Tuesday, March 24, 2009

ബുദ്ധദേവ് സംസാരിക്കുന്നു

ബുദ്ധദേവ് യാത്രയിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള വിശദീകരണയോഗങ്ങളില്‍ നിന്നും യോഗങ്ങളിലേക്കുള്ള യാത്രയില്‍. പ്രതിപക്ഷവും പ്രതിപക്ഷത്തേക്കാള്‍ മിടുക്കോടെ മാധ്യമങ്ങളും സൃഷ്ടിച്ച എല്ലാ കുപ്രചാരണങ്ങള്‍ക്കും മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ സര്‍ക്കാരിന്റെ ജനക്ഷേമനടപടികള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ യാത്ര തുടരുന്നു.

പ്രസംഗത്തിനിടെ, ഒബാമയും ബുഷും തമ്മിലുള്ള വ്യത്യാസം കൊക്കകോളയും പെപ്സിയും തമ്മിലുള്ള വ്യത്യാസമാണെന്നു പറയുമ്പോള്‍ പ്രവര്‍ത്തകര്‍ ആര്‍ത്തുചിരിക്കുന്നു. ദയയില്ലാത്ത മാധ്യമവിചാരണയ്ക്കും പ്രതിപക്ഷത്തിന്റെ അധിക്ഷേപങ്ങള്‍ക്കും ഇരയായിട്ടും സംസ്ഥാനത്തെ, വ്യവസായവികസനമെന്ന ലക്ഷ്യത്തിലേക്ക് ദൃഢനിശ്ചയത്തോടെ നയിക്കുന്ന ബുദ്ധദേവ് ഇടതുമുന്നണി ഇത്തരം ദുഷ്പ്രചാരണങ്ങള്‍ക്ക് വഴങ്ങില്ലെന്നും, സംസ്ഥാനത്ത് മികച്ച വിജയം നേടുമെന്നും പ്രഖ്യാപിക്കുന്നു. കേന്ദ്രത്തില്‍ മൂന്നാംബദലെന്ന ലക്ഷ്യം നേടാന്‍ ബംഗാളും കേരളവും ത്രിപുരയും ശക്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹവുമായുള്ള ഒരു ചെറു അഭിമുഖം. അഭിമുഖം നടത്തിയത് എന്‍.എസ്. സജിത്ത്.

പ്രതിപക്ഷ സമരങ്ങള്‍ സംസ്ഥാനത്തെ വ്യവസായവികസനപ്രക്രിയക്ക് താല്‍ക്കാലികമായെങ്കിലും തടസ്സമുണ്ടാക്കിയിട്ടുണ്ടല്ലോ. ഈ അവസ്ഥ എങ്ങനെ കൈകാര്യംചെയ്യും?

പ്രതിപക്ഷത്തിന്റെ നിരുത്തരവാദപരമായ അക്രമസമരത്തെയും ദുഷ്പ്രചാരണങ്ങളെയും അതിജീവിച്ച് പശ്ചിമ ബംഗാള്‍ വ്യവസായവല്‍ക്കരണപ്രക്രിയയുമായി മുന്നോട്ടുപോകും. സംസ്ഥാനത്ത് തൊഴിലവസരം സൃഷ്ടിക്കാനാണ് വ്യവസായവല്‍ക്കരണം. ഭൂപരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിച്ചവരുടെ പിന്‍തലമുറയ്ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ വ്യവസായവല്‍ക്കരണം കൂടിയേ തീരൂ. അതിനുവേണ്ടിയുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ തകര്‍ക്കുന്ന പിന്തിരിപ്പന്‍ നീക്കങ്ങള്‍ക്കുള്ള മറുപടിയാകും ലോക്സഭാ തെരഞ്ഞെടുപ്പു ഫലം.

സിംഗൂരിലും നന്ദിഗ്രാമിലും നിലച്ചുപോയ ശ്രമങ്ങള്‍ എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക?

സിംഗൂരിലെ നാനോ കാര്‍ഫാക്ടറി സമരംചെയ്ത് അടച്ചുപൂട്ടിച്ചതോടെ ആറായിരം യുവാക്കള്‍ക്കു തൊഴിലവസരം നഷ്ടപ്പെട്ടു. നിരുത്തരവാദപരമായ അക്രമ മാര്‍ഗത്തിലൂടെ ഫാക്ടറി അടപ്പിക്കുകയായിരുന്നു. ഇതിന് ആരെയാണ് കുറ്റം പറയേണ്ടത്. എന്നാല്‍, സിംഗൂരിലെ ജനങ്ങളെ സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തില്ല. ഇതേ ഫാക്ടറിയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങും. സിംഗൂരിലെ ടാറ്റാ ഫാക്ടറി കെട്ടിടം വിനിയോഗിച്ച് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന്— നിരവധി വ്യവസായികളുടെ നിര്‍ദേശം സര്‍ക്കാരിനു മുന്നിലുണ്ട്. വിപുലമായ പെട്രോകെമിക്കല്‍ കേന്ദ്രം നന്ദിഗ്രാമില്‍ തുടങ്ങാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. പ്രത്യക്ഷമായും പരോക്ഷമായും വന്‍തോതിലുള്ള തൊഴിലവസരം ഇതുവഴി സൃഷ്ടിക്കാനാകുമായിരുന്നു. ജനങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചു. ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിട്ടും ഒരു വര്‍ഷത്തോളം അവിടെ അക്രമസമരം നടന്നു. പദ്ധതി ആള്‍പ്പാര്‍പ്പില്ലാത്ത നയാച്ചര്‍ ദ്വീപിലേക്കു മാറ്റാന്‍ നടപടി തുടങ്ങി. എന്നാല്‍, മമതയും കൂട്ടരും അവിടെയും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. നയാച്ചര്‍ ദ്വീപ് സ്ഥിതിചെയ്യുന്ന ഹല്‍ദി നദിയിലെ മീന്‍ ചത്തുപോകുമെന്നെല്ലാം പ്രചരിപ്പിച്ച്— വീണ്ടും പ്രശ്നം ആളിക്കത്തിക്കാനാണ് ശ്രമം. —എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇതിനു ലഭിച്ചു.

ഇടതുമുന്നണി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാണല്ലോ പ്രചാരണം?

കര്‍ഷകന് ഭൂമി നഷ്ടപ്പെടുമെന്ന് പ്രചരിപ്പിച്ച് ഏതു വികസനപ്രവര്‍ത്തനവും തടയുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. ജനങ്ങള്‍ എക്കാലവും ഉരുളക്കിഴങ്ങും വെള്ളരിയും കൃഷിചെയ്ത് കഴിഞ്ഞാല്‍ മതിയെന്നാണ് വാദം. കൃഷികൊണ്ടുമാത്രം നമുക്കിനി നിലനില്‍ക്കാനാകില്ല. മുമ്പ് കമ്യൂണിസ്റ്റുകാര്‍ ചെങ്കൊടിയേന്തി കര്‍ഷകര്‍ക്കുവേണ്ടി സമരം നടത്തുമ്പോള്‍ ഇവിടത്തെ ജമീന്ദാര്‍മാരുടെ കൈയില്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയായിരുന്നു. ഇപ്പോള്‍ പദ്ധതി മുടക്കുന്നവരുടെ കൈയിലും ത്രിവര്‍ണ പതാകയാണ്. കമ്യൂണിസ്റ്റുകാര്‍ നടത്തിയ ഒട്ടനവധി സമരങ്ങളിലൂടെയും ഇടതുമുന്നണി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെയുമാണ് പശ്ചിമബംഗാളില്‍ കൃഷിഭൂമി കൃഷിക്കാരന് ലഭിച്ചത്. ‘ഭക്ഷ്യോല്‍പ്പാദനത്തില്‍ പശ്ചിമബംഗാളിനെ മിച്ച സംസ്ഥാനമാക്കിയതും ഇടതുമുന്നണിഭരണമാണ്.—കൃഷിഭൂമി ലഭിച്ചവരുടെ അടുത്ത തലമുറയ്ക്ക് തൊഴിലവസരം കൃഷിഭൂമിയില്‍നിന്നുമാത്രം ലഭിക്കില്ല. അതുകൊണ്ടുതന്നെയാണ് വ്യവസായവല്‍ക്കരണം അനിവാര്യമാകുന്നത്. വികസനപ്രവര്‍ത്തനം തടയുക മാത്രമല്ല, പ്രതിപക്ഷം ഇവിടെ ചെയ്യുന്നത്. പശ്ചിമബംഗാളിനെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികളെ അവര്‍ രഹസ്യമായി സഹായിക്കുന്നു. ഡാര്‍ജിലിങ്ങിനെ വിമോചിപ്പിക്കാന്‍ ശ്രമിക്കുന്ന ഗൂര്‍ഖാ ജനമുക്തിമോര്‍ച്ച നേതാക്കളും—പുരുളിയ, ബാങ്കുറ, പശ്ചിമ മിഡ്നാപുര്‍ എന്നീ അതിര്‍ത്തി ജില്ലകള്‍ ജാര്‍ഖണ്ഡിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്നാവശ്യപ്പെടുന്ന നക്സലൈറ്റ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസുമായി നിരന്തരബന്ധം പുലര്‍ത്തിവരികയാണ്. ഡാര്‍ജിലിങ്ങില്‍നിന്നും ജാര്‍ഖണ്ഡ് വിഘടനവാദികളുടെ ആസ്ഥാനമായ ലാല്‍ഗഡില്‍ നിന്നും മമതയുടെ കാളിഘട്ടിലെ ആസ്ഥാനത്തേക്കു വരുന്ന ഫോകോളുകളെക്കുറിച്ച് സര്‍ക്കാരിനറിയാം.

ന്യൂനപക്ഷക്ഷേമത്തിന് എന്തെല്ലാം നടപടിയാണുള്ളത്?

പശ്ചിമബംഗാളിലെ മുസ്ളിങ്ങളെ തെറ്റിദ്ധരിപ്പിച്ച് സിപിഐ എമ്മിനെതിരാക്കാന്‍—ഗൂഢശ്രമം നടക്കുന്നു. ഗ്രാമീണബംഗാളില്‍ മുസ്ളിങ്ങളുടെ ഭൂമി സര്‍ക്കാര്‍ കൈയടുക്കുകയാണെന്നുവരെ പ്രചരിപ്പിക്കുന്നു. ഇത് പച്ചക്കള്ളമാണ്. ഇടതുമുന്നണി സര്‍ക്കാര്‍ എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളില്‍ 25 ശതമാനവും മുസ്ളിങ്ങളാണെന്ന് ഇത്തരം കുപ്രചാരണം നടത്തുന്നവര്‍ മറക്കുന്നു. മുസ്ളിങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥായെക്കുറിച്ച് സച്ചാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാരിന് വിയോജിപ്പുണ്ട്. സംസ്ഥാനത്തെ സുപ്രധാനവസ്തുതകള്‍ റിപ്പോര്‍ട്ട് കണക്കിലെടുത്തില്ല. മുസ്ളിങ്ങള്‍ക്ക് ഭൂപരിഷ്കരണത്തിന്റെ ഗുണം ലഭിച്ചെന്ന വസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ പരിഗണിച്ചിട്ടില്ല. മാത്രമല്ല, മദ്രസ അധ്യാപകര്‍ക്ക് ശമ്പളം സര്‍ക്കാരാണ് നല്‍കുന്നതെന്ന വസ്തുതയും മറച്ചുവയ്ക്കുന്നു. 68,000 സ്കൂളിലെ ഗണ്യമായ ശതമാനം മുസ്ളിം അധ്യാപകരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. മുസ്ളിം വിദ്യാര്‍ഥികള്‍ക്ക് ഇടതുമുന്നണിസര്‍ക്കാര്‍ എത്രയോ കാലമായി പഠനത്തിന് സ്കോളര്‍ഷിപ്പും തൊഴില്‍പരിശീലനവും നല്‍കുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം ഇടതുമുന്നണിയുടെ വിജയപ്രതീക്ഷയ്ക്ക് എത്രത്തോളം തടസ്സമാണ് ?

കോണ്‍ഗ്രസും തൃണമൂലും വിശാലസഖ്യമുണ്ടാക്കി ജനങ്ങളെ വഞ്ചിക്കുകയാണ്. രണ്ടും രണ്ടും കൂട്ടിയാല്‍ നാലാണെന്നാണ് നമ്മള്‍ പഠിച്ചത്. പക്ഷേ, തൃണമൂലും കോണ്‍ഗ്രസും കൂട്ടുകൂടിയാല്‍ വട്ടപ്പൂജ്യമാകും ഫലം. തെരഞ്ഞെടുപ്പിനുമുമ്പ് തട്ടിക്കൂട്ടിയ ഈ മുന്നണിക്ക് പ്രത്യയശാസ്ത്രപരമായ എന്ത് അടിസ്ഥാനമാണുള്ളത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ഒറ്റക്കോ ഈ പാര്‍ടികള്‍ നയിക്കുന്ന മുന്നണിക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. നാലഞ്ചു വര്‍ഷം ഭരിച്ചത് ആണവകരാര്‍ ഒപ്പിടാന്‍മാത്രമായിരുന്നു എന്ന മട്ടിലാണ് കോഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യചെയ്യേണ്ട ദുഃസ്ഥിതിയാണ് കോണ്‍ഗ്രസ് സൃഷ്ടിച്ചത്. രാജ്യമൊട്ടുക്ക് ഭക്ഷ്യോല്‍പ്പാദനം ഗണ്യമായി കുറയാനും കോഗ്രസ് ഭരണം ഇടയാക്കി. എല്ലാ പ്രശ്നങ്ങള്‍ക്കും അമേരിക്ക പരിഹാരമാര്‍ഗം കാണിച്ചു തരുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍, ആഗോളമാന്ദ്യത്തിന് പരിഹാരമെന്തെന്ന് അമേരിക്കതന്നെ അന്വേഷിച്ചു നടക്കുകയാണ്. ഇന്ത്യയില്‍ ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ഈയിടെ ഒരു സര്‍വെ കണ്ടെത്തിയത്. മുതലാളിത്തം മനുഷ്യത്വരഹിതമാണെന്ന കമ്യൂണിസ്റുകാരുടെ നിരീക്ഷണം ഇവിടെ സത്യമായി. അമേരിക്കയെ സ്തുതിക്കുന്ന, വര്‍ഗീയതയില്‍ അഭയം തേടുന്ന ബിജെപിയെയും ജനങ്ങള്‍ നിരാകരിക്കും. വ്യക്തമായ നയങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തില്‍ മൂന്നാംബദലിനായുള്ള ശ്രമം. ജനോപകാരപ്രദവും കര്‍ഷകരെ സഹായിക്കുന്നതുമായ നയങ്ങള്‍, ശക്തമായ കേന്ദ്ര-സംസ്ഥാനബന്ധം, വര്‍ഗീയതയ്ക്കെതിരെയുള്ള കര്‍ശന നിലപാട്, സ്വതന്ത്രമായ വിദേശനയം എന്നിവ അടിസ്ഥാനമാക്കിയാണ് മൂന്നാംബദല്‍ രൂപീകരിക്കുന്നത്. പ്രധാനമന്ത്രി ആരാകുമെന്നത് മൂന്നാംമുന്നണിയെ സംബന്ധിച്ച് ഒരു പ്രശ്നമല്ല.

1 comment:

  1. മുമ്പ് കമ്യൂണിസ്റ്റുകാര്‍ ചെങ്കൊടിയേന്തി കര്‍ഷകര്‍ക്കുവേണ്ടി സമരം നടത്തുമ്പോള്‍ ഇവിടത്തെ ജമീന്ദാര്‍മാരുടെ കൈയില്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയായിരുന്നു. ഇപ്പോള്‍ പദ്ധതി മുടക്കുന്നവരുടെ കൈയിലും ത്രിവര്‍ണ പതാകയാണ്.

    ReplyDelete