Monday, March 23, 2009

രാമന്‍പിള്ളക്ക് പറയാനുള്ളത്

“ഇടതുപക്ഷമാണ് മനുഷ്യപ്പറ്റുള്ള പ്രസ്ഥാനം. മത-വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരാണ് അവര്‍.“

ഇത് ഏതെങ്കിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് നോട്ടീസില്‍ നിന്നും കടമെടുത്ത വാചകങ്ങളല്ല. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന രാമന്‍പിള്ളയുടെതാണീ വാക്കുകള്‍. ബിജെപിയുടെ വര്‍ഗീയനിലപാടുകളെ പരസ്യമായി എതിര്‍ക്കുകയും അതിലെ ജനാധിപത്യധ്വംസനത്തിലും അഴിമതിയിലും മനംമടുത്ത് പുറത്തുവന്ന് കേരള ജനപക്ഷം എന്ന പാര്‍ടിക്ക് രൂപംനല്‍കുകയും ചെയ്തയാളാണ് കെ. രാമന്‍പിള്ള.

അദ്ദേഹവുമായുള്ള ഒരു ചെറു അഭിമുഖം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കാരണം?

കേരള ജനപക്ഷം പുതിയ പാര്‍ടിയാണ്. ഇതുവരെ ശക്തിതെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. സംസ്ഥാന കൌസില്‍ വിശദമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. 50 വര്‍ഷം ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. ഇടക്കാലത്ത് ജനതാപാര്‍ടിയും എന്‍ഡിഎയും മറ്റു കക്ഷികളും ഭരണം കൈയാളിയെങ്കിലും അധിക കാലവും ഭരിച്ചത് കോണ്‍ഗ്രസ്. ഇന്ത്യയുടെ എല്ലാ കെടുതിക്കും കാരണം അവരാണ്. രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചു. വര്‍ഗീയതയും ഭീകരവാദവും വളര്‍ന്നു. ജനാധിപത്യം കശക്കിയെറിഞ്ഞു.ഇതെല്ലാം കോണ്‍ഗ്രസിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം ബോധ്യമായത്.

ബിജെപിയുടെ അഴിമതിയും വോട്ടുവില്‍പ്പനയും എത്രത്തോളം വ്യാപകമാണ്?

കേരളത്തില്‍ പാര്‍ടിക്കുവേണ്ടി മരിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ അതിന്റെ നേതൃത്വം ഒന്നുംചെയ്യുന്നില്ല. രക്തസാക്ഷികുടുംബങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന കോടികള്‍ പിരിച്ചെടുത്തു. അതെല്ലാം നേതാക്കള്‍തന്നെ പോക്കറ്റിലാക്കി. എന്‍ഡിഎ ഗവമെന്റിന്റെ കാലത്ത് പെട്രോള്‍ബങ്ക് നല്‍കാമെന്ന് മോഹിപ്പിച്ച് കേരളത്തില്‍നിന്നുമാത്രം 20 കോടി രൂപ പലരില്‍നിന്നായി നേതൃത്വം പിരിച്ചെടുത്തു. ഇതെല്ലാം രക്തസാക്ഷികുടുംബങ്ങളെ സംരക്ഷിക്കാനെന്നപേരില്‍ സ്വരൂപിക്കുകയും നേതാക്കള്‍ സ്വന്തമാക്കുകയും ചെയ്തു. കേരളത്തിലും ദേശീയരംഗത്തും ബിജെപിയുടെ ഭാവി? കേരളത്തില്‍ ബിജെപി രംഗത്തേയില്ല; അവര്‍ ഒരിക്കലും ഇവിടെ ജയിക്കാന്‍ പോകുന്നില്ല. സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണ് ഇവിടെ ബിജെപി ശ്രമിക്കുന്നത്. ദേശീയരാഷ്ട്രീയത്തിലും അവര്‍ ഒറ്റപ്പെടുന്നു. കൂടെനിന്ന പല കക്ഷിയും ഇന്ന് അവരോടൊപ്പമില്ല. അതുകൊണ്ടുതന്നെ അവര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല.

ബിജെപിയുടെ നേതൃനിരയില്‍നിന്നു മാറി ഇപ്പോഴത്തെ പാര്‍ടിപ്രവര്‍ത്തനത്തെ താരതമ്യപ്പെടുത്തുമ്പോള്‍?

നേതൃനിരയില്‍നിന്ന് ഇറങ്ങിപ്പോയത് മനസ്സിന് ഏറെ സന്തോഷം നല്‍കുന്നു. ഇന്ന് സ്വതന്ത്രനാണെന്ന തോന്നലുണ്ട്. പ്രലോഭനങ്ങളും ഭീഷണിയും തുടരുന്നുണ്ടെങ്കിലും അതിനെയെല്ലാം ധീരമായി നേരിടാന്‍തന്നെയാണ് തീരുമാനം.

ജനപക്ഷം ഈ തെരഞ്ഞെടുപ്പില്‍ നടത്തുന്ന പ്രവര്‍ത്തനം?

എല്‍ഡിഎഫ് തെരഞ്ഞെടുപ്പുകമ്മിറ്റികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ജനപക്ഷത്തിന്റെ നയം വ്യക്തമാക്കുന്ന പൊതുയോഗങ്ങള്‍ 20 മണ്ഡലത്തിലും ആദ്യഘട്ടമെന്ന നിലയില്‍ നടത്തും. എല്ലാ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പുരംഗത്ത് സജീവമാകും. ഉന്നത നയരൂപീകരണ കൌസിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. അടുത്തുവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ പാര്‍ടി ആലോചിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കുക

മതവിശ്വാസവും ആചാരവും വ്യക്തിനിഷ്ഠമാണ്. അത് പാര്‍ടി സ്വീകരിക്കാന്‍ പാടില്ല. നാഗ്പുര്‍ സമ്മേളനത്തിനുശേഷം ബിജെപി മതരാഷ്ട്രീയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങി. എപതുകളില്‍ ബിജെപി രൂപീകരിച്ചപ്പോഴുണ്ടായ അണികളില്‍ ഭൂരിപക്ഷവും ജനപക്ഷത്തോടൊപ്പം വന്നു. ബിജെപിയുടെ വര്‍ഗീയനിലപാടില്‍ പ്രതിഷേധമുള്ളവരാണ് അവര്‍. ഇപ്പോഴത്തെ എല്‍ഡിഎഫ് അനുകൂല നിലപാടിനുപിന്നിലും മതേതരത്വമാണ് അടിസ്ഥാനം. അബ്ദുള്‍നാസര്‍ മദനിയെസംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ശരിയാണ്. മദനിയുടെ തീവ്രവാദ ബന്ധത്തെസംബന്ധിച്ച് വര്‍ഷങ്ങളെടുത്ത് കോടതി പരിശോധിച്ചതാണ്. അതിനുശേഷമാണ് കുറ്റവിമുക്തനാക്കിയത്. ഇപ്പോള്‍ അദ്ദേഹത്തില്‍ തീവ്രവാദബന്ധം ആരോപിക്കുന്നത് ശരിയല്ല. ഇന്നലെ എന്തായിരുന്നു എന്നല്ല, ഇന്ന് എന്താണ് എന്നതാണ് അന്വേഷിക്കേണ്ടത്. പഴയ മദനിയല്ല ഇന്നത്തെ മദനി. ആദ്യഘട്ടത്തില്‍ അഴിമതിക്കെതിരെ പോരാടിയ പാര്‍ടിയായിരുന്നു ബിജെപി. ക്രമേണ അഴിമതി ജീവിതശൈലിയായി. അഴിമതി അച്ചടക്കലംഘനമാണ്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ഗ്രൂപ്പ് മുന്നോട്ടുവന്നു. അവരാണ് ഇന്ന് ആ പാര്‍ടിയെ നയിക്കുന്നത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി പുനത്തില്‍ കുഞ്ഞബ്ദുള്ളയായിരുന്നു. അന്ന് ലീഗ് സ്ഥാനാര്‍ഥിയായിരുന്ന മായിന്‍ഹാജിക്കുവേണ്ടി ബിജെപി നേതാക്കള്‍ പരസ്യമായി വോട്ട് ചോദിച്ചു. അതിനെ എതിര്‍ത്ത ഉമാ ഉണ്ണി ഇന്ന് ജനപക്ഷത്തിന്റെ നേതാവാണ്. അവര്‍ക്കെതിരെ നിരന്തരം ഭീഷണിമുഴക്കുന്നു. കഴിഞ്ഞദിവസം ഉമാ ഉണ്ണിയുടെ സ്കൂട്ടര്‍ അവര്‍ കത്തിച്ചു. എനിക്കെതിരെയും ഭീഷണിയും പ്രലോഭനങ്ങളും നിരന്തരമുണ്ട്.

2 comments:

  1. “ഇടതുപക്ഷമാണ് മനുഷ്യപ്പറ്റുള്ള പ്രസ്ഥാനം. മത-വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരാണ് അവര്‍.“

    ഇത് ഏതെങ്കിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് നോട്ടീസില്‍ നിന്നും കടമെടുത്ത വാചകങ്ങളല്ല. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന രാമന്‍പിള്ളയുടെതാണീ വാക്കുകള്‍. ബിജെപിയുടെ വര്‍ഗീയനിലപാടുകളെ പരസ്യമായി എതിര്‍ക്കുകയും അതിലെ ജനാധിപത്യധ്വംസനത്തിലും അഴിമതിയിലും മനംമടുത്ത് പുറത്തുവന്ന് കേരള ജനപക്ഷം എന്ന പാര്‍ടിക്ക് രൂപംനല്‍കുകയും ചെയ്തയാളാണ് കെ. രാമന്‍പിള്ള.

    ReplyDelete
  2. http://kaalidaasan-currentaffairs.blogspot.com/2009/03/blog-post_22 സമകാലികചിന്തകൾ
    http://kaalidaasan-currentaffairs.blogspot.com ഈ ബ്ലോഗിൽ നടന്ന ചർച്ച , ഈയുള്ളവന്റെ കമന്റുകൾ എന്നിവ ഒന്നു വായിക്കണേ.

    ReplyDelete