തിരഞ്ഞെടുപ്പ് സമയമായതോടെ മാധ്യമങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളുമായുള്ള മുഖാമുഖങ്ങളുടെ തിരക്കാണ്. ചിലത് നാട്ടുകാരുമായുള്ള കൂട്ടപ്പൊരിച്ചിലാണെങ്കില്‍ ചിലത് ചുരുങ്ങിയ വൃത്തത്തിലെ ചോദ്യോത്തരങ്ങളാണ്. ഇതിനു പുറമേയാണ് ഓരോ എം.പിയും സ്വന്തം നിയോജക മണ്ഡലത്തിനു വേണ്ടി എന്തു ചെയ്തു എന്ന മാധ്യമവിചാരണ. പൊതുമുഖാമുഖങ്ങളിലും ഉയര്‍ന്നുകേള്‍ക്കാറുള്ളത് നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങളാണ്. തമ്പാനൂരിലെ വെള്ളപ്പൊക്കവും കണ്ണൂര്‍ വിമാനത്താവളവും എന്തിന് പഞ്ചായത്ത് സ്കൂളില്‍ മൂത്രപ്പുര ഇല്ലാത്തതുപോലും സ്ഥാനാര്‍ത്ഥിയോട് ചോദിക്കുന്നതും ‘ഒക്കെ ശരിയാക്കാം. എന്നെ ഒന്നു ജയിപ്പിച്ചുവിട്ടാല്‍ മതി’ എന്നമട്ടില്‍ ഓരോ സ്ഥാനാര്‍ത്ഥിയും മറുപടി പറയുന്നതും പതിവായിരിക്കുന്നു.
സംസ്ഥാനത്തെ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ എല്ലാം കേന്ദ്രത്തിന്റെ നയദൂഷ്യമാണെന്നും കേന്ദ്രത്തിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയാണെനില്‍ എല്ലാം സംസ്ഥാനം ഭരിക്കുന്നവരുടെ നടപടി ദൂഷ്യമാണെന്നും പറയുക എന്നതാണ് നടപ്പു രീതി. മൂന്നാമത്തെ കൂട്ടരാണെങ്കില്‍ ബഹുസുഖം. രണ്ടു കൂട്ടരും പറയുന്നത് ശരിവെച്ചാല്‍ മതി. ‘രണ്ടു പേരുടേയും കുറ്റമുണ്ട്.’ അതുകൊണ്ട് ഞങ്ങള്‍ക്ക് ചാന്‍സ് തരൂ!
എം.പി.ഫണ്ട് വിനിയോഗമാണ് മറ്റൊരു ചര്‍ച്ചാവിഷയം. വാസ്തവത്തില്‍ എം.പി.മാരെ പ്രാദേശികപ്രശ്നങ്ങളില്‍ ഒതുക്കിയിടാനുള്ള ഒരു ഗൂഢാലോചനയാണ് എം.പി.ഫണ്ട്. പഞ്ചായത്തും മുനിസിപ്പാലിറ്റിയും ചെയ്യേണ്ട കാര്യങ്ങളില്‍ എം.പി.യുടെ രക്ഷാകര്‍തൃത്വം കയറ്റി വിടുന്ന രീതിയാണിത്. ഇതൊക്കെയാണോ എം.പി.ചെയ്യേണ്ട പണി എന്ന് ആരും ചോദിക്കുന്നില്ലല്ലോ.
കര്‍ഷകരുടെ ദുരിതങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. പക്ഷേ, കടം എഴുതിത്തള്ളലും താല്‍ക്കാലിക ആശ്വാസങ്ങളും ചില പ്രദേശങ്ങള്‍ക്കുള്ള പാക്കേജുകളുമാണ് ചര്‍ച്ചയില്‍ വരുന്നത്. ഈ ദുരിതങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ നയങ്ങള്‍ ചര്‍ച്ചയില്‍ വരുന്നില്ല. ഉല്പന്നങ്ങള്‍ക്കു ന്യായമായ വില കിട്ടാത്തതാണ് കര്‍ഷകരുടെ അടിസ്ഥാനപ്രശ്നം. എന്തുകൊണ്ട് വിലയിടിയുന്നു? ഉദാരമായ ഇറക്കുമതി തന്നെ കാരണം. തങ്ങളുടെ കര്‍ഷകരുടെ നടുവൊടിക്കുന്ന ഇറക്കുമതികള്‍ എന്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നു? അങ്ങിനെ ചെയ്യാമെന്ന് ലോകവ്യാപാരസംഘടയോട് ഏറ്റുപോയി എന്നതാണ് ഉത്തരം. എന്തിനിങ്ങനെ ഏല്‍ക്കാന്‍ പോയി? അതിന്റെ ഉത്തരം ആരാണ് പറയേണ്ടത്?
ലോകത്തൊരിടത്തും കാര്‍ഷികമേഖലയ്ക്ക് ഉല്പാദനക്ഷമത കൊണ്ട് വ്യവസായ മേഖലയോടും സേവന മേഖലയോടും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. വ്യാവസായികമായി വികസിച്ച രാജ്യങ്ങളെല്ലാം ചെയ്യുന്നത് പലവിധത്തിലും തങ്ങളുടെ കര്‍ഷകരെ സബ്‌സിഡികളിലൂടെ താങ്ങി നിര്‍ത്തുകയാണ്. അമേരിക്കയും യൂറോപ്പിയന്‍ യൂണിയനും വ്യത്യസ്തരീതികളില്‍ ഇതു തന്നെയാണ് ചെയ്യുന്നത്. എന്നിട്ടാണവര്‍ കാര്‍ഷികരംഗത്തെ സബ്‌സിഡി വെട്ടിക്കുറയ്ക്കണമെന്ന് നമ്മോട് ആവശ്യപ്പെടുന്നത്. അതിന്‍പ്രകാരമാണ് വെള്ളത്തിനു വളത്തിനും രാസ കീടനാശിനികള്‍ക്കുമെല്ലാമുള്ള സബ്‌സിഡികള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. അതോടെയാണ് മുന്നേ ദുര്‍ബലമായിരുന്ന നമ്മുടെ കാര്‍ഷിക മേഖലയുടെ നടുവൊടിഞ്ഞത്. ഉല്പന്നവില ഇടിയുന്നു. ഉല്പാദന ഘടകങ്ങളുടെ വില കൂടുന്നു. ഇതോടെയാണ് കര്‍ഷക ആത്മഹത്യകള്‍ പതിവായത്. എന്നിട്ടോ? ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് നക്കാപ്പിച്ച. കുറെ ഭാഗ്യശാലികളുടെ കടം എഴുതിത്തള്ളല്‍. ബന്ധപ്പെട്ട വ്യവസ്ഥകള്‍ വ്യാഖ്യാനിച്ചു വരുമ്പോള്‍ എഴുതിത്തള്ളലിന്റെ ഗുണം കിട്ടിയത് കൂടുതലും വസ്തുക്കരം രസീതുകാണിച്ച് കാറു വാങ്ങാനും കടകെട്ടാനും ലോണെടുത്തവര്‍ക്ക്! യഥാര്‍ത്ഥ ദുരിതക്കാരന്‍ പുറത്തും. കഷ്ടപ്പെട്ടും പട്ടിണികിടന്നും മാനം കാക്കാന്‍ വേണ്ടി കടം പലിശ സഹിതം തിരിച്ചടച്ചവര്‍ മണ്ടന്മാര്‍. ഇങ്ങനെയാണോ കര്‍ഷകരെ സഹായിച്ചെന്നു വരുത്തേണ്ടത്?ഇതൊനൊക്കെ കാരണമായ അടിസ്ഥാന നയങ്ങള്‍ എന്തേ മാറ്റുന്നില്ല? ഞങ്ങളുടെ കര്‍ഷകരെ സംരക്ഷിക്കാനായി ഇറക്കുമതി നിയന്ത്രിക്കുന്നതും സബ്‌സിഡി കൊടുക്കുന്നതും ഞങ്ങളുടെ കര്‍ത്തവ്യമാണ്. പരമാധികാരമാണ്. ഇതു നിയന്ത്രിക്കുന്ന ഒന്നും ഞങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് ലോകവ്യാപാരസംഘടനയോട് എന്തുകൊണ്ട് പറയുന്നില്ല?
കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുമ്പോള്‍ തന്നെ പതിനായിരക്കണക്കിനു കോടി രൂപയുടെ നികുതി ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യം കസ്റ്റംസ് ഡ്യൂട്ടി കുറച്ച് ഇറക്കുമതി പ്രോത്സാഹിപ്പിക്കുക. പിന്നെ നിരപ്പയ കളിസ്ഥലം ഉറപ്പുവരുത്താനായി നാടന്‍ മുതലാളിമാരെ സഹായിക്കുന്നതിനു വേണ്ടി എക്സൈസ് തീരുവ കുറയ്ക്കുക. അന്തിമഫലം സര്‍ക്കാരിനു കിട്ടേണ്ട നികുതി കുറയുക തന്നെ. ഇതൊരു പരോക്ഷ സബ്‌സിഡി അല്ലേ?അതിവേഗം കുതിച്ചുയരുന്ന ഐ.ടി. കമ്പനികള്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതും സര്‍ക്കാര്‍ ചിലവില്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതും പരോക്ഷ സബ്‌സിഡി അല്ലേ? വമ്പന്‍ ലാഭമുണ്ടാക്കുന്ന ടൂറിസം റിസോര്‍ട്ടുകളെയും സ്റ്റാര്‍ ഹോട്ടലുകളെയും നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് സബ്‌സിഡി അല്ലേ? ഇതൊക്കെ ഒരു പുറേ നടക്കുമ്പോഴാണ് കര്‍ഷകര്‍ക്കു മാത്രം സബ്‌സിഡി നിഷേധിക്കുന്നത്.
ഇതുപോലെത്തന്നെയാണ് മറ്റു പല രംഗങ്ങളിലേയും സ്ഥിതി. കേരളത്തിലും ഇന്ത്യയില്‍ പൊതുവെയും വലിയൊരളവില്‍ ജനങ്ങള്‍ ഉപജീവനം തേടുന്നത് ചെറുകിട കച്ചവടങ്ങളിലൂടെയാണ്. ഈ രംഗത്തേക്കാണ് ഇപ്പോള്‍ വമ്പന്മാര്‍ നോട്ടമിട്ടിരിക്കുന്നത്. വാള്‍മാര്‍ട്ടിന്റെയൊക്കെ ചരിത്രം കാണിക്കുന്നത് അവരുടെ പ്രവേശനത്തോടെ ‘കവലക്കടക്കാര്‍’ ഒന്നൊന്നായി അടച്ചുപൂട്ടുന്നു എന്നാണ്. ഇപ്പോള്‍ കേരളത്തിലും സംഭവിച്ചു തുടങ്ങിയിരിക്കുന്നത് ഇതാണ്. സ്വദേശികളായ വമ്പന്മാര്‍ വന്‍കിട മാളുകള്‍ തുടങ്ങുന്നത് തടയാനാവില്ല. പക്ഷേ, വിദേശക്കുത്തകകളെയെങ്കിലും തടയരുതോ? എന്തുകൊണ്ടതു ചെയ്യുന്നില്ല. അതുപോലെ ലാഭത്തില്‍ നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ആരെ പ്രീണിപ്പിക്കാനാണ്? സ്തുത്യര്‍ഹമായ പ്രവര്‍ത്തനചരിത്രമുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഭൂരിപക്ഷ ഓഹരി വിറ്റഴിക്കുന്നതിന്റെ നീതിവല്‍ക്കരണം എന്താണ്? തന്ത്രപ്രാധാന്യമുള്ള യുദ്ധക്കപ്പലുകള്‍ വരെ നിര്‍മ്മിക്കുന്ന ഈ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതിനെപ്പറ്റി എന്തു പൊതു ചര്‍ച്ചയാണ് നടന്നിട്ടുള്ള്ത്? അതിനേക്കാള്‍ കഷ്ടമാണ് പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടം നടത്തുന്നതിനു വേണ്ടി സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കം. എന്താണിതിന്റെയൊക്കെ അര്‍ത്ഥം?ഷെയറിലും മ്യൂച്വല്‍ ഫണ്ടിലും പണം നിക്ഷേപിച്ചിരുന്നവരെല്ലാം കൈപൊള്ളിയിരിക്കുകയാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ മുപ്പതിനായിരം രൂപ പോലും കിട്ടില്ല. ഓഹരിവിപണിയിലെ ലാഭം കൊണ്ടാണ് പെന്‍ഷന്‍ കൊടുത്തിരുന്നതെങ്കില്‍ പെന്‍ഷന്‍കാരെല്ലാം ഇപ്പോള്‍ തെണ്ടിപ്പോയേനെ. ഓഹരീ വിപണിയിലെ വന്‍തകര്‍ച്ച കണ്ടിട്ടുപോലും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചവരെ പൊതുനിരത്തില്‍ പിടിച്ചു നിര്‍ത്തി വിചാരണ ചെയ്കയല്ലേ വേണ്ടത്?
ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി മുറിവേല്‍പ്പിക്കാതിരുന്നത് നമ്മള്‍ സമ്പൂര്‍ണ്ണ ഉദാരവല്‍ക്കരണത്തിലേക്ക് പോകാതിരുന്നതുകൊണ്ടാണ്. ഇവിടെ ശക്തമായ പൊതുമേഖല ഉണ്ടായിരുന്നതുകൊണ്ടാണ് എന്ന് സമ്മതിച്ച കൂട്ടര്‍ തന്നെയാണ് പിന്നീട് അതേ നയങ്ങളുമായി മുന്നോട്ട് പോകുന്നത്. ഇതിനെങ്ങനെ അവര്‍ക്കു ധൈര്യം വന്നു? ഇതിനൊന്നും തിരഞ്ഞെടുപ്പ് സമയത്ത് ഉത്തരം പറയേണ്ടിവരില്ല എന്നതല്ലേ ആ ധൈര്യത്തിനു കാരണം?
മന്‍മോഹന്‍ സിംഗും മോണ്ടെക്‍സിംഗ് അലുവാലിയയും തിരഞ്ഞെടുപ്പിനു വോട്ട് ചോദിച്ചു വരില്ലല്ലോ? അപ്പോള്‍ വോട്ട് ചോദിച്ചുവരുന്നവരോട് തന്നെയാണ് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. അല്ലാതെ നിങ്ങളുടെ എം.പി.ഫണ്ടില്‍ നിന്നും ഞങ്ങള്‍ക്കൊരു പാലം പണിതു തരുമോ, റോഡ് ടാറിട്ടു തരുമോ, ബസ്‌സ്റ്റാന്‍ഡില്‍ മൂത്രപ്പുര കെട്ടിത്തരുമോ എന്നൊന്നുമല്ല. വ്യവസായം കൊണ്ടു വരേണ്ടതും എം.പിമാരല്ല. അതിനൊക്കെയുള്ള പൊതുനയങ്ങള്‍ രൂപീകരിക്കുക എന്നതാണ് പാര്‍ലിമെന്റംഗങ്ങള്‍ ചെയ്യേണ്ടത്. അതിനു വേണ്ടി പാര്‍ട്ടിയുടെ നയങ്ങള്‍ സ്വാധീനിക്കുകയാണവര്‍ ചെയ്യേണ്ടത്. അതിനുള്ള വിവരവും മനസ്ഥിതിയും ഇവര്‍ക്കുണ്ടോ എന്നാണ് നാം നോക്കേണ്ടത്. അല്ലാതെ അതെല്ലാം മന്‍മോഹന്‍ സിംഗിനും ചിദംബരത്തിനു മറ്റും വിട്ടിട്ട് നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രീകരിക്കുന്നത് ഒളിച്ചോട്ടമാണ്. അതല്ല എം.പിമാര്‍ ചെയ്യേണ്ട പണി. പക്ഷേ, ഇത് സ്ഥാനാര്‍ത്ഥിമാര്‍ മാത്രം അറിഞ്ഞാല്‍ പോരാ. അവരോടു ചോദ്യം ചോദിക്കാനുള്ള നാമും അത് തിരിച്ചറിയേണ്ടതുണ്ട്.
ആര്‍.വി. ജി മേനോന്‍ ജനയുഗത്തില്‍ എഴുതിയ ലേഖനം 31 മാര്‍ച്ച് 2009
തിരഞ്ഞെടുപ്പ് സമയമായതോടെ മാധ്യമങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളുമായുള്ള മുഖാമുഖങ്ങളുടെ തിരക്കാണ്. ചിലത് നാട്ടുകാരുമായുള്ള കൂട്ടപ്പൊരിച്ചിലാണെങ്കില്‍ ചിലത് ചുരുങ്ങിയ വൃത്തത്തിലെ ചോദ്യോത്തരങ്ങളാണ്. ഇതിനു പുറമേയാണ് ഓരോ എം.പിയും സ്വന്തം നിയോജക മണ്ഡലത്തിനു വേണ്ടി എന്തു ചെയ്തു എന്ന മാധ്യമവിചാരണ. പൊതുമുഖാമുഖങ്ങളിലും ഉയര്‍ന്നുകേള്‍ക്കാറുള്ളത് നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങളാണ്. തമ്പാനൂരിലെ വെള്ളപ്പൊക്കവും കണ്ണൂര്‍ വിമാനത്താവളവും എന്തിന് പഞ്ചായത്ത് സ്കൂളില്‍ മൂത്രപ്പുര ഇല്ലാത്തതുപോലും സ്ഥാനാര്‍ത്ഥിയോട് ചോദിക്കുന്നതും ‘ഒക്കെ ശരിയാക്കാം. എന്നെ ഒന്നു ജയിപ്പിച്ചുവിട്ടാല്‍ മതി’ എന്നമട്ടില്‍ ഓരോ സ്ഥാനാര്‍ത്ഥിയും മറുപടി പറയുന്നതും പതിവായിരിക്കുന്നു.
ReplyDelete