മാര്‍ച്ച് 24, 2009ല്‍ ദ ഹിന്ദുവില്‍ വന്ന സിദ്ധാര്‍ത്ഥ് വരദരാജന്റെ ലേഖനത്തിന്റെ ഭാഷാന്തരം. ആന്റി ഇന്‍ ഹ്യൂമന്‍ ബ്ലോഗില്‍ വന്ന ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം
മുസ്ലീങ്ങളോടുള്ള വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന വരുണ്‍ ഗാന്ധിയുടെ പിലിഭിത് പ്രസംഗമാണോ അതോ ആ പ്രസംഗത്തിന്റെ അനിഷേധ്യമായ തെളിവുകള്‍ക്ക് മുന്നില്‍ പതറിയോടുന്ന ഭീരുത്വമോ - ഇതിലേതാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെതായി ഈയിടെ കേട്ട പ്രസ്താവനകളില്‍ കൂടുതല്‍ നിന്ദ്യമേതെന്ന് എനിക്ക് നിശ്ചയിക്കാനാവുന്നില്ല. ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും കാലത്തിനു മുന്‍പ് രാഷ്ട്രീയക്കാര്‍ അച്ചടിമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന തങ്ങളുടെ വാക്കുകളെ നിഷേധിച്ചിരുന്നത് തങ്ങളുടെ വാചകം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റിയോ തെറ്റായി ഉദ്ധരിക്കുകയോ ചെയ്തതാണെന്ന ന്യായം പറഞ്ഞുകൊണ്ടായിരുന്നു. കുറ്റകരമായ വാചകങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകള്‍ പത്രക്കാരന്റെ പക്കലുണ്ടായിരുന്നാല്‍ പോലും അത് നിരത്താനോ പ്രചരിപ്പിക്കാനോ ഉള്ള ഉപാധികളുടെ അഭാവത്തില്‍ അന്നൊക്കെ പ്രാസംഗികന്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. ഇനിയില്ല. വരുണ്‍ തന്റെ പ്രസംഗങ്ങളില്‍ പലയിടത്തും നിരന്തരമായി വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നല്ല, അനവധി വീഡിയോ,ഓഡിയോ റിക്കോഡിംഗുകളുണ്ട് ഇത് തെളിയിക്കുന്നതായിട്ട്.
വരുണിന്റെ ഉയര്‍ന്നു താഴുന്ന കരങ്ങളിലും ആവേശം കൊള്ളുന്ന ചുണ്ടുകളിലും മുസ്ലീങ്ങളെ വെട്ടാനും കൊല്ലാനുമുള്ള പരുക്കന്‍ പ്രതിജ്ഞകളിലും ഇന്ത്യ കണ്ടതും കേട്ടതും അകലങ്ങളുടെ സുഖകരമായ മറ ചീന്തിമാറ്റപ്പെട്ട ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് . "ഇത് [കോണ്‍ഗ്രസ്സിന്റെ] കൈപ്പത്തിയല്ലാ. ഇത് താമരയുടെ കൈയ്യാണ്. ഇലക്ഷനു ശേഷം ഇത് മുസ്ലീങ്ങളുടെ കഴുത്തു കണ്ടിക്കും", അയാള്‍ ഈ പറഞ്ഞത് മുസ്ലീങ്ങള്‍ ചേലാകര്‍മ്മം നടത്തുന്നതിനെ അര്‍ത്ഥമാക്കിക്കൊണ്ടുകൂടെയാണ്. നാം അതു കണ്ടു, കേട്ടു, മനസ്സിലാക്കി. അതിനാലാണ് ഈ ക്ലിപ്പിങ്ങുകള്‍ മായം ചേര്‍ത്തവയാണെന്ന വരുണ്‍ ഗാന്ധിയുടെ അവകാശവാദത്തെ ഇലക്ഷന്‍ കമ്മീഷന്‍ തള്ളിയതും അയാള്‍ ഇലക്ഷന്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതും.
ഇലക്ഷനില്‍ നിന്ന് അയോഗ്യനാക്കപ്പെടുന്നതോ തുറുങ്കിലടയ്ക്കപ്പെടുന്നതോ തടയാനായതെല്ലാം അയാള്‍ ചെയ്യുമെന്നത് നമുക്ക് മനസിലാക്കാവുന്ന കാര്യം തന്നെ.മുസ്ലീങ്ങളുടെ കഴുത്ത് കണ്ടിക്കുമെന്ന് പിലിഭിത്തില്‍ ആക്രോശിച്ച ഹിന്ദുത്വത്തിന്റെ യോദ്ധാവ് ദില്ലിയില്‍ വിതുമ്പുന്നു, താന്‍ സംസാരിച്ചത് മുസ്ലീങ്ങള്‍ക്കെതിരേയല്ല പ്രധാന മുന്നണിയുടെ വോട്ടപഹരിക്കുന്ന അപരന്മാരെക്കുറിച്ചാണ് എന്ന അസംബന്ധവുമായി.
ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരേ പ്രയോഗിക്കുന്ന "നിഗ്ഗര്‍" എന്ന അവഹേളനത്തിനു തുല്യമാണ് മുസ്ലീങ്ങള്‍ക്കെതിരേ വരുണ്‍ പ്രയോഗിച്ച "കട്ടുവാ" (കണ്ടിച്ച) എന്ന വാക്കും - അതിന്റെ സ്ഥാനം ഓടയിലാണ്, തെരഞ്ഞെടുപ്പ് പ്രസംഗത്തിലല്ല. മുസ്ലീം നാമങ്ങളെ ഭീതിജനകങ്ങളായി ചിത്രിക്കരിക്കുക മാത്രമല്ല, അവരെ രാത്രിയില്‍ കണ്ടാല്‍ ഹിന്ദുക്കള്‍ ഭയപ്പെടണം എന്നും അയാള്‍ തട്ടിവിട്ടു. ജനാധിപത്യരാജ്യം എന്ന് വിളിക്കാവുന്ന ഏതൊരിടത്തും ഇമ്മാതിരിയൊരു പ്രസംഗം നടത്തുന്ന ഒരുത്തനെ ഉടനടി തുറുങ്കിലടയ്ക്കുകയാണ് ചെയ്യുക. ഇത്തരം പ്രസംഗങ്ങള്‍ മുന്‍ കാലങ്ങളില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ള ഒരു രാജ്യത്ത് അങ്ങനൊരാളെ ഇലക്ഷനില്‍ നിന്ന് അയോഗ്യനാക്കുകയാണ് സ്വാഭാവികമായും വേണ്ടത്. ഇനി നിയമനടപടികളുടെ സ്വാഭാവികമായ കാലതാമസത്തെ കരുവാക്കി അങ്ങനെയൊരാള്‍ നടപടികളെ വൈകിപ്പിച്ചാല്‍ തന്നെയും, അയാളെ ഇലക്ഷനില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അയാളുടെ പാര്‍ട്ടിക്ക് ധാര്‍മ്മിക ബാധ്യതയുണ്ട്.
അബോധതലങ്ങളിലെ വംശവിദ്വേഷങ്ങള്‍ അമേരിക്കയില്‍ ചിലപ്പോഴൊക്കെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മൈക്ക്ള്‍ ഡൂക്കാക്കിസിനെതിരെ 1988ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാര്‍ കറുത്തവര്‍ഗ്ഗക്കാരനായ ഒരു കുറ്റവാളിയുടെ പ്രശ്നം ഉന്നയിച്ചിരുന്നു. പക്ഷേ വംശീയോന്മൂലനം പോയിട്ട് ഒരു സ്ഥാനാര്‍ത്ഥി വംശവിദ്വേഷം ദ്യോതിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ പോലും ആ ദിവസം തന്നെ അയാള്‍ പാര്‍ട്ടിക്കു പുറത്താകുമായിരുന്നു. പക്ഷേ ഇത് ഇന്ത്യയാണ്. പാര്‍ട്ടി ബി.ജെ.പിയും. ജനിച്ചകാലം മുതല്‍ വംശീയവിദ്വേഷം പടര്‍ത്തുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സന്ദേശം തന്നെയാണ് വരുണ്‍ ഗാന്ധിയും ഏറ്റുപറഞ്ഞതെന്ന സത്യം നിലനില്‍ക്കെ അയാള്‍ക്കെതിരേ ബി.ജെ.പിക്കെങ്ങനെ നടപടിയെടുക്കാനാവും ?
"Terrifying Vision: M.S. Golwalkar, the RSS and India"യില്‍ ജ്യോതിര്‍മയ ശര്‍മ്മ വ്യക്തമാക്കുന്നതു പോലെ ആര്‍ എസ് എസ്സിന് മുസ്ലീങ്ങള്‍ എന്നും അന്യരും ആക്രമണകാരികളും ഭീഷണിയുയര്‍ത്തുന്നവരുമാണ് - "അപൂര്‍ണ്ണരും സംസ്കാരരഹിതരും രാക്ഷസന്മാരും" എന്നത്രെ മുസ്ലീങ്ങളെ സംബന്ധിച്ച സര്‍വ്വപ്രധാനിയായ ആ സര്‍സംഘചാലകന്റെ വാക്കുകള്‍ . കുലധര്‍മ്മവും ഹൈന്ദവ പൈതൃകവും അംഗീകരിക്കാത്ത ഇസ്ലാമിക, ക്രൈസ്തവ വിഭാഗങ്ങളൊക്കെ രാക്ഷസതുല്യരും ഇന്ത്യയോട് കൂറില്ലാത്തവരുമാണത്രെ. അവര്‍ "വീടിനു വെളിയിലുള്ളവരാണ്" - അവരെ നമ്മുടെ കൂടെ കൂട്ടണമെങ്കില്‍ അവര്‍ സ്വയം അലിയൊ ഹസനോ ജോണോ തോമസോ ആയി അറിയപ്പെടാത്ത കാലത്തേ പറ്റൂ. അതു നിഷേധിക്കുന്ന ഈ "അപരന്മാരെ" എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഗുരു ഗോള്‍വാള്‍ക്കര്‍ പറയുന്നത് പ്രഫസര്‍ ജ്യോതിര്‍മയ ശര്‍മ്മ കാട്ടിത്തരുന്നു : പരശുരാമന്‍ പിതാവിനെ അവഹേളിച്ചതിന് രക്തം കൊണ്ട് തര്‍പ്പണം ചെയ്തു പകരം വീട്ടിയതു പോലെ !
സ്വയം സേവക സംഘത്തിന്റെ സൈദ്ധാന്തിക ജനിതകവ്യവസ്ഥയില്‍ തന്നെ ആലേഖനം ചെയ്യപ്പെട്ട ഒന്നാണ് ഈ മുസ്ലീം വിരുദ്ധ തത്വശാസ്ത്രങ്ങളും അന്യമതസ്ഥര്‍ക്കു നേരെയുള്ള ആക്രമണഭീഷണിയും - തങ്ങളിലേയ്ക്കടുക്കുന്ന ആരെയും മലിനപ്പെടുത്താന്‍ പോന്നവിധം അപകടകരമായ ഒരു ജനിതവ്യതിയാനം.രാജ്യത്തെ നിയമവ്യവസ്ഥകാരണം സ്വന്തം ആശയങ്ങളവതരിപ്പിക്കുമ്പോള്‍ അവധാനതപാലിക്കാന്‍ നിര്‍ബന്ധിതമാവുന്നുവെങ്കിലും ബി.ജെ.പിയുടെ വിശാല രാഷ്ട്രീയത്തിന്റെ അടിസ്ഥാനശില മുസ്ലീം വിരോധം തന്നെ. എന്നാല്‍ ചിലപ്പോഴൊക്കെ മന:പൂര്‍വം നിശ്ചയിച്ചുറപ്പിക്കപ്പെട്ടോ അല്ലാതെയോ ഈ മുഖംമൂടി അഴിഞ്ഞു വീഴുന്നു. വരുണ്‍ ഈ രംഗത്തെ പുതുമുഖമാണ്, എന്നാല്‍ പരിണതപ്രജ്ഞനായ അടല്‍ ബിരി വാജ്പേയിക്ക് പോലും ഈ "വീഴ്ച" ഇടയ്ക്ക് സംഭവിക്കുന്നു. 2002 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ ഗുജറാത്ത് മോഡല്‍ മുസ്ലീംനരഹത്യകളുടെ കാലത്ത് ഗോവയിലെ ഒരു ബി.ജെ.പി സമ്മേളനത്തില്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പറഞ്ഞതിങ്ങനെ : "എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ അവിടെയൊന്നും ഒരിക്കലും അവര്‍ പൊതുസമൂഹവുമായി ഇടപഴകുന്നില്ല. സ്വന്തം ആശയങ്ങള്‍ സമാധാനപരമായി പ്രചരിപ്പിക്കുന്നതിനു പകരം അവര്‍ ഭീഷണിയിലൂടെയും ഭീകരതയിലൂടെയുമാണ് മതപ്രചാരണം നടത്തുന്നത്."
താന്‍ സംസാരിച്ചത് ഇസ്ലാമിസ്റ്റ് തീവ്രവാദികളെപ്പറ്റിയായിരുന്നെന്നും പൊതുവായി മുസ്ലീങ്ങളെപ്പറ്റിയല്ലെന്നും പിന്നീട് വാജ്പേയി തിരുത്തി.
"എവിടെയെല്ലാം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ" എന്ന ഭാഗത്തെ "എവിടെയെല്ലാം അത്തരം മുസ്ലീങ്ങള്‍ ജീവിക്കുന്നുവോ" എന്ന് തിരുത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ കാര്യാലയം വാജ്പേയിയുടെ ഗോവാപ്രസംഗത്തെ മയപ്പെടുത്തിയത്. അവിടം കൊണ്ടു പ്രശ്നം തീര്‍ന്നേനെ, തന്റെ കാര്യാലയം തിരുത്തിയ പ്രസംഗമാണ് താന്‍ യഥാര്‍ത്ഥത്തില്‍ ഗോവയില്പ്പോയി പ്രസംഗിച്ചത് എന്ന നുണ വാജ്പേയി പാര്‍ലമെന്റില്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ . വാജ്പേയിയുടെ യഥാര്‍ത്ഥ ഗോവന്‍ പ്രസംഗത്തിന്റെ റിക്കോഡിംഗ് സഭയ്ക്കുമുന്നില്‍ വച്ചുകൊണ്ടാണ് പാര്‍ലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്ന് ഇത് ഖണ്ഡിച്ചത്.വാജ്പേയിയെ സ്പീക്കര്‍ മനോഹര്‍ ജോഷി അന്ന് കുറ്റവിമുക്തനാക്കിയെങ്കിലും "അത്തരം" എന്ന വാക്ക് യഥാര്‍ത്ഥ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വാജ്പേയി സമ്മതിച്ചതായി അദ്ദേഹത്തിന് തന്റെ റൂളിംഗില്‍ രേഖപ്പെടുത്തേണ്ടി വന്നു.
ഇത്തരം തിരുത്തലുകള്‍ക്കും വ്യക്തതവരുത്തലുകള്‍ക്കും ശേഷവും ബിജെപിയുടെ ജനിതകം അതിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. 2007ലെ ഉത്തര്‍പ്രദേശ് അസംബ്ലി ഇലക്ഷനു തലേന്ന് "ഭാരത് കീ പുകാര്‍ " (ഭാരതത്തിന്റെ വിളി) എന്ന പെരിലൊരു വീഡിയോ സി.ഡി ബി.ജെ.പി പുറത്തിറക്കി. മുസ്ലീങ്ങള്‍ പ്രതിനായകരാകുന്ന സി.ഡിയില്‍ ഹിന്ദുക്കള്‍ ഉപരോധത്തിലാകുന്നുവെന്ന സംഘപരിവാരത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കാനുദ്ദേശിച്ചത്. വീഡിയോ സീഡിയിലെ നായകനായ സ്കൂള്‍ അധ്യാപകന്‍ (മാസ്റ്റര്‍ ജീ) ഹിന്ദുക്കളെ നടന്നുപദേശിക്കുന്നു, സമയമതിക്രമിക്കും മുന്‍പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍. "നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും, നിങ്ങളെ മുസ്ലീങ്ങള്‍ അടിമകളാക്കും, താടി വയ്ക്കേണ്ടി വരും, നെറ്റിയിലെ പൊട്ട് മായ്ക്കേണ്ടിവരും" നായകനായ മാസ്റ്റര്‍ ജീ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മസ്തിഷ്കാഘാതം വന്ന് മരിക്കുന്നു, അയാളുടെ ചിതയ്ക്കരികില്‍ നിന്ന് കൊണ്ട് ഒരുത്തന്‍ പ്രസംഗിക്കുന്നു, "നാം നമ്മെ ഹിന്ദു എന്ന് വിളിക്കാന്‍ പോലും ഭയക്കുന്ന കാലം വിദൂരമല്ല. അന്ന് നിങ്ങള്‍ക്ക് ഒരു സോഹന്‍ ലാലിനെയോ മോഹന്‍ ലാലിനെയോ ആത്മാറാമിനെയോ രാധേകൃഷനേയോ കാണാനാവില്ല. എവിടെ നോക്കിയാലും അബ്ബാസും നഖ് വിയും റിസ് വിയും മൗലവിയും മാത്രമായിരിക്കും."
ഗുരുജിയില്‍ നിന്നും അടല്‍ജീയിലേക്കും മാസ്റ്റര്‍ജീയില്‍ നിന്നും വരുണിലേയ്ക്കും എത്തുമ്പോള്‍ പദങ്ങള്‍ മാറുന്നു പക്ഷേ മുസ്ലീങ്ങള്‍ അന്യപക്ഷവും ശത്രുക്കളും ഭയക്കേണ്ടവരും വിചിത്രനാമക്കാരും ഇന്ത്യയെ മറ്റൊരു പാകിസ്ഥാന്‍ ആക്കാന്‍ പദ്ധതിയുള്ളവരുമാണെന്ന അടിസ്ഥാന സന്ദേശം മാത്രം മാറുന്നില്ല. അതുകൊണ്ട് വരുണ്‍ ഗാന്ധി തന്റെ വോട്ടര്‍മാരെ താക്കീതുചെയ്യുന്നു, "നിങ്ങളുടെ ഗ്രാമങ്ങളില്‍ പോയി ഹിന്ദുക്കളുടെ ഐക്യത്തിനായി ആഹ്വാനം ചെയ്യൂ. ഈ ദേശം പാകിസ്ഥാനാവുന്നതില്‍ നിന്നും രക്ഷിക്കൂ". അയാളുടെ വാക്കുകള്‍ സംഘപരിവാരാശയങ്ങളെയാണ് അവയുടെ ആകത്തുകയില്‍ വ്യക്തമാക്കുന്നത്.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, 2007ലെ ബി.ജെ.പി തെരഞ്ഞെടുപ്പുപ്രചാരണ സി.ഡി ഇലക്ഷന്‍ കമ്മീഷന്‍ ഗൗരവമായിക്കണ്ടില്ല. പക്ഷേ ഇത്തവണ ആ തെറ്റ് ആവര്‍ത്തിക്കപ്പെട്ടില്ല, വരുണ്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കരുത് എന്നു തന്നെ പറഞ്ഞു .
തുടര്‍നടപടികളെപ്പറ്റി ബി.ജെ.പിയില്‍ ആശങ്കയുണ്ട്. 1984 നവംബറിലെ സിഖ് കൂട്ടക്കൊലയില്‍ പങ്കുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജഗദീശ് ടൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ്സ് മുന്നോട്ടുവയ്ക്കുന്നതിലെ ഇരട്ടത്താപ്പ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്സ് അതു ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നതു തന്നെ, പക്ഷേ രണ്ടുതെറ്റുകള്‍ ഒരു ശരിയെ ഉല്പാദിപ്പിക്കില്ല. അവസാന വിധിവരെ താന്‍ തെറ്റുകാരനല്ല എന്ന് സ്വയം വിശേഷിപ്പിക്കാന്‍ നിയമം വരുണ്‍ ഗാന്ധിയെ അനുവദിച്ചേക്കാം. പക്ഷേ രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങള്‍ മറ്റൊന്നാണ്. അയാളുടെ വെറുപ്പുപടര്‍ത്തുന്ന പ്രസംഗത്തെ അപലപിക്കാതിരിക്കുകയും അയാളെ ഇലക്ഷനില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തട്ടിമാറ്റുകയും ചെയ്യുക വഴി ബി.ജെ.പിയും അതിന്റെ നേതൃത്വവും ഒന്നു വ്യക്തമാക്കിയിരിക്കുന്നു - ഇലക്ഷന്‍ വിജയത്തിനു മതസ്പര്‍ദ്ധയിളക്കിവിട്ട് വിജയം നേടാന്‍ ശ്രമിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുകയും അനുവദിക്കുകയും ചെയ്യുന്നു എന്ന്.
*
പരിഭാഷ നിര്‍വഹിച്ചത് സൂരജ്
കടപ്പാട്: മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ.
മുസ്ലീങ്ങളോടുള്ള വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന വരുണ്‍ ഗാന്ധിയുടെ പിലിഭിത് പ്രസംഗമാണോ അതോ ആ പ്രസംഗത്തിന്റെ അനിഷേധ്യമായ തെളിവുകള്‍ക്ക് മുന്നില്‍ പതറിയോടുന്ന ഭീരുത്വമോ - ഇതിലേതാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെതായി ഈയിടെ കേട്ട പ്രസ്താവനകളില്‍ കൂടുതല്‍ നിന്ദ്യമേതെന്ന് എനിക്ക് നിശ്ചയിക്കാനാവുന്നില്ല. ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും കാലത്തിനു മുന്‍പ് രാഷ്ട്രീയക്കാര്‍ അച്ചടിമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന തങ്ങളുടെ വാക്കുകളെ നിഷേധിച്ചിരുന്നത് തങ്ങളുടെ വാചകം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റിയോ തെറ്റായി ഉദ്ധരിക്കുകയോ ചെയ്തതാണെന്ന ന്യായം പറഞ്ഞുകൊണ്ടായിരുന്നു. കുറ്റകരമായ വാചകങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകള്‍ പത്രക്കാരന്റെ പക്കലുണ്ടായിരുന്നാല്‍ പോലും അത് നിരത്താനോ പ്രചരിപ്പിക്കാനോ ഉള്ള ഉപാധികളുടെ അഭാവത്തില്‍ അന്നൊക്കെ പ്രാസംഗികന്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. ഇനിയില്ല. വരുണ്‍ തന്റെ പ്രസംഗങ്ങളില്‍ പലയിടത്തും നിരന്തരമായി വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നല്ല, അനവധി വീഡിയോ,ഓഡിയോ റിക്കോഡിംഗുകളുണ്ട് ഇത് തെളിയിക്കുന്നതായിട്ട്.
ReplyDeleteമാര്‍ച്ച് 24, 2009ല്‍ ദ ഹിന്ദുവില്‍ വന്ന സിദ്ധാര്‍ത്ഥ് വരദരാജന്റെ ലേഖനത്തിന്റെ ഭാഷാന്തരം. ആന്റി ഇന്‍ ഹ്യൂമന്‍ ബ്ലോഗില്‍ വന്ന ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം