Wednesday, March 7, 2012

പ്രതികളെ ജയിലിലടയ്ക്കാതിരിക്കാനും ഇറ്റാലിയന്‍ മന്ത്രിയുടെ ഇടപെടല്‍

രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ ജയിലിലടയ്ക്കാതിരിക്കാനുള്ള ഇറ്റാലിയന്‍ മന്ത്രിയുടെ വഴിവിട്ട നീക്കം പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ തിങ്കളാഴ്ച രാത്രി ഏഴിന് സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുവരെ ജയിലിലടയ്ക്കാനായില്ല. പ്രതികളായ ലെസ്തോറ മാസി മിലാനോയെയും സാല്‍വത്തോറ ജിറോണിനെയും ജയിലിനു പുറത്ത് താമസിപ്പിക്കണമെന്നായിരുന്നു ഒപ്പമെത്തിയ ഇറ്റാലിയന്‍ വിദേശ ഉപമന്ത്രി സ്റ്റഫാന്‍ ഡി മിസ്തുരയുടെയും സംഘത്തിന്റെയും ആവശ്യം. പതിനഞ്ചോളം വരുന്ന വിദേശസംഘം ആറ് മണിക്കൂറോളം ഈ ആവശ്യമുന്നയിച്ച് ജയില്‍വളപ്പില്‍ തമ്പടിച്ചു. ജയിലില്‍ സൈനികര്‍ക്ക് വിഐപി പരിഗണന ലഭിക്കുമെന്ന ജയിലധികൃതരുടെ ഉറപ്പ് വാങ്ങിയശേഷമാണ് ഒടുവില്‍ സംഘം മടങ്ങിയത്.

സൈനികര്‍ക്ക് ചൊവ്വാഴ്ച നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ഇറ്റാലിയന്‍ ഭക്ഷണം എത്തിച്ചു. പരമ്പരാഗത ഇറ്റാലിയന്‍ ഭക്ഷണമായ പാസ്റ്റ, കേക്ക്, ഓലേറ്റ് തുടങ്ങിയ വിഭവങ്ങളായിരുന്നു നല്‍കിയത്. പ്രതികള്‍ക്കായി ജയിലില്‍ ഒരു ഇറ്റാലിയന്‍ പരിചാരകനെ ഏര്‍പ്പെടുത്തി. ഇയാളാണ് ഭക്ഷണം എത്തിക്കുന്നത്. ജയില്‍ അധികൃതര്‍ ഭക്ഷണം രുചിച്ചുനോക്കിയശേഷമാണ് പ്രതികള്‍ക്ക് നല്‍കുന്നത്. ജയില്‍വേഷത്തിനു പകരം ബര്‍മുഡയും ടീ ഷര്‍ട്ടുമാണ് വേഷം. പൊലീസ് കസ്റ്റഡിയില്‍ പ്രതികള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യത്തോടെയുളള സുഖവാസമാണ് ലഭിച്ചിരുന്നത്. ജയിലില്‍ ഇത് കിട്ടില്ലെന്നു കരുതിയാണ് ഇറ്റാലിയന്‍ സംഘം ബഹളംവച്ചത്. എന്നാല്‍ , പ്രതികള്‍ക്ക് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നുണ്ട്. ആര്‍ ബാലകൃഷ്ണപിള്ള കിടന്ന വിഐപി മുറിയിലാണ് താമസം. പ്രതികളെ കാണാന്‍ സന്ദര്‍ശകര്‍ക്കും നിയന്ത്രണമില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചു.

ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇറ്റലി പ്രതിഷേധിച്ചു

റോം: മലയാളിയടക്കം രണ്ടു മീന്‍പിടിത്തക്കാരെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ സൈനികരെ ഇന്ത്യന്‍ കോടതി ജയിലിലടച്ചതില്‍ ഇറ്റലി പ്രതിഷേധിച്ചു. ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതി ദേബബ്രത സാഹയെ വിദേശമന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. സൈനികരെ ജയിലിലടച്ചത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് ഇറ്റലി വിദേശമന്ത്രി ജ്യൂലിയോ ടെര്‍സി ഇന്ത്യന്‍ സ്ഥാനപതിയോട് പറഞ്ഞു. അവരെ പ്രത്യേക പരിഗണന നല്‍കി പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതും തൃപ്തികരമല്ല. ഇന്ത്യയിലെ കേസിന്നിയമസാധുതയുള്ളതായി ഇറ്റലി അംഗീകരിക്കുന്നില്ല-മന്ത്രി പറഞ്ഞു. രണ്ടാഴ്ച അതിഥിമന്ദിരങ്ങളില്‍ താമസിപ്പിച്ച ഇറ്റാലിയന്‍ സൈനികരെ തിങ്കളാഴ്ചയാണ് കോടതി ജയിലിലടച്ചത്. നിരായുധരായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വച്ച് വെടിവച്ചുകൊന്നവരെ ഇന്ത്യന്‍ നിയമപ്രകാരം അന്വേഷണത്തിന്റെ ഭാഗമായി റിമാന്‍ഡ് ചെയ്തതിന് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ച ഇറ്റാലിയന്‍ നടപടി അന്താരാഷ്ട്രമര്യാദകള്‍ക്ക് നിരക്കുന്നതല്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

ഇറ്റലിക്കാരെ ജയിലിനുപുറത്തേക്ക് മാറ്റുന്നതില്‍ റോളില്ലെന്ന് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ച ഇറ്റാലിയന്‍ സൈനികരെ അവര്‍ ആവശ്യപ്പെടുന്നിടത്തേക്ക് മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാറിന് റോളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി ഇക്കാര്യം ഡിജിപിയുടെയും ജയില്‍ എഡിജിപിയുടെയും തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും അവര്‍ക്ക് യുക്തമെന്ന് തോന്നുന്നത് ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജയിലില്‍നിന്ന് മാറ്റണമെന്ന ഇറ്റലിക്കാരുടെ ആവശ്യം ഡിജിപിയും ജയില്‍ എഡിജിപിയും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ നിയമത്തിന് വിധേയമായി മാത്രമേ കേസ് കൈകാര്യം ചെയ്യൂ. നിയമം ബാധകമല്ല എന്ന നിലപാട് അംഗീകരിക്കില്ലെന്നും കോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇറ്റലിക്കാര്‍ കൂടുതല്‍ സൗകര്യവും ഇറ്റാലിയന്‍ ഭക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറ്റലിയില്‍നിന്നുള്ളവര്‍ക്ക് അവരെ സന്ദര്‍ശിക്കാന്‍ സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തിന് വിധേയമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 070312

1 comment:

  1. രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ ജയിലിലടയ്ക്കാതിരിക്കാനുള്ള ഇറ്റാലിയന്‍ മന്ത്രിയുടെ വഴിവിട്ട നീക്കം പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ തിങ്കളാഴ്ച രാത്രി ഏഴിന് സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുവരെ ജയിലിലടയ്ക്കാനായില്ല. പ്രതികളായ ലെസ്തോറ മാസി മിലാനോയെയും സാല്‍വത്തോറ ജിറോണിനെയും ജയിലിനു പുറത്ത് താമസിപ്പിക്കണമെന്നായിരുന്നു ഒപ്പമെത്തിയ ഇറ്റാലിയന്‍ വിദേശ ഉപമന്ത്രി സ്റ്റഫാന്‍ ഡി മിസ്തുരയുടെയും സംഘത്തിന്റെയും ആവശ്യം. പതിനഞ്ചോളം വരുന്ന വിദേശസംഘം ആറ് മണിക്കൂറോളം ഈ ആവശ്യമുന്നയിച്ച് ജയില്‍വളപ്പില്‍ തമ്പടിച്ചു. ജയിലില്‍ സൈനികര്‍ക്ക് വിഐപി പരിഗണന ലഭിക്കുമെന്ന ജയിലധികൃതരുടെ ഉറപ്പ് വാങ്ങിയശേഷമാണ് ഒടുവില്‍ സംഘം മടങ്ങിയത്.

    ReplyDelete