Thursday, March 19, 2009

വനിതാ സംഘടനകള്‍ പറയുന്നത്

നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം അംഗബലം ഉറപ്പുവരുത്തുന്ന വനിതാസംവരണ ബില്‍ നടപ്പാക്കാതിരുന്ന യുപിഎ സര്‍ക്കാര്‍ രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചെന്ന് വിവിധ വനിതാ സംഘടനകള്‍ കുറ്റപ്പെടുത്തി. മഹിളാ അസോസിയേഷന്‍, മഹിളാ ഫെഡറേഷന്‍, യങ് വുമന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്‍ (വൈഡബ്ള്യുസിഎ), കൌസില്‍ ഓഫ് കാത്തലിക് വുമന്‍ ഓഫ് ഇന്ത്യ, മുസ്ളിം വുമന്‍സ് ഫോറം, ഓള്‍ ഇന്ത്യാ ദളിത് മഹിളാ അധികാര്‍ മഞ്ച് എന്നീ വനിതാ സംഘടനകളാണ് യുപിഎ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തുവന്നത്. പൊതുതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ടികളുടെ പരിഗണനയ്ക്കായി വനിതകളുടെ പൊതുആവശ്യങ്ങളടങ്ങിയ അവകാശപത്രികയും വനിതാ സംഘടനകള്‍ പുറത്തിറക്കി. അവകാശപത്രികയോട് രാഷ്ട്രീയ പാര്‍ടികളുടെ സമീപനമനുസരിച്ചാകും വനിതാ സംഘടനകള്‍ നിലപാട് സ്വീകരിക്കുകയെന്ന് അവര്‍ പറഞ്ഞു.

വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് പുറത്താക്കാനായിരുന്നു 2004ല്‍ സ്ത്രീകളടക്കമുള്ള പൊതുസമൂഹത്തിന്റെ വിധിയെഴുത്ത്. ഗുജറാത്ത് സംഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍, വര്‍ഗീയശക്തികളുടെ വിളയാട്ടം തുടരുകയാണെന്നാണ് കര്‍ണാടകത്തിലെയും ഒറീസയിലെയുമൊക്കെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമവും ഗാര്‍ഹികപീഡനം തടയല്‍ നിയമവുമൊക്കെ കൊണ്ടുവന്നെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നതിന് ബജറ്റില്‍ തുക നീക്കിവച്ചില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നതായി കണക്ക് സൂചിപ്പിക്കുന്നു. വര്‍ഗീയശക്തികളുടെ കടന്നാക്രമണം ചെറുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. വര്‍ഗീയതയ്ക്കൊപ്പം ഭീകരവാദവും ശക്തിപ്പെടുന്നതായാണ് മലേഗാവ്, നന്ദേദ് സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഈ ഘട്ടത്തില്‍ അടുത്ത സര്‍ക്കാര്‍ ചില കാര്യങ്ങള്‍ പരിഗണിക്കണം. വര്‍ഗീയകലാപങ്ങള്‍ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരിക, വര്‍ഗീയകലാപങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വനിതാസംവരണ ബില്‍ പാസാക്കുക, പൊതുവിതരണം സാര്‍വത്രികമാക്കുക, സാമൂഹ്യക്ഷേമ- ആരോഗ്യ- വിദ്യാഭ്യാസ പദ്ധതികള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക, അങ്കണവാടി പദ്ധതി എല്ലായിടത്തും വ്യാപിപ്പിക്കുക, തൊഴിലുറപ്പു പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക, സെസ് നിയമം പുനഃപരിശോധിക്കുക, ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുക, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍- കൂടുതല്‍ പ്രസവാനുകൂല്യങ്ങള്‍- ശിശുസംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മാണം, വനിതാ സംവരണ നിയമം പാസാക്കുക, വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമായും മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രീയ പാര്‍ടികള്‍ പ്രകടനപത്രികയില്‍ ഇവ ഉള്‍പ്പെടുത്തണം- വനിതാ നേതാക്കള്‍ പറഞ്ഞു.

1 comment:

  1. വര്‍ഗീയകലാപങ്ങള്‍ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരിക, വര്‍ഗീയകലാപങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വനിതാസംവരണ ബില്‍ പാസാക്കുക, പൊതുവിതരണം സാര്‍വത്രികമാക്കുക, സാമൂഹ്യക്ഷേമ- ആരോഗ്യ- വിദ്യാഭ്യാസ പദ്ധതികള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക, അങ്കണവാടി പദ്ധതി എല്ലായിടത്തും വ്യാപിപ്പിക്കുക, തൊഴിലുറപ്പു പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക, സെസ് നിയമം പുനഃപരിശോധിക്കുക, ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുക, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍- കൂടുതല്‍ പ്രസവാനുകൂല്യങ്ങള്‍- ശിശുസംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മാണം, വനിതാ സംവരണ നിയമം പാസാക്കുക, വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക

    ReplyDelete