ഒറ്റക്ക് അധികാരത്തില്‍ കയറാനിരുന്നവരെ കരയിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. തലങ്ങും വിലങ്ങും നടത്തുന്ന പരിഹാസങ്ങളിലൂടെയും, പ്രസക്തി ചോദ്യം ചെയ്യുന്നതിലൂടെയും മതനിരപേക്ഷ ബദലിനായി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയാം എന്ന വിശ്വാസം യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ തകര്‍ന്നതിന്റെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ്സും എന്‍.ഡി.എ യും.
കോണ്‍ഗ്രസിന്റെ സഖ്യം പ്രധാന സംസ്ഥാനങ്ങളിലെല്ലാം ഛിന്നഭിന്നമായി. ബിഹാറിലും ജാര്‍ഖണ്ഡിലും സഖ്യം പൂര്‍ണമായും തകര്‍ന്നപ്പോള്‍ തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ പാട്ടാളി മക്കള്‍ കക്ഷി (പിഎംകെ) കൂടി കോണ്‍ഗ്രസുമായി വഴിപിരിയുകയാണ്. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ടിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മഹാരാഷ്ട്രയിലാവകട്ടെ പേരിന് സഖ്യമുണ്ടെങ്കിലും വടംവലി രൂക്ഷമാണ്. ഇതോടെ, യുപിഎക്ക് ആദ്യഘട്ടത്തില്‍ എന്തെങ്കിലും തരത്തിലുള്ള നേരിയ മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കില്‍ അത് തീര്‍ത്തും ഇല്ലാതായി. എന്‍ഡിഎ ആകട്ടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയുമാണ്. ദിനംപ്രതി കൂടുതല്‍ കക്ഷികള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷ ബദല്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ വിലയിരുത്തുന്നു.
ബീഹാര്‍
ബിഹാറില്‍ മൂന്ന് സീറ്റുമാത്രം നല്‍കി ലാലുവും പാസ്വാനും ചേര്‍ന്ന് കോണ്‍ഗ്രസിനെ ഒതുക്കിയതോടെ അവിടെ യുപിഎ തകര്‍ന്നു. ഇവിടെയുള്ള 40 സീറ്റില്‍ 37 ലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് ശനിയാഴ്ച വ്യക്തമാക്കി. ലാലു മല്‍സരിക്കുന്ന രണ്ട് സീറ്റിലും പാസ്വാന്റെ സീറ്റിലും ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ് മത്സരിക്കുമത്രെ. എല്ലാ സീറ്റിലും മല്‍സരിക്കാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ടെങ്കില്‍ എന്തിനാണ് ആദ്യം സീറ്റ് ചോദിച്ച് തന്നെ സമീപിച്ചതെന്ന് ലാലു ചോദിക്കുന്നു. ഈ ചോദ്യത്തിനു കോണ്‍ഗ്രസ്സിനു ഉത്തരമില്ല. “ അത്ര ശക്തിയുണ്ടെങ്കില്‍ അവര്‍ ഒറ്റക്ക് മത്സരിക്കട്ടെ. എന്തിനാണ് മൂന്നു സീറ്റ് ഒഴിച്ചിടുന്നത്? അതിലും അവര്‍ മത്സരിക്കട്ടെ” എന്നാണ് ലാലുവിന്റെ നിലപാട്.
ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന ഷിബുസൊരന്റെ മകന്‍ ദുര്‍ഗ സൊരന്റെ പ്രസ്താവന അവിടുത്തെ യുപിഎ സഖ്യവും തകര്‍ന്നുവെന്ന് വ്യക്തമാക്കുന്നു. നേരത്തെ കോഗ്രസും ജെഎംഎമ്മും ചേര്‍ന്ന് ആര്‍ജെഡിയെ മാറ്റിനിര്‍ത്തി സീറ്റുധാരണ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏഴ് സീറ്റില്‍ കോണ്‍ഗ്രസും അഞ്ചില്‍ ജെഎംഎമ്മും രണ്ടില്‍ ആര്‍ജെഡിയുമാണ് മല്‍സരിക്കേണ്ടിയിരുന്നത്. എന്നാല്‍ ജെഎംഎമ്മിന്റെ ശക്തികൊണ്ടാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് വിജയിക്കുന്നതെന്നുപറഞ്ഞാണ് ദുര്‍ഗ സൊരന്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. സീറ്റുചര്‍ച്ചയില്‍ തന്നെ അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വത്തോട് ദുര്‍ഗ സൊരനെ ഉപയോഗിച്ച് ലാലു പകരം വീട്ടുകയാണ്.
തമിഴ്‌നാട്
ഇതിനിടെ, തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മുന്നണി വീണ്ടും ദുര്‍ബലമാവും. പിഎംകെ ഏതാനും ദിവസങ്ങള്‍ക്കകം യുപിഎ വിട്ട് എഐഎഡിഎംകെ മുന്നണിക്കൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഒരു സീറ്റ് സംബന്ധിച്ച തര്‍ക്കം മാത്രമാണ് ബാക്കിയുള്ളത്. ഇടതുപക്ഷപാര്‍ടികളും എംഡിഎംകെയും നേരത്തെതന്നെ ഡിഎംകെ മുന്നണി വിട്ടിരുന്നു.
മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ 26-22 എന്ന അനുപാതത്തില്‍ സീറ്റുധാരണയില്‍ എത്തിയിട്ടുണ്ടെങ്കിലും സഖ്യത്തെ പിന്തുണക്കുന്ന ആര്‍പിഐക്ക് ആര് സീറ്റ് നല്‍കുമെന്ന തര്‍ക്കം തുടരുകയാണ്.
ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശില്‍ 14 സ്ഥാനാര്‍ഥികളുടെ പട്ടികകൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ സഖ്യത്തിനുള്ള അവസാന ശ്രമവും തകര്‍ന്നു. നേരത്തെ 24 സീറ്റില്‍ കോഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ലാലുവും പാസ്വാനും മുലായംസിങ്ങും ശരദ്പവാറും തമ്മില്‍ യുപിഎക്ക് പുറത്ത് വര്‍ധിച്ചുവരുന്ന ബന്ധം യുപിഎയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നു.
ആന്ധ്ര
ആന്ധ്രയിലാകട്ടെ നിയമസഭയിലേക്കും ലോകസഭയിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റ് വന്നതോടെ കേരളത്തില്‍ എന്ന പോലെ കലാപമാണ്. മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ. എസ്. ജഗ്‌മോഹന്‍ റെഡ്ഡി കഡപ്പ മണ്ഡലത്തില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിക്കുമ്പോള്‍, പല പ്രമുഖര്‍ക്കും സീറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.
പശ്ചിമ ബംഗാള്‍
കലഹം മൂലം പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനന്തമായി നീളുകയാണ്. മാള്‍ദയിലെ സമുന്നത നേതാവായിരുന്ന ഖനിഖാന്‍ ചൊധരിയുടെ കുടുംബാംഗങ്ങള്‍ തമ്മിലാണ് കലഹം. കൂടാതെ മമതാ ബാനര്‍ജിയുമായി സഖ്യമുണ്ടാക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്ക് തന്നെ ഇക്കാര്യം സമ്മതിക്കേണ്ടി വന്നു. “മഹാസഖ്യമൊക്കെ അതിന്റെ വഴിക്കുപോകും. ഞങ്ങളാരും മമതയ്ക്കുവേണ്ടി വിയര്‍ക്കാനില്ല.” എന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.
ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും എതിരായ ബദല്‍ എന്ന ആശയം എത്രത്തോളം കൂടുതല്‍ മുന്നോട്ട് പോയിട്ടുണ്ട് എന്നറിയാന്‍ കഴിയും.
ഒറ്റക്ക് അധികാരത്തില്‍ കയറാനിരുന്നവരെ കരയിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. തലങ്ങും വിലങ്ങും നടത്തുന്ന പരിഹാസങ്ങളിലൂടെയും, പ്രസക്തി ചോദ്യം ചെയ്യുന്നതിലൂടെയും മതനിരപേക്ഷ ബദലിനായി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയാം എന്ന വിശ്വാസം യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ തകര്‍ന്നതിന്റെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ്സും എന്‍.ഡി.എ യും.
ReplyDeleteപാഷാണവുമായാണ്. കോങ്രസ്സ് കാത്തിരിക്കുന്നത്. ജയിച്ചു വരുന്ന മൂന്നാം മുന്നണിക്കാര്‍ക്ക് പുറത്ത് നിന്ന് പിന്തുണ കൊടുത്തുകൊണ്ടുള്ള സര്‍ക്കസ്സിനാവും ഇനി നമ്മള്‍ സാക്ഷിയാവുക. കോങ്രസ്സ് പിന്തുണച്ച ഒരു സര്‍ക്കാരും ഇന്ത്യയില്‍ അവധി പൂര്‍ത്തിയാക്കിയിട്ടില്ല. എന്റെ നാട്ടിലുള്ള സാധാരണ കാങ്രസ്സ് കാര്‍ പറയും.“ ഭരിക്കാന്‍ കോങ്രസിനേ അറിയൂ, പ്രധാനമന്ത്രിയാകാന്‍ ഗാന്ധിമാര്‍ക്കേ പറ്റൂ എന്ന്”
ReplyDelete