ദേശീയതലത്തില്‍ ബിജെപിയുടെ പ്രചാരകരില്‍ ഒരാളായ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായ്, ഇടതുപക്ഷ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന മതനിരപേക്ഷ ബദലിനെതിരെ ആക്ഷേപം ചൊരിയുന്നതില്‍ അല്‍ഭുതമൊന്നുമില്ല. ഈ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ പ്രവചനം അസാധ്യമാക്കി ബിജെപി മുന്നണിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് ഷേണായിക്ക് നന്നായി അറിയാം. മൂന്നാംമുന്നണിയെന്ന് വിളിക്കപ്പെടുന്ന മതനിരപേക്ഷ ബദലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാണ് പോരാട്ടമെന്ന് ഇടതുപക്ഷവിരോധികളും സമ്മതിക്കും.
മൂന്നാംമുന്നണി വെറും മായയാണെന്ന് വ്യാഖ്യാനിച്ച് ഷേണായ് മാര്‍ച്ച് 17ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനം യുക്തിരഹിതമായ വാദങ്ങള്‍കൊണ്ട് സമ്പന്നമാണ്. 1. മൂന്നാംമുന്നണിക്ക് പൊതുപരിപാടിയില്ല. അധ്യക്ഷനില്ല. കണ്‍വീനറില്ല. 2. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയില്ല. 3. മൂന്നാംമുന്നണി പ്രധാനമന്ത്രിയെ തീരുമാനിക്കുക, അടച്ചിട്ട മുറിയില്‍ പാര്‍ടിനേതാക്കളായിരിക്കും. ഇന്ത്യന്‍ജനതയുടെ അഭിപ്രായത്തിന് അപ്പോള്‍ വിലയുണ്ടാകില്ല. 4. മൂന്നാംമുന്നണിക്ക് കോണ്‍ഗ്രസുമായി ചേരുക എന്ന ഒറ്റ വഴിയേ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകൂ. 5. മതനിരപേക്ഷത എന്ന കാരണം പറഞ്ഞ് ബിജെപിയെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല.
ബിജെപിയെ ഒരു ജനാധിപത്യ രാഷ്ട്രീയകക്ഷിയായി കാണാനേ ഷേണായിക്ക് കഴിയുന്നുള്ളൂ. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു ഫാസിസ്റ്റ് കക്ഷിയാണ് ബിജെപി. ബിജെപിയെ വെള്ളപൂശാന്‍ ആരുവിചാരിച്ചാലും കഴിയില്ലെന്ന് വരുണ്‍ ഗാന്ധിയുടെ പ്രസംഗവും സാക്ഷ്യപ്പെടുത്തുന്നു. 'ഹിന്ദുക്കള്‍ ഇവിടെ കഴിയട്ടെ, മുസ്ളിങ്ങള്‍ പാകിസ്ഥാനില്‍ പോകട്ടെ' എന്നാണ് വരുണ്‍ പറഞ്ഞത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജന്‍ഡയും അതുതന്നെ. മൂന്നാംമുന്നണിക്ക് പരിപാടിയുണ്ടോ എന്ന് ചോദിച്ച ഷേണായ്, സംഘപരിവാറിന്റെ രാഷ്ട്രീയ അജന്‍ഡ എന്താണെന്ന് വിശദീകരിക്കുന്നില്ല.
ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മതനിരപേക്ഷ പാര്‍ടികളുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കാന്‍ നേതൃപരമായ പങ്ക് വഹിക്കുന്ന സിപിഐ എം അതിന്റെ പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. ജനപക്ഷ സാമ്പത്തികനയം നടപ്പാക്കുന്നതും മതനിരപേക്ഷത സംരക്ഷിക്കുന്നതും സ്വതന്ത്ര വിദേശനയം നടപ്പാക്കുന്നതുമായ സര്‍ക്കാര്‍-ഇതാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്ന പരിപാടി. ഈ ബദല്‍നയത്തോട് മറ്റ് ഇടതുപക്ഷ പാര്‍ടികള്‍ മാത്രമല്ല, മായാവതിയുടെ ബിഎസ്പിയും ജയലളിതയുടെ എഐഎ ഡിഎംകെയും ആന്ധ്രയിലെ തെലുങ്കുദേശവും തെലങ്കാന രാഷ്ട്രസമിതിയും ഒറീസയിലെ ബിജെഡിയും ദേവഗൌഡ നയിക്കുന്ന സെക്കുലര്‍ ജനതാദളും യോജിക്കുന്നു. അപ്പോള്‍ പൊതുപരിപാടി മുന്നോട്ടുവച്ചുതന്നെയാണ് മൂന്നാംമുന്നണി മത്സരിക്കുന്നതെന്ന് വ്യക്തം.
ബിജെപിക്ക് പരിപാടിയുണ്ട്. അതുതന്നെയാണോ എന്‍ഡിഎയുടെ പരിപാടി? ബിജെപിയുടെ പരിപാടി എന്‍ഡിഎയില്‍ അവശേഷിക്കുന്ന കക്ഷികള്‍ അംഗീകരിക്കുമോ? ഈ ചോദ്യങ്ങളൊന്നും സ്വയം ചോദിക്കാതെയാണ് ഷേണായിയുടെ ലേഖനം. കോണ്‍ഗ്രസ് അതിന്റെ പരിപാടി മുന്നോട്ടുവയ്ക്കും. എന്നാല്‍, കോണ്‍ഗ്രസിന് മുന്നണിയില്ല. ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള കൂട്ടുകെട്ട്. കേരളത്തില്‍ മുസ്ളിംലീഗ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്. എന്നാല്‍, മറ്റെവിടെയും ഇല്ല. കോണ്‍ഗ്രസിനും ലീഗിനും പൊതുവായ പരിപാടിയുണ്ടാകുമോ? ഷേണായ് ചോദിച്ചില്ല. കാരണം, കോണ്‍ഗ്രസിന്റെ മാത്രമല്ല, ബിജെപിയുടെയും മുഖ്യഎതിരാളി ഇപ്പോള്‍ മൂന്നാംമുന്നണിയാണ്. കാരണം? പല ഘട്ടങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ടിഡിപി, എഐഎഡിഎംകെ, ബിജെഡി, സെക്കുലര്‍ ജനതാദള്‍ എന്നിവ ഇപ്പോള്‍ മൂന്നാംമുന്നണിയിലാണ്. ഈ കക്ഷികളെ മൂന്നാംമുന്നണിയിലേക്ക് കൊണ്ടുവന്നത് സിപിഐ എമ്മും.
മൂന്നാംമുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടോ എന്ന ചോദ്യത്തിന് ചെറിയ സാംഗത്യമുണ്ട്. കാരണം, ഷേണായിയുടെ ബിജെപി അദ്വാനിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസോ? കോണ്‍ഗ്രസ് ഇത്തവണ ആരെയും പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്ത അവസ്ഥയിലാണ്. രാഹുല്‍ ഗാന്ധി കാത്തിരിക്കുന്നു. പക്ഷേ അതു പറയാന്‍ വയ്യ.
മൂന്നാംമുന്നണിക്ക് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുണ്ടോ എന്ന ചോദ്യമെറിഞ്ഞശേഷം ഷേണായ് പറയുന്നു: "മൂന്നാംമുന്നണി പ്രധാനമന്ത്രിയെ തീരുമാനിക്കുക അടച്ചിട്ട മുറിയിലായിരിക്കും. പാര്‍ടി നേതാക്കളായിരിക്കും തീരുമാനമെടുക്കുക. അവരില്‍ ഭൂരിഭാഗവും എംപിമാരല്ല. അങ്ങനെവന്നാല്‍ ഇന്ത്യന്‍ജനതയുടെ അഭിപ്രായത്തിന് വിലയുണ്ടാകില്ല''. തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രിസ്ഥാനാര്‍ഥി വേണമെന്ന് ശഠിക്കുന്ന ഷേണായ് തന്നെ പറയുന്നു, പ്രധാനമന്തിയെ തീരുമാനിക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന എംപിമാരാണെന്ന്. എംപിമാരാണ് തീരുമാനിക്കേണ്ടതെങ്കില്‍, വോട്ടെടുപ്പിന് മുമ്പേ എങ്ങനെയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുണ്ടാകുക?
മൂന്നാംമുന്നണിക്കുമുമ്പില്‍ ചരിത്രവും യുക്തിബോധവും നിര്‍ദേശിക്കുന്ന ഏകവഴി കോണ്‍ഗ്രസുമായി ചേരുകയാണെന്ന് ഷേണായ് വാദിക്കുമ്പോള്‍, സമീപകാലചരിത്രം അദ്ദേഹത്തെ ഓര്‍മിപ്പിക്കേണ്ടിവരുന്നു. 1996ല്‍ പതിനൊന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നു. അന്ന് ജനതാദളിന്റെ ദേവഗൌഡയെയും പിന്നീട് ഐ കെ ഗുജ്റാളിനെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിക്കപ്പെട്ടു.
സീറ്റ് കണക്കുകൂട്ടി ഷേണായ് നടത്തുന്ന പ്രവചനം മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്നാണ്. എന്നാല്‍, മൂന്നാംമുന്നണിക്ക് എട്ടു സംസ്ഥാനത്തെങ്കിലും നിര്‍ണായകസ്വാധീനമുണ്ട്. ബിജെപിയുടെ സ്ഥിതിയോ? മധ്യപ്രദേശും ഗുജറാത്തും കഴിഞ്ഞാല്‍ ബിജെപിക്ക് സാധ്യതയുള്ള സംസ്ഥാനം ഏതുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥിതി അതിലും കഷ്ടം. രാജസ്ഥാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ചൂണ്ടിക്കാണിക്കാന്‍ മറ്റൊരു സംസ്ഥാനമില്ല. മൂന്നാംമുന്നണി മായയല്ല, ബിജെപിയും കോണ്‍ഗ്രസും പേടിക്കുന്ന യാഥാര്‍ഥ്യമാണെന്ന് സ്ഥാപിക്കുന്നതാണ് ഷേണായിയുടെ വിതണ്ഡവാദങ്ങളും.
*
പി പി അബൂബക്കര്‍
ടി വി ആർ ഷേണായ് പറയുന്ന പോലെ മൂന്നാംമുന്നണി മായയല്ല, ബിജെപിയും കോണ്‍ഗ്രസും പേടിക്കുന്ന യാഥാര്‍ഥ്യമാണെന്ന് സ്ഥാപിക്കുന്നു, പി പി അബുബേക്കർ
ReplyDelete