'ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കൈപ്പത്തിയല്ല, താമരയുടെ ശക്തിയാണ്. അത് ... തല മുറിക്കും, ജയ് ശ്രീറാം. ഹിന്ദുക്കള്‍ക്ക് മാത്രമാണിവിടെ സ്ഥാനം. ഹിന്ദുക്കളെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ'-
എന്ന് ജനങ്ങള്‍ക്കുമുന്നില്‍ വിളിച്ചുപറയുന്ന ഒരാള്‍ ഇന്നാട്ടില്‍ സ്വതന്ത്രമായി നടക്കുന്നു എന്നതുതന്നെ ഓരോ ഇന്ത്യക്കാരനും അപമാനമാണ്. പ്രവീണ്‍ തൊഗാഡിയയെയോ മുതലിക്കിനെയോ പ്രജ്ഞാസിങ്ങിനെയോ പോലെ ഒരാളല്ല, ഗാന്ധി-നെഹ്റു കുടുംബത്തിലെ ഇളമുറക്കാരനാണ് ഇത് പറഞ്ഞത് എന്നുകൂടിയാകുമ്പോള്‍ ആ അപമാനം ഇരട്ടിക്കുന്നു. ഗാന്ധി, നെഹ്റു എന്നിങ്ങനെയുള്ള പേരുകളെ അപമാനിക്കുകയാണ് ആ കുടുംബത്തിലെ പുതിയ തലമുറ. ഉത്തര്‍പ്രദേശിലെ പിലിബിത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും ഇന്ദിര ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുണ്‍ ഗാന്ധിയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വര്‍ഗീയതയുടെ കാളകൂടം വമിപ്പിച്ച് മുന്നേറുന്നത്. ഗുജറാത്തില്‍ വംശഹത്യ നടത്തിയും നാടാകെ വര്‍ഗീയത ഇളക്കിവിട്ടും രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങിയ ബിജെപിക്കുതന്നെ വരുണ്‍ ഗാന്ധിയെ തള്ളിപ്പറയേണ്ടിവന്നിരിക്കുന്നു. താന്‍ പറഞ്ഞതല്ല ദൃശ്യമാധ്യമങ്ങള്‍ കാണിക്കുന്നത്, അത് കൃത്രിമമാണ് എന്ന് വിശദീകരിച്ച് തലയൂരാനുള്ള വരുഗാന്ധിയുടെ ശ്രമം അദ്ദേഹത്തെ കൂടുതല്‍ അപഹാസ്യനാക്കിയിട്ടേയുള്ളൂ.
ഗാന്ധി എന്ന പേര് മഹാത്മജിയെയാണ് ഓര്‍മിപ്പിക്കുന്നത്. ഭര്‍ത്താവ് ഫിറോസ് ഗാന്ധിയില്‍ നിന്നാണ് ഇന്ദിര 'ഗാന്ധിപ്പേര്' സ്വന്തമാക്കിയതെങ്കിലും മഹാത്മജിയുടെ നേരവകാശികളായി ഭാവിക്കാനുള്ള കൌശലപൂര്‍വമായ സമീപനമാണ് നെഹ്റുകുടുംബത്തിലെ പിന്നീടുള്ള തലമുറ ഗാന്ധിപ്പേരില്‍ മുറുകെപ്പിടിച്ചതിന്റെ പിന്നിലെന്നത് രഹസ്യമല്ല. അതിന്റെ തുടര്‍ച്ചയാണ്, മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കുമെന്ന് ഒരു ഗാന്ധിപ്പേരുകാരന്‍ പ്രസംഗിക്കുന്ന ദുര്‍ഗതി. ഹിന്ദുവിനെയും മുസ്ലിമിനെയും അണിനിരത്തി ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം നയിച്ച, 'ഈശ്വര്‍ അള്ളാ തേരേ നാം' എന്നു പാടിയ, രാജ്യം സ്വാതന്ത്ര്യമാഘോഷിക്കുമ്പോള്‍ നവഖാലിയില്‍ വര്‍ഗീയ കലാപത്തില്‍ മുറിവേറ്റവന്റെ കണ്ണീരൊപ്പാന്‍ പോയ മഹാത്മാവിനോട് ഇതിനേക്കാള്‍ ഹീനമായ അനാദരവ് എങ്ങനെ കാട്ടാനാകും?
ഒരുവശത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പാരമ്പര്യം ചവിട്ടിമെതിക്കുന്നു. ചേരിചേരാ നയം ഉപേക്ഷിച്ചും സാമ്രാജ്യത്വത്തിന് കീഴടങ്ങിയും ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായും മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ത്തുമാണ് കോണ്‍ഗ്രസ് രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. നെഹ്റു ഉയര്‍ത്തിപ്പിടിച്ച ആദര്‍ശസമീപനങ്ങളാകെ തിരസ്കരിക്കുകയാണ് ഇന്നത്തെ കോണ്‍ഗ്രസ്. മറുവശത്ത് ബിജെപിയാകട്ടെ, ഇന്ത്യയെ വര്‍ഗീയമായി വേര്‍തിരിച്ച് ഭൂരിപക്ഷ മതവികാരം ഉത്തേജിപ്പിച്ച് അത് വോട്ടാക്കിമാറ്റാനുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഒന്നൊന്നായി പുറത്തെടുക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്തും ഒറീസയുമെല്ലാം അക്കൂട്ടത്തിലാണ്. ആ ബിജെപിയുടെ വര്‍ഗീയ അജന്‍ഡ കൊഴുപ്പിക്കാനാണ് നെഹ്റുകുടുംബാംഗമായ വരുഗാന്ധി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
വിവാദപ്രസംഗം വാര്‍ത്തയായപ്പോള്‍ വരു ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ക്രിമിനല്‍ക്കേസെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുംവിധം പ്രസംഗിച്ചതിന് ജാമ്യമില്ലാത്ത കേസാണ് എടുത്തത്. പിലിബിത്തിലെ ബാര്‍കേഡ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ), 188 വകുപ്പുകള്‍ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പ് പ്രകാരവുമുള്ള കേസാണ്. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വരുണിനും ബിജെപിക്കും കമീഷന്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്.
നിയമപരമായ ഈ നടപടികളില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ്, ബിജെപിയുടെ 'തള്ളിപ്പറച്ചില്‍'. നിയമത്തിന്റെ കണ്ണിലൂടെമാത്രം കാണേണ്ടതോ, നെഹ്റു കുടുംബത്തിലെ ഇളമുറക്കാരുടെ തമ്മിലടിയുടെ ക്യാന്‍വാസില്‍മാത്രം ഒതുക്കേണ്ടതോ ആയ പ്രശ്നമല്ലിത്. സംഘപരിവാര്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയംതന്നെയാണ് വരുഗാന്ധിയുടെ വിഷപ്രസംഗത്തിലുടെ പുറത്തുവന്നത്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തരശത്രുക്കളായി കാണുന്നതാണ് മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ ഉയര്‍ത്തിപ്പിടിച്ച 'സംഘ സിദ്ധാന്തം'. അതിന്റെ പ്രായോഗികരൂപമാണ്, 'പരിഷ്കാര്‍, പുരസ്കാര്‍, തിരസ്കാര്‍' സിദ്ധാന്തത്തിലൂടെ അടല്‍ബിഹാരി വാജ്പേയിആവര്‍ത്തിച്ചത്. ആര്‍എസ്എസ് നേതൃത്വം ബജ്രംഗ്ദളിലൂടെയും വിശ്വഹിന്ദു പരിഷത്തിലൂടെയും സന്യാസിനി പ്രജ്ഞയിലൂടെയും പ്രമോദ് മുതലിക്കിലൂടെയുമെല്ലാം നടപ്പാക്കുന്നതും അതുതന്നെ. കണ്ണൂര്‍ജില്ലയില്‍ പൊട്ടുന്നതും പിടിക്കപ്പെടുന്നതുമായ ഓരോ ബോംബിലും ആര്‍എസ്എസ് നടത്തുന്ന ഓരോ കൊലപാതകത്തിലും അന്തര്‍ലീനമായിരിക്കുന്നത് വര്‍ഗീയവിദ്വേഷത്തിന്റെയും ഹിംസയുടെയും ആ കാപാലിക രാഷ്ട്രീയമാണ്. വരുഗാന്ധി അത് വിളിച്ചു പറഞ്ഞെങ്കില്‍, സംഘപരിവാര്‍നേതൃത്വം പറയാതെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിന്റെ പരിഗണനാ വിഷയമായി അതുമാറുന്നില്ല.
ഇന്ദിരാ ഗാന്ധിയുടെ മറ്റൊരു കൊച്ചുമകന്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ വന്നിരുന്നല്ലോ. കോണ്‍ഗ്രസിലെ യുവരാജാവ് രാഹുല്‍ഗാന്ധി അന്ന് ശംഖുംമുഖത്തുനടത്തിയ പ്രസംഗത്തില്‍ വര്‍ഗീയതയ്ക്കെതിരായ വികാരമൊന്നും കണ്ടതോ കേട്ടതോ ഇല്ല. കേരളത്തിലാകട്ടെ, ആര്‍എസ്എസ് നടത്തുന്ന നരമേധങ്ങളിലൊന്നും കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത് കാണാറില്ല. കോണ്‍ഗ്രസുകാരായ അത്ലിറ്റ് സത്യനെയും കൊയോന്‍ രാജീവനെയുമടക്കം ആര്‍എസ്എസ് കൊന്നപ്പോള്‍പ്പോലും കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസിനെതിരെ ഉരിയാടുന്നത് ആരും കേട്ടില്ല. ഇപ്പോള്‍ വരുണ്‍ ഗാന്ധി പറഞ്ഞത് ആര്‍എസ്എസിന്റെ നയമാണെങ്കില്‍, കോണ്‍ഗ്രസ് ആ നയത്തെ നിശബ്ദം പിന്തുണച്ചിട്ടുമുണ്ട് എന്നര്‍ഥം. അതുകൊണ്ടുതന്നെയാണ്, പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പരാജയം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രസക്തി ഏറുന്നത്.
ഈ രണ്ടുകൂട്ടരും പരാജയപ്പെടുന്നിടത്തേ മതനിരപേക്ഷത വിജയിക്കുകയുള്ളൂ.
ദേശാഭിമാനി മുഖപ്രസംഗം
'ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കൈപ്പത്തിയല്ല, താമരയുടെ ശക്തിയാണ്. അത് ... തല മുറിക്കും, ജയ് ശ്രീറാം. ഹിന്ദുക്കള്‍ക്ക് മാത്രമാണിവിടെ സ്ഥാനം. ഹിന്ദുക്കളെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ'- വരുണ്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ഒരു ഭാഗം.
ReplyDeleteഗാന്ധി, നെഹ്റു എന്നിങ്ങനെയുള്ള പേരുകളെ അപമാനിക്കുകയാണ് ആ കുടുംബത്തിലെ പുതിയ തലമുറ.
കരീമുല്ല നസറുല്ല എന്നിങ്ങനെയുള്ള പേരുകള്‍ ഈ പാല്പ്പൊടിച്ചെറുക്കനു ഭയമുണ്ടാക്കുന്നുവെങ്കില്‍ ഫിറോസ് ഖാന്‍, നവാബ് ഖാന്‍ എന്നീ പേരുകള്‍ അയാളില്‍ എന്തു ജുഗുപ്സയാണ് ഉളവാക്കേണ്ടത് ?
ReplyDelete