Sunday, March 29, 2009

മനോരമയുടെ ക്രിമിനല്‍പ്രവര്‍ത്തനം അതിരുകടക്കുമ്പോള്‍

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മലയാള മനോരമ അടിച്ചുവിടുന്ന നുണക്കഥകള്‍ ആരിലും അറപ്പുളവാക്കും. നുണക്കഥകളില്‍ ഒടുവിലത്തേതാണ് വെള്ളിയാഴ്ച ഒന്നാം പേജിലെ മുഖ്യവാര്‍ത്ത. അത് കുറെ കടന്നുപോയി. എല്‍ഡിഎഫ്, പിഡിപിയുടെ സഹകരണം സ്വീകരിക്കുന്നതിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പാര്‍ടി ജനറല്‍ സെക്രട്ടറിക്ക് കത്ത് അയച്ചെന്ന് അവകാശപ്പെട്ടാണ് വാര്‍ത്ത. മാത്രമോ. കത്തിന്റെ പൂര്‍ണരൂപവും കൊടുത്തുകളഞ്ഞു. ഏതാനും മണിക്കൂറേ ഈ നുണയ്ക്ക് ആയുസ്സുണ്ടായുള്ളു. അങ്ങനെയൊരു കത്തില്ലെന്ന് പ്രകാശ് കാരാട്ട് ഡല്‍ഹിയിലും വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തും പിണറായി വിജയന്‍ കോട്ടയത്തും വ്യക്തമാക്കി. ഇല്ലാത്ത കത്തിന്റെ ഉള്ളടക്കം ഇത്ര ഭംഗിയായി പ്രസിദ്ധീകരിക്കാന്‍ മലയാള മനോരമക്കേ കഴിയൂ. നല്ല ഭാവന. പത്രങ്ങള്‍ക്കെല്ലാം രാഷ്ട്രീയപക്ഷവും പക്ഷപാതിത്വവും ഉണ്ടെങ്കിലും അത് ഈ നിലവാരത്തിലേക്ക് പോയാല്‍ വായനക്കാര്‍ എന്തു ചെയ്യും?

മനോരമ ചെയ്തുകൊണ്ടിരിക്കുന്നതിനെ പത്രപ്രവര്‍ത്തനം എന്ന് വിളിക്കാന്‍ കഴിയില്ല. ക്രിമിനല്‍ പ്രവര്‍ത്തനമാണിത്. വ്യാജരേഖയുണ്ടാക്കുന്നതിന് തുല്യം. കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ വി എസ് അച്യുതാനന്ദന്റെ കത്ത് എന്ന പേരില്‍ ഒരു സാധനമുണ്ടാക്കി അടിച്ചു വിതരണം ചെയ്യുന്നത് ഗുരുതരമായ ക്രിമിനല്‍ക്കുറ്റമല്ലേ. തെരഞ്ഞെടുപ്പ് കമീഷനും പൊലീസും ഇതിനെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. തങ്ങള്‍ അടിച്ചുവിടുന്നത് ജനങ്ങള്‍ വിശ്വസിക്കാറില്ല, അതുകൊണ്ട് ആര്‍ക്കും നഷ്ടമുണ്ടായിട്ടില്ല എന്ന് മനോരമ വാദിക്കുമായിരിക്കാം. നിയമനടപടിയില്‍നിന്ന് രക്ഷപ്പെടാന്‍ അത് പഴുത് നല്‍കുന്നില്ല. കേരളത്തില്‍ എല്‍ഡിഎഫിനും അതിന്റെ സ്ഥാനാര്‍ഥികള്‍ക്കും എതിരെ നിത്യവും നടത്തുന്ന അപവാദപ്രചാരണം, അതു ഒരു പത്രത്തിന്റെ ലേബലിലായാല്‍പ്പോലും, അനുവദിക്കാമോ എന്നതാണ് പ്രശ്നം. സ്ഥാനാര്‍ഥികള്‍ക്കും കക്ഷികള്‍ക്കും എതിരെ അപവാദം പ്രചരിപ്പിക്കുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരം കുറ്റമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അപവാദപ്രചാരണമല്ലാതെ മറ്റൊന്നും മനോരമയില്‍ ഇല്ല. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ബുള്ളറ്റിനായി അത് മാറിയിട്ടുണ്ട്. അതില്‍ പരാതിപ്പെടാന്‍ പത്രം കാശുകൊടുത്ത് വാങ്ങുന്നവര്‍ക്കു മാത്രമേ അവകാശമുള്ളു. എന്നാല്‍, നുണ പ്രചരിപ്പിക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇതിനെ നിയമപരമായിത്തന്നെ നേരിടണം. നിയമത്തിന് പല്ലില്ലെങ്കില്‍ അതുണ്ടാക്കണം. കൂടുതല്‍ പ്രചാരവും കൂടുതല്‍ വരുമാനവും ഉള്ളതുകൊണ്ട് അപവാദപ്രചാരണം പത്രപ്രവര്‍ത്തനമാകുന്നില്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നില രാജ്യത്താകെ മോശമായതിനാല്‍ വരുംദിവസങ്ങളില്‍ ഇതിലും വലിയ നുണബോംബുകള്‍ പ്രതീക്ഷിക്കാം. കേരളത്തിലാണെങ്കില്‍ ഓരോ ദിവസവും പുതിയ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫ് പക്ഷത്തേക്ക് വരികയാണ്. അത് മനോരമയെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ടെന്ന് ജനതാദള്‍ ജില്ലാ ഘടകങ്ങളുടെ നിലപാടിനെക്കുറിച്ച് വെള്ളിയാഴ്ച കൊടുത്ത വാര്‍ത്തയില്‍നിന്ന് മനസ്സിലാകും. ഔദ്യോഗികപക്ഷം ജനതാദള്‍ യുഡിഎഫിന്റെ കൂടെ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. ജനതാദളിന്റെ ദേശീയ പ്രസിഡന്റ് ദേവഗൌഡ പറഞ്ഞത് പാര്‍ടി എല്‍ഡിഎഫിലാണെന്നാണ്. അപ്പോള്‍ ആരാണ് ഔദ്യോഗികം, ആരാണ് വിമതപക്ഷം?

മാര്‍ച്ച് 26ന് കുറ്റിപ്പുറത്ത് താന്‍ ഭയങ്കര ബോംബ് പൊട്ടിക്കുമെന്ന് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പലരും അമ്പരന്നു. പക്ഷേ, കുറ്റിപ്പുറത്ത് 26ന് ഒന്നും പൊട്ടിയില്ല. പൊട്ടിക്കാന്‍ കൊണ്ടുവന്നതൊക്കെ ചീറ്റിപ്പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിഡിപിയുടെ പിന്തുണ കിട്ടാന്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ കോയമ്പത്തൂര്‍ ജയിലിനു മുമ്പില്‍ ക്യൂ നിന്നിരുന്നെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി വെളിപ്പെടുത്തിയിരുന്നു. അതിന് മറുപടിയായാണ് 26ന് താന്‍ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയകേരളം അതിന് കാത്തിരുന്നു. പക്ഷേ, കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി കൊണ്ടുവന്നത് നനഞ്ഞ പടക്കങ്ങള്‍.

കുഞ്ഞാലിക്കുട്ടിയുടെ ബോംബിനെക്കുറിച്ച് മനോരമ: "ജയിലില്‍നിന്ന് മോചനം ലഭിക്കാന്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കത്തയച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി''. ഇതില്‍ ഞെട്ടാനും അത്ഭുതപ്പെടാനും എന്താണുള്ളതെന്ന് മനസ്സിലാകുന്നില്ല. കുറെ കത്തും കാസറ്റും കുറ്റിപ്പുറത്തെ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി എടുത്തുകാണിച്ചിരുന്നു. പക്ഷേ, ഒന്നും വായിച്ചില്ല, കേള്‍പ്പിച്ചില്ല.

പി പി അബൂബക്കര്‍

4 comments:

  1. നാണം കെട്ടവന്‍റെ അവിടെ ആല് കിളിച്ചാല്‍ അതും തണല്‍ തന്നെ
    അല്ലാതെ എന്ത് പറയാനാ .തോല്‍വി ഉറപ്പായപ്പോള്‍ വെപ്രാളവും തുടങ്ങി

    ReplyDelete
  2. The people know the truth and can see the outcome in the election. if the story is not true people won't beleive and also many parties have their own newspapers to defend.

    ReplyDelete
  3. സഹോദരാ,
    ഇന്ന് , അതായത് സാക്ഷാല്‍ ഇന്ന്.. മനോരമയുടെ വെബ്സൈറ്റില്‍
    സ്ലൈട്സ് ആയി ഓടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ ന്യൂസിന്റെ
    മെയിന്‍ തലക്കെട്ടുകള്‍. (ഹോം പേജില്‍ തന്നെ നമുക്ക് ഇത് കാണാം ..)
    അതില്‍ മദനിയെ കുറിച്ച് ഒരു സ്ലൈഡ് ഉണ്ടായിരുന്നു..
    തെളിവുകള്‍ നിരത്തി മദനി വെല്ലു വിളിക്കുന്നു എന്നായിരുന്നു വാര്‍ത്ത..
    മൊത്തത്തില്‍ നോക്കുമ്പോള്‍ ഇരയുടെ പക്ഷത്തു നിന്നുള്ള ചില വാദങ്ങള്‍ കേള്‍ക്കാമല്ലോ എന്ന് കരുതി അതില്‍ ക്ലിക്ക് ചെയ്തു.
    പിന്നെ കണ്ട വിന്‍ഡോയില്‍ ആ വാര്‍ത്ത മാത്രം ഇല്ല. അതെന്നേയ്.. ആ വാര്‍ത്ത മാത്രം ഇല്ല. പകരം കുറെ മദനി വാര്‍ത്തകളുണ്ട്. എല്ലാം അങ്ങോരെ തീവ്രവാദി ആയി ചിത്രീകരിക്കുന്ന വാര്‍ത്ത.
    മനോരമയുടെ തെണ്ടിത്തരം (തന്തയില്ലാത്തരം എന്ന് വേണമെന്കിലും പറയാം..) അപ്പോഴാണ് മനസ്സിലാകുന്നത്‌. മദനി അനുകൂലികളെക്കൂടി വിളിച്ചു വരുത്തി ആ വാര്‍ത്തകള്‍ കാണിക്കാനാവാം മനോരമ അത് ചെയ്തത്. പക്ഷെ നിഷ്പക്ഷമതികളായ അസ്ത്യാന്വേഷികളായ എന്നെപ്പോലെ ഉള്ളവരെ കൊഞ്ഞനം കുത്തി കാണിക്കുന്നതിന് തുല്യമായി പ്പോയി ഇത്. ഉടനെ പ്രതികരിക്കാന്‍ സെര്‍ച്ച് ചെയ്തപ്പോ കിട്ടിയ ബ്ലോഗ് ആണ് ഇത്. നന്ദി.

    ReplyDelete