ആര്‍ക്കാണ് പേടി? നവകേരള മാര്‍ച്ചിനിടെ പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയ ഉത്തരം ഏതാനും നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എന്തോ വലിയ കെണിയാണ് എന്ന മട്ടിലാണ് പലരും വ്യാഖ്യാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനമല്ലെന്ന പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പരാമര്‍ശംകൂടി ചോദിച്ചുവാങ്ങിയതോടെ സിപിഐ എം നേതൃത്വത്തിന്റെ വൈരുധ്യങ്ങള്‍കൂടി പുറത്തുകൊണ്ടുവന്ന സംതൃപ്തിയിലായി. ഈ തെരഞ്ഞെടുപ്പ് മൂന്നുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലായിരിക്കുമെന്ന് പ്രതിപക്ഷ നേതാവും പ്രസ്താവിച്ചിട്ടുണ്ട്.
അങ്ങനെതന്നെ ആയിക്കോട്ടെ. ആര്‍ക്കാണിവിടെ പേടി? ഇതിനുമുമ്പ് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായി അഞ്ചുവര്‍ഷം യുഡിഎഫ് കേരളം ഭരിച്ചുവല്ലോ. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെയും എല്‍ഡിഎഫിന്റെ മൂന്നുവര്‍ഷത്തെയും താരതമ്യപ്പെടുത്തി വിധി പ്രസ്താവിക്കട്ടെ.
ഒന്ന്. പാവങ്ങളുടെ പെന്‍ഷന്‍:
യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തിനിടയില്‍ സര്‍ക്കാരില്‍നിന്നോ ക്ഷേമനിധികളില്‍നിന്നോ ഉള്ള പെന്‍ഷന്‍ ഒരു തവണപോലും വര്‍ധിപ്പിച്ചില്ല. ശരാശരി രണ്ടുവര്‍ഷത്തെ പെന്‍ഷന്‍ കുടിശ്ശികയുമാക്കി. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കുടിശ്ശിക തീര്‍ത്തു. പെന്‍ഷന്‍ 110-120 രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് 274 കോടി രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനായി അനുവദിച്ചപ്പോള്‍ 2009 വിഷു ഗഡു അടക്കം 443 കോടി രൂപ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ചെലവഴിച്ചുകഴിഞ്ഞു. ക്ഷേമനിധികളുടെ അംശാദായം വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ ഭാരം ഏറ്റെടുത്തുകൊണ്ടാണ് വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണംചെയ്യുന്നത്. മറ്റു പെന്‍ഷനുകളൊന്നും ലഭിക്കാത്ത 65 വയസ്സുകഴിഞ്ഞ എല്ലാ പാവപ്പെട്ടവര്‍ക്കും 100 രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പീടികത്തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, ലോട്ടറി വില്‍പ്പനക്കാര്‍, കക്കാവാരല്‍ തൊഴിലാളികള്‍ തുടങ്ങി പുതിയ വിഭാഗങ്ങള്‍ക്കും ക്ഷേമനിധി രൂപീകരിച്ചു.
രണ്ട്. റേഷന്‍:
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 116 കോടി രൂപ റേഷന്‍ സബ്സിഡിയായി നല്‍കിയിരുന്നു. പിന്നീടുവന്ന യുഡിഎഫിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് ആകെ റേഷന്‍ സബ്സിഡിയായി നല്‍കിയത് 58 കോടിരൂപ മാത്രമാണ്. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രഥമ മൂന്നൂവര്‍ഷംകൊണ്ട് മാത്രം 360 കോടി രൂപ ധനസഹായം റേഷന്‍ വാങ്ങുന്നവര്‍ക്കു നല്‍കി. പുതിയ ബജറ്റില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരിയും ഗോതമ്പും നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് 250 കോടിരൂപ ചെലവു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്സവച്ചന്തകള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 30 കോടിരൂപ വീതമാണ് ചെലവഴിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 50 കോടി രൂപയാണ് ചെലവഴിക്കുന്നത്.
മൂന്ന്. കടാശ്വാസം:
1500 കൃഷിക്കാര്‍ കടംകയറി ആത്മഹത്യ ചെയ്തത് യുഡിഎഫിന്റെ ഭരണകാലത്താണ്. ഈ ഹതഭാഗ്യരുടെ കടംപോലും എഴുതിത്തള്ളുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വേണ്ടിവന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം മൊറട്ടോറിയം ഏര്‍പ്പെടുത്തി സമഗ്രമായ കടാശ്വാസ നിയമത്തിന് രൂപംനല്‍കി. കേന്ദ്രസര്‍ക്കാരിനുപോലും കടാശ്വാസ പദ്ധതി പ്രഖ്യാപിക്കുന്നതിന് കേരളത്തിലെ നിയമം പ്രചോദനമായി എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കേരളത്തിലെ കൃഷിക്കാരുടെ കടഭാരത്തില്‍ നല്ലപങ്ക് കേന്ദ്ര സ്കീംവഴി ഇല്ലാതായി. എങ്കിലും ഇതിനകം 150 കോടി രൂപ വിദര്‍ഭ പാക്കേജിന്റെ സംസ്ഥാനവിഹിതമായും വയനാട്ടിലെ കൃഷിക്കാര്‍ക്കുള്ള കടാശ്വാസമായും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റിലും 25 കോടി രൂപ കടാശ്വാസ കമീഷന്റെ തീര്‍പ്പുകള്‍ നടപ്പാക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമീഷന്റെ ചുവടുപിടിച്ച് മത്സ്യമേഖലയിലും കടാശ്വാസ കമീഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ബജറ്റില്‍ പട്ടികജാതി /വര്‍ഗക്കാര്‍ക്കും കടാശ്വാസം പ്രഖ്യാപിച്ചിരിക്കുകയാണ്. 25,000 രൂപവരെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും എടുത്ത വായ്പകള്‍ എഴുതിത്തള്ളുകയാണ്. 1996നു മുമ്പുള്ള പാവപ്പെട്ടവര്‍ക്കുള്ള ഭവനവായ്പകളുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നതിനും അവരുടെ ആധാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്.
നാല്. പാര്‍പ്പിടം:
യുഡിഎഫ് ഭരണകാലത്ത് വര്‍ഷത്തില്‍ ശരാശരി ഏതാണ്ട് 50,000 വീടുകള്‍ വീതമാണ് നിര്‍മിച്ചത്. എല്‍ഡിഎഫിന്റെ ആദ്യരണ്ടുവര്‍ഷങ്ങളിലെ ശരാശരി 80,000 വീടുകള്‍വരും. ഇന്നിപ്പോള്‍ അഞ്ച് ലക്ഷം വീട് രണ്ടുവര്‍ഷംകൊണ്ട് പണിയുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കിടപ്പാടമില്ലാത്തവരടക്കം മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചുനല്‍കുന്നതിന് 2000 കോടി രൂപ ചെലവു വരും. എല്ലാ വീടും വൈദ്യുതീകരിക്കാനുള്ള പദ്ധതിക്കും തുടക്കമായി. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളും പുതുതായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ഏതാണ്ട് 1000 കോടി രൂപയുടെ പദ്ധതികളും ജലനിധി രണ്ടാംഘട്ടവും കൂടിച്ചേരുമ്പോള്‍ കേരളത്തിന്റെ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിക്കാനാകും.
അഞ്ച്. ആരോഗ്യ ഇന്‍ഷുറന്‍സ്:
പൊതു ആരോഗ്യ സംവിധാനത്തിന്റെ പരിപൂര്‍ണമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു നടപടിയായിരുന്നു യുഡിഎഫ് ആവിഷ്കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീം. അതേസമയം ആരോഗ്യ ഇന്‍ഷുറന്‍സിനെ തള്ളിക്കളയാനും കഴിയില്ല. കാരണം ഇതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സംസ്ഥാനത്തിന് നഷ്ടപ്പെടും. അതുകൊണ്ട് പൊതു ആരോഗ്യ സംവിധാനത്തെ സംരക്ഷിച്ചുകൊണ്ട് കേന്ദ്ര ഇന്‍ഷുറന്‍സ് സ്കീം നടപ്പാക്കുന്നിനാണ് നമ്മള്‍ ശ്രമിച്ചിരിക്കുന്നത്. പൊതു ആരോഗ്യസംവിധാനത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും അവ ഇല്ലാത്തിടത്തുമാത്രമായി സ്വകാര്യമേഖലയുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരിന്റെ ബിപിഎല്‍ ലിസ്റില്‍വരുന്ന 12 ലക്ഷത്തില്‍ താഴെ വരുന്ന കുടുംബങ്ങള്‍ക്കു മാത്രമായി ഇന്‍ഷുറന്‍സ് പരിമിതപ്പെടുത്തുന്നതിനുപകരം കേരളത്തിലെ മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഈ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കും. ഇതിനുപുറമെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി കുടുംബങ്ങള്‍, ആശ്രയ സ്കീമില്‍പ്പെട്ടവര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മൊത്തം അടങ്കല്‍ 83 കോടി രൂപയാണ്. ഇതില്‍ 30 കോടി രൂപ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. ബാക്കി സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പണം പൂര്‍ണമായി ബന്ധപ്പെട്ട ആശുപത്രി വികസന സമിതികള്‍ക്കു നല്‍കുന്നതാണ്.
ആറ്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍:
കേരളത്തില്‍ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു. ആവശ്യമായ പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കി. നിയമന നിരോധനം നീക്കംചെയ്തു. യുഡിഎഫ് കാലത്ത് ആരംഭിച്ച പ്ളസ് ടു, വൊക്കേഷണല്‍ സ്കൂളുകള്‍ക്കുപോലും തസ്തികകളിലേക്കുള്ള അധ്യാപകനിയമനം ഇപ്പോഴാണ് നടന്നത്. കോളേജുകളിലെ നിയമനം 2001 വരെയുള്ളത് റഗുലറൈസ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു. പത്താംക്ളാസുവരെ ഉച്ചയൂണ് പരിപാടി ആവിഷ്കരിച്ചു. സ്കൂള്‍ക്കുട്ടികള്‍ക്ക് വിപുലമായ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. 2009-10ല്‍ 32 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 100 കോടി രൂപയുടെ കോര്‍പസ് ഫണ്ടിനും തുടക്കംകുറിച്ചു.
ഏഴ്. പട്ടികജാതി/ പട്ടികവര്‍ഗം:
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്റൈപെന്‍ഡ്, ലംപ്സം ഗ്രാന്റ് തുടങ്ങിയ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റു സഹായവും ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഗണ്യമായി ഉയര്‍ത്തി. 40 കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക കൊടുത്തുതീര്‍ത്തു. സ്വാശ്രയ കോളേജുകളിലെ ഫീസുകളടക്കം സര്‍ക്കാരാണ് നല്‍കുന്നത്. 2009-10ലെ ബജറ്റില്‍ പ്രീ-മെട്രിക് ഹോസ്റലുകളിലെ മെസ് അലവന്‍സ് 700 രൂപയില്‍നിന്ന് 1300 രൂപയായും പോസ്റ് മെട്രിക് ഹോസ്റലുകളിലേത് 900 രൂപയില്‍നിന്ന് 1500 രൂപയായും ഉയര്‍ത്തിയിരിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വികസന പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 2000 രൂപയില്‍നിന്ന് 2500 രൂപയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ചുകൊണ്ട് ഭൂമിയില്ലാത്തവര്‍ക്കു മുഴുവന്‍ കിടപ്പാടവും വീടില്ലാത്തവര്‍ക്കെല്ലാം വീടും നല്‍കുന്നതിനുള്ള പരിപാടി നടപ്പാക്കും.
എട്ട്. മത്സ്യത്തൊഴിലാളികള്‍:
ഏറ്റവും സമഗ്രവും നാടകീയവുമായ മാറ്റമുണ്ടായത് മത്സ്യമേഖലയിലാണ്. രണ്ടു രൂപയ്ക്ക് റേഷനരി നല്‍കുന്ന പദ്ധതിയിലും സ്വാശ്രയ കോളേജുകളിലെ വിദ്യാഭ്യാസ ആനൂകൂല്യത്തിന്റെ കാര്യത്തിലും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി. കയറ്റുമതിക്കാരുടെ അംശാദായം ഇല്ലാതിരുന്നിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തി. കയറ്റുമാതിക്കാരില്‍നിന്ന് അംശാദായം ഉറപ്പുവരുത്താന്‍ പുതിയ നിയമം ഉണ്ടാക്കി കുടിശ്ശിക തീര്‍ത്തു. മസൂകാല ട്രോളിങ് നിരോധനത്തില്‍നിന്ന് പരമ്പരാഗത മേഖലയെ ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തി. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തീരദേശ പാത സ്റേറ്റ് ഹൈവേയാക്കുന്നതിനുവേണ്ടി 500 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മുഴുവന്‍ ഫിഷിങ് ഹാര്‍ബറുകളും നിര്‍മാണ ഭരണാനുമതി നല്‍കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കൃഷിക്കാരെപ്പോലെ കടാശ്വാസം പ്രഖ്യാപിച്ചു. ഇനിയിപ്പോള്‍ മത്സ്യസമ്പത്തിനുമേല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വത്തവകാശം നല്‍കുന്ന സമഗ്ര ജലപരിഷ്കരണ നിയമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ഒമ്പത്. പരമ്പരാഗത വ്യവസായം:
പാവങ്ങള്‍ ഉപജീവനം നടത്തുന്ന പരമ്പരാഗത വ്യവസായങ്ങളോടുള്ള യുഡിഎഫിന്റെ അവഗണനാപരമായ നടപടിയല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേത്. കശുവണ്ടി, കയര്‍, ഖാദി എന്നീ വ്യവസായങ്ങള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 79 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിച്ചത്. എല്‍ഡിഎഫ് ഭരണകാലത്താകട്ടെ 2009-10ലെ ബജറ്റ് അടക്കം 165 കോടി രൂപയാണ് ഈ വ്യവസായങ്ങള്‍ക്ക് ചെലവഴിക്കുന്നത്.
പത്ത്. കാര്‍ഷിക മേഖല:
കാര്‍ഷികമേഖലയില്‍ സ്വീകരിച്ച നടപടികള്‍ കൃഷിക്കാരുടെ ആത്മഹത്യക്ക് വിരാമമിട്ടു. കൃഷിക്കാര്‍ക്ക് ക്ഷേമപദ്ധതി ആരംഭിച്ചു, ക്ഷീരകൃഷിക്കാര്‍ക്ക് കാലിത്തീറ്റയ്ക്ക് കിലോയ്ക്ക് 50 പൈസ സബ്സിഡിയായി നല്‍കി. നെല്‍കൃഷിക്ക് പലിശരഹിത വായ്പ, വിള ഇന്‍ഷുറന്‍സ്, 11 രൂപയ്ക്ക് സംഭരണം, വിത്ത്, വളം, കീടനാശിനി, വൈദ്യുതി, പമ്പിങ് എന്നിവയ്ക്ക് വര്‍ധിപ്പിച്ച സബ്സിഡി തുടങ്ങിയവ ഒരു പാക്കേജായി നടപ്പാക്കിയതിന്റെ ഫലമായി കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായി നെല്‍വയല്‍ വിസ്തൃതി 2008-09ല്‍ വര്‍ധിച്ചു. യുഡിഎഫിന്റെ കാലത്ത് നെല്ലു സംഭരണത്തിന് ഒരു രൂപാപോലും ചെലവഴിച്ചിട്ടില്ല. മൂന്നുവര്‍ഷംകൊണ്ട് നെല്ലുസംഭരണത്തിന് സബ്സിഡിയായി മാത്രം 117 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചു. കൃഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. വിധവകള്‍, വികലാംഗര്‍, അഗതികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ധസഹായത്തില്‍ ഗണ്യമായ വര്‍ധനയാണ് വരുത്തിയത്. കേരളത്തിലുള്ള മറുനാടന്‍ തൊഴിലാളികള്‍ക്കുകൂടി ക്ഷേമനിധി ആരംഭിക്കാന്‍പോവുകയാണ്.
ഇപ്രകാരം സര്‍വതലസ്പര്‍ശിയായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് യുഡിഎഫ് തകര്‍ത്ത ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരിക്കുന്നു.
ടി എം തോമസ് ഐസക്
അഞ്ചുവര്‍ഷത്തെ യു.ഡി.എഫ്. ഭരണവും മൂന്ന് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണവും തമ്മിലൊരു താരതമ്യം.
ReplyDelete