ആദ്യ പൊതു തെരഞ്ഞെടുപ്പിലെ നില
സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യപൊതുതെരഞ്ഞെടുപ്പില്‍ മൊത്തമുള്ള 489 സീറ്റില്‍ 364 ഉം നേടി കോണ്‍ഗ്രസ് തനിച്ചായിരുന്നു അധികാരമേറ്റത്. 45 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അന്ന് 45 സീറ്റില്‍മാത്രം മത്സരിക്കുകയും 16 സീറ്റ് മാത്രം വിജയിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു മുഖ്യപ്രതിപക്ഷം. 3.3 ശതമാനം വോട്ട് മാത്രമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലഭിച്ചത്.
ഗംഗാസമതലത്തിലെ അന്നത്തെ നില
അന്ന് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം ഗംഗാസമതലമായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തെയും രാഷ്ട്രീയത്തെയും കരുപ്പിടിപ്പിക്കുന്നതില്‍ ഈ സമതലത്തിനുള്ള പ്രാധാന്യം ചെറുതല്ല. ഇന്നത്തെ ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. നെഹ്റുവും, ലാല്‍ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും മറ്റും അവരുടെ രാഷ്ട്രീയ തട്ടകമായി തെരഞ്ഞെടുത്തതും ഈ പ്രദേശമായിരുന്നു. 1977 വരെ ഈ സംസ്ഥാനങ്ങളുടെ അധികാരക്കുത്തക(ഏതാനും ഇടവേളകള്‍ ഒഴിച്ചാല്‍) കോണ്‍ഗ്രസിനായിരുന്നു.
ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന 1952ല്‍ ഉത്തര്‍പ്രദേശില്‍ 86 സീറ്റില്‍ 81 ഉം നേടിയ കോണ്‍ഗ്രസിന് 53 ശതമാനം വോട്ടും ലഭിച്ചു. ബിഹാറിലാകട്ടെ 54ല്‍ 45 സീറ്റും 45.8 ശതമാനം വോട്ടും ലഭിച്ചു. പശ്ചിമബംഗാളിലാകട്ടെ 34ല്‍ 24 സീറ്റും 42 ശതമാനം വോട്ടും ലഭിച്ചു.
വര്‍ത്തമാനകാലത്തെ അവസ്ഥ
അതിനുശേഷം ഗംഗയിലൂടെ ഒരുപാട് വെള്ളം ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. അതോടൊപ്പം കോണ്‍ഗ്രസ് പ്രസ്ഥാനവും ഈ സമതലത്തില്‍നിന്ന് ഒലിച്ചുപോയി. ബിഹാറിലും ഉത്തര്‍പ്രദേശിലും മണ്ഡല്‍ കാര്‍ഡിലൂടെ ശക്തമായ പ്രാദേശിക കക്ഷികള്‍ ഉയര്‍ന്നു വന്നപ്പോള്‍ പശ്ചിമബംഗാള്‍ സിപിഐ എമ്മിന്റെ ഉരുക്കുകോട്ടയായി മാറി. ഇന്ന് ഈ ഗംഗാസമതലത്തില്‍പെട്ട മൂന്ന് സംസ്ഥാനത്തായി ലോക്സഭയില്‍ 162 സീറ്റുണ്ട്. അതില്‍ കോണ്‍ഗ്രസിനുള്ളത് 18 സീറ്റ് മാത്രമാണ്. ഇക്കുറി സഖ്യകക്ഷികള്‍ മത്സരിക്കാന്‍ നല്‍കിയതാകട്ടെ 22 സീറ്റ് മാത്രവും.
ഉത്തര്‍പ്രദേശ്
ആദ്യം ഉത്തര്‍പ്രദേശ് തന്നെ പരിശോധിക്കാം. ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 9 സീറ്റും 12.04 ശതമാനം വോട്ടും മാത്രമായിരുന്നു. 2007 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 21 സീറ്റും 8.47 ശതമാനം വോട്ടുംമാത്രമാണ്. അതായത് മൂന്ന് വര്‍ഷത്തിനകം നാല് ശതമാനത്തോളം വോട്ടാണ് യുപിയില്‍ കുറഞ്ഞത്. 57 വര്‍ഷത്തിനിടയ്ക്ക് 40 ശതമാനത്തിലധികം വോട്ട് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മറ്റും പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന്റെ അവസ്ഥയാണിത്. ഗംഗയില്‍ മുങ്ങിത്താഴാന്‍ പോകുന്ന ഈ പാര്‍ടിയുമായി സഖ്യമുണ്ടാക്കിയിട്ട് ഒന്നും നേടാനില്ലെന്ന് മനസ്സിലാക്കിയാണ് സമാജ്വാദി പാര്‍ടി കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നു നിശ്ചയിച്ചത്. വെറും അഞ്ച് സീറ്റ് മാത്രമാണ് മുലായം കോണ്‍ഗ്രസിനായി നീക്കിവച്ചിട്ടുള്ളത്. തുടര്‍ന്ന് പല കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യത്തിനായി ബന്ധപ്പെട്ടെങ്കിലും ആരുംതന്നെ അതിനും തയ്യാറായില്ല. കുര്‍മി സമുദായത്തിന്റെ നേതാവായ സോണാലാല്‍ പട്ടേലിന്റെ അപ്നാദളുമായി ചര്‍ച്ച നടത്തിയെങ്കിലും അതും വിജയിച്ചിട്ടില്ല. മുലായം സിങ് യാദവ് ഉപേക്ഷിച്ചതോടെ പെരുവഴിയിലായ കോണ്‍ഗ്രസ് ഇപ്പോള്‍ ഗത്യന്തരമില്ലാതെ തനിച്ച് മത്സരിക്കാനുള്ള നീക്കത്തിലാണ്. എന്നാല്‍, യുപി പോലുള്ള ഒരു സംസ്ഥാനത്ത് മുഴുവന്‍ സീറ്റിലും മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെപ്പോലും കണ്ടെത്താന്‍ കോണ്‍ഗ്രസിന് വിഷമമായിരിക്കും.
ബീഹാര്‍
ബിഹാറിലും കോണ്‍ഗ്രസിന്റെ സ്ഥിതി ശോചനീയമാണിന്ന്. ഒരു കാലത്ത് മൊത്തം പോള്‍ചെയ്ത വോട്ടിന്റെ പകുതിയിലധികം(1957 ല്‍ 51.7 ശതമാനവും 1984 ല്‍ 51.8 ശതമാനവും) വോട്ട് ലഭിച്ച കോണ്‍ഗ്രസിന് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് മൂന്ന് സീറ്റും 4.5 ശതമാനം വോട്ടും മാത്രമാണ്. 1999ല്‍ ലഭിച്ചതിനേക്കാള്‍ 0.2 ശതമാനം വോട്ട് കുറയുകയാണുണ്ടായത്. അതായത് വര്‍ഷംതോറും കോണ്‍ഗ്രസിന്റെ ജനപിന്തുണ ഈ സംസ്ഥാനത്ത് കുറയുകയാണ്. ഇത് മനസ്സിലാക്കിത്തന്നെയാണ് ലാലു പ്രസാദ് യാദവ്കോണ്‍ഗ്രസ് എന്നൊരുപാര്‍ടി സംസ്ഥാനത്ത് ഉണ്ടെന്നുപോലും ധരിക്കാതെ പാസ്വാന്റെ ലോക്ജനശക്തി പാര്‍ടിയുമായി സഖ്യമുണ്ടാക്കിയത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ ജയിച്ച മൂന്ന് സീറ്റ് മാത്രമാണ് അവര്‍ക്ക് നീക്കിവച്ചത്. കേന്ദ്രത്തില്‍ തനിച്ച് അധികാരത്തില്‍ വരുമെന്ന് കേരളത്തിലും മറ്റും പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഗതികേടാണ് ബിഹാറില്‍ തെളിയുന്നത്. സംസ്ഥാനത്ത് സിപിഐ എം അഞ്ച് സീറ്റിലും സിപിഐ ആറ് സീറ്റിലും മത്സരിക്കുന്നുണ്ട്. അത്രപോലും സീറ്റില്‍ മത്സരിക്കാന്‍ കഴിയാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു മത്സരിക്കുക മാത്രമാണ് വഴി. അങ്ങനെ ചെയ്താല്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പറയാനാവില്ല. രാജേന്ദ്രപ്രസാദിന്റെ മണ്ണില്‍ കോണ്‍ഗ്രസ് ഊര്‍ധ്വശ്വാസം വലിക്കുകയാണ്.
പശ്ചിമ ബംഗാള്‍
പശ്ചിമബംഗാളിലും ഇതുതന്നെയാണ് സ്ഥിതി. 1977ല്‍ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42ല്‍ ആറുസീറ്റു മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിച്ചത് 14 സീറ്റ് മാത്രമാണ്. ഇതില്‍ പകുതിസീറ്റും കഴിഞ്ഞതവണ സിപിഐ എം 1.8 ലക്ഷം മുതല്‍ നാല് ലക്ഷംവരെ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയൊന്നും ജയിച്ച് കയറാന്‍ കോണ്‍ഗ്രസിന് കഴിയില്ല.
ഇനിയെന്ത്?
അതായത് ഗംഗാസമതലത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 18 സീറ്റ് പോലും ഇക്കുറി ലഭിക്കുമെന്ന് ഉറപ്പില്ല. അതായത് 162 സീറ്റില്‍ കോണ്‍ഗ്രസിന് രണ്ടക്ക സീറ്റ് പോലും ലഭിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് എങ്ങനെയാണ് കേന്ദ്രം തനിച്ച് ഭരിക്കാനാകുക? അതുകൊണ്ടുതന്നെ ഏകകക്ഷി ഭരണം എന്നത് ദിവാസ്വപ്നം മാത്രം. കോണ്‍ഗ്രസും ബിജെപിയും മൂന്നാം ബദല്‍ ശക്തികളും ഇക്കുറി മുന്നൂറോളം സീറ്റില്‍മാത്രമാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന വാദം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. ഇനി മറ്റൊരു കാര്യംകൂടി. കോണ്‍ഗ്രസ് വര്‍ഷം കഴിയുന്തോറും ദുര്‍ബലമാവുമ്പോള്‍ ഇടതുപക്ഷശക്തികള്‍ പ്രത്യേകിച്ചും സിപിഐ എം വര്‍ഷംതോറും കരുത്ത് നേടുകയാണ്.
1952ല്‍ സിപിഐക്ക് ലഭിച്ചത് 16 സീറ്റും 3.3 ശതമാനം വോട്ടും ആണെങ്കില്‍ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനുമാത്രം 43 സീറ്റും ആറ് ശതമാനത്തോളം വോട്ടും ലഭിച്ചു. സിപിഐക്ക് 10 സീറ്റും ലഭിക്കുകയുണ്ടായി. ഇരുപാര്‍ടിക്കും മാത്രം 7.4 ശതമാനം വോട്ടും ലഭിച്ചു. ഇത് തെളിയിക്കുന്നത് എന്താണ്? ഇടതുപക്ഷം പതുക്കെയാണെങ്കിലും വളരുകയാണെന്നു തന്നെയാണ്.
വി ബി പരമേശ്വരന്‍ എഴുതിയ ലേഖനത്തില്‍ നിന്നും തയ്യാറാക്കിയ സംക്ഷിപ്തരൂപം
കോണ്‍ഗ്രസും ബിജെപിയും മൂന്നാം ബദല്‍ ശക്തികളും ഇക്കുറി മുന്നൂറോളം സീറ്റില്‍മാത്രമാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന വാദം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. ഇനി മറ്റൊരു കാര്യംകൂടി. കോണ്‍ഗ്രസ് വര്‍ഷം കഴിയുന്തോറും ദുര്‍ബലമാവുമ്പോള്‍ ഇടതുപക്ഷശക്തികള്‍ പ്രത്യേകിച്ചും സിപിഐ എം വര്‍ഷംതോറും കരുത്ത് നേടുകയാണ്.
ReplyDeleteഇടതുപക്ഷശക്തികള്‍ പ്രത്യേകിച്ചും സിപിഐ എം വര്‍ഷംതോറും കരുത്ത് നേടുകയാണ്.
ReplyDeleteലാല്‍ സലാം
വിപ്ലവ അഭിവാദ്യങ്ങള്‍