വോട്ടെടുപ്പിന്റെ തൊട്ടുമുമ്പ് ആര്‍ക്കും മറുപടി പറയാന്‍ അവസരം കിട്ടാത്ത വിധം വ്യാജപ്രചാരണങ്ങളഴിച്ചുവിടുന്നത് മുസ്ളിംലീഗും കോണ്‍ഗ്രസും പതിവായി നടത്തുന്ന അഭ്യാസമാണ്. ഇ എം എസിന്റെ പ്രസ്താവന വ്യാജമായി ഉണ്ടാക്കി വിതരണംചെയ്ത അനുഭവമുണ്ടായിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തില്‍ മഞ്ഞപ്രസിദ്ധീകരണമച്ചടിച്ച് വിതരണംചെയ്യാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘം വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന സ്ഥാനാര്‍ഥിക്കെതിരെ ഇന്നയിന്ന അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ കരാറെടുത്ത് അശ്ളീലപ്രസിദ്ധീകരണം അച്ചടിച്ച് വിതരണംചെയ്യുകയാണ് അവരുടെ ജോലി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇങ്ങനെ അച്ചടിച്ച വാരികയുടെ ആയിരക്കണക്കിന് കോപ്പികള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും പിടിച്ചെടുത്തിരുന്നു. ഇത്തവണ അത്തരം പ്രചാരണം അല്‍പ്പം നേരത്തെ ആരംഭിച്ചതായാണ് മനസ്സിലാക്കാനാകുന്നത്. അല്‍പ്പം വ്യത്യസ്തതയോടെയാണ് അപവാദ പ്രചാരണം.
കോഴിക്കോട്ട് മുഹമ്മദ് റിയാസ് എന്ന യുവജന നേതാവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു എന്ന് ഏതോ പത്രത്തില്‍ വാര്‍ത്ത വന്നതേയുള്ളൂ. അപ്പോള്‍ തന്നെ കെട്ടഴിച്ചുവിട്ട ഒരു പ്രചാരണം 'മുഹമ്മദ് റിയാസ് ഫാരിസ് അബൂബക്കറിന്റെ അളിയനാണ്' എന്നത്രെ. വെറുതെ പറയുക മാത്രമല്ല, ഇ-മെയില്‍ എസ്എംഎസ് സന്ദേശങ്ങളായി കൃത്രിമമായ ആധികാരികതയോടെ ആ നുണ നാട്ടുകാരിലും മറുനാട്ടുകാരിലും അടിച്ചേല്‍പ്പിക്കുകയാണ്. രണ്ടുമൂന്നു ദിവസം അത് അങ്ങനെ പരത്തിയശേഷം പെട്ടെന്ന് എറണാകുളത്തെ അഭിഭാഷകനും ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എഴുത്തുകാരനുമായ ജയശങ്കര്‍ ഒരു ചാനല്‍ പരിപാടിയില്‍ അത് നേരിട്ട് പറയുന്നു. സിപിഐ എം സ്ഥാനാര്‍ഥിയായി വരുന്നത് ഫാരിസ് അബൂബക്കറിന്റെ ആളാണെന്ന്. അവിടംകൊണ്ടും തീരുന്നില്ല. അടുത്ത ഊഴം പി സി ജോര്‍ജ് എംഎല്‍എയുടേതാണ്. പൊതുവെ സിപിഐ എമ്മിനെതിരെ തരംതാണ നിലയില്‍ പ്രതികരിക്കാറുള്ള ജോര്‍ജ് പത്രസമ്മേളനം വിളിച്ചാണ് ഫാരിസ്-സ്ഥാനാര്‍ഥി ബന്ധം പ്രഖ്യാപിക്കുന്നത്.
മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. എസ്എഫ്ഐയിലൂടെ യുവജന നേതൃത്വത്തിലെത്തിയ ചെറുപ്പക്കാരന്‍. കുറെ വര്‍ഷങ്ങളായി കോഴിക്കോട്ട് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വം. അദ്ദേഹം ഇതുവരെ ഫാരിസ് അബൂബക്കര്‍ എന്നൊരാളെ കണ്ടിട്ടില്ല. അങ്ങനെയൊരാളുമായി കുടുംബപരമോ മറ്റേതെങ്കിലും തരത്തിലോ ബന്ധവുമില്ല. പിന്നെങ്ങനെ ഈ കഥ വന്നു? അവിടെയാണ്, തെരഞ്ഞെടുപ്പുനേട്ടത്തിനുവേണ്ടിയും എതിര്‍ രാഷ്ട്രീയത്തെ അപകീര്‍ത്തിപ്പെടുത്താനും അപവാദ വ്യവസായം നടത്തുന്നവരുടെ മിടുക്ക്. അവര്‍ കഥ മെനയുന്നു; അത് വാമൊഴിയായി പ്രചരിപ്പിക്കുന്നു; അതിന് ആധികാരികത പകരാന്‍ ചാനല്‍ പ്രസംഗം നടത്തിക്കുന്നു; അതുകഴിഞ്ഞ് പത്രത്തില്‍ വാര്‍ത്തയെഴുതിക്കുന്നു. അപ്പോഴേക്കും ആട് പട്ടിയായിക്കഴിഞ്ഞിരിക്കും!
ഇതിന് ഒരനുബന്ധം കൂടിയുണ്ട്. മുഹമ്മദ് റിയാസ് നേരത്തെ സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മര്‍ദനത്തിനിരയായിട്ടുണ്ട്; ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒരു മുഖ്യചാനല്‍ലേഖകന്‍ സഹമാധ്യമ പ്രവര്‍ത്തകരെ ഉപദേശിക്കുന്നു-തല്ലുകിട്ടിയതിന്റെയും ജയിലില്‍ കിടന്നതിന്റെയുമൊന്നും വിവരം കൊടുക്കേണ്ടതില്ല; അതില്‍ വലിയ കാര്യമില്ല-എന്ന്.
മറ്റൊരു ഇര അബ്ദുള്‍നാസര്‍ മദനിയാണ്. അദ്ദേഹം ഇന്നലെവരെ അസാധാരണമായ അനീതിയും പീഡനവും അനുഭവിച്ച വ്യക്തിയായിരുന്നു നമ്മുടെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും. മുമ്പ് വര്‍ഗീയത പറഞ്ഞിരുന്ന മദനി ഇന്ന് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നു. മതനിരപേക്ഷതയില്‍ അടിയുറച്ച രാഷ്ട്രീയത്തിനുമാത്രമേ നാടിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് താന്‍ തിരിച്ചറിയുന്നതായി മറയേതുമില്ലാതെ വ്യക്തമാക്കുന്നു. ഇടതുപക്ഷവുമായി ന്യൂനപക്ഷങ്ങള്‍ യോജിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നു. അതോടെ കുന്തമുനകള്‍ മദനിക്കുനേരെ തിരിയുകയായി. കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കിടന്നപ്പോള്‍ പരിചയപ്പെട്ട ഒരാള്‍ പിന്നീട് തീവ്രവാദവുമായി ബന്ധപ്പെട്ടതിന്റെ കഥകള്‍ നിരത്തി മദനിയെ വീണ്ടും തീവ്രവാദത്തിന്റെ കുറ്റിയില്‍ കെട്ടിയിടാനുള്ള തകര്‍പ്പന്‍ ശ്രമമാണ് നടക്കുന്നത്. അത്തരം വാര്‍ത്തകള്‍ കൊച്ചിയില്‍നിന്നും കണ്ണൂരില്‍നിന്നും മംഗലാപുരത്തുനിന്നുമെല്ലാം മലവെള്ളംപോലെ വരുന്നു. മാതൃഭൂമിയില്‍ മംഗലാപുരത്തുനിന്ന് വാര്‍ത്തയെഴുതിയത്, ഇ പി ജയരാജനെ വാടകക്കൊലയാളികളെ അയച്ച് കൊല്ലാന്‍ ശ്രമിച്ച കേസുമായി ബന്ധമുള്ള ടി പി രാജീവന്‍! ഇടതുപക്ഷത്തിന് പിന്തുണ നല്‍കാന്‍ തയ്യാറായാല്‍ മദനി തീവ്രവാദി. പിന്തുണ യുഡിഎഫിനാണെങ്കില്‍ മദനി മതേതരവാദി-ഇതാണ് നമ്മുടെ മാധ്യമരീതി. ഈ നില എല്‍ഡിഎഫിനോട്, വിശേഷിച്ച് സിപിഐ എമ്മിനോടേ ഉള്ളൂ എന്നതാണ് ഒരു പ്രത്യേകത.
കോണ്‍ഗ്രസില്‍ കൂട്ടക്കലാപമാണ്. ദില്ലിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി നടുക്കുമ്പോള്‍ ഒന്നോ രണ്ടോ വികലമനസ്സുകള്‍ ഒട്ടിച്ച നാഥനില്ലാ പോസ്റ്റര്‍ ലോകവാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസില്‍ ആഴ്ചകളായി തുടരുന്ന കുഴപ്പം കാണാതിരിക്കുന്നത് അല്‍ഭുതം തന്നെ. ഉമ്മന്‍ചാണ്ടിയോട് രമേശ് ചെന്നിത്തല കാണിച്ച ചതി മറ്റൊരു പാര്‍ടിയിലും നടക്കാനിടയില്ലാത്തതാണ്. ടി സിദ്ദിഖിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ പെടുത്തുമെന്നാണ് പറയുന്നത്. നന്ദിഗ്രാം ഫണ്ട് അഴിമതിമുതല്‍ സിമി ബന്ധം വരെയുള്ള സിദ്ദിഖിന്റെ കഥകള്‍ കോണ്‍ഗ്രസുകാര്‍ തന്നെയല്ലേ നാട്ടില്‍ പാട്ടാക്കിയത്? തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നൂലില്‍ കെട്ടിയിറക്കുന്ന ശശി തരൂരിനെതിരെ കോണ്‍ഗ്രസിനകത്തുണ്ടായ കലാപം എന്തേ നമ്മുടെ മാധ്യമങ്ങള്‍ക്ക് തുടര്‍വാര്‍ത്തകള്‍ക്ക് വിഷയമാകുന്നില്ല? പൊന്നാനിയുടെ കഥ പൊലിപ്പിച്ച് സിപിഐ എമ്മിനെയും സിപിഐയെയും തമ്മിലടിപ്പിക്കാന്‍ പെടാപ്പാടുപെട്ടവര്‍ യുഡിഎഫിനുമുന്നിലെത്തുമ്പോള്‍ എല്ലാംമറന്നുപോകുന്നതെന്തുകൊണ്ട്? വയലാര്‍ രവിയാണ് തന്റെ സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയായതെന്ന വി എം സുധീരന്റെ വിലാപത്തിന്റെ ഉള്ളറകളിലേക്കു കടന്നുചെല്ലാനുള്ള ചങ്കൂറ്റം ഏതു പാതാളത്തിലാണ് നമ്മുടെ മാധ്യമശ്രീമാന്മാര്‍ പണയം വച്ചിട്ടുള്ളത്?
ഉപജാപവും രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും അതിരുകള്‍ ഭേദിച്ച് ഒന്നാകുന്ന ഒരിടം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ആ പരിസരത്തിന്റെ ദുര്‍ഗന്ധം പടര്‍ന്നുപരക്കുന്നുമുണ്ട്. ജ്യോതി ബസു മൂന്നാംമുന്നണിയുടെ വിജയസാധ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ കേരളത്തിലെ മുഖ്യപത്രത്തില്‍ നാം വായിച്ചത് മൂന്നാംമുന്നണി ജയിക്കാനിടയില്ലെന്ന് ജ്യോതിബസു പറഞ്ഞതായാണ്. മാര്‍ വര്‍ക്കി വിതയത്തില്‍ തന്റെ പുസ്തകത്തില്‍ കമ്യൂണിസ്റ്റുകാരും ക്രൈസ്തവ വിശ്വാസവും തമ്മില്‍ യോജിപ്പുള്ള നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത് മലയാളമനോരമയിലും മാതൃഭൂമിയിലും നാം വായിച്ചില്ല. സിപിഐയുടെ വോട്ട് പ്രതീക്ഷിക്കേണ്ടതില്ല എന്ന് സിപിഐ എം വിലയിരുത്തി എന്ന പച്ചക്കള്ളം മനോരമയില്‍ വായിക്കുകയും ചെയ്തു.
യഥാര്‍ഥത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട പ്രശ്നങ്ങള്‍ മുക്കിക്കളഞ്ഞ് തങ്ങളില്‍ അര്‍പ്പിതമായ വിടുവേല ചെയ്തുതീര്‍ക്കുകയാണ് മാധ്യമങ്ങള്‍. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോട് അടുക്കരുത്; എല്‍ഡിഎഫ് അവതരിപ്പിച്ച തിളക്കമാര്‍ന്ന സ്ഥാനാര്‍ഥിനിരയ്ക്ക് ലഭിക്കാവുന്ന അംഗീകാരം തട്ടിത്തെറിപ്പിക്കണം; യുഡിഎഫിനകത്തെ കുഴപ്പങ്ങള്‍ മറച്ചുവയ്ക്കണം-നിഷ്പക്ഷത നടിക്കുന്ന മാധ്യമങ്ങളുടെ ശരീരം നഗ്നമാണിന്ന്. അവയ്ക്ക് ഒളിച്ചുവയ്ക്കാനുള്ളത് യുഡിഎഫിനോടുള്ള നാണംകെട്ട വിധേയത്വം മാത്രമാണ്. കുനിയാന്‍ പറയുമ്പോള്‍ കമഴ്ന്നുകിടന്ന് കാലുനക്കുന്നവരുടെ വൃത്തികേട്.
നടക്കുന്ന വ്യാജപ്രചാരണങ്ങളുടെ ഒരറ്റമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ. വര്‍ഗീയച്ചുവയുള്ള പല പ്രചാരണങ്ങളും അരങ്ങുതകര്‍ത്താടുന്നുണ്ട്. ഒരുവശത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍; മറുവശത്ത് ഭൂരിപക്ഷവര്‍ഗീയത കത്തിക്കാന്‍. ന്യൂനപക്ഷങ്ങളോട് പറയുന്നു-ഇടതുപക്ഷമാണ് ഏറ്റവും വലിയ ന്യൂനപക്ഷധ്വംസകരെന്ന്. ഭൂരിപക്ഷ മതവിഭാഗത്തോട് വിലപിക്കുന്നു-അവരതാ ന്യൂനപക്ഷങ്ങളെ വാരിക്കോരി സഹായിക്കുന്നെന്ന്. ഇതിനെല്ലാം തങ്ങളുടേതായ സംഭാവനയുമായി മാധ്യമങ്ങള്‍ രംഗത്തുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പ് ചില അജന്‍ഡകള്‍ നടപ്പാക്കാന്‍ യുഡിഎഫും മാധ്യമസുഹൃത്തുക്കളും തീരുമാനിച്ചിരുന്നു. രണ്ടുകൂട്ടരും വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കുന്നില്ല. അക്കാര്യം നന്നായി ബോധ്യപ്പെട്ടിരിക്കുന്നു. അതിന്റെ വെപ്രാളമാണ് നുണക്കഥകളിലും വ്യാജപ്രചാരണങ്ങളിലും അഭയം തേടാന്‍ അവര്‍ക്കുള്ള പ്രചോദനം. ഇത് പ്രചാരണത്തില്‍ മാത്രം ഒതുങ്ങണമെന്നുമില്ല. തലശേരിയില്‍ ആര്‍എസ്എസ് കൊലക്കത്തിയെടുത്തിരിക്കുന്നു. അതും തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള പതിവാണ്. ആര്‍എസ്എസിന്റെ കത്തിയും പി സി ജോര്‍ജിന്റെ വിഷനാവും മാതൃഭൂമിയുടെ കള്ളക്കഥകളും നിര്‍വഹിക്കുന്നത് ഒരേ ധര്‍മം തന്നെ. കമ്യൂണിസ്റ്റുകാരെ വേട്ടയാടാനുള്ള നെറികെട്ട ധര്‍മം. അത് തിരിച്ചറിഞ്ഞ് ഉചിതമായ രീതിയില്‍ പ്രതികരിക്കുന്നതും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം തന്നെ.
പി എം മനോജ് എഴുതിയ ലേഖനം
ഉപജാപവും രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും അതിരുകള്‍ ഭേദിച്ച് ഒന്നാകുന്ന ഒരിടം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ആ പരിസരത്തിന്റെ ദുര്‍ഗന്ധം പടര്‍ന്നുപരക്കുന്നുമുണ്ട്
ReplyDelete