പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകള്‍ തുടങ്ങിക്കഴിഞ്ഞ ഈയവസരത്തില്‍ 2009 ഫെബ്രുവരി 26നു അവസാനിച്ച പതിനാലാം ലോകസഭയിലെ ഇടതുപക്ഷത്തിന്റെയും, കോണ്‍ഗ്രസ്സിന്റെയും, ബിജെപിയുടെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതും അവയിലെ ജനപക്ഷ/ജനവിരുദ്ധ അംശങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതും സമ്മതിദായകര്‍ എന്ന നിലയ്ക്ക് നാം അവശ്യം നിര്‍വഹിക്കേണ്ട കടമയാണ്.
തുടക്കം
2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കും യുപിഎക്കും ഭൂരിപക്ഷം ഇല്ലാതെ വന്ന അവസരത്തില്‍ വര്‍ഗീയ ശക്തികളെ ഭരണത്തില്‍നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യുപിഎയ്ക്ക് ഇടതുപക്ഷ പാര്‍ടികള്‍ പിന്തുണ നല്‍കിത്. 2004ല്‍ യുപിഎ ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയപ്പോള്‍ പൊതുമിനിമം പരിപാടിയിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നു.
നടത്തം
നാലരവര്‍ഷത്തോളം ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയോടെ അധികാരത്തില്‍ തുടര്‍ന്ന സമയത്തെല്ലാം പൊതു മിനിമം പരിപാടിയില്‍ നിന്ന് വ്യതിചലിക്കുവാന്‍ യുപിഎ ഗവണ്‍മെന്റ് ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെ സാന്നിധ്യവും സമ്മര്‍ദവും കാരണം അവര്‍ക്ക് അതിന് കഴിഞ്ഞില്ല. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള്‍ വിറ്റഴിക്കില്ല എന്ന പൊതുധാരണക്കു വിരുദ്ധമായി അവര്‍ അതിന് തുനിഞ്ഞപ്പോള്‍ യുപിഎ-ഇടതുപക്ഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍നിന്ന് പ്രതിപക്ഷ പാര്‍ടികള്‍ പിന്മാറുകയുണ്ടായി. തുടര്‍ന്ന്, സോണിയാഗാന്ധിതന്നെ ഇനി അത്തരമൊരു നടപടി കൈക്കൊള്ളില്ലെന്ന് ചൂണ്ടിക്കാണിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു. നവലിബറല്‍ നയം നടപ്പിലാക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം, പെന്‍ഷന്‍ ഭേദഗതി നിയമം, റീട്ടെയില്‍ മേഖലയില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം (എഫ്ഡിഐ) കൊണ്ടുവരാനുള്ള നടപടികള്‍, പൊതുമേഖലയിലെ സ്വകാര്യവല്ക്കരണം ഇവയൊക്കെ അതിന്റെ ഭാഗമായിരുന്നു. 2005ല്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന പാറ്റന്റ് ആക്ട് ഭേദഗതി നിയമം ഇടതുപക്ഷപാര്‍ടികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിരവധി ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് പാസാക്കിയത്.
ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം
ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം, പെന്‍ഷന്‍ ഭേദഗതി നിയമം, റീട്ടെയില്‍ മേഖലയില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം (എഫ്ഡിഐ) കൊണ്ടുവരാനുള്ള നടപടികള്‍, പൊതുമേഖലയിലെ സ്വകാര്യവല്ക്കരണം തുടങ്ങിയ ജനവിരുദ്ധ നയങ്ങളെ ഈ കാലഘട്ടത്തില്‍ ചെറുക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല, സുപ്രധാനമായ ചില പുതിയ നിയമനിര്‍മാണങ്ങള്‍ക്ക് രൂപം നല്‍കാനും കഴിഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഫോറസ്റ്റ് ആക്ട്, ഗാര്‍ഹികപീഡന വിരുദ്ധനിയമം, വിവരാവകാശ നിയമം, അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ബില്‍ തുടങ്ങിയ ജനോപകാരപ്രദമായ നിയമങ്ങള്‍ പാസാക്കുന്നതില്‍ ഇടതുപക്ഷപാര്‍ടികള്‍ പൂര്‍ണ പിന്തുണ നല്‍കി. ഗവണ്‍മെന്റ് കൊണ്ടുവന്ന കരടു നിയമത്തില്‍ ഒട്ടേറെ ഭേദഗതികള്‍ അംഗീകരിച്ചശേഷം മാത്രമാണ് ഇത്തരം നിയമങ്ങള്‍ പാസാക്കിയത്. എന്നാല്‍, യുപിഎയുടെ കടുംപിടുത്തം കാരണം അംഗീകരിച്ച ചില നിയമങ്ങളില്‍ ഇപ്പോഴും ചില അപാകതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇടതുപക്ഷ പാര്‍ടികള്‍ നടത്തിയ തുടര്‍ച്ചയായ സമ്മര്‍ദത്തിന്റെ ഫലമായി വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ലോക്സഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. വിവിധ രാഷ്ട്രീയപാര്‍ടികള്‍ക്ക് ഒരു പൊതു യോജിപ്പ് ഈ നിയമത്തിന്റെ കാര്യത്തില്‍ ഇനിയുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സ്ത്രീകളോട് പൊതുവില്‍തന്നെ കാണിക്കുന്ന അവഗണനയുടെ ഭാഗമാണ്.
പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കുന്ന കോണ്‍ഗ്രസ് രീതി
പാര്‍ലമെന്റ് നിയമനിര്‍മാണങ്ങളുടെ വേദിയായിട്ടാണ് കണക്കാക്കാറുള്ളത്. എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ നിയമങ്ങള്‍ ഒരു ചര്‍ച്ചയും കൂടാതെ പാസാക്കിയ പരിതാപകരമായ അനുഭവങ്ങള്‍ ഈ സഭയില്‍ ഉണ്ടായി. ഏതെങ്കിലും വിഷയങ്ങളുമായി ബന്ധപ്പെട്ട് സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, ഇതിന്റെ മറവില്‍ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ ചര്‍ച്ചകൂടാതെ പാസാക്കുക, അജന്‍ഡയില്‍പോലും ഇല്ലാത്ത ബില്ലുകള്‍ പെട്ടെന്ന് അവതരിപ്പിച്ച് പാസാക്കിയെടുക്കുക, അംഗങ്ങള്‍ക്ക് ഭേദഗതി നല്‍കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനുമുള്ള അവകാശം നിഷേധിക്കുക ഇവയൊക്കെ ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രശ്നങ്ങളാണ്.
ജനവിരുദ്ധ നിയമങ്ങള്‍ അംഗീകരിപ്പിച്ച് പാസാക്കാന്‍ യുപിഎക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ യു.പി.എക്ക് മടിയുണ്ടായില്ല. പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ഉയര്‍ത്തിക്കൊണ്ടുവരികയും അതുവഴി പ്രതിരോധത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ശരിയായ മാര്‍ഗം സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്തത്.
ബിജെപിയുടെ പരാജയം
14-ാം ലോക്സഭയില്‍ പ്രധാന പ്രതിപക്ഷമെന്ന നിലക്ക് ബിജെപിയുടെ ദയനീയ പരാജയമാണ് കാണാന്‍ കഴിഞ്ഞത്. സാമ്പത്തിക നയങ്ങളിലും വിദേശനയങ്ങളിലും പലപ്പോഴും ബിജെപിയും കോണ്‍ഗ്രസും ഒരേ സമീപനം തന്നെയാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ നയപരമായ പ്രശ്നങ്ങളില്‍ പ്രതിപക്ഷം ഗവണ്‍മെന്റുമായി ഏറ്റുമുട്ടുന്ന രംഗങ്ങള്‍ വിരളമായിരുന്നു. വര്‍ഗീയകാര്‍ഡാണ് പലപ്പോഴും തങ്ങള്‍ക്കുള്ള മുന്‍കൈ നേടാന്‍ അവര്‍ ഉപയോഗിച്ചിരുന്നത്. രാമക്ഷേത്ര പ്രശ്നം, സേതുസമുദ്രം, ന്യൂനപക്ഷങ്ങളോടുള്ള സമീപനം, ഒറീസ, കര്‍ണാടക, ഗുജറാത്ത്, മുംബൈ വര്‍ഗീയകലാപങ്ങള്‍ ഇവയിലൊക്കെ തങ്ങളുടെ വര്‍ഗീയ അജന്‍ഡ മുറുകെപ്പിടിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്കാണ് അവര്‍ നേതൃത്വം നല്‍കിയത്. ജനകീയ പ്രശ്നങ്ങളില്‍ അവര്‍ തീര്‍ത്തും പരാജയമായിരുന്നു.
പിന്തുണ പിന്‍വലിക്കല്‍
അമേരിക്കയുമായുള്ള ആണവക്കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷ പാര്‍ടികള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. പൊതുമിനിമം പരിപാടിയില്‍ ആണവക്കരാര്‍ സംബന്ധിച്ച് ഒരക്ഷരംപോലും പറഞ്ഞിട്ടില്ല. അമേരിക്കയുമായുള്ള ഇന്ത്യയുടെ അതിരുവിട്ട അടുപ്പത്തിന്റെ ഫലമായാണ് ഈ കരാര്‍ നിലവില്‍ വന്നത്. ഇന്ത്യ അംഗീകരിച്ചുവന്ന സ്വതന്ത്ര വിദേശ നയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണിത്. സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും തുടര്‍ച്ചയായി എടുത്തിട്ടുള്ള സമീപനത്തിന്റെ ഭാഗം തന്നെയാണ് ഈ കരാറിനോടുള്ള എതിര്‍പ്പ്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക എന്നത് തങ്ങളുടെ നിയോഗമായിത്തന്നെ ഇടതുപക്ഷം കണ്ടിരുന്നു. ആണവകരാര്‍ ഒപ്പിട്ടതിനു ശേഷം അതുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളെല്ലാം തന്നെ ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് എത്രമാത്രം ശരിയായിരുന്നു എന്നതിനുള്ള വ്യക്തമായ തെളിവുകളാണ്. ആണവകരാര്‍ വിഷയത്തിലെ സംവാദങ്ങളിലൂടെ നടന്ന ബോധവല്‍ക്കരണവും ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയായിരുന്നു.
അവിശ്വാസപ്രമേയ ചര്‍ച്ച
ജൂലൈ 21, 22 തീയതികളില്‍ നടന്ന വിശ്വാസ പ്രമേയ ചര്‍ച്ച ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമാണ്. വിശ്വാസപ്രമേയം വിജയിച്ചത് എല്ലാവിധ അധികാര ദുര്‍വിനിയോഗവും നടത്തിയതിന്റെ ഫലമായിട്ടാണ്. എംപിമാരെ പണംകൊടുത്ത് കൂറുമാറ്റി വോട്ട് ചെയ്യിക്കാനുള്ള നീചമായ നടപടി ഈ സഭയില്‍ കാണാന്‍ കഴിഞ്ഞു. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയപാര്‍ടി നേതാക്കളെയും എംപിമാരെയും ഭീഷണിപ്പെടുത്തിയ ഒട്ടേറെ സംഭവങ്ങളും ഈ സഭയിലുണ്ടായി.
ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനം സ്വയം തരംതാഴ്ന്ന അനുഭവങ്ങളായിരുന്നു ഇവയൊക്കെ. ഈ നിലയില്‍ ഇന്ത്യയുടെ പാര്‍ലമെന്ററി സംവിധാനത്തിന് തീര്‍ത്തും അപകീര്‍ത്തിയുളവാക്കിക്കൊണ്ടാണ് യുപിഎ ഗവണ്‍മെന്റ് വിശ്വാസപ്രമേയം അതിജീവിച്ചത്.
ശരിയായ പ്രതിപക്ഷം
ഗവണ്‍മെന്റിന് പിന്തുണ നല്‍കിയപ്പോഴും പിന്തുണ പിന്‍വലിച്ചശേഷവും ഒരുപോലെയാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഇടതുപക്ഷം നിറവേറ്റിയത്. യുപിഎ ഗവണ്‍മെന്റിന് ബിജെപി നേതൃത്വം നല്‍കിയ പ്രതിപക്ഷവുമായല്ല സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷവുമായാണ് പലപ്പോഴും പാര്‍ലമന്റില്‍ ഏറ്റുമുട്ടേണ്ടിവന്നത്. പൊതുചര്‍ച്ചകളിലായാലും നിയമനിര്‍മാണ വേളകളിലായാലും ഇതു പലപ്പോഴും പ്രകടമായിരുന്നു.
പാര്‍ലമെന്റിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ചില എംപിമാരെ നടപടിക്ക് വിധേയമാക്കേണ്ടിവന്നത് നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ഇവിടെയും ഇടതുപക്ഷകക്ഷികളില്‍പ്പെട്ട ഒരാള്‍ പോലും ആരോപണ വിധേയരാവരില്‍ ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിന്റെ ശരിയായ രീതി
പതിനാലാം ലോക്സഭാ കാലഘട്ടത്തെ രണ്ടായി തരംതിരിക്കാം. യുപിഎ ഗവണ്‍മെന്റിന് ഇടതുപക്ഷ പാര്‍ടികള്‍ പിന്തുണ നല്‍കിയ ആദ്യ കാലഘട്ടവും അവശേഷിച്ച ആറുമാസവും. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഇടതുപക്ഷ പാര്‍ടികളുടെയും നയവ്യക്തത വിളിച്ചോതിയ സന്ദര്‍ഭങ്ങളായിരുന്നു ഇവ. സ്വതന്ത്രമായ വിദേശനയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നവലിബറല്‍ നയത്തിനെതിരെയും വര്‍ഗീയതക്കെതിരെയുമുള്ള പോരാട്ടത്തിന്റെ പ്രതീകമായിട്ടാണ് ഇടതുപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, സാമ്രാജ്യത്വ അനുകൂലനയവും പുത്തന്‍ സാമ്പത്തികനയങ്ങളും നടപ്പിലാക്കാനുള്ള വ്യഗ്രതയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. പ്രതിപക്ഷത്തിന്റെ കടമകള്‍ മറന്ന് സഭ പലപ്പോഴും സ്തംഭിപ്പിച്ച് ചര്‍ച്ചകള്‍ക്ക് എപ്പോഴും വര്‍ഗീയമുഖം നല്‍കാനാണ് ബിജെപിയും എന്‍ഡിഎയും ശ്രമിച്ചത്. ഓരോ മുന്നണിയുടെയും പാര്‍ടിയുടെയും നയങ്ങള്‍ തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങളുടെ വേദിതന്നെയായി വര്‍ത്തിച്ചു പതിനാലാം ലോക്സഭ.
പിന്തുണ പിന്‍വലിച്ച ശേഷം നടന്നത്
പിന്തുണ പിന്‍വലിച്ചശേഷവും ഇടതുപക്ഷ പാര്‍ടികള്‍ തങ്ങളുടെ തത്വാധിഷ്ഠിത നിലപാടില്‍ ഉറച്ചുനിന്നു തന്നെയാണ് പോരാടിയത്. താല്‍ക്കാലിക വിജയം നേടിയ യുപിഎ കിട്ടിയ സന്ദര്‍ഭം ഉപയോഗിച്ച് പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് കാണിച്ചത്. ഇന്‍ഷുറന്‍സിലെ എഫ്ഡിഐ 29 ശതമാനത്തില്‍നിന്ന് 49 ശതമാനം ആക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. മന്ത്രിസഭാ തീരുമാനത്തിലൂടെ എഫ്ഡിഐയുടെ പരിധി തന്നെ നീക്കാനുള്ള നപടിയും തുടര്‍ന്ന് ഗവണ്‍മെന്റ് കൈക്കൊണ്ടു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ സ്പെക്ട്രം സ്വകാര്യ മേഖലക്ക് നല്‍കാനുള്ള തീരുമാനം കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് പുറത്തുകൊണ്ടുവന്നത്. പ്രധാന പ്രതിപക്ഷമായ ബിജെപി ആകട്ടെ ഇതിനെയൊക്കെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഫലശ്രുതി
പതിനഞ്ചാം ലോകസഭയിലും ശക്തമായ ഇടതുപക്ഷ സാന്നിദ്ധ്യം ഉണ്ടാകേണ്ടത് പതിനാലാം ലോകസഭയില്‍ ഇടതുപക്ഷം കാഴ്ചവെച്ച പ്രകടനത്തിന്റെ അര്‍ത്ഥവത്തായ തുടര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. കോണ്‍ഗ്രസ്സിനും ബിജെപിക്കും എതിരായി ഉയര്‍ന്നു വന്നിട്ടുള്ള ബദല്‍ ശക്തിയെ അധികാരത്തിലേറ്റുക എന്നത് അതുകൊണ്ടു തന്നെ നമ്മുടെ ചരിത്രപരമായ കടമയായി തീരുന്നു.
പി കരുണാകരന്‍ എം പി എഴുതിയ ലേഖനത്തെ ആധാരമാക്കി തയ്യാറാക്കിയത്.
പതിനഞ്ചില്‍ ചെയ്യേണ്ടത് പതിനഞ്ചില്‍ തന്നെ ചെയ്യുക.
ReplyDeleteവളരെ പ്രസക്തമായ വിഷയം
ReplyDeleteഅഭിവാദ്യങ്ങള്‍