Saturday, March 28, 2009

ഉമ്മന്‍ചാണ്ടിയും പഴയ പത്രവും

പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ലേഖനം വ്യാഴാഴ്ച ഏതാനും പത്രങ്ങളില്‍ വന്നിട്ടുണ്ട്. വിഷയം മദനി. ഉള്ളടക്കം ഒന്നുതന്നെ. തൊണ്ണൂറുകളുടെ ആദ്യം സിപിഐ എം അബ്ദുള്‍ നാസര്‍ മദനിയെ ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ മദനിയുമായി സഹകരിക്കുന്നു. മുമ്പ് എതിര്‍ത്തിരുന്നെന്ന് തെളിയിക്കാന്‍ 1992 ഡിസംബറില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനപരമ്പര അദ്ദേഹം ഉദ്ധരിക്കുന്നു. സിപിഐ എം പഴയ നിലപാടിലേക്ക് പോകണം എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വാദം.

സിപിഐ എം മുമ്പ് മദനിയെയും അദ്ദേഹത്തിന്റെ മതതീവ്രവാദത്തെയും എതിര്‍ത്തിരുന്നുവെന്ന് സ്ഥാപിക്കാന്‍ തെളിവൊന്നും ഹാജരാക്കേണ്ടതില്ല. ആര്‍എസ്എസിന് ബദലായി ഐഎസ്എസ് ഉണ്ടാക്കി മദനി മുസ്ളിം യുവാക്കളെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തുറന്നെതിര്‍ത്തത് സിപിഐ എം മാത്രമാണെന്നതാണ് സത്യം. അക്കാലത്തെ കോണ്‍ഗ്രസ് പത്രത്തിലോ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മലയാള മനോരമയിലോ മദനിക്കെതിരായി ഒന്നും കാണില്ല. കാരണം, ആര്‍എസ്എസിനോടെന്നപോലെ മദനിയുടെ തീവ്രവാദ-വര്‍ഗീയ പ്രസ്ഥാനത്തോടും മൃദുനിലപാടായിരുന്നു ഇവര്‍ക്കെല്ലാം.

ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തിലൂടെ വ്യക്തമാകുന്നത് തീവ്രവാദത്തിലേക്കു പോയ മദനിയെ സിപിഐ എം ശക്തിയായി ആക്രമിച്ചിരുന്നുവെന്നു തന്നെയാണ്. എന്നാല്‍, അന്ന് മദനിക്ക് കോണ്‍ഗ്രസ് ഒത്താശചെയ്തു. സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍ മദനിയുടെ തീവ്രവാദം കണ്ടില്ലെന്നു നടിച്ചു. പില്‍ക്കാലത്ത് മദനി ഐഎസ്എസ് പിരിച്ചുവിട്ട് പിഡിപിയുണ്ടാക്കി. ഈ പാര്‍ടിയുമായി കോണ്‍ഗ്രസ് പല തെരഞ്ഞെടുപ്പിലും രഹസ്യവും പരസ്യവുമായ ധാരണയുണ്ടാക്കി. കാലം പിന്നെയും കടന്നുപോയി. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായി ഒമ്പതുവര്‍ഷത്തോളം മദനി ജയിലില്‍ കഴിഞ്ഞു. അന്നും യുഡിഎഫ് നേതൃത്വം മദനിയുടെ പിന്തുണയും വോട്ടും തേടിച്ചെന്നു. ജയിലില്‍നിന്ന് പുറത്തുവന്ന മദനി മതതീവ്രവാദം ഉപേക്ഷിച്ച് മതനിരപേക്ഷതയുടെ വഴിയിലേക്കു വന്നു. മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നത് ഇടതുപക്ഷമാണെന്ന് തിരിച്ചറിഞ്ഞ് പിന്തുണയ്ക്കാന്‍ തയ്യാറായി. ഈ പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കുന്നു. എന്നാല്‍, മദനിയുമായി രാഷ്ട്രീയ കൂട്ടുകെട്ടോ തെരഞ്ഞെടുപ്പ് സഖ്യമോ ഇല്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുമുണ്ട്. എല്‍ഡിഎഫിനെ സംബന്ധിച്ച് ഒന്നും മറച്ചുവയ്ക്കേണ്ടതില്ല.

ഉമ്മന്‍ചാണ്ടിയുടെ പ്രശ്നം മനസ്സിലാക്കാവുന്നതേയുള്ളു. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ദേശീയ പാര്‍ടിയായ കോണ്‍ഗ്രസും സിപിഐ എം വിരുദ്ധ മാധ്യമങ്ങളും മദനിയില്‍ തൂങ്ങി നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയം പറയാന്‍ കഴിയാത്തത്? അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെക്കറിച്ച് അവര്‍ എന്തെങ്കിലും പറയുന്നുണ്ടെന്നു തോന്നുന്നില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നില പരിതാപകരമായാല്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മദനിയില്‍ പിടിച്ചുനില്‍ക്കുകയല്ലാതെ വഴിയില്ല. മിക്കവാറും സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെ വിട്ടുപോയി. കോണ്‍ഗ്രസ് പോകുന്നത് പുറത്തേക്കാണെന്നതിന് ആര്‍ക്കും സംശയമുണ്ടാകില്ല. ആകെയുള്ള 543 സീറ്റില്‍ കോണ്‍ഗ്രസിന് അറുപത് സീറ്റ് കിട്ടിയാല്‍ നേട്ടം എന്നതാണ് ഇന്നത്തെ നില.

ദേശീയ രാഷ്ട്രീയത്തിലേക്കു പോയാല്‍ യുപിഎയുടെ അമേരിക്കന്‍ അനുകൂല വിദേശനയവും ഉദാരവല്‍ക്കരണ സാമ്പത്തിക നയവുമെല്ലാം ചര്‍ച്ചചെയ്യപ്പെടും. ഇടതുപക്ഷം എന്തുകൊണ്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെന്ന് വിശദീകരിക്കുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരം പണയംവയ്ക്കുന്ന ആണവകരാറിനെക്കുറിച്ച് പറയേണ്ടിവരും. ആണവകരാറും അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധവും പുനഃപരിശോധിക്കുമെന്ന് ധീരമായി പ്രഖ്യാപിച്ചത് ഇടതുപക്ഷമാണ്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ കോണ്‍ഗ്രസോ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളോ ആഗ്രഹിക്കുന്നില്ല. ചുവരെഴുത്ത് അവര്‍ മനസ്സിലാക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രകടനപത്രിക വ്യാഴാഴ്ച പുറത്തുവന്നു. ആണവകരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുന്നവരെ പിന്തുണയ്ക്കാനാണ് ആഹ്വാനം. ജനങ്ങളുടെ സാമ്രാജ്യത്വവിരോധം വോട്ടെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ ചില മാധ്യമങ്ങളോ ചില നേതാക്കളോ ശ്രമിച്ചാല്‍ വിജയിക്കില്ല.

പി പി അബൂബക്കര്‍

1 comment:

  1. ദേശീയ രാഷ്ട്രീയത്തിലേക്കു പോയാല്‍ യുപിഎയുടെ അമേരിക്കന്‍ അനുകൂല വിദേശനയവും ഉദാരവല്‍ക്കരണ സാമ്പത്തിക നയവുമെല്ലാം ചര്‍ച്ചചെയ്യപ്പെടും. ഇടതുപക്ഷം എന്തുകൊണ്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെന്ന് വിശദീകരിക്കുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരം പണയംവയ്ക്കുന്ന ആണവകരാറിനെക്കുറിച്ച് പറയേണ്ടിവരും. ആണവകരാറും അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധവും പുനഃപരിശോധിക്കുമെന്ന് ധീരമായി പ്രഖ്യാപിച്ചത് ഇടതുപക്ഷമാണ്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ കോണ്‍ഗ്രസോ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളോ ആഗ്രഹിക്കുന്നില്ല.

    ReplyDelete