Tuesday, March 17, 2009

എന്തുകൊണ്ട് ഇടതുപക്ഷം?

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം കടന്നുകഴിഞ്ഞു. ആരെ തെരഞ്ഞെടുക്കണം എന്ന എത്രയും ഗൌരവത്തോടെത്തന്നെ ഉത്തരം കാണേണ്ടതുണ്ട്. ഇടതുപക്ഷം പിന്തുണ പിന്‍‌വലിച്ച ശേഷം യു.പി.എ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എന്തൊക്കെയായിരുന്നു? അവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും ജനതാല്‍പര്യത്തെയും എത്രമാത്രം ഹാനികരമായി ബാധിക്കുന്നവയായിരുന്നു?

2008 ജൂലൈ 22 മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ഒന്നു പരിശോധിച്ചു നോക്കാം.

1.തൊഴിലാളികളുടെ ജീവിതകാലസമ്പാദ്യമായ പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപത്തുകയാകെ സ്വകാര്യകുത്തകകള്‍ക്ക് ചൂതാട്ടത്തിന് വിട്ടുകൊടുക്കാനുള്ള യുപിഎ ഗവമെന്റിന്റെ ശ്രമം ഇടതുപക്ഷം തടുത്തുനിര്‍ത്തിയിരുന്നതാണ്. എന്നാല്‍ ഇപിഎഫ് തുക മൂന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും എസ്ബിഐക്കും കൈകാര്യം ചെയ്യാനായി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം 2008 ജൂലൈ 29ന് കൈക്കൊണ്ടു. 2.60 ലക്ഷം കോടി രൂപയുടെ കോര്‍പ്പസ് ഫണ്ടും 30000 കോടി രൂപയുടെ പ്രതിവര്‍ഷ നിക്ഷേപവുമാണ് എച്ച്എസ്ബിസി, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, റിലയന്‍സ് കാപ്പിറ്റല്‍ എസ്ബിഐ എന്നിവക്ക് ഉള്‍പ്പടെ വീതംവെക്കാന്‍ തീരുമാനിച്ചത്. ഈ കമ്പനികള്‍ക്ക് ഓഹരിവിപണിയില്‍ ചൂതാട്ടത്തിനു വരെ ഈ പണം വിനിയോഗിക്കാന്‍ കഴിയും. എന്നാല്‍ തൊഴിലാളികള്‍ക്ക് മെച്ചമൊന്നുമില്ല.

2.ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചശേഷം മന്ത്രിസഭാ തീരുമാനത്തിലൂടെ ഇന്‍ഷുറന്‍സിലെ വിദേശ ഓഹരി പങ്കാളിത്തം 49 ശതമാനമായി ഉയര്‍ത്തി. ഇതിനുള്ള ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

3.ഇന്ത്യയിലേക്ക് വിദേശനിക്ഷേപത്തിനുള്ള നിയന്ത്രണം കൌശലപൂര്‍വം എടുത്തുകളഞ്ഞു. ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് നിയന്ത്രണമുള്ള വിദേശ കമ്പനികളില്‍ നിക്ഷേപിക്കുന്ന വിദേശനിക്ഷേപത്തെ വിദേശനിക്ഷേപമായി കണക്കാക്കാനാവില്ല എന്ന വ്യവസ്ഥയാണ് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നത്. ടെലികോം, പ്രതിരോധം, അച്ചടിമാധ്യമങ്ങള്‍ എന്നീ മേഖലകളില്‍ വിദേശനിക്ഷേപത്തിനുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇതോടെ ഇല്ലാതായി.

4.അമേരിക്കയിലും മറ്റു വികസിതരാഷ്ട്രങ്ങളിലുമുണ്ടായ കടുത്ത സാമ്പത്തികത്തകര്‍ച്ചയുടെ കാരണം പൊതുമേഖലയെ തകര്‍ത്തതാണെന്ന് പൊതുവെ ബോധ്യമായപ്പോഴും രാജ്യത്ത് ധനമേഖലാ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് യുപിഎ സര്‍ക്കാരും ധനമന്ത്രിയും പ്രഖ്യാപിച്ചത്.

5.നിയമനിര്‍മ്മാണങ്ങളുടെ കാര്യത്തിലും ജനവിരുദ്ധ മനോഭാവത്തോടെയാണ് യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള നിയമത്തിന്റെ കാര്യത്തില്‍ അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടും അവഗണിച്ച് തൊഴിലാളികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നിഷേധിച്ചു. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി അഴിമതിനിരോധന ബില്ലില്‍ ഭേദഗതി കൊണ്ടുവന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കണമെന്ന വ്യവസ്ഥ എടുത്തുകളയുന്ന ഭേദഗതിയും അവതരിപ്പിച്ചു.

ഇടതുപക്ഷം ഇന്ത്യന്‍ ജനതക്കായി ഉയര്‍ത്തിയ പ്രതിരോധം എത്ര ശക്തമായിരുന്നുവെന്ന് 2008 ജൂലൈ 22നു ശേഷമുള്ള യു.പി.എ സര്‍ക്കാരിന്റെ നടപടികള്‍ തെളിയിക്കുന്നു.

3 comments:

  1. തെരഞ്ഞെടുപ്പ് എത്തി.

    ഇടതുപക്ഷം പിന്തുണ പിന്‍‌വലിച്ച ശേഷം യു.പി.എ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എന്തൊക്കെയായിരുന്നു? അവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും ജനതാല്‍പര്യത്തെയും എത്രമാത്രം ഹാനികരമായി ബാധിക്കുന്നവയായിരുന്നു?

    ReplyDelete
  2. തൊഴിലാളികളുടെ ജീവിതകാലസമ്പാദ്യമായ പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപത്തുകയാകെ സ്വകാര്യകുത്തകകള്‍ക്ക് ചൂതാട്ടത്തിന് വിട്ടുകൊടുക്കാനുള്ള യുപിഎ ഗവമെന്റിന്റെ ശ്രമം ഇടതുപക്ഷം തടുത്തുനിര്‍ത്തിയിരുന്നതാണ്.

    നമ്മുടെ പി.എഫിനു സമാനമായ അമേരിക്കയിലെ 401-കെ എടുത്ത് ഓഹരികമ്പോളത്തില്‍ ഇടുന്നതിന്റെ ഫലം അവരിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഏതായാലും പി.എഫിനെ ചിദംബരത്തിനു കേറി നിരങ്ങാന്‍ കൊടുക്കാതിരുന്നതിനു ഇടതുപക്ഷത്തെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല.

    ReplyDelete
  3. പി.എഫ്. എടുത്ത് ഓഹരിയിലിടുന്ന തീരുമാനം മരവിപ്പിച്ചില്ലേ?
    --

    ReplyDelete