൊള്ളിയിരിക്കുകയാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ മുപ്പതിനായിരം രൂപ പോലും കിട്ടില്ല. ഓഹരിവിപണിയിലെ ലാഭം കൊണ്ടാണ് പെന്‍ഷന്‍ കൊടുത്തിരുന്നതെങ്കില്‍ പെന്‍ഷന്‍‌കാരെല്ലാം ഇപ്പോള്‍ തെണ്ടിപ്പോയേനെ. ഓഹരീ വിപണിയിലെ വന്‍‌തകര്‍ച്ച കണ്ടിട്ടുപോലും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചവരെ പൊതുനിരത്തില്‍ പിടിച്ചു നിര്‍ത്തി വിചാരണ ചെയ്കയല്ലേ വേണ്ടത്?

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി മുറിവേല്‍പ്പിക്കാതിരുന്നത് നമ്മള്‍ സമ്പൂര്‍ണ്ണ ഉദാരവല്‍ക്കരണത്തിലേക്ക് പോകാതിരുന്നതുകൊണ്ടാണ്. ഇവിടെ ശക്തമായ പൊതുമേഖല ഉണ്ടായിരുന്നതുകൊണ്ടാണ് എന്ന് സമ്മതിച്ച കൂട്ടര്‍ തന്നെയാണ് പിന്നീട് അതേ നയങ്ങളുമായി മുന്നോട്ട് പോകുന്നത്. ഇതിനെങ്ങനെ അവര്‍ക്കു ധൈര്യം വന്നു? ഇതിനൊന്നും തിരഞ്ഞെടുപ്പ് സമയത്ത് ഉത്തരം പറയേണ്ടിവരില്ല എന്നതല്ലേ ആ ധൈര്യത്തിനു കാരണം?

മന്‍‌മോഹന്‍ സിംഗും മോണ്ടെക്‍സിംഗ് അലുവാലിയയും തിരഞ്ഞെടുപ്പിനു വോട്ട് ചോദിച്ചു വരില്ലല്ലോ? അപ്പോള്‍ വോട്ട് ചോദിച്ചുവരുന്നവരോട് തന്നെയാണ് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. അല്ലാതെ നിങ്ങളുടെ എം.പി.ഫണ്ടില്‍ നിന്നും ഞങ്ങള്‍ക്കൊരു പാലം പണിതു തരുമോ, റോഡ് ടാറിട്ടു തരുമോ, ബസ്‌സ്റ്റാന്‍ഡില്‍ മൂത്രപ്പുര കെട്ടിത്തരുമോ എന്നൊന്നുമല്ല. വ്യവസായം കൊണ്ടു വരേണ്ടതും എം.പിമാരല്ല. അതിനൊക്കെയുള്ള പൊതുനയങ്ങള്‍ രൂപീകരിക്കുക എന്നതാണ് പാര്‍ലിമെന്റംഗങ്ങള്‍ ചെയ്യേണ്ടത്. അതിനു വേണ്ടി പാര്‍ട്ടിയുടെ നയങ്ങള്‍ സ്വാധീനിക്കുകയാണവര്‍ ചെയ്യേണ്ടത്. അതിനുള്ള വിവരവും മനസ്ഥിതിയും ഇവര്‍ക്കുണ്ടോ എന്നാണ് നാം നോക്കേണ്ടത്. അല്ലാതെ അതെല്ലാം മന്‍‌മോഹന്‍ സിംഗിനും ചിദംബരത്തിനു മറ്റും വിട്ടിട്ട് നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രീകരിക്കുന്നത് ഒളിച്ചോട്ടമാണ്. അതല്ല എം.പിമാര്‍ ചെയ്യേണ്ട പണി. പക്ഷേ, ഇത് സ്ഥാനാര്‍ത്ഥിമാര്‍ മാത്രം അറിഞ്ഞാല്‍ പോരാ. അവരോടു ചോദ്യം ചോദിക്കാനുള്ള നാമും അത് തിരിച്ചറിയേണ്ടതുണ്ട്.

ആര്‍.വി. ജി മേനോന്‍ ജനയുഗത്തില്‍ എഴുതിയ ലേഖനം 31 മാര്‍ച്ച് 2009

Monday, March 30, 2009

ഒരാള്‍ മാത്രം മത്സരിക്കുന്നില്ല!!

ഒരാള്‍ മാത്രം മത്സരിക്കുന്നില്ല !!

ആര്‍ക്കാണിവിടെ പേടി?

ആര്‍ക്കാണ് പേടി? നവകേരള മാര്‍ച്ചിനിടെ പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയ ഉത്തരം ഏതാനും നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എന്തോ വലിയ കെണിയാണ് എന്ന മട്ടിലാണ് പലരും വ്യാഖ്യാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനമല്ലെന്ന പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പരാമര്‍ശംകൂടി ചോദിച്ചുവാങ്ങിയതോടെ സിപിഐ എം നേതൃത്വത്തിന്റെ വൈരുധ്യങ്ങള്‍കൂടി പുറത്തുകൊണ്ടുവന്ന സംതൃപ്തിയിലായി. ഈ തെരഞ്ഞെടുപ്പ് മൂന്നുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലായിരിക്കുമെന്ന് പ്രതിപക്ഷ നേതാവും പ്രസ്താവിച്ചിട്ടുണ്ട്.
അങ്ങനെതന്നെ ആയിക്കോട്ടെ. ആര്‍ക്കാണിവിടെ പേടി? ഇതിനുമുമ്പ് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായി അഞ്ചുവര്‍ഷം യുഡിഎഫ് കേരളം ഭരിച്ചുവല്ലോ. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെയും എല്‍ഡിഎഫിന്റെ മൂന്നുവര്‍ഷത്തെയും താരതമ്യപ്പെടുത്തി വിധി പ്രസ്താവിക്കട്ടെ.

ഒന്ന്. പാവങ്ങളുടെ പെന്‍ഷന്‍:

യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തിനിടയില്‍ സര്‍ക്കാരില്‍നിന്നോ ക്ഷേമനിധികളില്‍നിന്നോ ഉള്ള പെന്‍ഷന്‍ ഒരു തവണപോലും വര്‍ധിപ്പിച്ചില്ല. ശരാശരി രണ്ടുവര്‍ഷത്തെ പെന്‍ഷന്‍ കുടിശ്ശികയുമാക്കി. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കുടിശ്ശിക തീര്‍ത്തു. പെന്‍ഷന്‍ 110-120 രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് 274 കോടി രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനായി അനുവദിച്ചപ്പോള്‍ 2009 വിഷു ഗഡു അടക്കം 443 കോടി രൂപ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ചെലവഴിച്ചുകഴിഞ്ഞു. ക്ഷേമനിധികളുടെ അംശാദായം വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ ഭാരം ഏറ്റെടുത്തുകൊണ്ടാണ് വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണംചെയ്യുന്നത്. മറ്റു പെന്‍ഷനുകളൊന്നും ലഭിക്കാത്ത 65 വയസ്സുകഴിഞ്ഞ എല്ലാ പാവപ്പെട്ടവര്‍ക്കും 100 രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പീടികത്തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, ലോട്ടറി വില്‍പ്പനക്കാര്‍, കക്കാവാരല്‍ തൊഴിലാളികള്‍ തുടങ്ങി പുതിയ വിഭാഗങ്ങള്‍ക്കും ക്ഷേമനിധി രൂപീകരിച്ചു.

രണ്ട്. റേഷന്‍:

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 116 കോടി രൂപ റേഷന്‍ സബ്സിഡിയായി നല്‍കിയിരുന്നു. പിന്നീടുവന്ന യുഡിഎഫിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് ആകെ റേഷന്‍ സബ്സിഡിയായി നല്‍കിയത് 58 കോടിരൂപ മാത്രമാണ്. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രഥമ മൂന്നൂവര്‍ഷംകൊണ്ട് മാത്രം 360 കോടി രൂപ ധനസഹായം റേഷന്‍ വാങ്ങുന്നവര്‍ക്കു നല്‍കി. പുതിയ ബജറ്റില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരിയും ഗോതമ്പും നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് 250 കോടിരൂപ ചെലവു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്സവച്ചന്തകള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 30 കോടിരൂപ വീതമാണ് ചെലവഴിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 50 കോടി രൂപയാണ് ചെലവഴിക്കുന്നത്.

മൂന്ന്. കടാശ്വാസം:

1500 കൃഷിക്കാര്‍ കടംകയറി ആത്മഹത്യ ചെയ്തത് യുഡിഎഫിന്റെ ഭരണകാലത്താണ്. ഈ ഹതഭാഗ്യരുടെ കടംപോലും എഴുതിത്തള്ളുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വേണ്ടിവന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം മൊറട്ടോറിയം ഏര്‍പ്പെടുത്തി സമഗ്രമായ കടാശ്വാസ നിയമത്തിന് രൂപംനല്‍കി. കേന്ദ്രസര്‍ക്കാരിനുപോലും കടാശ്വാസ പദ്ധതി പ്രഖ്യാപിക്കുന്നതിന് കേരളത്തിലെ നിയമം പ്രചോദനമായി എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കേരളത്തിലെ കൃഷിക്കാരുടെ കടഭാരത്തില്‍ നല്ലപങ്ക് കേന്ദ്ര സ്കീംവഴി ഇല്ലാതായി. എങ്കിലും ഇതിനകം 150 കോടി രൂപ വിദര്‍ഭ പാക്കേജിന്റെ സംസ്ഥാനവിഹിതമായും വയനാട്ടിലെ കൃഷിക്കാര്‍ക്കുള്ള കടാശ്വാസമായും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റിലും 25 കോടി രൂപ കടാശ്വാസ കമീഷന്റെ തീര്‍പ്പുകള്‍ നടപ്പാക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമീഷന്റെ ചുവടുപിടിച്ച് മത്സ്യമേഖലയിലും കടാശ്വാസ കമീഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ബജറ്റില്‍ പട്ടികജാതി /വര്‍ഗക്കാര്‍ക്കും കടാശ്വാസം പ്രഖ്യാപിച്ചിരിക്കുകയാണ്. 25,000 രൂപവരെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും എടുത്ത വായ്പകള്‍ എഴുതിത്തള്ളുകയാണ്. 1996നു മുമ്പുള്ള പാവപ്പെട്ടവര്‍ക്കുള്ള ഭവനവായ്പകളുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നതിനും അവരുടെ ആധാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്.

നാല്. പാര്‍പ്പിടം:

യുഡിഎഫ് ഭരണകാലത്ത് വര്‍ഷത്തില്‍ ശരാശരി ഏതാണ്ട് 50,000 വീടുകള്‍ വീതമാണ് നിര്‍മിച്ചത്. എല്‍ഡിഎഫിന്റെ ആദ്യരണ്ടുവര്‍ഷങ്ങളിലെ ശരാശരി 80,000 വീടുകള്‍വരും. ഇന്നിപ്പോള്‍ അഞ്ച് ലക്ഷം വീട് രണ്ടുവര്‍ഷംകൊണ്ട് പണിയുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കിടപ്പാടമില്ലാത്തവരടക്കം മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചുനല്‍കുന്നതിന് 2000 കോടി രൂപ ചെലവു വരും. എല്ലാ വീടും വൈദ്യുതീകരിക്കാനുള്ള പദ്ധതിക്കും തുടക്കമായി. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളും പുതുതായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ഏതാണ്ട് 1000 കോടി രൂപയുടെ പദ്ധതികളും ജലനിധി രണ്ടാംഘട്ടവും കൂടിച്ചേരുമ്പോള്‍ കേരളത്തിന്റെ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിക്കാനാകും.

അഞ്ച്. ആരോഗ്യ ഇന്‍ഷുറന്‍സ്:

പൊതു ആരോഗ്യ സംവിധാനത്തിന്റെ പരിപൂര്‍ണമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു നടപടിയായിരുന്നു യുഡിഎഫ് ആവിഷ്കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീം. അതേസമയം ആരോഗ്യ ഇന്‍ഷുറന്‍സിനെ തള്ളിക്കളയാനും കഴിയില്ല. കാരണം ഇതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സംസ്ഥാനത്തിന് നഷ്ടപ്പെടും. അതുകൊണ്ട് പൊതു ആരോഗ്യ സംവിധാനത്തെ സംരക്ഷിച്ചുകൊണ്ട് കേന്ദ്ര ഇന്‍ഷുറന്‍സ് സ്കീം നടപ്പാക്കുന്നിനാണ് നമ്മള്‍ ശ്രമിച്ചിരിക്കുന്നത്. പൊതു ആരോഗ്യസംവിധാനത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും അവ ഇല്ലാത്തിടത്തുമാത്രമായി സ്വകാര്യമേഖലയുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരിന്റെ ബിപിഎല്‍ ലിസ്റില്‍വരുന്ന 12 ലക്ഷത്തില്‍ താഴെ വരുന്ന കുടുംബങ്ങള്‍ക്കു മാത്രമായി ഇന്‍ഷുറന്‍സ് പരിമിതപ്പെടുത്തുന്നതിനുപകരം കേരളത്തിലെ മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഈ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കും. ഇതിനുപുറമെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി കുടുംബങ്ങള്‍, ആശ്രയ സ്കീമില്‍പ്പെട്ടവര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മൊത്തം അടങ്കല്‍ 83 കോടി രൂപയാണ്. ഇതില്‍ 30 കോടി രൂപ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. ബാക്കി സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പണം പൂര്‍ണമായി ബന്ധപ്പെട്ട ആശുപത്രി വികസന സമിതികള്‍ക്കു നല്‍കുന്നതാണ്.

ആറ്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍:

കേരളത്തില്‍ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു. ആവശ്യമായ പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കി. നിയമന നിരോധനം നീക്കംചെയ്തു. യുഡിഎഫ് കാലത്ത് ആരംഭിച്ച പ്ളസ് ടു, വൊക്കേഷണല്‍ സ്കൂളുകള്‍ക്കുപോലും തസ്തികകളിലേക്കുള്ള അധ്യാപകനിയമനം ഇപ്പോഴാണ് നടന്നത്. കോളേജുകളിലെ നിയമനം 2001 വരെയുള്ളത് റഗുലറൈസ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു. പത്താംക്ളാസുവരെ ഉച്ചയൂണ് പരിപാടി ആവിഷ്കരിച്ചു. സ്കൂള്‍ക്കുട്ടികള്‍ക്ക് വിപുലമായ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. 2009-10ല്‍ 32 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 100 കോടി രൂപയുടെ കോര്‍പസ് ഫണ്ടിനും തുടക്കംകുറിച്ചു.

ഏഴ്. പട്ടികജാതി/ പട്ടികവര്‍ഗം:

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്റൈപെന്‍ഡ്, ലംപ്സം ഗ്രാന്റ് തുടങ്ങിയ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റു സഹായവും ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഗണ്യമായി ഉയര്‍ത്തി. 40 കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക കൊടുത്തുതീര്‍ത്തു. സ്വാശ്രയ കോളേജുകളിലെ ഫീസുകളടക്കം സര്‍ക്കാരാണ് നല്‍കുന്നത്. 2009-10ലെ ബജറ്റില്‍ പ്രീ-മെട്രിക് ഹോസ്റലുകളിലെ മെസ് അലവന്‍സ് 700 രൂപയില്‍നിന്ന് 1300 രൂപയായും പോസ്റ് മെട്രിക് ഹോസ്റലുകളിലേത് 900 രൂപയില്‍നിന്ന് 1500 രൂപയായും ഉയര്‍ത്തിയിരിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വികസന പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 2000 രൂപയില്‍നിന്ന് 2500 രൂപയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ചുകൊണ്ട് ഭൂമിയില്ലാത്തവര്‍ക്കു മുഴുവന്‍ കിടപ്പാടവും വീടില്ലാത്തവര്‍ക്കെല്ലാം വീടും നല്‍കുന്നതിനുള്ള പരിപാടി നടപ്പാക്കും.

എട്ട്. മത്സ്യത്തൊഴിലാളികള്‍:

ഏറ്റവും സമഗ്രവും നാടകീയവുമായ മാറ്റമുണ്ടായത് മത്സ്യമേഖലയിലാണ്. രണ്ടു രൂപയ്ക്ക് റേഷനരി നല്‍കുന്ന പദ്ധതിയിലും സ്വാശ്രയ കോളേജുകളിലെ വിദ്യാഭ്യാസ ആനൂകൂല്യത്തിന്റെ കാര്യത്തിലും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി. കയറ്റുമതിക്കാരുടെ അംശാദായം ഇല്ലാതിരുന്നിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തി. കയറ്റുമാതിക്കാരില്‍നിന്ന് അംശാദായം ഉറപ്പുവരുത്താന്‍ പുതിയ നിയമം ഉണ്ടാക്കി കുടിശ്ശിക തീര്‍ത്തു. മസൂകാല ട്രോളിങ് നിരോധനത്തില്‍നിന്ന് പരമ്പരാഗത മേഖലയെ ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തി. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തീരദേശ പാത സ്റേറ്റ് ഹൈവേയാക്കുന്നതിനുവേണ്ടി 500 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മുഴുവന്‍ ഫിഷിങ് ഹാര്‍ബറുകളും നിര്‍മാണ ഭരണാനുമതി നല്‍കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കൃഷിക്കാരെപ്പോലെ കടാശ്വാസം പ്രഖ്യാപിച്ചു. ഇനിയിപ്പോള്‍ മത്സ്യസമ്പത്തിനുമേല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വത്തവകാശം നല്‍കുന്ന സമഗ്ര ജലപരിഷ്കരണ നിയമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഒമ്പത്. പരമ്പരാഗത വ്യവസായം:

പാവങ്ങള്‍ ഉപജീവനം നടത്തുന്ന പരമ്പരാഗത വ്യവസായങ്ങളോടുള്ള യുഡിഎഫിന്റെ അവഗണനാപരമായ നടപടിയല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേത്. കശുവണ്ടി, കയര്‍, ഖാദി എന്നീ വ്യവസായങ്ങള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 79 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിച്ചത്. എല്‍ഡിഎഫ് ഭരണകാലത്താകട്ടെ 2009-10ലെ ബജറ്റ് അടക്കം 165 കോടി രൂപയാണ് ഈ വ്യവസായങ്ങള്‍ക്ക് ചെലവഴിക്കുന്നത്.

പത്ത്. കാര്‍ഷിക മേഖല:

കാര്‍ഷികമേഖലയില്‍ സ്വീകരിച്ച നടപടികള്‍ കൃഷിക്കാരുടെ ആത്മഹത്യക്ക് വിരാമമിട്ടു. കൃഷിക്കാര്‍ക്ക് ക്ഷേമപദ്ധതി ആരംഭിച്ചു, ക്ഷീരകൃഷിക്കാര്‍ക്ക് കാലിത്തീറ്റയ്ക്ക് കിലോയ്ക്ക് 50 പൈസ സബ്സിഡിയായി നല്‍കി. നെല്‍കൃഷിക്ക് പലിശരഹിത വായ്പ, വിള ഇന്‍ഷുറന്‍സ്, 11 രൂപയ്ക്ക് സംഭരണം, വിത്ത്, വളം, കീടനാശിനി, വൈദ്യുതി, പമ്പിങ് എന്നിവയ്ക്ക് വര്‍ധിപ്പിച്ച സബ്സിഡി തുടങ്ങിയവ ഒരു പാക്കേജായി നടപ്പാക്കിയതിന്റെ ഫലമായി കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായി നെല്‍വയല്‍ വിസ്തൃതി 2008-09ല്‍ വര്‍ധിച്ചു. യുഡിഎഫിന്റെ കാലത്ത് നെല്ലു സംഭരണത്തിന് ഒരു രൂപാപോലും ചെലവഴിച്ചിട്ടില്ല. മൂന്നുവര്‍ഷംകൊണ്ട് നെല്ലുസംഭരണത്തിന് സബ്സിഡിയായി മാത്രം 117 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചു. കൃഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. വിധവകള്‍, വികലാംഗര്‍, അഗതികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ധസഹായത്തില്‍ ഗണ്യമായ വര്‍ധനയാണ് വരുത്തിയത്. കേരളത്തിലുള്ള മറുനാടന്‍ തൊഴിലാളികള്‍ക്കുകൂടി ക്ഷേമനിധി ആരംഭിക്കാന്‍പോവുകയാണ്.

ഇപ്രകാരം സര്‍വതലസ്പര്‍ശിയായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് യുഡിഎഫ് തകര്‍ത്ത ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരിക്കുന്നു.

ടി എം തോമസ് ഐസക്

Sunday, March 29, 2009

മിലിത്തിയോസ് .... you said it...

മതതീവ്രവാദം വളര്‍ത്തുന്ന ബിജെപിക്കും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുന്ന കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കുമെതിരായ ജനവിധിയാണുണ്ടാകേണ്ടത്. ചെറിയൊരു ശതമാനത്തിന്റെ നേട്ടത്തിനായി ഭൂരിപക്ഷത്തിന്റെ ജീവിതസാഹചര്യം അപകടപ്പെടുത്തുന്ന ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയം സൃഷ്ടിച്ച ആപത്ത് നാം അനുഭവിക്കയാണ്. മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയും രാജ്യത്തെ മതതീവ്രവാദത്തിന്റെ ആപത്തിലേക്കു നയിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ രാഷ്ട്രീയം ജനങ്ങള്‍ കണ്ടു. ഈ രണ്ടു രാഷ്ട്രീയശക്തിയെയും അവരുടെ ആശയത്തെയും ചെറുക്കണം. ഈ സാഹചര്യത്തിലാണ് ഭൂരിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി. പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ കഴിവുള്ള പുരോഗമന മതനിരപേക്ഷ രാഷ്ട്രീയനേതൃത്വമാണ് രാജ്യത്ത് അധികാരത്തില്‍ വരേണ്ടത്.

മതം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമോ സാംസ്കാരിക പ്രവര്‍ത്തനമോ രാജ്യത്തിന് ആപത്താണ്. വരുണ്‍ഗാന്ധിയുടെ മുസ്ളിം വിരുദ്ധ പ്രസംഗം ഇതിന്റെ ഉദാഹരണമാണ്. വരുണിന് രാഷ്ട്രീയത്തിലുള്ള പരിചയക്കുറവുകൊണ്ടാണ് തുറന്നു പ്രസംഗിച്ചത്. ബിജെപിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയശൈലി അന്യമതവിരോധമാണ്.

ആഗോളവല്‍ക്കരണവും സാമ്രാജ്യത്വപ്രീണനവും മുറുകെപ്പിടിച്ച കോണ്‍ഗ്രസ് രാജ്യത്തെ ദരിദ്രവല്‍ക്കരിച്ചു. അമേരിക്കയില്‍വരെ ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകുന്നു. പുത്തന്‍ സാമ്പത്തികനയത്തിന്റെ അപകടം ഒബാമപോലും വിളിച്ചുപറയുന്നു. ലോകം മുഴുവന്‍ ഈ ആപത്ത് അനുഭവിക്കുമ്പോഴും നമ്മുടെ ഭരണാധികാരികള്‍ വേറെ വഴിക്കാണ് ചിന്തിക്കുന്നത്. ഭാരതത്തിന്റെ ദേശീയത, സാമ്പത്തിക സ്വാതന്ത്ര്യം, മതനിരപേക്ഷത തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കണം. പാവങ്ങളെ സഹായിക്കുന്ന പുരോഗമനശക്തി അധികാരത്തില്‍ വന്നാലേ ഈ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകൂ.

വടക്കേ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇടതുപക്ഷത്തിന്റേത് ശക്തമായ ഇടപെടലായിരുന്നു. ഒറീസയിലെ സിപിഐ എം ഓഫീസില്‍ വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത് ലോകം മുഴുവന്‍ ശ്രദ്ധിച്ചു. കേരളത്തില്‍ കത്തോലിക്കാ സഭയുടെ ചില മെത്രാന്മാര്‍ ഇടതുപക്ഷത്തിനെതിരെ രംഗത്തുവരുന്നത് സ്ഥാപിത താല്‍പ്പര്യങ്ങള്‍കൊണ്ടാണ്. ഒരു കാലത്ത് സഭയെ നയിച്ചത് സേവനമാണെങ്കില്‍ ഇന്ന് കച്ചവടമാണ്. നഷ്ടം വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇതൊന്നും വിഷയമല്ല. മെത്രാന്മാര്‍ ആര്‍ക്കെങ്കിലും വോട്ടുചെയ്യാന്‍ പറഞ്ഞാല്‍വിശ്വാസികള്‍ അംഗീകരിക്കില്ല. ഇടയലേഖനംകൊണ്ട് ഒരു ശതമാനം വിശ്വാസികളുടെപോലും മനസ്സുമാറ്റാനാകില്ല. പള്ളികളായതിനാലാണ് വിശ്വാസികള്‍ ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കാത്തത്.

ഓര്‍ത്തഡോക്സ് സുറിയാനി സഭ തൃശൂര്‍ ഭദ്രാസന മെത്രാപൊലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ദേശാഭിമാനി അഭിമുഖത്തില്‍ പറഞ്ഞത്.

മനോരമയുടെ ക്രിമിനല്‍പ്രവര്‍ത്തനം അതിരുകടക്കുമ്പോള്‍

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മലയാള മനോരമ അടിച്ചുവിടുന്ന നുണക്കഥകള്‍ ആരിലും അറപ്പുളവാക്കും. നുണക്കഥകളില്‍ ഒടുവിലത്തേതാണ് വെള്ളിയാഴ്ച ഒന്നാം പേജിലെ മുഖ്യവാര്‍ത്ത. അത് കുറെ കടന്നുപോയി. എല്‍ഡിഎഫ്, പിഡിപിയുടെ സഹകരണം സ്വീകരിക്കുന്നതിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പാര്‍ടി ജനറല്‍ സെക്രട്ടറിക്ക് കത്ത് അയച്ചെന്ന് അവകാശപ്പെട്ടാണ് വാര്‍ത്ത. മാത്രമോ. കത്തിന്റെ പൂര്‍ണരൂപവും കൊടുത്തുകളഞ്ഞു. ഏതാനും മണിക്കൂറേ ഈ നുണയ്ക്ക് ആയുസ്സുണ്ടായുള്ളു. അങ്ങനെയൊരു കത്തില്ലെന്ന് പ്രകാശ് കാരാട്ട് ഡല്‍ഹിയിലും വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തും പിണറായി വിജയന്‍ കോട്ടയത്തും വ്യക്തമാക്കി. ഇല്ലാത്ത കത്തിന്റെ ഉള്ളടക്കം ഇത്ര ഭംഗിയായി പ്രസിദ്ധീകരിക്കാന്‍ മലയാള മനോരമക്കേ കഴിയൂ. നല്ല ഭാവന. പത്രങ്ങള്‍ക്കെല്ലാം രാഷ്ട്രീയപക്ഷവും പക്ഷപാതിത്വവും ഉണ്ടെങ്കിലും അത് ഈ നിലവാരത്തിലേക്ക് പോയാല്‍ വായനക്കാര്‍ എന്തു ചെയ്യും?

മനോരമ ചെയ്തുകൊണ്ടിരിക്കുന്നതിനെ പത്രപ്രവര്‍ത്തനം എന്ന് വിളിക്കാന്‍ കഴിയില്ല. ക്രിമിനല്‍ പ്രവര്‍ത്തനമാണിത്. വ്യാജരേഖയുണ്ടാക്കുന്നതിന് തുല്യം. കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ വി എസ് അച്യുതാനന്ദന്റെ കത്ത് എന്ന പേരില്‍ ഒരു സാധനമുണ്ടാക്കി അടിച്ചു വിതരണം ചെയ്യുന്നത് ഗുരുതരമായ ക്രിമിനല്‍ക്കുറ്റമല്ലേ. തെരഞ്ഞെടുപ്പ് കമീഷനും പൊലീസും ഇതിനെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. തങ്ങള്‍ അടിച്ചുവിടുന്നത് ജനങ്ങള്‍ വിശ്വസിക്കാറില്ല, അതുകൊണ്ട് ആര്‍ക്കും നഷ്ടമുണ്ടായിട്ടില്ല എന്ന് മനോരമ വാദിക്കുമായിരിക്കാം. നിയമനടപടിയില്‍നിന്ന് രക്ഷപ്പെടാന്‍ അത് പഴുത് നല്‍കുന്നില്ല. കേരളത്തില്‍ എല്‍ഡിഎഫിനും അതിന്റെ സ്ഥാനാര്‍ഥികള്‍ക്കും എതിരെ നിത്യവും നടത്തുന്ന അപവാദപ്രചാരണം, അതു ഒരു പത്രത്തിന്റെ ലേബലിലായാല്‍പ്പോലും, അനുവദിക്കാമോ എന്നതാണ് പ്രശ്നം. സ്ഥാനാര്‍ഥികള്‍ക്കും കക്ഷികള്‍ക്കും എതിരെ അപവാദം പ്രചരിപ്പിക്കുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരം കുറ്റമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അപവാദപ്രചാരണമല്ലാതെ മറ്റൊന്നും മനോരമയില്‍ ഇല്ല. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ബുള്ളറ്റിനായി അത് മാറിയിട്ടുണ്ട്. അതില്‍ പരാതിപ്പെടാന്‍ പത്രം കാശുകൊടുത്ത് വാങ്ങുന്നവര്‍ക്കു മാത്രമേ അവകാശമുള്ളു. എന്നാല്‍, നുണ പ്രചരിപ്പിക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇതിനെ നിയമപരമായിത്തന്നെ നേരിടണം. നിയമത്തിന് പല്ലില്ലെങ്കില്‍ അതുണ്ടാക്കണം. കൂടുതല്‍ പ്രചാരവും കൂടുതല്‍ വരുമാനവും ഉള്ളതുകൊണ്ട് അപവാദപ്രചാരണം പത്രപ്രവര്‍ത്തനമാകുന്നില്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നില രാജ്യത്താകെ മോശമായതിനാല്‍ വരുംദിവസങ്ങളില്‍ ഇതിലും വലിയ നുണബോംബുകള്‍ പ്രതീക്ഷിക്കാം. കേരളത്തിലാണെങ്കില്‍ ഓരോ ദിവസവും പുതിയ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫ് പക്ഷത്തേക്ക് വരികയാണ്. അത് മനോരമയെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ടെന്ന് ജനതാദള്‍ ജില്ലാ ഘടകങ്ങളുടെ നിലപാടിനെക്കുറിച്ച് വെള്ളിയാഴ്ച കൊടുത്ത വാര്‍ത്തയില്‍നിന്ന് മനസ്സിലാകും. ഔദ്യോഗികപക്ഷം ജനതാദള്‍ യുഡിഎഫിന്റെ കൂടെ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. ജനതാദളിന്റെ ദേശീയ പ്രസിഡന്റ് ദേവഗൌഡ പറഞ്ഞത് പാര്‍ടി എല്‍ഡിഎഫിലാണെന്നാണ്. അപ്പോള്‍ ആരാണ് ഔദ്യോഗികം, ആരാണ് വിമതപക്ഷം?

മാര്‍ച്ച് 26ന് കുറ്റിപ്പുറത്ത് താന്‍ ഭയങ്കര ബോംബ് പൊട്ടിക്കുമെന്ന് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പലരും അമ്പരന്നു. പക്ഷേ, കുറ്റിപ്പുറത്ത് 26ന് ഒന്നും പൊട്ടിയില്ല. പൊട്ടിക്കാന്‍ കൊണ്ടുവന്നതൊക്കെ ചീറ്റിപ്പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിഡിപിയുടെ പിന്തുണ കിട്ടാന്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ കോയമ്പത്തൂര്‍ ജയിലിനു മുമ്പില്‍ ക്യൂ നിന്നിരുന്നെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി വെളിപ്പെടുത്തിയിരുന്നു. അതിന് മറുപടിയായാണ് 26ന് താന്‍ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയകേരളം അതിന് കാത്തിരുന്നു. പക്ഷേ, കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി കൊണ്ടുവന്നത് നനഞ്ഞ പടക്കങ്ങള്‍.

കുഞ്ഞാലിക്കുട്ടിയുടെ ബോംബിനെക്കുറിച്ച് മനോരമ: "ജയിലില്‍നിന്ന് മോചനം ലഭിക്കാന്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കത്തയച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി''. ഇതില്‍ ഞെട്ടാനും അത്ഭുതപ്പെടാനും എന്താണുള്ളതെന്ന് മനസ്സിലാകുന്നില്ല. കുറെ കത്തും കാസറ്റും കുറ്റിപ്പുറത്തെ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി എടുത്തുകാണിച്ചിരുന്നു. പക്ഷേ, ഒന്നും വായിച്ചില്ല, കേള്‍പ്പിച്ചില്ല.

പി പി അബൂബക്കര്‍

Saturday, March 28, 2009

ഉമ്മന്‍ചാണ്ടിയും പഴയ പത്രവും

പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ലേഖനം വ്യാഴാഴ്ച ഏതാനും പത്രങ്ങളില്‍ വന്നിട്ടുണ്ട്. വിഷയം മദനി. ഉള്ളടക്കം ഒന്നുതന്നെ. തൊണ്ണൂറുകളുടെ ആദ്യം സിപിഐ എം അബ്ദുള്‍ നാസര്‍ മദനിയെ ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ മദനിയുമായി സഹകരിക്കുന്നു. മുമ്പ് എതിര്‍ത്തിരുന്നെന്ന് തെളിയിക്കാന്‍ 1992 ഡിസംബറില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനപരമ്പര അദ്ദേഹം ഉദ്ധരിക്കുന്നു. സിപിഐ എം പഴയ നിലപാടിലേക്ക് പോകണം എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വാദം.

സിപിഐ എം മുമ്പ് മദനിയെയും അദ്ദേഹത്തിന്റെ മതതീവ്രവാദത്തെയും എതിര്‍ത്തിരുന്നുവെന്ന് സ്ഥാപിക്കാന്‍ തെളിവൊന്നും ഹാജരാക്കേണ്ടതില്ല. ആര്‍എസ്എസിന് ബദലായി ഐഎസ്എസ് ഉണ്ടാക്കി മദനി മുസ്ളിം യുവാക്കളെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തുറന്നെതിര്‍ത്തത് സിപിഐ എം മാത്രമാണെന്നതാണ് സത്യം. അക്കാലത്തെ കോണ്‍ഗ്രസ് പത്രത്തിലോ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മലയാള മനോരമയിലോ മദനിക്കെതിരായി ഒന്നും കാണില്ല. കാരണം, ആര്‍എസ്എസിനോടെന്നപോലെ മദനിയുടെ തീവ്രവാദ-വര്‍ഗീയ പ്രസ്ഥാനത്തോടും മൃദുനിലപാടായിരുന്നു ഇവര്‍ക്കെല്ലാം.

ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തിലൂടെ വ്യക്തമാകുന്നത് തീവ്രവാദത്തിലേക്കു പോയ മദനിയെ സിപിഐ എം ശക്തിയായി ആക്രമിച്ചിരുന്നുവെന്നു തന്നെയാണ്. എന്നാല്‍, അന്ന് മദനിക്ക് കോണ്‍ഗ്രസ് ഒത്താശചെയ്തു. സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍ മദനിയുടെ തീവ്രവാദം കണ്ടില്ലെന്നു നടിച്ചു. പില്‍ക്കാലത്ത് മദനി ഐഎസ്എസ് പിരിച്ചുവിട്ട് പിഡിപിയുണ്ടാക്കി. ഈ പാര്‍ടിയുമായി കോണ്‍ഗ്രസ് പല തെരഞ്ഞെടുപ്പിലും രഹസ്യവും പരസ്യവുമായ ധാരണയുണ്ടാക്കി. കാലം പിന്നെയും കടന്നുപോയി. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായി ഒമ്പതുവര്‍ഷത്തോളം മദനി ജയിലില്‍ കഴിഞ്ഞു. അന്നും യുഡിഎഫ് നേതൃത്വം മദനിയുടെ പിന്തുണയും വോട്ടും തേടിച്ചെന്നു. ജയിലില്‍നിന്ന് പുറത്തുവന്ന മദനി മതതീവ്രവാദം ഉപേക്ഷിച്ച് മതനിരപേക്ഷതയുടെ വഴിയിലേക്കു വന്നു. മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നത് ഇടതുപക്ഷമാണെന്ന് തിരിച്ചറിഞ്ഞ് പിന്തുണയ്ക്കാന്‍ തയ്യാറായി. ഈ പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കുന്നു. എന്നാല്‍, മദനിയുമായി രാഷ്ട്രീയ കൂട്ടുകെട്ടോ തെരഞ്ഞെടുപ്പ് സഖ്യമോ ഇല്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുമുണ്ട്. എല്‍ഡിഎഫിനെ സംബന്ധിച്ച് ഒന്നും മറച്ചുവയ്ക്കേണ്ടതില്ല.

ഉമ്മന്‍ചാണ്ടിയുടെ പ്രശ്നം മനസ്സിലാക്കാവുന്നതേയുള്ളു. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ദേശീയ പാര്‍ടിയായ കോണ്‍ഗ്രസും സിപിഐ എം വിരുദ്ധ മാധ്യമങ്ങളും മദനിയില്‍ തൂങ്ങി നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയം പറയാന്‍ കഴിയാത്തത്? അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെക്കറിച്ച് അവര്‍ എന്തെങ്കിലും പറയുന്നുണ്ടെന്നു തോന്നുന്നില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നില പരിതാപകരമായാല്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മദനിയില്‍ പിടിച്ചുനില്‍ക്കുകയല്ലാതെ വഴിയില്ല. മിക്കവാറും സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെ വിട്ടുപോയി. കോണ്‍ഗ്രസ് പോകുന്നത് പുറത്തേക്കാണെന്നതിന് ആര്‍ക്കും സംശയമുണ്ടാകില്ല. ആകെയുള്ള 543 സീറ്റില്‍ കോണ്‍ഗ്രസിന് അറുപത് സീറ്റ് കിട്ടിയാല്‍ നേട്ടം എന്നതാണ് ഇന്നത്തെ നില.

ദേശീയ രാഷ്ട്രീയത്തിലേക്കു പോയാല്‍ യുപിഎയുടെ അമേരിക്കന്‍ അനുകൂല വിദേശനയവും ഉദാരവല്‍ക്കരണ സാമ്പത്തിക നയവുമെല്ലാം ചര്‍ച്ചചെയ്യപ്പെടും. ഇടതുപക്ഷം എന്തുകൊണ്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെന്ന് വിശദീകരിക്കുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരം പണയംവയ്ക്കുന്ന ആണവകരാറിനെക്കുറിച്ച് പറയേണ്ടിവരും. ആണവകരാറും അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധവും പുനഃപരിശോധിക്കുമെന്ന് ധീരമായി പ്രഖ്യാപിച്ചത് ഇടതുപക്ഷമാണ്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ കോണ്‍ഗ്രസോ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളോ ആഗ്രഹിക്കുന്നില്ല. ചുവരെഴുത്ത് അവര്‍ മനസ്സിലാക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രകടനപത്രിക വ്യാഴാഴ്ച പുറത്തുവന്നു. ആണവകരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുന്നവരെ പിന്തുണയ്ക്കാനാണ് ആഹ്വാനം. ജനങ്ങളുടെ സാമ്രാജ്യത്വവിരോധം വോട്ടെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ ചില മാധ്യമങ്ങളോ ചില നേതാക്കളോ ശ്രമിച്ചാല്‍ വിജയിക്കില്ല.

പി പി അബൂബക്കര്‍

Friday, March 27, 2009

മറനീക്കുന്ന മാധ്യമ പക്ഷപാതം

മാധ്യമങ്ങള്‍ക്കെന്തുപറ്റിയെന്ന് ചില ശുദ്ധാത്മാക്കളെങ്കിലും അത്ഭുതംകൂറുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെയും, ചില ചാനലുകളുടെയും നിഷ്പക്ഷനാട്യം വിശ്വസിക്കുന്നവര്‍ക്കാണ് തെറ്റുപറ്റിയത്. ഭാരതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു വിധിയെഴുത്തിന് ജനത തയ്യാറെടുക്കുമ്പോള്‍, നിര്‍ലജ്ജം വലതുപക്ഷ ദാസ്യം പുറത്തെടുക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ആരാണ് ഇടതുപക്ഷത്തെ പ്രൊഫഷണലായി ആക്രമിക്കുന്നത് എന്നതിലാണ് മത്സരം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തള്‍ ഇടതുപക്ഷ വിരുദ്ധവും വിശേഷിച്ച് മാര്‍ക്സിസ്റ്റ് വിരുദ്ധവുമായി മാറിക്കഴിഞ്ഞു.

നിയോജകമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയംചെയ്തുകഴിഞ്ഞാല്‍ പുതിയ സീറ്റുകളുടെ വിഭജനം സംബന്ധിച്ച് മുന്നണികളില്‍ ചര്‍ച്ചകളും തര്‍ക്കങ്ങളും പതിവാണ്. 1982ലാണ് ഇന്നത്തെ നിലയില്‍ എല്‍ഡിഎഫ് ആദ്യമായി കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1984ല്‍ ലോകസഭാ തെരഞ്ഞെടുപ്പിലും. മണ്ഡലങ്ങള്‍ മാറിമറിഞ്ഞശേഷം അതിന്റെ വിഭജനം സംബന്ധിച്ച് എല്‍ഡിഎഫില്‍ അഭിപ്രായവ്യത്യാസമുണ്ടായി. അത് മുന്നണിയെ തകര്‍ത്തുവെന്ന നിലയിലാണ് മാധ്യമപ്രചാരണം.

യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഏക സീറ്റായ പൊന്നാനിയില്‍ എങ്ങനെ യുഡിഎഫിനെ തോല്‍പിക്കാം എന്നതിനെ സമംബന്ധിച്ചായിരുന്നു യഥാര്‍ത്ഥത്തില്‍ തര്‍ക്കം. മുന്നണിയിലെ എല്ലാ കക്ഷികളും ഒരേ അളവില്‍ അത് ഉള്‍ക്കൊണ്ടില്ല എന്ന് നിരീക്ഷിക്കാമെങ്കിലും മുന്നണിയെ അത് തകര്‍ത്തുവെന്ന് ദീര്‍ഘദര്‍ശനം ചെയ്യുന്ന തിരക്കിലായി മാധ്യമങ്ങള്‍. സിപിഐക്കും സിപിഐ (എം)നും "ഒരത്താണി''യേയുള്ളുവെന്നും അത് ഭാരതത്തിലെ ഇടതുപക്ഷ ഐക്യത്തിലാണെന്നും കൃത്യമായി തിരിച്ചറിയുന്ന നേതൃത്വം ഈ പാര്‍ടികള്‍ക്കുണ്ട്. സിപിഐ-സിപിഐ (എം) സീറ്റുവിഭജനം പൂര്‍ത്തിയാകുന്നതായി വ്യക്തമാക്കിക്കഴിഞ്ഞിട്ടും മാര്‍ച്ച് 18ന് മലയാളമനോരമ ലീഡ് കാച്ചുന്നത് നോക്കുക "സിപിഐ വോട്ട് നോക്കേണ്ടെന്ന് സിപിഐ (എം)''. ലാവ്ലിന്‍ കേസില്‍ പിണറായിയെ തുണയ്ക്കേണ്ടെന്ന് സിപിഐയും. ഇത്തരമൊരു വ്യാജവാര്‍ത്ത ആലപ്പുഴയില്‍നിന്ന് സ്വന്തം ലേഖകനായ ഇലങ്കത്ത് ജയചന്ദ്രനെന്ന വിദ്വാന്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ എന്ത് സത്യമാണുള്ളത്. നിയമസഭാ മണ്ഡലം തലത്തില്‍ പാര്‍ടി അംഗങ്ങളുടെ ജനറല്‍ബോഡി യോഗങ്ങളിലാണ് ഇത് റിപ്പോര്‍ട്ടുചെയ്തതെന്നാണ് കണ്ടുപിടുത്തം. സിപിഐ (എം) തെരഞ്ഞെടുപ്പ്കാലത്ത് അത്തരമൊരു യോഗം നടത്തിയിട്ടില്ല. റിപ്പോര്‍ട്ട്ചെയ്തിട്ടുമില്ല. എല്‍ഡിഎഫ് യോജിച്ചു മത്സരിക്കുമെന്നാണ് സിപിഐ (എം) എക്കാലത്തും പറയുന്നതും. സീറ്റ് വിഭജനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരുമിച്ചണിനിരക്കാനുള്ള എല്‍ഡിഎഫ് ശ്രമത്തെ തടയാനാവില്ലെങ്കിലും തങ്ങളുടെ വലതുപക്ഷ വായനക്കാരില്‍ അല്‍പമെങ്കിലും ആശയും നിഷ്പക്ഷരായ വോട്ടര്‍മാരില്‍ മുന്‍വിധിയും ഉണ്ടാക്കാനുള്ള കരുട്ടുബുദ്ധിയല്ലേ അത്.

ലാവ്ലിന്‍ കേസിന്റെ കാറ്റുപോയതില്‍ മനോരമയ്ക്കു മാത്രമല്ല. ഏഷ്യാനെറ്റിനും വല്ലാത്ത ഉത്കണ്ഠയാണ്. ലാവ്ലിന്‍ കേസിന്റെ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ സിപിഐ (എം)നു കഴിഞ്ഞു. അപ്പോള്‍ പ്രതിസ്ഥാനത്ത് കേന്ദ്രസര്‍ക്കാരും സിബിഐയുമാണ്. സിപിഐ (എം) സംസ്ഥാനസെക്രട്ടറിയെ ആക്രമിച്ച് പാര്‍ടിയെ തകര്‍ക്കാനുള്ള ആ നീക്കം പാര്‍ടി കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ നേരിട്ടപ്പോള്‍ ലാവ്ലിന്‍ കഥകള്‍ ആവിയായതിന്റെ ജാള്യം വലതുപക്ഷത്തിനുണ്ട്. അത് തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് കൊണ്ടുവന്നതെങ്കിലും അത് എടുക്കാത്ത നാണയമായി.

തെരഞ്ഞെടുപ്പിനിടയില്‍ യുഡിഎഫിലും കോണ്‍ഗ്രസിലുമുണ്ടായ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. സീറ്റ് വിഭജനത്തില്‍ യുഡിഎഫിലെ എല്ലാ ചെറിയ കക്ഷികള്‍ക്കും പരാതിയുണ്ട്. കോണ്‍ഗ്രസ് പാര്‍ടിയിലെ നിഴല്‍യുദ്ധം ചെന്നിത്തലയുടെ കേരള യാത്രയില്‍ കണ്ടതാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റിനെ പൊടുന്നനവെ മാറ്റി പുതിയൊരാളെ വാഴിച്ചു. അയാള്‍ ലഡു കൊടുക്കുന്നതും ചെന്നിത്തല അത് വിഴുങ്ങുന്നതും കാണാം. അടുത്തസീനില്‍ പുതിയ യൂത്ത് പ്രസിഡന്റിനെ മാറ്റി ഉമ്മന്‍ചാണ്ടി സിദ്ധിക്കുമായി വീണ്ടും വരുന്ന കാഴ്ചയാണ്. ഈ അപഹാസ്യനാടകം ചെന്നിത്തല-ചാണ്ടിയെന്ന ഇരട്ട നേതൃത്വത്തിലെ ഐക്യത്തിന്റെ ആഴം വ്യക്തമാക്കിയെങ്കിലും ചാനലുകള്‍ക്കോ പത്രങ്ങള്‍ക്കോ അതിലൊന്നും താല്‍പര്യമേയില്ല. സുധീരനും വയലാര്‍രവിയും തമ്മില്‍ നടക്കുന്ന തുറന്ന പോരും വാര്‍ത്തയല്ല.

കേന്ദ്രത്തില്‍ ഇടതുപക്ഷ നേതൃത്വത്തില്‍ ദേശീയ ശക്തി ഒന്നാം മുന്നണിയായിക്കഴിഞ്ഞു. അതിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഭരണത്തിലേക്ക് എത്തുമോയെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. യുപിഎ സ്വയം ഇല്ലാതായി. ലാലുവും മുലായംസിംഗും പസ്വാനും ചേര്‍ന്ന് കോണ്‍ഗ്രസിനെ ബിഹാറിലും യുപിയിലും അപമാനിക്കുന്നു. കോണ്‍ഗ്രസ് നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ള ഒരു പ്രാദേശിക കക്ഷിയായി മാറുന്നു. ബിജെപിയുടെ ഒറ്റപ്പെടല്‍ ഒറീസയിലെ രാഷ്ട്രീയ നീക്കങ്ങളോടെ സമ്പൂര്‍ണ്ണമായി. ഭരണത്തിലേറുമെന്ന് വീമ്പിളക്കി നടന്നിരുന്ന ഈ രണ്ട് മുന്നണികളുടെയും തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദേശീയ ബദല്‍ രൂപപ്പെടുന്നതിന്റെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍പോലും മിനക്കെടാതെ സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ ഇന്ത്യയിലെ കുഴലൂത്തുകാരായി മാധ്യമങ്ങള്‍ അധ:പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാണാനാകുന്നത്.

ഒരു മന്ത്രിയെപ്പറ്റി നമ്മുടെ മാധ്യമങ്ങള്‍ നല്ലതുപറയണമെങ്കില്‍ അദ്ദേഹം രാജിവെയ്ക്കണം. ജനതാദളിന്റെ മന്തിയായിരുന്ന മാത്യു ടി തോമസ് രാജിവച്ചപ്പോള്‍ അദ്ദേഹത്തെ മാധ്യമങ്ങള്‍ പ്രശംസകൊണ്ട് മൂടി. അഴിമതിരഹിതനും, കഴിവുറ്റവനുമായ ഗതാഗതമന്ത്രി നടത്തിയ ചടുല നീക്കങ്ങള്‍ ആ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ എത്ര പെട്ടന്നാണ് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞത്. മാത്യുടിതോമസ് മാത്രമല്ല, ഈ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കഴിവുതെളിയിച്ചവരല്ലേ. അവര്‍ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. ഇതുസംബന്ധിച്ച എല്ലാ ധാരണയും മാധ്യമങ്ങള്‍ക്കുണ്ടെന്നതിന്റെ തെളിവാണ് ഗതാഗതമന്ത്രിയുടെ രാജിയോടൊപ്പംതന്നെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ കൃത്യമായിപ്പറയാന്‍ മാധ്യമങ്ങള്‍ക്കായത്. കാര്യങ്ങള്‍ തങ്ങള്‍ക്കറിയാം. പക്ഷേ ഇടതുപക്ഷത്തിന് ഗുണമാകുന്ന ഒന്നും പറയുകയില്ല എന്ന കൃത്യമായ നിശ്ചയം മാധ്യമങ്ങള്‍ക്കുണ്ട്. ജനങ്ങളാകെ ഇടതുമുന്നണിക്കെതിരാണെന്ന് ചാനലുകളിലെ അങ്കര്‍മാര്‍ പലതും പ്രസ്താവിക്കുന്നതു കേട്ടു. നികേഷ്കുമാര്‍ അങ്ങനെ പറയുന്നത് പിതാവിനോടുള്ള സ്നേഹം കൊണ്ടാണെന്ന് തിരിച്ചറിയാം. എന്നാല്‍ മറ്റ് മാധ്യമങ്ങളോ? പുറത്തുവരുന്നത് വാര്‍ത്തകളല്ല, മാധ്യമങ്ങളുടെ കാപട്യംതന്നെയാണ്.

*

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരികയിൽ എഴുതിയ ലേഖനം

നമുക്ക് പരിചിതമായ ദുര്‍ഗന്ധം

മാര്‍ച്ച് 24, 2009ല്‍ ദ ഹിന്ദുവില്‍ വന്ന സിദ്ധാര്‍ത്ഥ് വരദരാജന്റെ ലേഖനത്തിന്റെ ഭാഷാന്തരം. ആന്റി ഇന്‍ ഹ്യൂമന്‍ ബ്ലോഗില്‍ വന്ന ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം

മുസ്ലീങ്ങളോടുള്ള വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന വരുണ്‍ ഗാന്ധിയുടെ പിലിഭിത് പ്രസംഗമാണോ അതോ ആ പ്രസംഗത്തിന്റെ അനിഷേധ്യമായ തെളിവുകള്‍ക്ക് മുന്നില്‍ പതറിയോടുന്ന ഭീരുത്വമോ - ഇതിലേതാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെതായി ഈയിടെ കേട്ട പ്രസ്താവനകളില്‍ കൂടുതല്‍ നിന്ദ്യമേതെന്ന് എനിക്ക് നിശ്ചയിക്കാനാവുന്നില്ല. ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും കാലത്തിനു മുന്‍പ് രാഷ്ട്രീയക്കാര്‍ അച്ചടിമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന തങ്ങളുടെ വാക്കുകളെ നിഷേധിച്ചിരുന്നത് തങ്ങളുടെ വാചകം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റിയോ തെറ്റായി ഉദ്ധരിക്കുകയോ ചെയ്തതാണെന്ന ന്യായം പറഞ്ഞുകൊണ്ടായിരുന്നു. കുറ്റകരമായ വാചകങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകള്‍ പത്രക്കാരന്റെ പക്കലുണ്ടായിരുന്നാല്‍ പോലും അത് നിരത്താനോ പ്രചരിപ്പിക്കാനോ ഉള്ള ഉപാധികളുടെ അഭാവത്തില്‍ അന്നൊക്കെ പ്രാസംഗികന്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. ഇനിയില്ല. വരുണ്‍ തന്റെ പ്രസംഗങ്ങളില്‍ പലയിടത്തും നിരന്തരമായി വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നല്ല, അനവധി വീഡിയോ,ഓഡിയോ റിക്കോഡിംഗുകളുണ്ട് ഇത് തെളിയിക്കുന്നതായിട്ട്.

വരുണിന്റെ ഉയര്‍ന്നു താഴുന്ന കരങ്ങളിലും ആവേശം കൊള്ളുന്ന ചുണ്ടുകളിലും മുസ്ലീങ്ങളെ വെട്ടാനും കൊല്ലാനുമുള്ള പരുക്കന്‍ പ്രതിജ്ഞകളിലും ഇന്ത്യ കണ്ടതും കേട്ടതും അകലങ്ങളുടെ സുഖകരമായ മറ ചീന്തിമാറ്റപ്പെട്ട ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് . "ഇത് [കോണ്‍ഗ്രസ്സിന്റെ] കൈപ്പത്തിയല്ലാ. ഇത് താമരയുടെ കൈയ്യാണ്. ഇലക്ഷനു ശേഷം ഇത് മുസ്ലീങ്ങളുടെ കഴുത്തു കണ്ടിക്കും", അയാള്‍ ഈ പറഞ്ഞത് മുസ്ലീങ്ങള്‍ ചേലാകര്‍മ്മം നടത്തുന്നതിനെ അര്‍ത്ഥമാക്കിക്കൊണ്ടുകൂടെയാണ്. നാം അതു കണ്ടു, കേട്ടു, മനസ്സിലാക്കി. അതിനാലാണ് ഈ ക്ലിപ്പിങ്ങുകള്‍ മായം ചേര്‍ത്തവയാണെന്ന വരുണ്‍ ഗാന്ധിയുടെ അവകാശവാദത്തെ ഇലക്ഷന്‍ കമ്മീഷന്‍ തള്ളിയതും അയാള്‍ ഇലക്ഷന്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതും.

ഇലക്ഷനില്‍ നിന്ന് അയോഗ്യനാക്കപ്പെടുന്നതോ തുറുങ്കിലടയ്ക്കപ്പെടുന്നതോ തടയാനായതെല്ലാം അയാള്‍ ചെയ്യുമെന്നത് നമുക്ക് മനസിലാക്കാവുന്ന കാര്യം തന്നെ.മുസ്ലീങ്ങളുടെ കഴുത്ത് കണ്ടിക്കുമെന്ന് പിലിഭിത്തില്‍ ആക്രോശിച്ച ഹിന്ദുത്വത്തിന്റെ യോദ്ധാവ് ദില്ലിയില്‍ വിതുമ്പുന്നു, താന്‍ സംസാരിച്ചത് മുസ്ലീങ്ങള്‍ക്കെതിരേയല്ല പ്രധാന മുന്നണിയുടെ വോട്ടപഹരിക്കുന്ന അപരന്മാരെക്കുറിച്ചാണ് എന്ന അസംബന്ധവുമായി.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരേ പ്രയോഗിക്കുന്ന "നിഗ്ഗര്‍" എന്ന അവഹേളനത്തിനു തുല്യമാണ് മുസ്ലീങ്ങള്‍ക്കെതിരേ വരുണ്‍ പ്രയോഗിച്ച "കട്ടുവാ" (കണ്ടിച്ച) എന്ന വാക്കും - അതിന്റെ സ്ഥാനം ഓടയിലാണ്, തെരഞ്ഞെടുപ്പ് പ്രസംഗത്തിലല്ല. മുസ്ലീം നാമങ്ങളെ ഭീതിജനകങ്ങളായി ചിത്രിക്കരിക്കുക മാത്രമല്ല, അവരെ രാത്രിയില്‍ കണ്ടാല്‍ ഹിന്ദുക്കള്‍ ഭയപ്പെടണം എന്നും അയാള്‍ തട്ടിവിട്ടു. ജനാധിപത്യരാജ്യം എന്ന് വിളിക്കാവുന്ന ഏതൊരിടത്തും ഇമ്മാതിരിയൊരു പ്രസംഗം നടത്തുന്ന ഒരുത്തനെ ഉടനടി തുറുങ്കിലടയ്ക്കുകയാണ് ചെയ്യുക. ഇത്തരം പ്രസംഗങ്ങള്‍ മുന്‍ കാലങ്ങളില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ള ഒരു രാജ്യത്ത് അങ്ങനൊരാളെ ഇലക്ഷനില്‍ നിന്ന് അയോഗ്യനാക്കുകയാണ് സ്വാഭാവികമായും വേണ്ടത്. ഇനി നിയമനടപടികളുടെ സ്വാഭാവികമായ കാലതാമസത്തെ കരുവാക്കി അങ്ങനെയൊരാള്‍ നടപടികളെ വൈകിപ്പിച്ചാല്‍ തന്നെയും, അയാളെ ഇലക്ഷനില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അയാളുടെ പാര്‍ട്ടിക്ക് ധാര്‍മ്മിക ബാധ്യതയുണ്ട്.

അബോധതലങ്ങളിലെ വംശവിദ്വേഷങ്ങള്‍ അമേരിക്കയില്‍ ചിലപ്പോഴൊക്കെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മൈക്ക്ള്‍ ഡൂക്കാക്കിസിനെതിരെ 1988ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാര്‍ കറുത്തവര്‍ഗ്ഗക്കാരനായ ഒരു കുറ്റവാളിയുടെ പ്രശ്നം ഉന്നയിച്ചിരുന്നു. പക്ഷേ വംശീയോന്മൂലനം പോയിട്ട് ഒരു സ്ഥാനാര്‍ത്ഥി വംശവിദ്വേഷം ദ്യോതിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ പോലും ആ ദിവസം തന്നെ അയാള്‍ പാര്‍ട്ടിക്കു പുറത്താകുമായിരുന്നു. പക്ഷേ ഇത് ഇന്ത്യയാണ്. പാര്‍ട്ടി ബി.ജെ.പിയും. ജനിച്ചകാലം മുതല്‍ വംശീയവിദ്വേഷം പടര്‍ത്തുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സന്ദേശം തന്നെയാണ് വരുണ്‍ ഗാന്ധിയും ഏറ്റുപറഞ്ഞതെന്ന സത്യം നിലനില്‍ക്കെ അയാള്‍ക്കെതിരേ ബി.ജെ.പിക്കെങ്ങനെ നടപടിയെടുക്കാനാവും ?

"Terrifying Vision: M.S. Golwalkar, the RSS and India"യില്‍ ജ്യോതിര്‍മയ ശര്‍മ്മ വ്യക്തമാക്കുന്നതു പോലെ ആര്‍ എസ് എസ്സിന് മുസ്ലീങ്ങള്‍ എന്നും അന്യരും ആക്രമണകാരികളും ഭീഷണിയുയര്‍ത്തുന്നവരുമാണ് - "അപൂര്‍ണ്ണരും സംസ്കാരരഹിതരും രാക്ഷസന്മാരും" എന്നത്രെ മുസ്ലീങ്ങളെ സംബന്ധിച്ച സര്‍വ്വപ്രധാനിയായ ആ സര്‍സംഘചാലകന്റെ വാക്കുകള്‍ . കുലധര്‍മ്മവും ഹൈന്ദവ പൈതൃകവും അംഗീകരിക്കാത്ത ഇസ്ലാമിക, ക്രൈസ്തവ വിഭാഗങ്ങളൊക്കെ രാക്ഷസതുല്യരും ഇന്ത്യയോട് കൂറില്ലാത്തവരുമാണത്രെ. അവര്‍ "വീടിനു വെളിയിലുള്ളവരാണ്" - അവരെ നമ്മുടെ കൂടെ കൂട്ടണമെങ്കില്‍ അവര്‍ സ്വയം അലിയൊ ഹസനോ ജോണോ തോമസോ ആയി അറിയപ്പെടാത്ത കാലത്തേ പറ്റൂ. അതു നിഷേധിക്കുന്ന ഈ "അപരന്മാരെ" എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഗുരു ഗോള്‍വാള്‍ക്കര്‍ പറയുന്നത് പ്രഫസര്‍ ജ്യോതിര്‍മയ ശര്‍മ്മ കാട്ടിത്തരുന്നു : പരശുരാമന്‍ പിതാവിനെ അവഹേളിച്ചതിന് രക്തം കൊണ്ട് തര്‍പ്പണം ചെയ്തു പകരം വീട്ടിയതു പോലെ !

സ്വയം സേവക സംഘത്തിന്റെ സൈദ്ധാന്തിക ജനിതകവ്യവസ്ഥയില്‍ തന്നെ ആലേഖനം ചെയ്യപ്പെട്ട ഒന്നാണ് ഈ മുസ്ലീം വിരുദ്ധ തത്വശാസ്ത്രങ്ങളും അന്യമതസ്ഥര്‍ക്കു നേരെയുള്ള ആക്രമണഭീഷണിയും - തങ്ങളിലേയ്ക്കടുക്കുന്ന ആരെയും മലിനപ്പെടുത്താന്‍ പോന്നവിധം അപകടകരമായ ഒരു ജനിതവ്യതിയാനം.രാജ്യത്തെ നിയമവ്യവസ്ഥകാരണം സ്വന്തം ആശയങ്ങളവതരിപ്പിക്കുമ്പോള്‍ അവധാനതപാലിക്കാന്‍ നിര്‍ബന്ധിതമാവുന്നുവെങ്കിലും ബി.ജെ.പിയുടെ വിശാല രാഷ്ട്രീയത്തിന്റെ അടിസ്ഥാനശില മുസ്ലീം വിരോധം തന്നെ. എന്നാല്‍ ചിലപ്പോഴൊക്കെ മന:പൂര്‍വം നിശ്ചയിച്ചുറപ്പിക്കപ്പെട്ടോ അല്ലാതെയോ ഈ മുഖംമൂടി അഴിഞ്ഞു വീഴുന്നു. വരുണ്‍ ഈ രംഗത്തെ പുതുമുഖമാണ്, എന്നാല്‍ പരിണതപ്രജ്ഞനായ അടല്‍ ബിരി വാജ്പേയിക്ക് പോലും ഈ "വീഴ്ച" ഇടയ്ക്ക് സംഭവിക്കുന്നു. 2002 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ ഗുജറാത്ത് മോഡല്‍ മുസ്ലീംനരഹത്യകളുടെ കാലത്ത് ഗോവയിലെ ഒരു ബി.ജെ.പി സമ്മേളനത്തില്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പറഞ്ഞതിങ്ങനെ : "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ അവിടെയൊന്നും ഒരിക്കലും അവര്‍ പൊതുസമൂഹവുമായി ഇടപഴകുന്നില്ല. സ്വന്തം ആശയങ്ങള്‍ സമാധാനപരമായി പ്രചരിപ്പിക്കുന്നതിനു പകരം അവര്‍ ഭീഷണിയിലൂടെയും ഭീകരതയിലൂടെയുമാണ് മതപ്രചാരണം നടത്തുന്നത്."

താന്‍ സംസാരിച്ചത് ഇസ്ലാമിസ്റ്റ് തീവ്രവാദികളെപ്പറ്റിയായിരുന്നെന്നും പൊതുവായി മുസ്ലീങ്ങളെപ്പറ്റിയല്ലെന്നും പിന്നീട് വാജ്പേയി തിരുത്തി.

"എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ" എന്ന ഭാഗത്തെ "എവിടെയെല്ലാം അത്തരം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ" എന്ന് തിരുത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ കാര്യാലയം വാജ്പേയിയുടെ ഗോവാപ്രസംഗത്തെ മയപ്പെടുത്തിയത്. അവിടം കൊണ്ടു പ്രശ്നം തീര്‍ന്നേനെ, തന്റെ കാര്യാലയം തിരുത്തിയ പ്രസംഗമാണ് താന്‍ യഥാര്‍ത്ഥത്തില്‍ ഗോവയില്പ്പോയി പ്രസംഗിച്ചത് എന്ന നുണ വാജ്പേയി പാര്‍ലമെന്റില്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ . വാജ്പേയിയുടെ യഥാര്‍ത്ഥ ഗോവന്‍ പ്രസംഗത്തിന്റെ റിക്കോഡിംഗ് സഭയ്ക്കുമുന്നില്‍ വച്ചുകൊണ്ടാണ് പാര്‍ലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്ന് ഇത് ഖണ്ഡിച്ചത്.വാജ്പേയിയെ സ്പീക്കര്‍ മനോഹര്‍ ജോഷി അന്ന് കുറ്റവിമുക്തനാക്കിയെങ്കിലും "അത്തരം" എന്ന വാക്ക് യഥാര്‍ത്ഥ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വാജ്പേയി സമ്മതിച്ചതായി അദ്ദേഹത്തിന് തന്റെ റൂളിംഗില്‍ രേഖപ്പെടുത്തേണ്ടി വന്നു.

ഇത്തരം തിരുത്തലുകള്‍ക്കും വ്യക്തതവരുത്തലുകള്‍ക്കും ശേഷവും ബിജെപിയുടെ ജനിതകം അതിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. 2007ലെ ഉത്തര്‍പ്രദേശ് അസംബ്ലി ഇലക്ഷനു തലേന്ന് "ഭാരത് കീ പുകാര്‍ " (ഭാരതത്തിന്റെ വിളി) എന്ന പെരിലൊരു വീഡിയോ സി.ഡി ബി.ജെ.പി പുറത്തിറക്കി. മുസ്ലീങ്ങള്‍ പ്രതിനായകരാകുന്ന സി.ഡിയില്‍ ഹിന്ദുക്കള്‍ ഉപരോധത്തിലാകുന്നുവെന്ന സംഘപരിവാരത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കാനുദ്ദേശിച്ചത്. വീഡിയോ സീഡിയിലെ നായകനായ സ്കൂള്‍ അധ്യാപകന്‍ (മാസ്റ്റര്‍ ജീ) ഹിന്ദുക്കളെ നടന്നുപദേശിക്കുന്നു, സമയമതിക്രമിക്കും മുന്‍പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍. "നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും, നിങ്ങളെ മുസ്ലീങ്ങള്‍ അടിമകളാക്കും, താടി വയ്ക്കേണ്ടി വരും, നെറ്റിയിലെ പൊട്ട് മായ്ക്കേണ്ടിവരും" നായകനായ മാസ്റ്റര്‍ ജീ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മസ്തിഷ്കാഘാതം വന്ന് മരിക്കുന്നു, അയാളുടെ ചിതയ്ക്കരികില്‍ നിന്ന് കൊണ്ട് ഒരുത്തന്‍ പ്രസംഗിക്കുന്നു, "നാം നമ്മെ ഹിന്ദു എന്ന് വിളിക്കാന്‍ പോലും ഭയക്കുന്ന കാലം വിദൂരമല്ല. അന്ന് നിങ്ങള്‍ക്ക് ഒരു സോഹന്‍ ലാലിനെയോ മോഹന്‍ ലാലിനെയോ ആത്മാറാമിനെയോ രാധേകൃഷനേയോ കാണാനാവില്ല. എവിടെ നോക്കിയാലും അബ്ബാസും നഖ് വിയും റിസ് വിയും മൗലവിയും മാത്രമായിരിക്കും."

ഗുരുജിയില്‍ നിന്നും അടല്‍ജീയിലേക്കും മാസ്റ്റര്‍ജീയില്‍ നിന്നും വരുണിലേയ്ക്കും എത്തുമ്പോള്‍ പദങ്ങള്‍ മാറുന്നു പക്ഷേ മുസ്ലീങ്ങള്‍ അന്യപക്ഷവും ശത്രുക്കളും ഭയക്കേണ്ടവരും വിചിത്രനാമക്കാരും ഇന്ത്യയെ മറ്റൊരു പാകിസ്ഥാന്‍ ആക്കാന്‍ പദ്ധതിയുള്ളവരുമാണെന്ന അടിസ്ഥാന സന്ദേശം മാത്രം മാറുന്നില്ല. അതുകൊണ്ട് വരുണ്‍ ഗാന്ധി തന്റെ വോട്ടര്‍മാരെ താക്കീതുചെയ്യുന്നു, "നിങ്ങളുടെ ഗ്രാമങ്ങളില്‍ പോയി ഹിന്ദുക്കളുടെ ഐക്യത്തിനായി ആഹ്വാനം ചെയ്യൂ. ഈ ദേശം പാകിസ്ഥാനാവുന്നതില്‍ നിന്നും രക്ഷിക്കൂ". അയാളുടെ വാക്കുകള്‍ സംഘപരിവാരാശയങ്ങളെയാണ് അവയുടെ ആകത്തുകയില്‍ വ്യക്തമാക്കുന്നത്.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, 2007ലെ ബി.ജെ.പി തെരഞ്ഞെടുപ്പുപ്രചാരണ സി.ഡി ഇലക്ഷന്‍ കമ്മീഷന്‍ ഗൗരവമായിക്കണ്ടില്ല. പക്ഷേ ഇത്തവണ ആ തെറ്റ് ആവര്‍ത്തിക്കപ്പെട്ടില്ല, വരുണ്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കരുത് എന്നു തന്നെ പറഞ്ഞു .

തുടര്‍നടപടികളെപ്പറ്റി ബി.ജെ.പിയില്‍ ആശങ്കയുണ്ട്. 1984 നവംബറിലെ സിഖ് കൂട്ടക്കൊലയില്‍ പങ്കുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജഗദീശ് ടൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ്സ് മുന്നോട്ടുവയ്ക്കുന്നതിലെ ഇരട്ടത്താപ്പ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്സ് അതു ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നതു തന്നെ, പക്ഷേ രണ്ടുതെറ്റുകള്‍ ഒരു ശരിയെ ഉല്പാദിപ്പിക്കില്ല. അവസാന വിധിവരെ താന്‍ തെറ്റുകാരനല്ല എന്ന് സ്വയം വിശേഷിപ്പിക്കാന്‍ നിയമം വരുണ്‍ ഗാന്ധിയെ അനുവദിച്ചേക്കാം. പക്ഷേ രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങള്‍ മറ്റൊന്നാണ്. അയാളുടെ വെറുപ്പുപടര്‍ത്തുന്ന പ്രസംഗത്തെ അപലപിക്കാതിരിക്കുകയും അയാളെ ഇലക്ഷനില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തട്ടിമാറ്റുകയും ചെയ്യുക വഴി ബി.ജെ.പിയും അതിന്റെ നേതൃത്വവും ഒന്നു വ്യക്തമാക്കിയിരിക്കുന്നു - ഇലക്ഷന്‍ വിജയത്തിനു മതസ്പര്‍ദ്ധയിളക്കിവിട്ട് വിജയം നേടാന്‍ ശ്രമിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുകയും അനുവദിക്കുകയും ചെയ്യുന്നു എന്ന്.

*
പരിഭാഷ നിര്‍വഹിച്ചത് സൂരജ്
കടപ്പാട്: മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ.

Thursday, March 26, 2009

പരിധിവിടുന്ന നീതിപീഠം

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന ഹൈക്കോടതി ജഡ്ജി വി രാംകുമാറിന്റെ പരാമര്‍ശം നീതിന്യായവ്യവസ്ഥയുടെ അതിരുകള്‍ ലംഘിക്കുന്നതാണ്. കേസുമായി ബന്ധമില്ലാത്ത കാര്യത്തില്‍ പരാമര്‍ശം നടത്തുന്നതിനു ജഡ്ജിക്ക് അധികാരമില്ല. സംസ്ഥാനത്തെ ക്രമസമാധാനനിലയെ സംബന്ധിച്ച് ഏതു വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത്?

കോടതി മുറിയിലിരിക്കുന്ന ജഡ്ജിക്ക് നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ സംബന്ധിച്ചും ധാരണയുണ്ടാകില്ല. ജഡ്ജിമാര്‍ തങ്ങളുടെ മുമ്പിലെത്തുന്ന തെളിവുകളുടെയും വാദമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് നിഗമനങ്ങളില്‍ എത്തുന്നത്. വിചാരണവേളയില്‍ സത്യം വെളിച്ചത്തുകൊണ്ടുവരുന്നതിന് വാദത്തിനിടയില്‍ ചില ചോദ്യം ഉന്നയിക്കാറുണ്ട്. എന്നാല്‍, ഒരു ക്രിമിനല്‍ക്കേസില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനിടയില്‍ സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് എവിടെനിന്നാണ് വിവരം കിട്ടുന്നത്. സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെ നിഗമനത്തില്‍ എത്തുന്നത് ഏകപക്ഷീയമായ പ്രവര്‍ത്തനവും പ്രാഥമികനീതിയുടെ നിഷേധവുമാണ്.

ഇതേ ജഡ്ജിതന്നെയാണ് കണ്ണൂരില്‍ ആകെ പ്രശ്നമാണെന്നും കേന്ദ്രസേനയെ വിന്യസിക്കണമെന്നും അതിനു ഗവര്‍ണര്‍ മുന്‍കൈ എടുക്കണമെന്നും മറ്റൊരു കേസില്‍ അഭിപ്രായപ്പെട്ടത്. ആ പരാമര്‍ശം പിന്നീട് ഡിവിഷന്‍ ബെഞ്ച് തിരുത്തി. എന്നാല്‍, ആദ്യത്തെ പരാമര്‍ശം ആഘോഷിച്ച് ഒന്നാംപേജില്‍ നിരത്തിയ പത്രങ്ങളും ചര്‍ച്ചകളും വിശകലനങ്ങളുമായി കൊഴുപ്പിച്ച ദൃശ്യമാധ്യമങ്ങളും ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം പാര്‍ശ്വവല്‍ക്കരിച്ചു. പരാമര്‍ശങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന രീതി, ഇതില്‍നിന്ന് പഠിക്കാതെയാണ് ജഡ്ജി വി രാംകുമാര്‍ വീണ്ടും അത്തരം രീതി തുടരുന്നത്.

പൊലീസ്‌മെഡല്‍ നല്‍കുന്നതിനെ സംബന്ധിച്ച് ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തി പരാമര്‍ശം നടത്തിയതും ഇതേ ജഡ്ജിയായിരുന്നു. ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ മറ്റൊരു കേസില്‍ ഇത്തരം പരാമര്‍ശം നടത്തുമ്പോള്‍ ഹൈക്കോടതിയെ സംബന്ധിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുകയാണ് ചെയ്യുന്നത്. മെഡല്‍ കിട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടയാളോ ശുപാര്‍ശ നല്‍കി നിരാശപ്പെട്ടയാളോ നടത്തുന്ന പരാമര്‍ശംപോലെ ജഡ്ജിമാര്‍ അഭിപ്രായം പ്രകടിപ്പിക്കരുത്. കോടതിയില്‍ ഏതു ജഡ്ജിയാണ് പരാമര്‍ശം നടത്തിയതെന്ന് ജനം അന്വേഷിക്കില്ല. ഹൈക്കോടതിയുടെ പൊതു അഭിപ്രായമായി ജനം തെറ്റിദ്ധരിക്കുമെന്നതുകൊണ്ട് സ്വയം നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ തയ്യാറാകണം.

തലശേരി താലൂക്കില്‍ നടക്കുന്ന കാര്യങ്ങളെല്ലാം തലശേരി മണ്ഡലത്തിലാണെന്ന് ഹൈക്കോടതി ജഡ്ജി അജ്ഞതയില്‍നിന്ന് പറയുമ്പോള്‍ ആ സ്ഥാപനത്തെക്കുറിച്ച് ജനം എന്തു പറയും. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവായ ജില്ലയാണ് കണ്ണൂര്‍ എന്ന് വസ്തുതകള്‍ നിരത്തി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വാദിച്ചത് കോടതിക്കും ബോധ്യപ്പെട്ടതാണ്. ക്രമസമാധാനപരിപാലനത്തില്‍ കേരളം മികച്ച നിലയിലാണെന്ന് കേന്ദ്രസര്‍ക്കാരുള്‍പ്പെടെ നിരവധി ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയത് കാണാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഈ നിരീക്ഷണം നടത്തേണ്ടിവരില്ലായിരുന്നു.

കേസിന്റെ വിചാരണയ്ക്കിടയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് നിയമപരമായി സാധുതയില്ല. എന്നാല്‍, നീതിപീഠത്തിന്റെ പരാമര്‍ശങ്ങളെ കോടതിയുടെ വിധിയെന്ന മട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുമെന്ന കാര്യം മറക്കരുത്. സര്‍ക്കാരിനുണ്ടാകുന്ന പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും നിയമത്തിനകത്തുനിന്ന് ഹൈക്കോടതിക്ക് നിശ്ചിതമായ അധികാരമുണ്ട്. അത്തരം വിധികളെ ബഹുമാനിക്കുകയും പറ്റിയ തെറ്റ് തിരുത്തുകയും ചെയ്യുന്നതില്‍ ദുരഭിമാനമില്ലാത്ത സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. എന്നാല്‍, എന്തും പറയാന്‍ തങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്ന മട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരസ്യമായി തുറന്നുകാട്ടേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

കോടതിയില്‍നിന്ന് തെറ്റായ വിധിയോ പരാമര്‍ശമോ ഉണ്ടായാല്‍ അപ്പീല്‍ കൊടുത്തു തിരുത്തിക്കുക എന്ന നിയമപരമായ രീതിയാണ് സാധാരണ പിന്തുടരാറുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ നടത്തിയ പരാമര്‍ശം തിരുത്തിക്കാന്‍ അപ്പീല്‍ നല്‍കിയാല്‍ വിധി വരുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും. അതുകൊണ്ടുകൂടിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശരിയായ രീതിയില്‍ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ പെരുമാറ്റച്ചട്ടം കോടതിക്കും ബാധകമാണെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം പ്രസക്തമാണ്. രാഷ്ട്രീയമായി ജനങ്ങളെ സ്വാധീനിക്കുന്ന ഒരു നടപടിയും ഭരണഘടനാസ്ഥാപനങ്ങളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല. അത് കോടതിയും മനസ്സിലാക്കണം. യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ആയുധമായി മാറുന്ന പരാമര്‍ശം ഇത്തരം സന്ദര്‍ഭത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും ജനം അതില്‍ പക്ഷപാതിത്വം കാണും.

ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രവര്‍ത്തനങ്ങളിലൊന്നായ തെരഞ്ഞെടുപ്പിനെ 'കളി'യായി കാണുന്ന ജഡ്ജിക്ക് ഭരണഘടനയുടെ കാവല്‍ക്കാരനാകാന്‍ കഴിയില്ല. ഭരണഘടന ഓരോ സ്ഥാപനങ്ങള്‍ക്കും അതിന്റേതായ അധികാരങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്തം നിയമനിര്‍മാണസഭയ്ക്കും എക്സിക്യൂട്ടിവിനും നീതിന്യായവ്യവസ്ഥയ്ക്കുമുണ്ട്. ഭരണഘടന ഭേദഗതിചെയ്യുന്നതിനും ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നതിനും അധികാരമുള്ള സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പിനെ കളിയായി കാണുന്നത് പച്ചയ്ക്കു പറഞ്ഞാല്‍ ധിക്കാരമാണ്. നീതിപീഠത്തിന്റെ മഹനീയത സംരക്ഷിക്കുന്നതിന് ചീഫ് ജസ്റ്റിസ് സുവോമോട്ടയായി ഇടപെട്ട് അതിരുകടക്കുന്ന പരാമര്‍ശം റദ്ദാക്കുകയാണ് വേണ്ടത്.

ദേശാ‍ഭിമാനി മുഖപ്രസംഗം 26 മാര്‍ച്ച് 2009

Wednesday, March 25, 2009

കോണ്‍ഗ്രസ്സിന് ഓര്‍മ്മകളുണ്ടാകണം(വയലാര്‍ രവിയ്ക്കും)

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മേഴ്സി രവിയെ എടുത്തുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന പി.ഡി.പി പ്രവര്‍ത്തകര്‍. മദനിയുടെ ചിത്രമുള്ള വലിയ പോസ്റ്ററും കാണാം.

2001 മെയ് 14ന് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രം.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടാനക്കേസില്‍ പ്രതിയായി അന്ന് ജയിലിലായിരുന്നു മദനി. ഈ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനു വേണ്ടി പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു.

ഉമ്മന്‍ചാണ്ടീ, കള്ളം പറയരുത്

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് സത്യസന്ധതയോ രാഷ്ട്രീയ സദാചാരത്തിലൂന്നിയ സമീപനമോ ആര്‍ക്കും പ്രതീക്ഷിക്കാനാകില്ല. മറ്റെല്ലാവരും ചെയ്യാന്‍ മടിക്കുന്ന കെട്ട കാര്യങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നത് ശീലമാക്കിയവരാണ് അവര്‍. വര്‍ഗീയകക്ഷികളുമായുള്ള ചങ്ങാത്തവും തെരഞ്ഞെടുപ്പില്‍ ജാതി-മത സങ്കുചിത വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ടുനേടലും കോണ്‍ഗ്രസിന്റെ എന്നത്തെയും കണക്കുപുസ്തകത്തിലുണ്ട്. എക്കാലത്തും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. ബിജെപിയെയും മുസ്ളിംലീഗിനെയും ഇരുവശത്തും നിര്‍ത്തി വര്‍ഗീയക്കസര്‍ത്തുനടത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മടികാട്ടാത്ത ചരിത്രമാണവരുടേത്. ആ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് ഉമ്മന്‍ചാണ്ടി വര്‍ഗീയതയ്ക്കെതിരെ പറയുമ്പോള്‍ സാമാന്യബോധമുള്ള ഏതൊരുമലയാളിക്കും ഓക്കാനമാണുണ്ടാവുക. പിഡിപി എന്ന രാഷ്ട്രീയ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടിക്ക് സമനിലതെറ്റിയതായാണ് കാണുന്നത്. പിഡിപി വര്‍ഗീയവിദ്വേഷം പരത്തുന്നു എന്നാണ് അദ്ദേഹം ഒടുവില്‍ ആരോപിച്ചിരിക്കുന്നത്. അതോടൊപ്പം, താന്‍ പിഡിപിയുടെ പിന്തുണ ഒരിക്കലും തേടിയിട്ടില്ലെന്നും അദ്ദേഹം ആണയിട്ടിരിക്കുന്നു.

2001ല്‍ യുഡിഎഫും അബ്ദുള്‍ നാസര്‍ മദനിയുടെ പാര്‍ടിയും തമ്മിലുണ്ടാക്കിയത് ലക്ഷണമൊത്ത തെരഞ്ഞെടുപ്പുസഖ്യംതന്നെയായിരുന്നു. സംസ്ഥാനത്തെ രണ്ടു നിയമസഭാ മണ്ഡലത്തില്‍ പിഡിപി നേതാക്കളാണ് യുഡിഎഫ് സ്ഥാനാര്‍ഥികളായി ഔദ്യോഗികമായി രംഗത്തിറങ്ങിയത്. അന്ന് പ്രതിപക്ഷനേതാവ് എ കെ ആന്റണിയായിരുന്നു. ആന്റണിയുടെ ഔദ്യോഗികവസതിയായിരുന്ന കന്റോമെന്റ് ഹൌസിലും കുഞ്ഞാലിക്കുട്ടിയുടെ വാടകവീട്ടിലും ഉമ്മന്‍ചാണ്ടിയും ശങ്കരനാരായണനും ആന്റണിയുമെല്ലാം മാറിമാറി ചര്‍ച്ചചെയ്താണ് അന്ന് പിഡിപിക്ക് രണ്ടുസീറ്റ് നല്‍കാന്‍ തീരുമാനിച്ചത്- കഴക്കൂട്ടവും കുന്ദമംഗലവും. കുന്ദമംഗലത്ത് യു സി രാമനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍, തല്‍ക്കാലം അത് ലീഗ് ചിഹ്നത്തില്‍ കിടക്കട്ടെയെന്നും ജയിച്ചാല്‍ നിങ്ങളെടുത്തോളൂ എന്നും പാണക്കാട് തങ്ങള്‍ നല്‍കിയ ഉറപ്പുമുണ്ടായിരുന്നു. ഇതെല്ലാം അക്കാലത്ത് കേരളത്തിലെ പത്രങ്ങള്‍ തുറന്നെഴുതിയതാണ്. എം എ മുഹമ്മദ് നിഷാദ് എന്ന പിഡിപി നോമിനിയാണ് അന്ന് കഴക്കൂട്ടത്ത് മത്സരിച്ചത്. കോണ്‍ഗ്രസുകാര്‍ എം എ വാഹിദിനെ വിമതസ്ഥാനാര്‍ഥിയാക്കി ജയിപ്പിച്ച് പിഡിപിയുടെ പാലം വലിച്ചു. കുന്ദമംഗലത്ത് യു സി രാമന്‍ ജയിച്ചപ്പോള്‍ അത് മുസ്ളിംലീഗിന്റെ അക്കൌണ്ടില്‍ത്തന്നെ പെടുത്തുകയും ചെയ്തു. എന്നാല്‍, കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്ന് മദനി എഴുതിക്കൊടുത്ത, യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തിന്റെ ലക്ഷക്കണക്കിനു കോപ്പിയെടുത്ത് നാട്ടിലാകെ വോട്ടുതെണ്ടി യുഡിഎഫുകാര്‍ നിയമസഭയിലെത്തുകയും ചെയ്തു.

ഇന്നും ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫില്‍തന്നെയുണ്ടല്ലോ. പിള്ള 2002 ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് ഒരു പ്രസംഗം നടത്തി. അതിലെ ഒരുഭാഗം ഇങ്ങനെ:

"മദനി തീവ്രവാദിയല്ല. ആണെന്ന് ഞാന്‍ പറയുകയുമില്ല. യഥാര്‍ഥ തീവ്രവാദികള്‍ ഇവിടെ വേറെയില്ലേ? കല്യാസിങ്ങും ഉമാഭാരതിയുമൊക്കെയല്ലേ യഥാര്‍ഥ തീവ്രവാദികള്‍? ന്യൂനപക്ഷധ്വംസനം നടത്തിയ നരേന്ദ്രമോഡിയല്ലേ മറ്റൊരു തീവ്രവാദി. എന്‍എസ്എസിനുപോലും സ്വീകാര്യമല്ലാത്ത പ്രവീ തൊഗാഡിയയെപ്പോലുള്ള നേതാക്കളെയല്ലേ സര്‍ക്കാര്‍ ഇവിടെ സ്വീകരിച്ചാനയിച്ചത്. യഥാര്‍ഥത്തില്‍ ഇവിടെ നീതി നിഷേധിക്കുകയാണ്. മദനിയെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ ഇപ്പോള്‍ രാമായണത്തിലെ സുഗ്രീവനെപ്പോലെയാണ്. തന്നെ സഹായിച്ച ശ്രീരാമന് കൊടുത്ത വാക്ക് മറന്ന് ജ്യേഷ്ഠഭാര്യയുമായി കഴിഞ്ഞവനാണ് സുഗ്രീവന്‍. പിഡിപി സഹായത്തോടെ നാലുസീറ്റാണ് കൊല്ലത്ത് യുഡിഎഫിന് കിട്ടിയത്.''

പിള്ള അവിടെയും നിര്‍ത്തിയില്ല.

മദനിയോടു കാണിക്കുന്ന യുഡിഎഫിന്റെ വഞ്ചന അക്കമിട്ട് അദ്ദേഹം നിരത്തി. ഇതില്‍ ഏതെങ്കിലുമൊരുകാര്യം നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ചങ്കൂറ്റമുണ്ടോ?

ബെന്നി ബഹനാനെയും പൂന്തുറ സിറാജിനെയും കൂട്ടി രണ്ടുവട്ടം കോയമ്പത്തൂര്‍ ജയിലില്‍ പോയി പാടുകിടന്നത് മദനി എത്ര കഴഞ്ച് മനുഷ്യാവകാശധ്വംസനം അനുഭവിക്കുന്നുണ്ടെന്നറിയാനോ, അതോ ആ മനുഷ്യനെക്കാട്ടി കേരളത്തിലെ ന്യൂനപക്ഷങ്ങളോട് വോട്ടുതെണ്ടാനോ? കായംകുളത്ത് ജയിച്ചുകയറാന്‍ പിഡിപിയുടെ സഹായം രണ്ടുകൈയും നീട്ടി വാരിയെടുത്ത എം എം ഹസ്സനും മദനിയെ കാണാന്‍ കോയമ്പത്തൂര്‍ ജയിലില്‍ വിലക്കുണ്ടായപ്പോള്‍ അഭിഭാഷകന്റെ ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് പാടുകിടന്ന യുഡിഎഫിന്റെ മറ്റു ചില നേതാക്കളും ഇപ്പോള്‍ ആരെ കാണിക്കാനാണ് ഉറഞ്ഞുതുള്ളുന്നത്?

2006ല്‍ ഐഎന്‍എല്ലുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പുനീക്കുപോക്ക് ഉണ്ടാക്കിയപ്പോള്‍ ഇന്നത്തേതുപോലെ 'വര്‍ഗീയ' ആരോപണവും പ്രതികരണമെടുപ്പുമെല്ലാം പൊടിപൊടിച്ചിരുന്നു. ജനങ്ങള്‍ അത് മുഖവിലയ്ക്കെടുത്തില്ലെന്നുമാത്രമല്ല, എല്‍ഡിഎഫിന് റെക്കോഡ് വിജയം സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മദനിയുടെ പിന്തുണ ചൂണ്ടിക്കാട്ടി മറ്റുചില നേട്ടങ്ങള്‍ തരപ്പെടുത്തിയെടുക്കാമെന്ന് പകല്‍കിനാവുകാണുകയാണ് യുഡിഎഫ്. മദനിയും രാമന്‍പിള്ളയും ദത്താത്രേയ റാവുവുമെല്ലാം ഇടതുപക്ഷത്തെക്കുറിച്ച് നല്ലതുപറയുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയും അസൂയയും ചിലരെ അന്ധരാക്കുമ്പോള്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

ഇപ്പോള്‍ മതനിരപേക്ഷനിലപാട് സ്വീകരിച്ചവരെമാത്രമല്ല, വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പിടിയില്‍പെട്ടുപോയ അവസാനത്തെ ആളെവരെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ബോധത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. അത് തെരഞ്ഞെടുപ്പുകാലത്തുമാത്രം നടക്കുന്ന പരിപാടിയുമല്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയും സമാന മനസ്കരും എത്രവലിയ നുണകള്‍ എഴുന്നള്ളിച്ചാലും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും കുറിച്ചുള്ള ബോധ്യം മാറിമറിയുമെന്നു കരുതേണ്ടതില്ല. മദനിയുടെയും പിഡിപിയുടെയും വര്‍ഗീയനിലപാടുകള്‍ക്കെതിരെ സിപിഐ എമ്മും പാര്‍ടി മുഖപത്രമായ ദേശാഭിമാനിയും നടത്തിയ വിമര്‍ശങ്ങള്‍ അതേപടി അച്ചടിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ വിതരണംചെയ്യാന്‍ ഇപ്പോള്‍ യുഡിഎഫ് അത്യുത്സാഹം കാണിക്കുന്നുണ്ട്. അതില്‍ത്തന്നെ തെളിയുന്നുണ്ട് സിപിഐ എമ്മിന് വര്‍ഗീയതയോടുള്ള സമീപനം. മദനി എന്നല്ല, ആരുതന്നെ വര്‍ഗീയതയ്ക്കടിപ്പെട്ടാലും സിപിഐ എം എതിര്‍ത്തിട്ടുണ്ട്, എതിര്‍ക്കുന്നുണ്ട്, നാളെ എതിര്‍ക്കുകയും ചെയ്യും.

താന്‍ കുറ്റാരോപിതനായി ജയിലില്‍ കിടക്കുമ്പോള്‍ യുഡിഎഫുകാരാണ് തന്റെ സഹായംതേടി വന്നതെന്നും എല്‍ഡിഎഫുമായി ബന്ധപ്പെടുന്നത് നിരപരാധിയെന്ന് കണ്ട് കുറ്റമുക്തനാക്കി കോടതി തന്നെ വിട്ടപ്പോഴാണ് എന്നും മദനിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് വര്‍ഗീയതയോട് സലാം പറയുന്നവരെയും ഭീകരവാദത്തെ തള്ളിപ്പറയുന്നവരെയും ആട്ടിപ്പായിക്കാനാണ് ഇടതുപക്ഷം തയ്യാറാകേണ്ടതെന്ന് ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹിക്കാം. ഇടതുപക്ഷത്തിന് അങ്ങനെ കാണാനാകില്ലതന്നെ. കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനനാറ്റം സഹിക്കവയ്യാത്തതുകൊണ്ടാണ് അവര്‍ നിങ്ങളെ തിരസ്കരിച്ചതെന്ന് ഓര്‍മയുണ്ടായാല്‍ നല്ലത്. പിഡിപിയുമായി എല്‍ഡിഎഫ് രാഷ്ട്രീയസഖ്യമുണ്ടാക്കുകയല്ല, പിഡിപി പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാവുകയാണുണ്ടായതെന്ന യാഥാര്‍ഥ്യം ഉമ്മന്‍ചാണ്ടി മറച്ചുവച്ചാല്‍ കേരളീയര്‍ കാണാതിരിക്കുമോ? യുഡിഎഫിന്റെ പതിവുപോലെ രഹസ്യമായല്ല, പരസ്യമായിത്തന്നെ പിന്തുണ സ്വീകരിക്കാനാണ് എല്‍ഡിഎഫ് തയ്യാറായത് എന്നതില്‍നിന്ന് എല്‍ഡിഎഫിന്റെ രാഷ്ട്രീയസത്യസന്ധതയാണ് തെളിയുന്നതെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

തരംതാണ നുണകള്‍ സ്വന്തം മുഖം വികൃതമാക്കുകയേ ഉള്ളൂവെന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം

ശക്തിപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണം

അതിവേഗത്തില്‍ വിപുലപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണ കണ്ട് വിറളിപൂണ്ട യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും തുടര്‍ച്ചയായ നുണപ്രചാരവേലയിലൂടെ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുമോ എന്ന് വൃഥാ ശ്രമിക്കുകയാണ്. മദനിയും പിഡിപിയും വര്‍ഗീയവാദിയാണോ അല്ലയോ എന്ന ചോദ്യമാണ് ഇവര്‍ നിരന്തരം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം മദനിയാണെന്ന് മാതൃഭൂമി കണ്ടെത്തിയിട്ടുണ്ട്.

ഒരു വ്യക്തിയോ രാഷ്ട്രീയപാര്‍ടിയോ വര്‍ഗീയമാണോ അല്ലയോ എന്നു വിലയിരുത്തുന്നത് തെറ്റല്ല. അത്തരം വിലയിരുത്തലുകള്‍ നടത്തേണ്ടത് ഇന്ന് ആ പാര്‍ടി സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കണം. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാകുന്നതിനുമുമ്പുള്ള മദനിയെയും പിഡിപിയെയും മതനിരപേക്ഷ സമൂഹം നിരാകരിച്ചത് അത് വര്‍ഗീയമാണെന്ന് തിരിച്ചറിഞ്ഞാണ്. ന്യൂനപക്ഷം വര്‍ഗീയമായി സംഘടിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെ സഹായിക്കുകമാത്രമാണ് ചെയ്യുകയെന്ന് തിരിച്ചറിയുന്നവര്‍ക്ക് അന്നത്തെ പിഡിപിയെ അനുകൂലിക്കാന്‍ കഴിയില്ല. ആ സന്ദര്‍ഭത്തില്‍ പിഡിപിയുമായി കൂട്ടുകൂടുകയും ഇപ്പോള്‍ മുസ്ളിംലീഗ് എന്ന വര്‍ഗീയപാര്‍ടിയുമായുള്ള ബന്ധം തുടരുകയും ചെയ്യുന്നവരാണ് ഇന്ന് മദനി വിവാദം നയിക്കുന്ന യുഡിഎഫ് നേതാക്കള്‍. അവര്‍ പിഡിപിയുടെ മാറ്റം കണ്ടതായി നടിക്കുന്നുമില്ല.

സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ പല പാര്‍ടികളെയും സംഘടനകളെയും സ്വാധീനിച്ചീട്ടുണ്ട്. അതില്‍ പ്രധാനം സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ഇറാഖ് അധിനിവേശം, ഇറാനുനേരെയുള്ള ഭീഷണി, പലസ്തീനിലെ സയണിസ്റ്റ് ക്രൂരത എന്നിങ്ങനെയുള്ള പ്രശ്നങ്ങളില്‍ സാര്‍വദേശീയമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഇന്ത്യന്‍മുഖം ഇടതുപക്ഷമാണ്. ഇന്നലെകളില്‍ ചേരിചേരായ്മയില്‍ അധിഷ്ഠിതമായ വിദേശനയം ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസാകട്ടെ അമേരിക്കന്‍ വിധേയത്വത്തിലേക്ക് അധഃപതിച്ചു. ഇസ്ളാമിക ഭീകരവാദം എന്ന് മുദ്രകുത്തി ഇസ്ളാമിനെതിരെ സാമ്രാജ്യത്വം നടത്തുന്ന കൊടുംക്രൂരതകളെ അപലപിക്കാന്‍പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. പലസ്തീനിലെ കൂട്ടക്കൊലയെ ദുര്‍ബലമായി അപലപിച്ച യുപിഎ സര്‍ക്കാര്‍ ഇസ്രയേലിനെ സംബന്ധിച്ച് പരമാര്‍ശിക്കാന്‍ ധൈര്യം കാട്ടിയില്ല. പലസ്തീനില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയുംവരെ കൊന്നൊടുക്കിയ ഇസ്രയേലിന്റെ ക്രൂരതയെ മഹത്വവല്‍ക്കരിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം കിട്ടുന്നതുവരെ എത്തി വിധേയത്വം.

കഴിഞ്ഞകാലങ്ങളില്‍ കോണ്‍ഗ്രസിന്റെയൊപ്പമായിരുന്ന മുസ്ളിം ന്യൂനപക്ഷങ്ങളില്‍ ഇതെല്ലാം കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും മഞ്ചേരി ലോക്സഭാമണ്ഡലത്തിലും മാറുന്ന മലപ്പുറത്തിന്റെ മുഖത്തിന് ഇതും ഒരു പ്രധാന കാരണമായിരുന്നു. രണ്ടാമത്തെ കാര്യം ഇടതുപക്ഷം സ്വീകരിക്കുന്ന ശക്തമായ മതനിരപേക്ഷ നിലപാടാണ്. എവിടെ മതന്യൂനപക്ഷം ആക്രമിക്കപ്പെടുന്നുവോ അവിടെയെല്ലാം പ്രതിരോധം തീര്‍ക്കുന്നത് ഇടതുപക്ഷമാണ്. സംഘപരിവാറിന്റെ ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനോട് മതനിരപേക്ഷ വാദികള്‍ക്ക് താല്‍പ്പര്യം തോന്നുന്നത് സ്വാഭാവികംമാത്രമാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിന്, കടുത്ത രാഷ്ട്രീയശത്രുതയുള്ള കോണ്‍ഗ്രസിനെ വരെ പിന്തുണയ്ക്കാന്‍ തയ്യാറായ ചരിത്രമാണ് ഇടതുപക്ഷത്തിനുളളത്. 2004ല്‍ ഇടതുപക്ഷം സ്വീകരിച്ച ആ നിലപാടിന്റെകൂടി ഫലമാണ് ഇന്നു കാണുന്ന എന്‍ഡിഎയുടെ ഒറ്റപ്പെടല്‍. എന്നാല്‍, കോണ്‍ഗ്രസാകട്ടെ മൃദുഹിന്ദുത്വ സമീപനംതന്നെയാണ് തുടരുന്നത്. വര്‍ഗീയശക്തികളെ അടിച്ചമര്‍ത്തുന്നതിനു തയ്യാറാകുന്നില്ല.

മതനിരപേക്ഷ വാദികള്‍ക്ക് ഉറച്ചുവിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്ന യാഥാര്‍ഥ്യം മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യം മുസ്ളിം ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നിലപാടിനെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. മുസ്ളിംജനസാമാന്യത്തിന്റെ ഏകരാഷ്ട്രീയപാര്‍ടിയായി കണ്ടിരുന്ന മുസ്ളിംലീഗിന്റെ തനിനിറം ജനം തിരിച്ചറിയുകയുംചെയ്തു. ബാബറി പള്ളി തകര്‍ത്തപ്പോള്‍ നിശബ്ദതയിലൂടെ ഒത്താശചെയ്ത കോണ്‍ഗ്രസിന്റെ ഒപ്പം കേരള മന്ത്രിസഭയില്‍ തുടര്‍ന്ന ലീഗിന്റെ താല്‍പ്പര്യം അധികാരത്തോടു മാത്രമാണെന്ന് അണികള്‍ക്ക് ബോധ്യപ്പെട്ടു. ഇസ്ളാമികവേട്ട നടത്തുന്ന അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയ ഇ അഹമ്മദ് ലീഗിന്റെ അധികാരത്തോടുള്ള ആര്‍ത്തി ഒന്നുകൂടി പുറത്തുകാണിച്ചു. ഇസ്രയേലുമായി അടുത്ത ബന്ധമുണ്ടാക്കുന്നതിനു നേതൃത്വം നല്‍കുന്നതും അഹമ്മദാണ്. ഇന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇസ്രയേലാണ്. സാമ്രാജ്യത്വ വിരുദ്ധവികാരം ശക്തിപ്പെടുത്തേണ്ട കാലത്തെ ഈ ദാസ്യവേല ലീഗിനെ സമുദായത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുന്നു.

മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നതിന് ഇതിടയാക്കി. വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കുന്നതിന് മതനിരപേക്ഷമായി സംഘടിക്കേണ്ടതുണ്ടെന്ന ചിന്ത വര്‍ഗീയമായി പ്രവര്‍ത്തിച്ചവരിലും സ്വാധീനം ചെലുത്തി. ഇടതുപക്ഷപ്രസ്ഥാനം ശക്തമായിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് കാലുറപ്പിക്കാന്‍ കഴിയാത്തത് എന്ന യാഥാര്‍ഥ്യം യുക്തിബോധമുള്ളവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. വര്‍ഗീയമായി സംഘടിച്ച് സംഘപരിവാറിനെ എതിര്‍ക്കാന്‍ ശ്രമിച്ച മദനിയും പിഡിപിയും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് മാറ്റി. ആദ്യഘട്ടത്തില്‍ ഐഎസ്എസ് രൂപികരിച്ച് ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പിഡിപി എന്ന രാഷ്ടീയപാര്‍ടിക്ക് മദനി രൂപം നല്‍കിയത്. വര്‍ഗീയമായ അതിന്റെ പ്രവര്‍ത്തനാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വഴിമാറി നടക്കാന്‍ പിഡിപി തീരിമാനിച്ചിരിക്കുന്നു. മദനിയുടെ ജയില്‍ ജിവിതകാലാനുഭവങ്ങളും മാറ്റത്തിനു സഹായകരമായിട്ടുണ്ട്. ഇതു പരസ്യമായി തുറന്നുപറയുകയും അതിന് അനുസൃതമായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിന് അപ്പുറത്ത് എന്തു വിശ്വാസ്യതയാണ് വേണ്ടത്. ഇന്നിന്റെ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് മദനിയുടെ പിന്തുണ ഇടതുപക്ഷം പരസ്യമായി സ്വീകരിക്കുന്നത്. എന്നാല്‍, ഇതൊന്നും തെരഞ്ഞെടുപ്പുസഖ്യമായി ആരും തെറ്റിദ്ധരിക്കില്ല.

രാമന്‍പിള്ള നേതൃത്വംനല്‍കുന്ന ജനപക്ഷവും നിലപാട് തിരുത്തിവന്നവരാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ ഏറ്റവും ശക്തരായ വക്താക്കളായിരുന്നവര്‍ ഇന്ന് എല്‍ഡിഎഫിനെ വിജയിപ്പിക്കുന്നതിനു രംഗത്തിറങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് വ്യാമോഹിച്ചിരുന്നവരാണ് ഇവര്‍. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് മുമ്പില്‍ ദേശാഭിമാനംപോലും പണയപ്പെടുത്താന്‍ മടിയില്ലാത്ത പാര്‍ടിയാണെന്ന് അധികാരത്തിലിരുന്നപ്പോള്‍ ബിജെപി തെളിയിച്ചു. കോണ്‍ഗ്രസിനു ബദലാണെന്നു പറയുകയും കോണ്‍ഗ്രസിനു വോട്ട് മറിച്ചുനല്‍കുന്ന കമീഷന്‍ ഏജന്റുകളായി അധഃപതിക്കുകയുംചെയ്ത കേരളത്തിലെ ബിജെപി നേതാക്കളുടെ വഞ്ചനയില്‍ മനംമടുത്താണ് രാമന്‍പിള്ളയും ദത്താത്രേയറാവുവും മറ്റും ബിജെപി വിട്ട് ജനപക്ഷം രൂപീകരിച്ചത്. അവര്‍ പിന്നീട് സ്വീകരിച്ച നിലപാട് മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്നതാണ്.

അത്തരം നിലപാട് സ്വീകരിക്കുന്നവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വിശാലമായ മതനിരപേക്ഷ ബദല്‍ ശക്തിപ്പെടുത്തുകയാണ് ദേശാഭിമാനികളുടെ ഉത്തരവാദിത്തം. ഇന്നലെകളില്‍ കടുത്ത സിപിഐ എം വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന സിപിഐ എംഎല്‍ റെഡ്ഫ്ളാഗ് വിഭാഗവും എല്‍ഡിഎഫുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആഗോളവല്‍ക്കരണത്തിനെതിരായ പോരാട്ടം മുമ്പോട്ടുകൊണ്ടുപോകുന്നതിന് വിശാലമായ ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മ ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിയിരിക്കുന്നു. പിഡിപി, ജനപക്ഷം, സിപിഐ എംഎല്‍ റെഡ്ഫ്ളാഗ്, സികെ നാണുവിന്റെ ജനതാദള്‍ എന്നി പാര്‍ടികള്‍ മാത്രമല്ല പുതുതായി എല്‍ഡിഎഫിനെ സഹായിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി പുതിയ ജനവിഭാഗങ്ങള്‍ രംഗത്തുണ്ട്. എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാട് ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനവും നിലപാടുകളെ സ്വാധീനിക്കുന്നു.

ആത്മഹത്യയുടെ വക്കില്‍ നിന്നിരുന്ന വയനാട്ടിലെ കുടിയേറ്റകര്‍ഷകരെ കടത്തില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ ജീവിതാനുഭവമാണ് അവരെ എല്‍ഡിഎഫിനോട് അടുപ്പിക്കുന്നത്. മത്സ്യബന്ധനം നടത്തി ജീവിക്കുന്നവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവരുടെ കടം എഴുതിത്തള്ളുകയും മറ്റ് ആശ്വാസം നല്‍കുകയുംചെയ്ത രാജ്യത്തെ ഏക സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇങ്ങനെയുള്ള അനുഭവങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയനിലപാടുകളെ സ്വാധീനിക്കുന്നുണ്ട്. അതിന്റെ നേര്‍സാക്ഷ്യങ്ങളാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പുതുതായി കാണുന്ന ആയിരക്കണക്കിനു മുഖങ്ങള്‍.

മദനിയെമാത്രം പര്‍വതീകരിച്ച് അവതരിപ്പിക്കുന്നവര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. അതിനൊരു ലക്ഷ്യമുണ്ട്. അതു വലതുപക്ഷത്തിനു വിടുപണിചെയ്യലാണ്. എന്നാല്‍, വിവാദങ്ങള്‍ ഭക്ഷിച്ചല്ല ജനം ജീവിക്കുന്നത്. അവര്‍ പ്രശ്നങ്ങളെ തൊട്ടറിയുന്നവരാണ്. അതിവേഗത്തില്‍ വിപുലപ്പെടുന്ന എല്‍ഡിഎഫിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താന്‍ ഇത്തരം നുണപ്രചാരവേലകള്‍ക്കും ചീഞ്ഞളിഞ്ഞ വ്യാഖ്യാനങ്ങള്‍ക്കും കഴിയില്ല.

പി രാജീവ് എഴുതിയ ലേഖനം

Tuesday, March 24, 2009

ബുദ്ധദേവ് സംസാരിക്കുന്നു

ബുദ്ധദേവ് യാത്രയിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള വിശദീകരണയോഗങ്ങളില്‍ നിന്നും യോഗങ്ങളിലേക്കുള്ള യാത്രയില്‍. പ്രതിപക്ഷവും പ്രതിപക്ഷത്തേക്കാള്‍ മിടുക്കോടെ മാധ്യമങ്ങളും സൃഷ്ടിച്ച എല്ലാ കുപ്രചാരണങ്ങള്‍ക്കും മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ സര്‍ക്കാരിന്റെ ജനക്ഷേമനടപടികള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ യാത്ര തുടരുന്നു.

പ്രസംഗത്തിനിടെ, ഒബാമയും ബുഷും തമ്മിലുള്ള വ്യത്യാസം കൊക്കകോളയും പെപ്സിയും തമ്മിലുള്ള വ്യത്യാസമാണെന്നു പറയുമ്പോള്‍ പ്രവര്‍ത്തകര്‍ ആര്‍ത്തുചിരിക്കുന്നു. ദയയില്ലാത്ത മാധ്യമവിചാരണയ്ക്കും പ്രതിപക്ഷത്തിന്റെ അധിക്ഷേപങ്ങള്‍ക്കും ഇരയായിട്ടും സംസ്ഥാനത്തെ, വ്യവസായവികസനമെന്ന ലക്ഷ്യത്തിലേക്ക് ദൃഢനിശ്ചയത്തോടെ നയിക്കുന്ന ബുദ്ധദേവ് ഇടതുമുന്നണി ഇത്തരം ദുഷ്പ്രചാരണങ്ങള്‍ക്ക് വഴങ്ങില്ലെന്നും, സംസ്ഥാനത്ത് മികച്ച വിജയം നേടുമെന്നും പ്രഖ്യാപിക്കുന്നു. കേന്ദ്രത്തില്‍ മൂന്നാംബദലെന്ന ലക്ഷ്യം നേടാന്‍ ബംഗാളും കേരളവും ത്രിപുരയും ശക്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹവുമായുള്ള ഒരു ചെറു അഭിമുഖം. അഭിമുഖം നടത്തിയത് എന്‍.എസ്. സജിത്ത്.

പ്രതിപക്ഷ സമരങ്ങള്‍ സംസ്ഥാനത്തെ വ്യവസായവികസനപ്രക്രിയക്ക് താല്‍ക്കാലികമായെങ്കിലും തടസ്സമുണ്ടാക്കിയിട്ടുണ്ടല്ലോ. ഈ അവസ്ഥ എങ്ങനെ കൈകാര്യംചെയ്യും?

പ്രതിപക്ഷത്തിന്റെ നിരുത്തരവാദപരമായ അക്രമസമരത്തെയും ദുഷ്പ്രചാരണങ്ങളെയും അതിജീവിച്ച് പശ്ചിമ ബംഗാള്‍ വ്യവസായവല്‍ക്കരണപ്രക്രിയയുമായി മുന്നോട്ടുപോകും. സംസ്ഥാനത്ത് തൊഴിലവസരം സൃഷ്ടിക്കാനാണ് വ്യവസായവല്‍ക്കരണം. ഭൂപരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിച്ചവരുടെ പിന്‍തലമുറയ്ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ വ്യവസായവല്‍ക്കരണം കൂടിയേ തീരൂ. അതിനുവേണ്ടിയുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ തകര്‍ക്കുന്ന പിന്തിരിപ്പന്‍ നീക്കങ്ങള്‍ക്കുള്ള മറുപടിയാകും ലോക്സഭാ തെരഞ്ഞെടുപ്പു ഫലം.

സിംഗൂരിലും നന്ദിഗ്രാമിലും നിലച്ചുപോയ ശ്രമങ്ങള്‍ എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക?

സിംഗൂരിലെ നാനോ കാര്‍ഫാക്ടറി സമരംചെയ്ത് അടച്ചുപൂട്ടിച്ചതോടെ ആറായിരം യുവാക്കള്‍ക്കു തൊഴിലവസരം നഷ്ടപ്പെട്ടു. നിരുത്തരവാദപരമായ അക്രമ മാര്‍ഗത്തിലൂടെ ഫാക്ടറി അടപ്പിക്കുകയായിരുന്നു. ഇതിന് ആരെയാണ് കുറ്റം പറയേണ്ടത്. എന്നാല്‍, സിംഗൂരിലെ ജനങ്ങളെ സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തില്ല. ഇതേ ഫാക്ടറിയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങും. സിംഗൂരിലെ ടാറ്റാ ഫാക്ടറി കെട്ടിടം വിനിയോഗിച്ച് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന്— നിരവധി വ്യവസായികളുടെ നിര്‍ദേശം സര്‍ക്കാരിനു മുന്നിലുണ്ട്. വിപുലമായ പെട്രോകെമിക്കല്‍ കേന്ദ്രം നന്ദിഗ്രാമില്‍ തുടങ്ങാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. പ്രത്യക്ഷമായും പരോക്ഷമായും വന്‍തോതിലുള്ള തൊഴിലവസരം ഇതുവഴി സൃഷ്ടിക്കാനാകുമായിരുന്നു. ജനങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചു. ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിട്ടും ഒരു വര്‍ഷത്തോളം അവിടെ അക്രമസമരം നടന്നു. പദ്ധതി ആള്‍പ്പാര്‍പ്പില്ലാത്ത നയാച്ചര്‍ ദ്വീപിലേക്കു മാറ്റാന്‍ നടപടി തുടങ്ങി. എന്നാല്‍, മമതയും കൂട്ടരും അവിടെയും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. നയാച്ചര്‍ ദ്വീപ് സ്ഥിതിചെയ്യുന്ന ഹല്‍ദി നദിയിലെ മീന്‍ ചത്തുപോകുമെന്നെല്ലാം പ്രചരിപ്പിച്ച്— വീണ്ടും പ്രശ്നം ആളിക്കത്തിക്കാനാണ് ശ്രമം. —എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇതിനു ലഭിച്ചു.

ഇടതുമുന്നണി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാണല്ലോ പ്രചാരണം?

കര്‍ഷകന് ഭൂമി നഷ്ടപ്പെടുമെന്ന് പ്രചരിപ്പിച്ച് ഏതു വികസനപ്രവര്‍ത്തനവും തടയുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. ജനങ്ങള്‍ എക്കാലവും ഉരുളക്കിഴങ്ങും വെള്ളരിയും കൃഷിചെയ്ത് കഴിഞ്ഞാല്‍ മതിയെന്നാണ് വാദം. കൃഷികൊണ്ടുമാത്രം നമുക്കിനി നിലനില്‍ക്കാനാകില്ല. മുമ്പ് കമ്യൂണിസ്റ്റുകാര്‍ ചെങ്കൊടിയേന്തി കര്‍ഷകര്‍ക്കുവേണ്ടി സമരം നടത്തുമ്പോള്‍ ഇവിടത്തെ ജമീന്ദാര്‍മാരുടെ കൈയില്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയായിരുന്നു. ഇപ്പോള്‍ പദ്ധതി മുടക്കുന്നവരുടെ കൈയിലും ത്രിവര്‍ണ പതാകയാണ്. കമ്യൂണിസ്റ്റുകാര്‍ നടത്തിയ ഒട്ടനവധി സമരങ്ങളിലൂടെയും ഇടതുമുന്നണി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെയുമാണ് പശ്ചിമബംഗാളില്‍ കൃഷിഭൂമി കൃഷിക്കാരന് ലഭിച്ചത്. ‘ഭക്ഷ്യോല്‍പ്പാദനത്തില്‍ പശ്ചിമബംഗാളിനെ മിച്ച സംസ്ഥാനമാക്കിയതും ഇടതുമുന്നണിഭരണമാണ്.—കൃഷിഭൂമി ലഭിച്ചവരുടെ അടുത്ത തലമുറയ്ക്ക് തൊഴിലവസരം കൃഷിഭൂമിയില്‍നിന്നുമാത്രം ലഭിക്കില്ല. അതുകൊണ്ടുതന്നെയാണ് വ്യവസായവല്‍ക്കരണം അനിവാര്യമാകുന്നത്. വികസനപ്രവര്‍ത്തനം തടയുക മാത്രമല്ല, പ്രതിപക്ഷം ഇവിടെ ചെയ്യുന്നത്. പശ്ചിമബംഗാളിനെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികളെ അവര്‍ രഹസ്യമായി സഹായിക്കുന്നു. ഡാര്‍ജിലിങ്ങിനെ വിമോചിപ്പിക്കാന്‍ ശ്രമിക്കുന്ന ഗൂര്‍ഖാ ജനമുക്തിമോര്‍ച്ച നേതാക്കളും—പുരുളിയ, ബാങ്കുറ, പശ്ചിമ മിഡ്നാപുര്‍ എന്നീ അതിര്‍ത്തി ജില്ലകള്‍ ജാര്‍ഖണ്ഡിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്നാവശ്യപ്പെടുന്ന നക്സലൈറ്റ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസുമായി നിരന്തരബന്ധം പുലര്‍ത്തിവരികയാണ്. ഡാര്‍ജിലിങ്ങില്‍നിന്നും ജാര്‍ഖണ്ഡ് വിഘടനവാദികളുടെ ആസ്ഥാനമായ ലാല്‍ഗഡില്‍ നിന്നും മമതയുടെ കാളിഘട്ടിലെ ആസ്ഥാനത്തേക്കു വരുന്ന ഫോകോളുകളെക്കുറിച്ച് സര്‍ക്കാരിനറിയാം.

ന്യൂനപക്ഷക്ഷേമത്തിന് എന്തെല്ലാം നടപടിയാണുള്ളത്?

പശ്ചിമബംഗാളിലെ മുസ്ളിങ്ങളെ തെറ്റിദ്ധരിപ്പിച്ച് സിപിഐ എമ്മിനെതിരാക്കാന്‍—ഗൂഢശ്രമം നടക്കുന്നു. ഗ്രാമീണബംഗാളില്‍ മുസ്ളിങ്ങളുടെ ഭൂമി സര്‍ക്കാര്‍ കൈയടുക്കുകയാണെന്നുവരെ പ്രചരിപ്പിക്കുന്നു. ഇത് പച്ചക്കള്ളമാണ്. ഇടതുമുന്നണി സര്‍ക്കാര്‍ എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളില്‍ 25 ശതമാനവും മുസ്ളിങ്ങളാണെന്ന് ഇത്തരം കുപ്രചാരണം നടത്തുന്നവര്‍ മറക്കുന്നു. മുസ്ളിങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥായെക്കുറിച്ച് സച്ചാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാരിന് വിയോജിപ്പുണ്ട്. സംസ്ഥാനത്തെ സുപ്രധാനവസ്തുതകള്‍ റിപ്പോര്‍ട്ട് കണക്കിലെടുത്തില്ല. മുസ്ളിങ്ങള്‍ക്ക് ഭൂപരിഷ്കരണത്തിന്റെ ഗുണം ലഭിച്ചെന്ന വസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ പരിഗണിച്ചിട്ടില്ല. മാത്രമല്ല, മദ്രസ അധ്യാപകര്‍ക്ക് ശമ്പളം സര്‍ക്കാരാണ് നല്‍കുന്നതെന്ന വസ്തുതയും മറച്ചുവയ്ക്കുന്നു. 68,000 സ്കൂളിലെ ഗണ്യമായ ശതമാനം മുസ്ളിം അധ്യാപകരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. മുസ്ളിം വിദ്യാര്‍ഥികള്‍ക്ക് ഇടതുമുന്നണിസര്‍ക്കാര്‍ എത്രയോ കാലമായി പഠനത്തിന് സ്കോളര്‍ഷിപ്പും തൊഴില്‍പരിശീലനവും നല്‍കുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം ഇടതുമുന്നണിയുടെ വിജയപ്രതീക്ഷയ്ക്ക് എത്രത്തോളം തടസ്സമാണ് ?

കോണ്‍ഗ്രസും തൃണമൂലും വിശാലസഖ്യമുണ്ടാക്കി ജനങ്ങളെ വഞ്ചിക്കുകയാണ്. രണ്ടും രണ്ടും കൂട്ടിയാല്‍ നാലാണെന്നാണ് നമ്മള്‍ പഠിച്ചത്. പക്ഷേ, തൃണമൂലും കോണ്‍ഗ്രസും കൂട്ടുകൂടിയാല്‍ വട്ടപ്പൂജ്യമാകും ഫലം. തെരഞ്ഞെടുപ്പിനുമുമ്പ് തട്ടിക്കൂട്ടിയ ഈ മുന്നണിക്ക് പ്രത്യയശാസ്ത്രപരമായ എന്ത് അടിസ്ഥാനമാണുള്ളത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ഒറ്റക്കോ ഈ പാര്‍ടികള്‍ നയിക്കുന്ന മുന്നണിക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. നാലഞ്ചു വര്‍ഷം ഭരിച്ചത് ആണവകരാര്‍ ഒപ്പിടാന്‍മാത്രമായിരുന്നു എന്ന മട്ടിലാണ് കോഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യചെയ്യേണ്ട ദുഃസ്ഥിതിയാണ് കോണ്‍ഗ്രസ് സൃഷ്ടിച്ചത്. രാജ്യമൊട്ടുക്ക് ഭക്ഷ്യോല്‍പ്പാദനം ഗണ്യമായി കുറയാനും കോഗ്രസ് ഭരണം ഇടയാക്കി. എല്ലാ പ്രശ്നങ്ങള്‍ക്കും അമേരിക്ക പരിഹാരമാര്‍ഗം കാണിച്ചു തരുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍, ആഗോളമാന്ദ്യത്തിന് പരിഹാരമെന്തെന്ന് അമേരിക്കതന്നെ അന്വേഷിച്ചു നടക്കുകയാണ്. ഇന്ത്യയില്‍ ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ഈയിടെ ഒരു സര്‍വെ കണ്ടെത്തിയത്. മുതലാളിത്തം മനുഷ്യത്വരഹിതമാണെന്ന കമ്യൂണിസ്റുകാരുടെ നിരീക്ഷണം ഇവിടെ സത്യമായി. അമേരിക്കയെ സ്തുതിക്കുന്ന, വര്‍ഗീയതയില്‍ അഭയം തേടുന്ന ബിജെപിയെയും ജനങ്ങള്‍ നിരാകരിക്കും. വ്യക്തമായ നയങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തില്‍ മൂന്നാംബദലിനായുള്ള ശ്രമം. ജനോപകാരപ്രദവും കര്‍ഷകരെ സഹായിക്കുന്നതുമായ നയങ്ങള്‍, ശക്തമായ കേന്ദ്ര-സംസ്ഥാനബന്ധം, വര്‍ഗീയതയ്ക്കെതിരെയുള്ള കര്‍ശന നിലപാട്, സ്വതന്ത്രമായ വിദേശനയം എന്നിവ അടിസ്ഥാനമാക്കിയാണ് മൂന്നാംബദല്‍ രൂപീകരിക്കുന്നത്. പ്രധാനമന്ത്രി ആരാകുമെന്നത് മൂന്നാംമുന്നണിയെ സംബന്ധിച്ച് ഒരു പ്രശ്നമല്ല.

പ്രസക്തമായ മൂന്നു പോസ്റ്റുകള്‍

ശ്രീ. പി.എം മനോജിന്റെ ബ്ലോഗിലെ 3 ലേഖനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

ഇതില്‍ ആര്‍ക്കാണ് പ്രതിഷേധം. ആരാണ് പ്രതിഷേധിക്കേണ്ടത്?

രാഷ്ട്രീയത്തിലെ ശുഭസൂചന

വര്‍ഗീയ കുതന്ത്രങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത

Monday, March 23, 2009

രാമന്‍പിള്ളക്ക് പറയാനുള്ളത്

“ഇടതുപക്ഷമാണ് മനുഷ്യപ്പറ്റുള്ള പ്രസ്ഥാനം. മത-വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരാണ് അവര്‍.“

ഇത് ഏതെങ്കിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് നോട്ടീസില്‍ നിന്നും കടമെടുത്ത വാചകങ്ങളല്ല. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന രാമന്‍പിള്ളയുടെതാണീ വാക്കുകള്‍. ബിജെപിയുടെ വര്‍ഗീയനിലപാടുകളെ പരസ്യമായി എതിര്‍ക്കുകയും അതിലെ ജനാധിപത്യധ്വംസനത്തിലും അഴിമതിയിലും മനംമടുത്ത് പുറത്തുവന്ന് കേരള ജനപക്ഷം എന്ന പാര്‍ടിക്ക് രൂപംനല്‍കുകയും ചെയ്തയാളാണ് കെ. രാമന്‍പിള്ള.

അദ്ദേഹവുമായുള്ള ഒരു ചെറു അഭിമുഖം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കാരണം?

കേരള ജനപക്ഷം പുതിയ പാര്‍ടിയാണ്. ഇതുവരെ ശക്തിതെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. സംസ്ഥാന കൌസില്‍ വിശദമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. 50 വര്‍ഷം ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. ഇടക്കാലത്ത് ജനതാപാര്‍ടിയും എന്‍ഡിഎയും മറ്റു കക്ഷികളും ഭരണം കൈയാളിയെങ്കിലും അധിക കാലവും ഭരിച്ചത് കോണ്‍ഗ്രസ്. ഇന്ത്യയുടെ എല്ലാ കെടുതിക്കും കാരണം അവരാണ്. രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചു. വര്‍ഗീയതയും ഭീകരവാദവും വളര്‍ന്നു. ജനാധിപത്യം കശക്കിയെറിഞ്ഞു.ഇതെല്ലാം കോണ്‍ഗ്രസിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം ബോധ്യമായത്.

ബിജെപിയുടെ അഴിമതിയും വോട്ടുവില്‍പ്പനയും എത്രത്തോളം വ്യാപകമാണ്?

കേരളത്തില്‍ പാര്‍ടിക്കുവേണ്ടി മരിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ അതിന്റെ നേതൃത്വം ഒന്നുംചെയ്യുന്നില്ല. രക്തസാക്ഷികുടുംബങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന കോടികള്‍ പിരിച്ചെടുത്തു. അതെല്ലാം നേതാക്കള്‍തന്നെ പോക്കറ്റിലാക്കി. എന്‍ഡിഎ ഗവമെന്റിന്റെ കാലത്ത് പെട്രോള്‍ബങ്ക് നല്‍കാമെന്ന് മോഹിപ്പിച്ച് കേരളത്തില്‍നിന്നുമാത്രം 20 കോടി രൂപ പലരില്‍നിന്നായി നേതൃത്വം പിരിച്ചെടുത്തു. ഇതെല്ലാം രക്തസാക്ഷികുടുംബങ്ങളെ സംരക്ഷിക്കാനെന്നപേരില്‍ സ്വരൂപിക്കുകയും നേതാക്കള്‍ സ്വന്തമാക്കുകയും ചെയ്തു. കേരളത്തിലും ദേശീയരംഗത്തും ബിജെപിയുടെ ഭാവി? കേരളത്തില്‍ ബിജെപി രംഗത്തേയില്ല; അവര്‍ ഒരിക്കലും ഇവിടെ ജയിക്കാന്‍ പോകുന്നില്ല. സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണ് ഇവിടെ ബിജെപി ശ്രമിക്കുന്നത്. ദേശീയരാഷ്ട്രീയത്തിലും അവര്‍ ഒറ്റപ്പെടുന്നു. കൂടെനിന്ന പല കക്ഷിയും ഇന്ന് അവരോടൊപ്പമില്ല. അതുകൊണ്ടുതന്നെ അവര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല.

ബിജെപിയുടെ നേതൃനിരയില്‍നിന്നു മാറി ഇപ്പോഴത്തെ പാര്‍ടിപ്രവര്‍ത്തനത്തെ താരതമ്യപ്പെടുത്തുമ്പോള്‍?

നേതൃനിരയില്‍നിന്ന് ഇറങ്ങിപ്പോയത് മനസ്സിന് ഏറെ സന്തോഷം നല്‍കുന്നു. ഇന്ന് സ്വതന്ത്രനാണെന്ന തോന്നലുണ്ട്. പ്രലോഭനങ്ങളും ഭീഷണിയും തുടരുന്നുണ്ടെങ്കിലും അതിനെയെല്ലാം ധീരമായി നേരിടാന്‍തന്നെയാണ് തീരുമാനം.

ജനപക്ഷം ഈ തെരഞ്ഞെടുപ്പില്‍ നടത്തുന്ന പ്രവര്‍ത്തനം?

എല്‍ഡിഎഫ് തെരഞ്ഞെടുപ്പുകമ്മിറ്റികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ജനപക്ഷത്തിന്റെ നയം വ്യക്തമാക്കുന്ന പൊതുയോഗങ്ങള്‍ 20 മണ്ഡലത്തിലും ആദ്യഘട്ടമെന്ന നിലയില്‍ നടത്തും. എല്ലാ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പുരംഗത്ത് സജീവമാകും. ഉന്നത നയരൂപീകരണ കൌസിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. അടുത്തുവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ പാര്‍ടി ആലോചിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കുക

മതവിശ്വാസവും ആചാരവും വ്യക്തിനിഷ്ഠമാണ്. അത് പാര്‍ടി സ്വീകരിക്കാന്‍ പാടില്ല. നാഗ്പുര്‍ സമ്മേളനത്തിനുശേഷം ബിജെപി മതരാഷ്ട്രീയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങി. എപതുകളില്‍ ബിജെപി രൂപീകരിച്ചപ്പോഴുണ്ടായ അണികളില്‍ ഭൂരിപക്ഷവും ജനപക്ഷത്തോടൊപ്പം വന്നു. ബിജെപിയുടെ വര്‍ഗീയനിലപാടില്‍ പ്രതിഷേധമുള്ളവരാണ് അവര്‍. ഇപ്പോഴത്തെ എല്‍ഡിഎഫ് അനുകൂല നിലപാടിനുപിന്നിലും മതേതരത്വമാണ് അടിസ്ഥാനം. അബ്ദുള്‍നാസര്‍ മദനിയെസംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ശരിയാണ്. മദനിയുടെ തീവ്രവാദ ബന്ധത്തെസംബന്ധിച്ച് വര്‍ഷങ്ങളെടുത്ത് കോടതി പരിശോധിച്ചതാണ്. അതിനുശേഷമാണ് കുറ്റവിമുക്തനാക്കിയത്. ഇപ്പോള്‍ അദ്ദേഹത്തില്‍ തീവ്രവാദബന്ധം ആരോപിക്കുന്നത് ശരിയല്ല. ഇന്നലെ എന്തായിരുന്നു എന്നല്ല, ഇന്ന് എന്താണ് എന്നതാണ് അന്വേഷിക്കേണ്ടത്. പഴയ മദനിയല്ല ഇന്നത്തെ മദനി. ആദ്യഘട്ടത്തില്‍ അഴിമതിക്കെതിരെ പോരാടിയ പാര്‍ടിയായിരുന്നു ബിജെപി. ക്രമേണ അഴിമതി ജീവിതശൈലിയായി. അഴിമതി അച്ചടക്കലംഘനമാണ്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ഗ്രൂപ്പ് മുന്നോട്ടുവന്നു. അവരാണ് ഇന്ന് ആ പാര്‍ടിയെ നയിക്കുന്നത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി പുനത്തില്‍ കുഞ്ഞബ്ദുള്ളയായിരുന്നു. അന്ന് ലീഗ് സ്ഥാനാര്‍ഥിയായിരുന്ന മായിന്‍ഹാജിക്കുവേണ്ടി ബിജെപി നേതാക്കള്‍ പരസ്യമായി വോട്ട് ചോദിച്ചു. അതിനെ എതിര്‍ത്ത ഉമാ ഉണ്ണി ഇന്ന് ജനപക്ഷത്തിന്റെ നേതാവാണ്. അവര്‍ക്കെതിരെ നിരന്തരം ഭീഷണിമുഴക്കുന്നു. കഴിഞ്ഞദിവസം ഉമാ ഉണ്ണിയുടെ സ്കൂട്ടര്‍ അവര്‍ കത്തിച്ചു. എനിക്കെതിരെയും ഭീഷണിയും പ്രലോഭനങ്ങളും നിരന്തരമുണ്ട്.

മായയെങ്കില്‍ എന്തിനീ ഭയം

ദേശീയതലത്തില്‍ ബിജെപിയുടെ പ്രചാരകരില്‍ ഒരാളായ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായ്, ഇടതുപക്ഷ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന മതനിരപേക്ഷ ബദലിനെതിരെ ആക്ഷേപം ചൊരിയുന്നതില്‍ അല്‍ഭുതമൊന്നുമില്ല. ഈ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ പ്രവചനം അസാധ്യമാക്കി ബിജെപി മുന്നണിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് ഷേണായിക്ക് നന്നായി അറിയാം. മൂന്നാംമുന്നണിയെന്ന് വിളിക്കപ്പെടുന്ന മതനിരപേക്ഷ ബദലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാണ് പോരാട്ടമെന്ന് ഇടതുപക്ഷവിരോധികളും സമ്മതിക്കും.

മൂന്നാംമുന്നണി വെറും മായയാണെന്ന് വ്യാഖ്യാനിച്ച് ഷേണായ് മാര്‍ച്ച് 17ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനം യുക്തിരഹിതമായ വാദങ്ങള്‍കൊണ്ട് സമ്പന്നമാണ്. 1. മൂന്നാംമുന്നണിക്ക് പൊതുപരിപാടിയില്ല. അധ്യക്ഷനില്ല. കണ്‍വീനറില്ല. 2. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയില്ല. 3. മൂന്നാംമുന്നണി പ്രധാനമന്ത്രിയെ തീരുമാനിക്കുക, അടച്ചിട്ട മുറിയില്‍ പാര്‍ടിനേതാക്കളായിരിക്കും. ഇന്ത്യന്‍ജനതയുടെ അഭിപ്രായത്തിന് അപ്പോള്‍ വിലയുണ്ടാകില്ല. 4. മൂന്നാംമുന്നണിക്ക് കോണ്‍ഗ്രസുമായി ചേരുക എന്ന ഒറ്റ വഴിയേ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകൂ. 5. മതനിരപേക്ഷത എന്ന കാരണം പറഞ്ഞ് ബിജെപിയെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല.

ബിജെപിയെ ഒരു ജനാധിപത്യ രാഷ്ട്രീയകക്ഷിയായി കാണാനേ ഷേണായിക്ക് കഴിയുന്നുള്ളൂ. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു ഫാസിസ്റ്റ് കക്ഷിയാണ് ബിജെപി. ബിജെപിയെ വെള്ളപൂശാന്‍ ആരുവിചാരിച്ചാലും കഴിയില്ലെന്ന് വരുണ്‍ ഗാന്ധിയുടെ പ്രസംഗവും സാക്ഷ്യപ്പെടുത്തുന്നു. 'ഹിന്ദുക്കള്‍ ഇവിടെ കഴിയട്ടെ, മുസ്ളിങ്ങള്‍ പാകിസ്ഥാനില്‍ പോകട്ടെ' എന്നാണ് വരുണ്‍ പറഞ്ഞത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജന്‍ഡയും അതുതന്നെ. മൂന്നാംമുന്നണിക്ക് പരിപാടിയുണ്ടോ എന്ന് ചോദിച്ച ഷേണായ്, സംഘപരിവാറിന്റെ രാഷ്ട്രീയ അജന്‍ഡ എന്താണെന്ന് വിശദീകരിക്കുന്നില്ല.

ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മതനിരപേക്ഷ പാര്‍ടികളുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കാന്‍ നേതൃപരമായ പങ്ക് വഹിക്കുന്ന സിപിഐ എം അതിന്റെ പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. ജനപക്ഷ സാമ്പത്തികനയം നടപ്പാക്കുന്നതും മതനിരപേക്ഷത സംരക്ഷിക്കുന്നതും സ്വതന്ത്ര വിദേശനയം നടപ്പാക്കുന്നതുമായ സര്‍ക്കാര്‍-ഇതാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്ന പരിപാടി. ഈ ബദല്‍നയത്തോട് മറ്റ് ഇടതുപക്ഷ പാര്‍ടികള്‍ മാത്രമല്ല, മായാവതിയുടെ ബിഎസ്പിയും ജയലളിതയുടെ എഐഎ ഡിഎംകെയും ആന്ധ്രയിലെ തെലുങ്കുദേശവും തെലങ്കാന രാഷ്ട്രസമിതിയും ഒറീസയിലെ ബിജെഡിയും ദേവഗൌഡ നയിക്കുന്ന സെക്കുലര്‍ ജനതാദളും യോജിക്കുന്നു. അപ്പോള്‍ പൊതുപരിപാടി മുന്നോട്ടുവച്ചുതന്നെയാണ് മൂന്നാംമുന്നണി മത്സരിക്കുന്നതെന്ന് വ്യക്തം.

ബിജെപിക്ക് പരിപാടിയുണ്ട്. അതുതന്നെയാണോ എന്‍ഡിഎയുടെ പരിപാടി? ബിജെപിയുടെ പരിപാടി എന്‍ഡിഎയില്‍ അവശേഷിക്കുന്ന കക്ഷികള്‍ അംഗീകരിക്കുമോ? ഈ ചോദ്യങ്ങളൊന്നും സ്വയം ചോദിക്കാതെയാണ് ഷേണായിയുടെ ലേഖനം. കോണ്‍ഗ്രസ് അതിന്റെ പരിപാടി മുന്നോട്ടുവയ്ക്കും. എന്നാല്‍, കോണ്‍ഗ്രസിന് മുന്നണിയില്ല. ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള കൂട്ടുകെട്ട്. കേരളത്തില്‍ മുസ്ളിംലീഗ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്. എന്നാല്‍, മറ്റെവിടെയും ഇല്ല. കോണ്‍ഗ്രസിനും ലീഗിനും പൊതുവായ പരിപാടിയുണ്ടാകുമോ? ഷേണായ് ചോദിച്ചില്ല. കാരണം, കോണ്‍ഗ്രസിന്റെ മാത്രമല്ല, ബിജെപിയുടെയും മുഖ്യഎതിരാളി ഇപ്പോള്‍ മൂന്നാംമുന്നണിയാണ്. കാരണം? പല ഘട്ടങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ടിഡിപി, എഐഎഡിഎംകെ, ബിജെഡി, സെക്കുലര്‍ ജനതാദള്‍ എന്നിവ ഇപ്പോള്‍ മൂന്നാംമുന്നണിയിലാണ്. ഈ കക്ഷികളെ മൂന്നാംമുന്നണിയിലേക്ക് കൊണ്ടുവന്നത് സിപിഐ എമ്മും.

മൂന്നാംമുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടോ എന്ന ചോദ്യത്തിന് ചെറിയ സാംഗത്യമുണ്ട്. കാരണം, ഷേണായിയുടെ ബിജെപി അദ്വാനിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസോ? കോണ്‍ഗ്രസ് ഇത്തവണ ആരെയും പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്ത അവസ്ഥയിലാണ്. രാഹുല്‍ ഗാന്ധി കാത്തിരിക്കുന്നു. പക്ഷേ അതു പറയാന്‍ വയ്യ.

മൂന്നാംമുന്നണിക്ക് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുണ്ടോ എന്ന ചോദ്യമെറിഞ്ഞശേഷം ഷേണായ് പറയുന്നു: "മൂന്നാംമുന്നണി പ്രധാനമന്ത്രിയെ തീരുമാനിക്കുക അടച്ചിട്ട മുറിയിലായിരിക്കും. പാര്‍ടി നേതാക്കളായിരിക്കും തീരുമാനമെടുക്കുക. അവരില്‍ ഭൂരിഭാഗവും എംപിമാരല്ല. അങ്ങനെവന്നാല്‍ ഇന്ത്യന്‍ജനതയുടെ അഭിപ്രായത്തിന് വിലയുണ്ടാകില്ല''. തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രിസ്ഥാനാര്‍ഥി വേണമെന്ന് ശഠിക്കുന്ന ഷേണായ് തന്നെ പറയുന്നു, പ്രധാനമന്തിയെ തീരുമാനിക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന എംപിമാരാണെന്ന്. എംപിമാരാണ് തീരുമാനിക്കേണ്ടതെങ്കില്‍, വോട്ടെടുപ്പിന് മുമ്പേ എങ്ങനെയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുണ്ടാകുക?

മൂന്നാംമുന്നണിക്കുമുമ്പില്‍ ചരിത്രവും യുക്തിബോധവും നിര്‍ദേശിക്കുന്ന ഏകവഴി കോണ്‍ഗ്രസുമായി ചേരുകയാണെന്ന് ഷേണായ് വാദിക്കുമ്പോള്‍, സമീപകാലചരിത്രം അദ്ദേഹത്തെ ഓര്‍മിപ്പിക്കേണ്ടിവരുന്നു. 1996ല്‍ പതിനൊന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നു. അന്ന് ജനതാദളിന്റെ ദേവഗൌഡയെയും പിന്നീട് ഐ കെ ഗുജ്റാളിനെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിക്കപ്പെട്ടു.

സീറ്റ് കണക്കുകൂട്ടി ഷേണായ് നടത്തുന്ന പ്രവചനം മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്നാണ്. എന്നാല്‍, മൂന്നാംമുന്നണിക്ക് എട്ടു സംസ്ഥാനത്തെങ്കിലും നിര്‍ണായകസ്വാധീനമുണ്ട്. ബിജെപിയുടെ സ്ഥിതിയോ? മധ്യപ്രദേശും ഗുജറാത്തും കഴിഞ്ഞാല്‍ ബിജെപിക്ക് സാധ്യതയുള്ള സംസ്ഥാനം ഏതുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥിതി അതിലും കഷ്ടം. രാജസ്ഥാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ചൂണ്ടിക്കാണിക്കാന്‍ മറ്റൊരു സംസ്ഥാനമില്ല. മൂന്നാംമുന്നണി മായയല്ല, ബിജെപിയും കോണ്‍ഗ്രസും പേടിക്കുന്ന യാഥാര്‍ഥ്യമാണെന്ന് സ്ഥാപിക്കുന്നതാണ് ഷേണായിയുടെ വിതണ്ഡവാദങ്ങളും.

*

പി പി അബൂബക്കര്‍

Sunday, March 22, 2009

മതനിരപേക്ഷ ബദല്‍ ഒന്നാം സ്ഥാനത്തേക്ക്

ഒറ്റക്ക് അധികാരത്തില്‍ കയറാനിരുന്നവരെ കരയിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. തലങ്ങും വിലങ്ങും നടത്തുന്ന പരിഹാസങ്ങളിലൂടെയും, പ്രസക്തി ചോദ്യം ചെയ്യുന്നതിലൂടെയും മതനിരപേക്ഷ ബദലിനായി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയാം എന്ന വിശ്വാസം യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ തകര്‍ന്നതിന്റെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ്സും എന്‍.ഡി.എ യും.

കോണ്‍ഗ്രസിന്റെ സഖ്യം പ്രധാന സംസ്ഥാനങ്ങളിലെല്ലാം ഛിന്നഭിന്നമായി. ബിഹാറിലും ജാര്‍ഖണ്ഡിലും സഖ്യം പൂര്‍ണമായും തകര്‍ന്നപ്പോള്‍ തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ പാട്ടാളി മക്കള്‍ കക്ഷി (പിഎംകെ) കൂടി കോണ്‍ഗ്രസുമായി വഴിപിരിയുകയാണ്. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ടിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മഹാരാഷ്ട്രയിലാവകട്ടെ പേരിന് സഖ്യമുണ്ടെങ്കിലും വടംവലി രൂക്ഷമാണ്. ഇതോടെ, യുപിഎക്ക് ആദ്യഘട്ടത്തില്‍ എന്തെങ്കിലും തരത്തിലുള്ള നേരിയ മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കില്‍ അത് തീര്‍ത്തും ഇല്ലാതായി. എന്‍ഡിഎ ആകട്ടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയുമാണ്. ദിനംപ്രതി കൂടുതല്‍ കക്ഷികള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷ ബദല്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ബീഹാര്‍

ബിഹാറില്‍ മൂന്ന് സീറ്റുമാത്രം നല്‍കി ലാലുവും പാസ്വാനും ചേര്‍ന്ന് കോണ്‍ഗ്രസിനെ ഒതുക്കിയതോടെ അവിടെ യുപിഎ തകര്‍ന്നു. ഇവിടെയുള്ള 40 സീറ്റില്‍ 37 ലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് ശനിയാഴ്ച വ്യക്തമാക്കി. ലാലു മല്‍സരിക്കുന്ന രണ്ട് സീറ്റിലും പാസ്വാന്റെ സീറ്റിലും ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ് മത്സരിക്കുമത്രെ. എല്ലാ സീറ്റിലും മല്‍സരിക്കാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ടെങ്കില്‍ എന്തിനാണ് ആദ്യം സീറ്റ് ചോദിച്ച് തന്നെ സമീപിച്ചതെന്ന് ലാലു ചോദിക്കുന്നു. ഈ ചോദ്യത്തിനു കോണ്‍ഗ്രസ്സിനു ഉത്തരമില്ല. “ അത്ര ശക്തിയുണ്ടെങ്കില്‍ അവര്‍ ഒറ്റക്ക് മത്സരിക്കട്ടെ. എന്തിനാണ് മൂന്നു സീറ്റ് ഒഴിച്ചിടുന്നത്? അതിലും അവര്‍ മത്സരിക്കട്ടെ” എന്നാണ് ലാലുവിന്റെ നിലപാട്.

ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന ഷിബുസൊരന്റെ മകന്‍ ദുര്‍ഗ സൊരന്റെ പ്രസ്താവന അവിടുത്തെ യുപിഎ സഖ്യവും തകര്‍ന്നുവെന്ന് വ്യക്തമാക്കുന്നു. നേരത്തെ കോഗ്രസും ജെഎംഎമ്മും ചേര്‍ന്ന് ആര്‍ജെഡിയെ മാറ്റിനിര്‍ത്തി സീറ്റുധാരണ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏഴ് സീറ്റില്‍ കോണ്‍ഗ്രസും അഞ്ചില്‍ ജെഎംഎമ്മും രണ്ടില്‍ ആര്‍ജെഡിയുമാണ് മല്‍സരിക്കേണ്ടിയിരുന്നത്. എന്നാല്‍ ജെഎംഎമ്മിന്റെ ശക്തികൊണ്ടാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് വിജയിക്കുന്നതെന്നുപറഞ്ഞാണ് ദുര്‍ഗ സൊരന്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. സീറ്റുചര്‍ച്ചയില്‍ തന്നെ അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വത്തോട് ദുര്‍ഗ സൊരനെ ഉപയോഗിച്ച് ലാലു പകരം വീട്ടുകയാണ്.

തമിഴ്‌നാട്

ഇതിനിടെ, തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മുന്നണി വീണ്ടും ദുര്‍ബലമാവും. പിഎംകെ ഏതാനും ദിവസങ്ങള്‍ക്കകം യുപിഎ വിട്ട് എഐഎഡിഎംകെ മുന്നണിക്കൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഒരു സീറ്റ് സംബന്ധിച്ച തര്‍ക്കം മാത്രമാണ് ബാക്കിയുള്ളത്. ഇടതുപക്ഷപാര്‍ടികളും എംഡിഎംകെയും നേരത്തെതന്നെ ഡിഎംകെ മുന്നണി വിട്ടിരുന്നു.

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ 26-22 എന്ന അനുപാതത്തില്‍ സീറ്റുധാരണയില്‍ എത്തിയിട്ടുണ്ടെങ്കിലും സഖ്യത്തെ പിന്തുണക്കുന്ന ആര്‍പിഐക്ക് ആര് സീറ്റ് നല്‍കുമെന്ന തര്‍ക്കം തുടരുകയാണ്.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശില്‍ 14 സ്ഥാനാര്‍ഥികളുടെ പട്ടികകൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ സഖ്യത്തിനുള്ള അവസാന ശ്രമവും തകര്‍ന്നു. നേരത്തെ 24 സീറ്റില്‍ കോഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ലാലുവും പാസ്വാനും മുലായംസിങ്ങും ശരദ്പവാറും തമ്മില്‍ യുപിഎക്ക് പുറത്ത് വര്‍ധിച്ചുവരുന്ന ബന്ധം യുപിഎയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നു.

ആന്ധ്ര

ആന്ധ്രയിലാകട്ടെ നിയമസഭയിലേക്കും ലോകസഭയിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റ് വന്നതോടെ കേരളത്തില്‍ എന്ന പോലെ കലാപമാണ്. മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ. എസ്. ജഗ്‌മോഹന്‍ റെഡ്ഡി കഡപ്പ മണ്ഡലത്തില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിക്കുമ്പോള്‍, പല പ്രമുഖര്‍ക്കും സീറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.

പശ്ചിമ ബംഗാള്‍

കലഹം മൂലം പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനന്തമായി നീളുകയാണ്. മാള്‍ദയിലെ സമുന്നത നേതാവായിരുന്ന ഖനിഖാന്‍ ചൊധരിയുടെ കുടുംബാംഗങ്ങള്‍ തമ്മിലാണ് കലഹം. കൂടാതെ മമതാ ബാനര്‍ജിയുമായി സഖ്യമുണ്ടാക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്ക് തന്നെ ഇക്കാര്യം സമ്മതിക്കേണ്ടി വന്നു. “മഹാസഖ്യമൊക്കെ അതിന്റെ വഴിക്കുപോകും. ഞങ്ങളാരും മമതയ്ക്കുവേണ്ടി വിയര്‍ക്കാനില്ല.” എന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.

ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും എതിരായ ബദല്‍ എന്ന ആശയം എത്രത്തോളം കൂടുതല്‍ മുന്നോട്ട് പോയിട്ടുണ്ട് എന്നറിയാന്‍ കഴിയും.

Saturday, March 21, 2009

ഗംഗയില്‍ മുങ്ങുന്ന കോണ്‍ഗ്രസ്

ആദ്യ പൊതു തെരഞ്ഞെടുപ്പിലെ നില

സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യപൊതുതെരഞ്ഞെടുപ്പില്‍ മൊത്തമുള്ള 489 സീറ്റില്‍ 364 ഉം നേടി കോണ്‍ഗ്രസ് തനിച്ചായിരുന്നു അധികാരമേറ്റത്. 45 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അന്ന് 45 സീറ്റില്‍മാത്രം മത്സരിക്കുകയും 16 സീറ്റ് മാത്രം വിജയിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു മുഖ്യപ്രതിപക്ഷം. 3.3 ശതമാനം വോട്ട് മാത്രമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലഭിച്ചത്.

ഗംഗാസമതലത്തിലെ അന്നത്തെ നില

അന്ന് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം ഗംഗാസമതലമായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തെയും രാഷ്ട്രീയത്തെയും കരുപ്പിടിപ്പിക്കുന്നതില്‍ ഈ സമതലത്തിനുള്ള പ്രാധാന്യം ചെറുതല്ല. ഇന്നത്തെ ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. നെഹ്റുവും, ലാല്‍ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും മറ്റും അവരുടെ രാഷ്ട്രീയ തട്ടകമായി തെരഞ്ഞെടുത്തതും ഈ പ്രദേശമായിരുന്നു. 1977 വരെ ഈ സംസ്ഥാനങ്ങളുടെ അധികാരക്കുത്തക(ഏതാനും ഇടവേളകള്‍ ഒഴിച്ചാല്‍) കോണ്‍ഗ്രസിനായിരുന്നു.

ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന 1952ല്‍ ഉത്തര്‍പ്രദേശില്‍ 86 സീറ്റില്‍ 81 ഉം നേടിയ കോണ്‍ഗ്രസിന് 53 ശതമാനം വോട്ടും ലഭിച്ചു. ബിഹാറിലാകട്ടെ 54ല്‍ 45 സീറ്റും 45.8 ശതമാനം വോട്ടും ലഭിച്ചു. പശ്ചിമബംഗാളിലാകട്ടെ 34ല്‍ 24 സീറ്റും 42 ശതമാനം വോട്ടും ലഭിച്ചു.

വര്‍ത്തമാനകാലത്തെ അവസ്ഥ

അതിനുശേഷം ഗംഗയിലൂടെ ഒരുപാട് വെള്ളം ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. അതോടൊപ്പം കോണ്‍ഗ്രസ് പ്രസ്ഥാനവും ഈ സമതലത്തില്‍നിന്ന് ഒലിച്ചുപോയി. ബിഹാറിലും ഉത്തര്‍പ്രദേശിലും മണ്ഡല്‍ കാര്‍ഡിലൂടെ ശക്തമായ പ്രാദേശിക കക്ഷികള്‍ ഉയര്‍ന്നു വന്നപ്പോള്‍ പശ്ചിമബംഗാള്‍ സിപിഐ എമ്മിന്റെ ഉരുക്കുകോട്ടയായി മാറി. ഇന്ന് ഈ ഗംഗാസമതലത്തില്‍പെട്ട മൂന്ന് സംസ്ഥാനത്തായി ലോക്സഭയില്‍ 162 സീറ്റുണ്ട്. അതില്‍ കോണ്‍ഗ്രസിനുള്ളത് 18 സീറ്റ് മാത്രമാണ്. ഇക്കുറി സഖ്യകക്ഷികള്‍ മത്സരിക്കാന്‍ നല്‍കിയതാകട്ടെ 22 സീറ്റ് മാത്രവും.

ഉത്തര്‍പ്രദേശ്

ആദ്യം ഉത്തര്‍പ്രദേശ് തന്നെ പരിശോധിക്കാം. ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 9 സീറ്റും 12.04 ശതമാനം വോട്ടും മാത്രമായിരുന്നു. 2007 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 21 സീറ്റും 8.47 ശതമാനം വോട്ടുംമാത്രമാണ്. അതായത് മൂന്ന് വര്‍ഷത്തിനകം നാല് ശതമാനത്തോളം വോട്ടാണ് യുപിയില്‍ കുറഞ്ഞത്. 57 വര്‍ഷത്തിനിടയ്ക്ക് 40 ശതമാനത്തിലധികം വോട്ട് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മറ്റും പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന്റെ അവസ്ഥയാണിത്. ഗംഗയില്‍ മുങ്ങിത്താഴാന്‍ പോകുന്ന ഈ പാര്‍ടിയുമായി സഖ്യമുണ്ടാക്കിയിട്ട് ഒന്നും നേടാനില്ലെന്ന് മനസ്സിലാക്കിയാണ് സമാജ്വാദി പാര്‍ടി കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നു നിശ്ചയിച്ചത്. വെറും അഞ്ച് സീറ്റ് മാത്രമാണ് മുലായം കോണ്‍ഗ്രസിനായി നീക്കിവച്ചിട്ടുള്ളത്. തുടര്‍ന്ന് പല കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യത്തിനായി ബന്ധപ്പെട്ടെങ്കിലും ആരുംതന്നെ അതിനും തയ്യാറായില്ല. കുര്‍മി സമുദായത്തിന്റെ നേതാവായ സോണാലാല്‍ പട്ടേലിന്റെ അപ്നാദളുമായി ചര്‍ച്ച നടത്തിയെങ്കിലും അതും വിജയിച്ചിട്ടില്ല. മുലായം സിങ് യാദവ് ഉപേക്ഷിച്ചതോടെ പെരുവഴിയിലായ കോണ്‍ഗ്രസ് ഇപ്പോള്‍ ഗത്യന്തരമില്ലാതെ തനിച്ച് മത്സരിക്കാനുള്ള നീക്കത്തിലാണ്. എന്നാല്‍, യുപി പോലുള്ള ഒരു സംസ്ഥാനത്ത് മുഴുവന്‍ സീറ്റിലും മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെപ്പോലും കണ്ടെത്താന്‍ കോണ്‍ഗ്രസിന് വിഷമമായിരിക്കും.

ബീഹാര്‍

ബിഹാറിലും കോണ്‍ഗ്രസിന്റെ സ്ഥിതി ശോചനീയമാണിന്ന്. ഒരു കാലത്ത് മൊത്തം പോള്‍ചെയ്ത വോട്ടിന്റെ പകുതിയിലധികം(1957 ല്‍ 51.7 ശതമാനവും 1984 ല്‍ 51.8 ശതമാനവും) വോട്ട് ലഭിച്ച കോണ്‍ഗ്രസിന് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് മൂന്ന് സീറ്റും 4.5 ശതമാനം വോട്ടും മാത്രമാണ്. 1999ല്‍ ലഭിച്ചതിനേക്കാള്‍ 0.2 ശതമാനം വോട്ട് കുറയുകയാണുണ്ടായത്. അതായത് വര്‍ഷംതോറും കോണ്‍ഗ്രസിന്റെ ജനപിന്തുണ ഈ സംസ്ഥാനത്ത് കുറയുകയാണ്. ഇത് മനസ്സിലാക്കിത്തന്നെയാണ് ലാലു പ്രസാദ് യാദവ്കോണ്‍ഗ്രസ് എന്നൊരുപാര്‍ടി സംസ്ഥാനത്ത് ഉണ്ടെന്നുപോലും ധരിക്കാതെ പാസ്വാന്റെ ലോക്ജനശക്തി പാര്‍ടിയുമായി സഖ്യമുണ്ടാക്കിയത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ ജയിച്ച മൂന്ന് സീറ്റ് മാത്രമാണ് അവര്‍ക്ക് നീക്കിവച്ചത്. കേന്ദ്രത്തില്‍ തനിച്ച് അധികാരത്തില്‍ വരുമെന്ന് കേരളത്തിലും മറ്റും പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഗതികേടാണ് ബിഹാറില്‍ തെളിയുന്നത്. സംസ്ഥാനത്ത് സിപിഐ എം അഞ്ച് സീറ്റിലും സിപിഐ ആറ് സീറ്റിലും മത്സരിക്കുന്നുണ്ട്. അത്രപോലും സീറ്റില്‍ മത്സരിക്കാന്‍ കഴിയാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു മത്സരിക്കുക മാത്രമാണ് വഴി. അങ്ങനെ ചെയ്താല്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പറയാനാവില്ല. രാജേന്ദ്രപ്രസാദിന്റെ മണ്ണില്‍ കോണ്‍ഗ്രസ് ഊര്‍ധ്വശ്വാസം വലിക്കുകയാണ്.

പശ്ചിമ ബംഗാള്‍

പശ്ചിമബംഗാളിലും ഇതുതന്നെയാണ് സ്ഥിതി. 1977ല്‍ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42ല്‍ ആറുസീറ്റു മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിച്ചത് 14 സീറ്റ് മാത്രമാണ്. ഇതില്‍ പകുതിസീറ്റും കഴിഞ്ഞതവണ സിപിഐ എം 1.8 ലക്ഷം മുതല്‍ നാല് ലക്ഷംവരെ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയൊന്നും ജയിച്ച് കയറാന്‍ കോണ്‍ഗ്രസിന് കഴിയില്ല.

ഇനിയെന്ത്?

അതായത് ഗംഗാസമതലത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 18 സീറ്റ് പോലും ഇക്കുറി ലഭിക്കുമെന്ന് ഉറപ്പില്ല. അതായത് 162 സീറ്റില്‍ കോണ്‍ഗ്രസിന് രണ്ടക്ക സീറ്റ് പോലും ലഭിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് എങ്ങനെയാണ് കേന്ദ്രം തനിച്ച് ഭരിക്കാനാകുക? അതുകൊണ്ടുതന്നെ ഏകകക്ഷി ഭരണം എന്നത് ദിവാസ്വപ്നം മാത്രം. കോണ്‍ഗ്രസും ബിജെപിയും മൂന്നാം ബദല്‍ ശക്തികളും ഇക്കുറി മുന്നൂറോളം സീറ്റില്‍മാത്രമാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന വാദം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. ഇനി മറ്റൊരു കാര്യംകൂടി. കോണ്‍ഗ്രസ് വര്‍ഷം കഴിയുന്തോറും ദുര്‍ബലമാവുമ്പോള്‍ ഇടതുപക്ഷശക്തികള്‍ പ്രത്യേകിച്ചും സിപിഐ എം വര്‍ഷംതോറും കരുത്ത് നേടുകയാണ്.

1952ല്‍ സിപിഐക്ക് ലഭിച്ചത് 16 സീറ്റും 3.3 ശതമാനം വോട്ടും ആണെങ്കില്‍ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനുമാത്രം 43 സീറ്റും ആറ് ശതമാനത്തോളം വോട്ടും ലഭിച്ചു. സിപിഐക്ക് 10 സീറ്റും ലഭിക്കുകയുണ്ടായി. ഇരുപാര്‍ടിക്കും മാത്രം 7.4 ശതമാനം വോട്ടും ലഭിച്ചു. ഇത് തെളിയിക്കുന്നത് എന്താണ്? ഇടതുപക്ഷം പതുക്കെയാണെങ്കിലും വളരുകയാണെന്നു തന്നെയാണ്.

വി ബി പരമേശ്വരന്‍ എഴുതിയ ലേഖനത്തില്‍ നിന്നും തയ്യാറാക്കിയ സംക്ഷിപ്തരൂപം

പതിനഞ്ചില്‍ ചെയ്യേണ്ടത്

പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകള്‍ തുടങ്ങിക്കഴിഞ്ഞ ഈയവസരത്തില്‍ 2009 ഫെബ്രുവരി 26നു അവസാനിച്ച പതിനാലാം ലോകസഭയിലെ ഇടതുപക്ഷത്തിന്റെയും, കോണ്‍ഗ്രസ്സിന്റെയും, ബിജെപിയുടെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതും അവയിലെ ജനപക്ഷ/ജനവിരുദ്ധ അംശങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതും സമ്മതിദായകര്‍ എന്ന നിലയ്ക്ക് നാം അവശ്യം നിര്‍വഹിക്കേണ്ട കടമയാണ്.

തുടക്കം

2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കും യുപിഎക്കും ഭൂരിപക്ഷം ഇല്ലാതെ വന്ന അവസരത്തില്‍ വര്‍ഗീയ ശക്തികളെ ഭരണത്തില്‍നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യുപിഎയ്ക്ക് ഇടതുപക്ഷ പാര്‍ടികള്‍ പിന്തുണ നല്‍കിത്. 2004ല്‍ യുപിഎ ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയപ്പോള്‍ പൊതുമിനിമം പരിപാടിയിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നു.

നടത്തം

നാലരവര്‍ഷത്തോളം ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയോടെ അധികാരത്തില്‍ തുടര്‍ന്ന സമയത്തെല്ലാം പൊതു മിനിമം പരിപാടിയില്‍ നിന്ന് വ്യതിചലിക്കുവാന്‍ യുപിഎ ഗവണ്‍മെന്റ് ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെ സാന്നിധ്യവും സമ്മര്‍ദവും കാരണം അവര്‍ക്ക് അതിന് കഴിഞ്ഞില്ല. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള്‍ വിറ്റഴിക്കില്ല എന്ന പൊതുധാരണക്കു വിരുദ്ധമായി അവര്‍ അതിന് തുനിഞ്ഞപ്പോള്‍ യുപിഎ-ഇടതുപക്ഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍നിന്ന് പ്രതിപക്ഷ പാര്‍ടികള്‍ പിന്മാറുകയുണ്ടായി. തുടര്‍ന്ന്, സോണിയാഗാന്ധിതന്നെ ഇനി അത്തരമൊരു നടപടി കൈക്കൊള്ളില്ലെന്ന് ചൂണ്ടിക്കാണിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു. നവലിബറല്‍ നയം നടപ്പിലാക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം, പെന്‍ഷന്‍ ഭേദഗതി നിയമം, റീട്ടെയില്‍ മേഖലയില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം (എഫ്ഡിഐ) കൊണ്ടുവരാനുള്ള നടപടികള്‍, പൊതുമേഖലയിലെ സ്വകാര്യവല്ക്കരണം ഇവയൊക്കെ അതിന്റെ ഭാഗമായിരുന്നു. 2005ല്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന പാറ്റന്റ് ആക്ട് ഭേദഗതി നിയമം ഇടതുപക്ഷപാര്‍ടികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിരവധി ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് പാസാക്കിയത്.

ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം

ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം, പെന്‍ഷന്‍ ഭേദഗതി നിയമം, റീട്ടെയില്‍ മേഖലയില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം (എഫ്ഡിഐ) കൊണ്ടുവരാനുള്ള നടപടികള്‍, പൊതുമേഖലയിലെ സ്വകാര്യവല്ക്കരണം തുടങ്ങിയ ജനവിരുദ്ധ നയങ്ങളെ ഈ കാലഘട്ടത്തില്‍ ചെറുക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല, സുപ്രധാനമായ ചില പുതിയ നിയമനിര്‍മാണങ്ങള്‍ക്ക് രൂപം നല്‍കാനും കഴിഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഫോറസ്റ്റ് ആക്ട്, ഗാര്‍ഹികപീഡന വിരുദ്ധനിയമം, വിവരാവകാശ നിയമം, അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ബില്‍ തുടങ്ങിയ ജനോപകാരപ്രദമായ നിയമങ്ങള്‍ പാസാക്കുന്നതില്‍ ഇടതുപക്ഷപാര്‍ടികള്‍ പൂര്‍ണ പിന്തുണ നല്‍കി. ഗവണ്‍മെന്റ് കൊണ്ടുവന്ന കരടു നിയമത്തില്‍ ഒട്ടേറെ ഭേദഗതികള്‍ അംഗീകരിച്ചശേഷം മാത്രമാണ് ഇത്തരം നിയമങ്ങള്‍ പാസാക്കിയത്. എന്നാല്‍, യുപിഎയുടെ കടുംപിടുത്തം കാരണം അംഗീകരിച്ച ചില നിയമങ്ങളില്‍ ഇപ്പോഴും ചില അപാകതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇടതുപക്ഷ പാര്‍ടികള്‍ നടത്തിയ തുടര്‍ച്ചയായ സമ്മര്‍ദത്തിന്റെ ഫലമായി വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ലോക്സഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. വിവിധ രാഷ്ട്രീയപാര്‍ടികള്‍ക്ക് ഒരു പൊതു യോജിപ്പ് ഈ നിയമത്തിന്റെ കാര്യത്തില്‍ ഇനിയുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സ്ത്രീകളോട് പൊതുവില്‍തന്നെ കാണിക്കുന്ന അവഗണനയുടെ ഭാഗമാണ്.

പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കുന്ന കോണ്‍ഗ്രസ് രീതി

പാര്‍ലമെന്റ് നിയമനിര്‍മാണങ്ങളുടെ വേദിയായിട്ടാണ് കണക്കാക്കാറുള്ളത്. എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ നിയമങ്ങള്‍ ഒരു ചര്‍ച്ചയും കൂടാതെ പാസാക്കിയ പരിതാപകരമായ അനുഭവങ്ങള്‍ ഈ സഭയില്‍ ഉണ്ടായി. ഏതെങ്കിലും വിഷയങ്ങളുമായി ബന്ധപ്പെട്ട് സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, ഇതിന്റെ മറവില്‍ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ ചര്‍ച്ചകൂടാതെ പാസാക്കുക, അജന്‍ഡയില്‍പോലും ഇല്ലാത്ത ബില്ലുകള്‍ പെട്ടെന്ന് അവതരിപ്പിച്ച് പാസാക്കിയെടുക്കുക, അംഗങ്ങള്‍ക്ക് ഭേദഗതി നല്‍കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനുമുള്ള അവകാശം നിഷേധിക്കുക ഇവയൊക്കെ ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രശ്നങ്ങളാണ്.

ജനവിരുദ്ധ നിയമങ്ങള്‍ അംഗീകരിപ്പിച്ച് പാസാക്കാന്‍ യുപിഎക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ യു.പി.എക്ക് മടിയുണ്ടായില്ല. പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ഉയര്‍ത്തിക്കൊണ്ടുവരികയും അതുവഴി പ്രതിരോധത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ശരിയായ മാര്‍ഗം സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്തത്.

ബിജെപിയുടെ പരാജയം

14-ാം ലോക്സഭയില്‍ പ്രധാന പ്രതിപക്ഷമെന്ന നിലക്ക് ബിജെപിയുടെ ദയനീയ പരാജയമാണ് കാണാന്‍ കഴിഞ്ഞത്. സാമ്പത്തിക നയങ്ങളിലും വിദേശനയങ്ങളിലും പലപ്പോഴും ബിജെപിയും കോണ്‍ഗ്രസും ഒരേ സമീപനം തന്നെയാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ നയപരമായ പ്രശ്നങ്ങളില്‍ പ്രതിപക്ഷം ഗവണ്‍മെന്റുമായി ഏറ്റുമുട്ടുന്ന രംഗങ്ങള്‍ വിരളമായിരുന്നു. വര്‍ഗീയകാര്‍ഡാണ് പലപ്പോഴും തങ്ങള്‍ക്കുള്ള മുന്‍കൈ നേടാന്‍ അവര്‍ ഉപയോഗിച്ചിരുന്നത്. രാമക്ഷേത്ര പ്രശ്നം, സേതുസമുദ്രം, ന്യൂനപക്ഷങ്ങളോടുള്ള സമീപനം, ഒറീസ, കര്‍ണാടക, ഗുജറാത്ത്, മുംബൈ വര്‍ഗീയകലാപങ്ങള്‍ ഇവയിലൊക്കെ തങ്ങളുടെ വര്‍ഗീയ അജന്‍ഡ മുറുകെപ്പിടിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്കാണ് അവര്‍ നേതൃത്വം നല്‍കിയത്. ജനകീയ പ്രശ്നങ്ങളില്‍ അവര്‍ തീര്‍ത്തും പരാജയമായിരുന്നു.

പിന്തുണ പിന്‍‌വലിക്കല്‍

അമേരിക്കയുമായുള്ള ആണവക്കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷ പാര്‍ടികള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. പൊതുമിനിമം പരിപാടിയില്‍ ആണവക്കരാര്‍ സംബന്ധിച്ച് ഒരക്ഷരംപോലും പറഞ്ഞിട്ടില്ല. അമേരിക്കയുമായുള്ള ഇന്ത്യയുടെ അതിരുവിട്ട അടുപ്പത്തിന്റെ ഫലമായാണ് ഈ കരാര്‍ നിലവില്‍ വന്നത്. ഇന്ത്യ അംഗീകരിച്ചുവന്ന സ്വതന്ത്ര വിദേശ നയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണിത്. സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും തുടര്‍ച്ചയായി എടുത്തിട്ടുള്ള സമീപനത്തിന്റെ ഭാഗം തന്നെയാണ് ഈ കരാറിനോടുള്ള എതിര്‍പ്പ്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക എന്നത് തങ്ങളുടെ നിയോഗമായിത്തന്നെ ഇടതുപക്ഷം കണ്ടിരുന്നു. ആണവകരാര്‍ ഒപ്പിട്ടതിനു ശേഷം അതുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളെല്ലാം തന്നെ ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് എത്രമാത്രം ശരിയായിരുന്നു എന്നതിനുള്ള വ്യക്തമായ തെളിവുകളാണ്. ആണവകരാര്‍ വിഷയത്തിലെ സംവാദങ്ങളിലൂടെ നടന്ന ബോധവല്‍ക്കരണവും ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയായിരുന്നു.

അവിശ്വാസപ്രമേയ ചര്‍ച്ച

ജൂലൈ 21, 22 തീയതികളില്‍ നടന്ന വിശ്വാസ പ്രമേയ ചര്‍ച്ച ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമാണ്. വിശ്വാസപ്രമേയം വിജയിച്ചത് എല്ലാവിധ അധികാര ദുര്‍വിനിയോഗവും നടത്തിയതിന്റെ ഫലമായിട്ടാണ്. എംപിമാരെ പണംകൊടുത്ത് കൂറുമാറ്റി വോട്ട് ചെയ്യിക്കാനുള്ള നീചമായ നടപടി ഈ സഭയില്‍ കാണാന്‍ കഴിഞ്ഞു. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയപാര്‍ടി നേതാക്കളെയും എംപിമാരെയും ഭീഷണിപ്പെടുത്തിയ ഒട്ടേറെ സംഭവങ്ങളും ഈ സഭയിലുണ്ടായി.

ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനം സ്വയം തരംതാഴ്ന്ന അനുഭവങ്ങളായിരുന്നു ഇവയൊക്കെ. ഈ നിലയില്‍ ഇന്ത്യയുടെ പാര്‍ലമെന്ററി സംവിധാനത്തിന് തീര്‍ത്തും അപകീര്‍ത്തിയുളവാക്കിക്കൊണ്ടാണ് യുപിഎ ഗവണ്‍മെന്റ് വിശ്വാസപ്രമേയം അതിജീവിച്ചത്.

ശരിയായ പ്രതിപക്ഷം

ഗവണ്‍മെന്റിന് പിന്തുണ നല്‍കിയപ്പോഴും പിന്തുണ പിന്‍വലിച്ചശേഷവും ഒരുപോലെയാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഇടതുപക്ഷം നിറവേറ്റിയത്. യുപിഎ ഗവണ്‍മെന്റിന് ബിജെപി നേതൃത്വം നല്‍കിയ പ്രതിപക്ഷവുമായല്ല സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷവുമായാണ് പലപ്പോഴും പാര്‍ലമന്റില്‍ ഏറ്റുമുട്ടേണ്ടിവന്നത്. പൊതുചര്‍ച്ചകളിലായാലും നിയമനിര്‍മാണ വേളകളിലായാലും ഇതു പലപ്പോഴും പ്രകടമായിരുന്നു.

പാര്‍ലമെന്റിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ചില എംപിമാരെ നടപടിക്ക് വിധേയമാക്കേണ്ടിവന്നത് നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ഇവിടെയും ഇടതുപക്ഷകക്ഷികളില്‍പ്പെട്ട ഒരാള്‍ പോലും ആരോപണ വിധേയരാവരില്‍ ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിന്റെ ശരിയായ രീതി

പതിനാലാം ലോക്സഭാ കാലഘട്ടത്തെ രണ്ടായി തരംതിരിക്കാം. യുപിഎ ഗവണ്‍മെന്റിന് ഇടതുപക്ഷ പാര്‍ടികള്‍ പിന്തുണ നല്‍കിയ ആദ്യ കാലഘട്ടവും അവശേഷിച്ച ആറുമാസവും. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഇടതുപക്ഷ പാര്‍ടികളുടെയും നയവ്യക്തത വിളിച്ചോതിയ സന്ദര്‍ഭങ്ങളായിരുന്നു ഇവ. സ്വതന്ത്രമായ വിദേശനയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നവലിബറല്‍ നയത്തിനെതിരെയും വര്‍ഗീയതക്കെതിരെയുമുള്ള പോരാട്ടത്തിന്റെ പ്രതീകമായിട്ടാണ് ഇടതുപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, സാമ്രാജ്യത്വ അനുകൂലനയവും പുത്തന്‍ സാമ്പത്തികനയങ്ങളും നടപ്പിലാക്കാനുള്ള വ്യഗ്രതയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. പ്രതിപക്ഷത്തിന്റെ കടമകള്‍ മറന്ന് സഭ പലപ്പോഴും സ്തംഭിപ്പിച്ച് ചര്‍ച്ചകള്‍ക്ക് എപ്പോഴും വര്‍ഗീയമുഖം നല്‍കാനാണ് ബിജെപിയും എന്‍ഡിഎയും ശ്രമിച്ചത്. ഓരോ മുന്നണിയുടെയും പാര്‍ടിയുടെയും നയങ്ങള്‍ തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങളുടെ വേദിതന്നെയായി വര്‍ത്തിച്ചു പതിനാലാം ലോക്സഭ.

പിന്തുണ പിന്‍‌വലിച്ച ശേഷം നടന്നത്

പിന്തുണ പിന്‍വലിച്ചശേഷവും ഇടതുപക്ഷ പാര്‍ടികള്‍ തങ്ങളുടെ തത്വാധിഷ്ഠിത നിലപാടില്‍ ഉറച്ചുനിന്നു തന്നെയാണ് പോരാടിയത്. താല്‍ക്കാലിക വിജയം നേടിയ യുപിഎ കിട്ടിയ സന്ദര്‍ഭം ഉപയോഗിച്ച് പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് കാണിച്ചത്. ഇന്‍ഷുറന്‍സിലെ എഫ്ഡിഐ 29 ശതമാനത്തില്‍നിന്ന് 49 ശതമാനം ആക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. മന്ത്രിസഭാ തീരുമാനത്തിലൂടെ എഫ്ഡിഐയുടെ പരിധി തന്നെ നീക്കാനുള്ള നപടിയും തുടര്‍ന്ന് ഗവണ്‍മെന്റ് കൈക്കൊണ്ടു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ സ്പെക്ട്രം സ്വകാര്യ മേഖലക്ക് നല്‍കാനുള്ള തീരുമാനം കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് പുറത്തുകൊണ്ടുവന്നത്. പ്രധാന പ്രതിപക്ഷമായ ബിജെപി ആകട്ടെ ഇതിനെയൊക്കെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

ഫലശ്രുതി

പതിനഞ്ചാം ലോകസഭയിലും ശക്തമായ ഇടതുപക്ഷ സാന്നിദ്ധ്യം ഉണ്ടാകേണ്ടത് പതിനാലാം ലോകസഭയില്‍ ഇടതുപക്ഷം കാഴ്ചവെച്ച പ്രകടനത്തിന്റെ അര്‍ത്ഥവത്തായ തുടര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. കോണ്‍ഗ്രസ്സിനും ബിജെപിക്കും എതിരായി ഉയര്‍ന്നു വന്നിട്ടുള്ള ബദല്‍ ശക്തിയെ അധികാരത്തിലേറ്റുക എന്നത് അതുകൊണ്ടു തന്നെ നമ്മുടെ ചരിത്രപരമായ കടമയായി തീരുന്നു.

പി കരുണാകരന്‍ എം പി എഴുതിയ ലേഖനത്തെ ആധാരമാക്കി തയ്യാറാക്കിയത്.