Wednesday, March 7, 2012

24 പട്ടികജാതി കുടുംബങ്ങള്‍ക്ക് യുഡിഎഫിന്റെ കുടിവെള്ളവിലക്ക്

അനന്യം; അതിരറ്റ ആവേശം

മുളന്തുരുത്തിയിലെ നാട്ടിന്‍പുറം ഇങ്ങനെ ഉണര്‍ന്നുകാണുന്നത് പതിവില്ല. ചൊവ്വാഴ്ച ഈ നാട് അത്തരമൊരു അപൂര്‍വതക്കാണ് സാക്ഷ്യം വഹിച്ചത്. ഒരു സ്ഥാനാര്‍ഥിയുടെ പര്യടനം ഒരു നാട്ടില്‍ ഇത്ര ആവേശം പകര്‍ന്നുകാണുകയെന്നതും അസാധാരണമാണ്. ഈ രണ്ടു പുതുമകളും ഒത്തുചേര്‍ന്നതായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ്ബിന്റെ ചൊവ്വാഴ്ചത്തെ പര്യടനം. തങ്ങളുടെ പ്രിയ നേതാവിനെ വരവേല്‍ക്കാന്‍ വിലയ്ക്കുവാങ്ങിയ മാലകളുമായല്ല അവരെത്തിയത്. നാട്ടിന്‍പുറത്ത് നിറയെ കാണുന്ന ചെത്തിയും മുല്ലയും ചെമ്പരത്തിയും ചേര്‍ന്ന മാലയും ബൊക്കെയും സ്നേഹസ്വരൂപമായി സമ്മാനിക്കുകയായിരുന്നു; മിക്കസ്ഥലങ്ങളിലും.

പങ്ങാരപ്പിള്ളിയ്ക്കപ്പടി അത്തരമൊരു കേന്ദ്രമായിരുന്നു. നാട്ടുവഴിയോരത്തെ ഒരു കൊച്ചുവീട്. മുറ്റത്ത് ചെത്തിയും മറ്റുചെടികളും. മുറ്റം നിറയെ വീട്ടമ്മമാരും. പൂക്കളും ഇലയും ഇണക്കിയടുക്കിയുണ്ടാക്കിയ കൊച്ചുകൊച്ചു ബൊക്കെയും പൂക്കുടയും ഒരുക്കി അവര്‍ കാത്തുനിന്നു. എം ജെ എത്തിയതോടെ വീട്ടമ്മമാരും കുട്ടികളും അദ്ദേഹത്തെ പൊതിഞ്ഞു. സ്നേഹവായ്പിന്റെ വലയം. ആമോദത്തിന്റെ അന്തരീക്ഷം. എം ജെക്കുവേണ്ടി സ്വന്തമായി സജ്ജമാക്കിയ ബൊക്കെയും പൂക്കുടയും സമ്മാനിക്കുമ്പോള്‍ വലിയ കൃതാര്‍ഥതയും അവരില്‍ ഓളംവെട്ടി. ഈ സ്വീകരണത്തിന് നിറഞ്ഞമനസ്സിന്റെ ഹൃദ്യതയായിരുന്നു. വോട്ടുകൊടുക്കും എന്ന ഉറച്ച പ്രഖ്യാപനം മാത്രമായിരുന്നില്ല; സമര്‍പ്പണത്തിന്റെ അപൂര്‍വതയുമായിരുന്നു. ഇത്രയും ഊടുവഴി താണ്ടിയുള്ള സ്ഥാനാര്‍ഥി പര്യടനം എം ജെയുടെ അനന്യതയാണ്. വലിയ അധ്വാനമാണ് ഈ സന്ദര്‍ശനം. ഇതിന് ഉത്സഹംകാട്ടുന്ന എം ജെ പ്രകടമാക്കിയത് സേവനത്തിന്റെ ആത്മാര്‍ഥതയാണ്.
അതിരാവിലെ ആരക്കുന്നത്തുനിന്ന് തുടക്കം. എം എ ബേബിയുടെ ഉദ്ഘാടനപ്രസംഗത്തോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് കടമ്മാമറ്റത്തേക്ക്. ആരക്കുന്നം ടോക് എച്ച് ജങ്ഷന്‍ , ആരക്കുന്നം കോളനി, കുന്നപ്പിള്ളി, ആശാരിപുറം, വെട്ടികുളങ്ങര, വാളോത്തില്‍താഴം, പുളിക്കമാലി കവല, പുല്ലമ്പാല്‍തടം, കാഞ്ഞിരാക്കാപ്പിള്ളി ലക്ഷംവീട്, പുളിക്കമാലി കോളനി, പുളിക്കമാലി ടൗണ്‍ , അലശക്കോടം, അണ്ടേത്തുമുകള്‍ , കോരഞ്ചിറ, വെട്ടിക്കല്‍ ടൗണ്‍ , തുപ്പംപടി ടൗണ്‍ , മേച്ചേരിക്കുന്ന്, കാരിക്കോട് കോളനി, കാരിക്കോട് കവല, കൊച്ചുമല, ചാലിമല, തുരുത്തിക്കര കവല, കിളിക്കുന്ന്, കാവുംമുകള്‍ കോളനി, ചെറുമഞ്ചിറ, അടേമ്പലിമല, പെരുമ്പിള്ളി ലക്ഷംവീട്, പാത്തിക്കല്‍ , പാടത്തുകാവ്, പെരുമ്പിള്ളിനട, പൈലിപ്പറമ്പ്, കോരങ്കാട്ട്, ചൈത്രം നഗര്‍ , പള്ളിത്താഴം, വേഴപ്പറമ്പ് പടിഞ്ഞാറുഭാഗം, വേഴപ്പറമ്പ് കവല, വട്ടുകുന്ന്, ചെങ്ങോലപ്പാടം കോളനി, ഇഞ്ചിമല 14 സെന്റ് കോളനി, നാലുസെന്റ് കോളനി, കാരക്കാട്ട്കുന്ന്, കരവട്ടക്കുരിശ് എന്നിവിടങ്ങളില്‍ ആവേശം പകര്‍ന്ന സ്വീകരണം. ആശുപത്രിപ്പടിയില്‍ പര്യടനം സമാപിച്ചപ്പോള്‍ ഇരുട്ടിത്തുടങ്ങിയിരുന്നു.

പകലന്തിയോളം മാരത്തോണ്‍ പര്യടനം. 46 നിശ്ചിത കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടി; ഏതാണ്ട് അതിന്റെ പകുതിയോളം മറ്റുസ്ഥലങ്ങളില്‍ വേറെയും. വഴിനീളെ ജനങ്ങളുടെ അഭിവാദ്യഘോഷം. നാട്ടുവഴികളില്‍ക്കൂടി ആടിയുലഞ്ഞു പര്യടനം. എല്ലാം കഴിഞ്ഞു വാഹനമിറങ്ങിയപ്പോഴും എം ജെ ഉന്മേഷവാനായിരുന്നു. "ജനങ്ങളുടെ സ്നേഹവായ്പ്പും ആവേശവും പകര്‍ന്ന ഊര്‍ജം"- എം ജെ പ്രതികരിച്ചു. ഈ പര്യടനം സമഗ്ര രാഷ്ട്രീയ ചര്‍ച്ചയുടേതുകൂടിയായിരുന്നു. പഞ്ചായത്തിലാകമാനം 46 പൊതുയോഗങ്ങളുമുണ്ടായി. അവയില്‍ വിശകലനം ചെയ്യപ്പെടാത്ത തെരഞ്ഞെടുപ്പു രാഷ്ട്രീയ പ്രശ്നങ്ങള്‍ ചുരുങ്ങും. എല്‍ഡിഎഫ് നേതാക്കളായ എം എം വര്‍ഗീസ്്, ബാബു എം പാലിശേരി, വി എസ് ഷഡാനന്ദന്‍ , കെ എം ദിനകരന്‍ , എബി പറമ്പാന്‍ , ജോര്‍ജ് തേരൂളില്‍ , പി എസ് കൊച്ചുകുഞ്ഞ്, കെ എ ജോഷി, പി എന്‍ പുരുഷോത്തമന്‍ , കെ പി ശെല്‍വന്‍ , സി കെ റെജി, കെ ജെ ജേക്കബ് എന്നിവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു.

24 പട്ടികജാതി കുടുംബങ്ങള്‍ക്ക് യുഡിഎഫിന്റെ കുടിവെള്ളവിലക്ക്

മണീട്: രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ യുഡിഎഫ് ഇടപെട്ട് വില്ലുകുഴി പട്ടികജാതി കോളനിയിലെ 24 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ അടച്ച് കുടിവെള്ളം നിഷേധിച്ചു. ഈ കുടുംബങ്ങള്‍ എല്‍ഡിഎഫ് അനുകൂലികള്‍ ആണെന്നതാണ് കാരണം. പൈപ്പ് കണക്ഷന് കോളനിയിലേക്കുള്ള വാല്‍വ് അടച്ച് മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധത്തില്‍ പൂട്ടിയിട്ടു. വെള്ളം ഇല്ലാത്തതിനെത്തുടര്‍ന്ന് കോളനിവാസികള്‍ പരിശോധിച്ചപ്പോഴാണ് കണക്ഷന്‍ വിഛേദിച്ച കാര്യം വ്യക്തമായത്. മേലധികാരികളുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന് ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന് അറിവായിട്ടുണ്ട്.

കുന്നുംചരിവിലാണ് ഈ 24 കുടുംബങ്ങള്‍ താമസിക്കുന്നത്. ഇതിനുമുകളില്‍ താമസിക്കുന്നവര്‍ യുഡിഎഫ് അനുകൂലികള്‍ ആണത്രേ. താഴെ കോളനിയിലെ പൈപ്പ് പൂര്‍ണമായി അടച്ചതുമൂലം യുഡിഎഫ് അനുകൂലികളുള്ള കോളനിയില്‍ സുലഭമായി കുടിവെള്ളം ലഭിക്കുന്നുണ്ട്. ഇരുകോളനികള്‍ക്കും സുലഭമായി വെള്ളം കിട്ടത്തക്കവിധത്തിലാണ് ജലവിതരണം സജ്ജമാക്കിയിരുന്നത്. ഇരുകോളനികള്‍ക്കും ഇതുസംബന്ധിച്ച് പരാതികളും ഇല്ലായിരുന്നു. എന്നാല്‍ , യുഡിഎഫ് പ്രവര്‍ത്തകര്‍ അടുത്തിടെ വില്ലുകുഴി പട്ടികജാതി കോളനി തങ്ങള്‍ക്ക് അനുകൂലമല്ലാത്ത മനോഭാവക്കാരാണെന്ന് അറിഞ്ഞു. തുടര്‍ന്നാണ് കുടിവെള്ളം നിഷേധിച്ചത്്. കുടിവെള്ളം നിഷേധിക്കപ്പെട്ടവര്‍ക്ക് സിപിഐ എം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സൗജന്യമായി ശുദ്ധജലം വിതരണംചെയ്യാന്‍ തീരുമാനിച്ചു.

ആളില്ലെങ്കിലെന്ത്; വിനോദകുമാരിക്ക് വോട്ടുണ്ട്

മണ്ഡലത്തിലില്ലാത്ത ആള്‍ക്ക് ഇല്ലാത്ത വീട്ടുനമ്പറില്‍ പിറവത്ത് വോട്ട്. മണീട് പഞ്ചായത്ത് 39-ാം ബൂത്തിലെ 2/335എ എന്ന വീട്ടുനമ്പറില്‍ വിനോദകുമാരി വിജയന്‍ എന്ന പേരിലാണ് ഇല്ലാത്ത വോട്ട് കൂട്ടിച്ചേര്‍ത്തത്. ക്രമനമ്പര്‍ 1477ലുള്ള വിനോദകുമാരിയെ പ്രദേശവാസികള്‍ കണ്ടിട്ടുപോലുമില്ല. കെഎല്‍ 13/096/225350 നമ്പറില്‍ തിരിച്ചറിയല്‍ കാര്‍ഡുള്ള വോട്ടറാണ് വിനോദകുമാരിയെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പ്പട്ടിക സാക്ഷ്യപ്പെടുത്തുന്നു. വിജയവിലാസത്തില്‍ വിജയന്‍നായരുടെ ഭാര്യ വിനോദകുമാരി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. 335-ാം നമ്പര്‍ വീട് തലവടിക്കുഴിയില്‍ ഔസേപ്പിന്റെതാണ്. എന്നാല്‍ പട്ടികയില്‍ 335എ വീട്ടുപേര് വിജയവിലാസം. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ യുഡിഎഫ് നേതൃത്വത്തില്‍ നടന്ന കള്ളവോട്ട് ചേര്‍ക്കലിന്റെ ഫലമായാണ് ഈ പേരും പട്ടികയില്‍ ഇടംനേടിയത്.

വോട്ട്തേടി ഇറങ്ങിയവരാണ് ക്രമക്കേടു കണ്ടെത്തിയത്. പേരിലെ പ്രത്യേകതകൊണ്ട് പഞ്ചായത്തിലെമ്പാടും അന്വേഷിച്ചവര്‍ക്ക് പക്ഷേ ഈ പേരിലൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മണീട് പഞ്ചായത്തിലെ 40-ാം നമ്പര്‍ ബൂത്തില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയയാളുടെ ഫോട്ടോയ്ക്കു പകരം മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് തൊട്ടടുത്ത ബൂത്തില്‍ ഇല്ലാത്തയാളുടെ പേരില്‍ വോട്ട്ചേര്‍ത്തത് കണ്ടെത്തിയത്. കള്ളവോട്ട് ചേര്‍ക്കാന്‍ യുഡിഎഫ് ആസൂത്രിതമായ ശ്രമം നടത്തിയതായി എല്‍ഡിഎഫ് പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ സമരവും നടത്തി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ യുഡിഎഫ് അനുകൂല ജീവനക്കാരെ നിയോഗിച്ചാണ് വോട്ടുചേര്‍ക്കലും മറ്റു കള്ളത്തരങ്ങളും നടത്തിയത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ അക്രമം: പ്രതിഷേധം ശക്തമാവുന്നു

ടിവി ചാനല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ; ചര്‍ച്ചാപരിപാടിക്കിടയില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സിപിഐ എം പ്രവര്‍ത്തകന് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആമ്പല്ലൂര്‍ പഞ്ചായത്ത്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച യോഗംചേര്‍ന്നു. കാഞ്ഞിരമറ്റം മില്ലുങ്കല്‍ ജങ്ഷനില്‍ നടന്ന യോഗത്തില്‍ സിപിഐ എം ജില്ലാകമ്മിറ്റി അംഗം പി എം ഇസ്മയില്‍ , സിപിഐ ജില്ലാ അസി. സെക്രട്ടറി കെ കെ അഷ്റഫ് എന്നിവര്‍ സംസാരിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ്ചെയ്തില്ലെങ്കില്‍ പൊലീസ്സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി കൈക്കൊള്ളുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഏഴരയോടെ മില്ലുങ്കല്‍ ജങ്ഷനില്‍ നടന്ന മനോരമ ചാനലിന്റെ "വോട്ട്കവല" പരിപാടിക്കിടയിലാണ് സിപിഐ എം കുലയറ്റിക്കര നോര്‍ത്ത് ബ്രാഞ്ച് അംഗം മാരീത്താഴം തൊട്ടിപ്പറമ്പില്‍ ടി പി സതീശന് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ സതീശന്‍ മുളന്തുരുത്തി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ എം ആമ്പല്ലൂര്‍ ലോക്കല്‍ സെക്രട്ടറി എം പി നാസറിനെയും ഗുണ്ടകള്‍ ആക്രമിക്കാനായി വളഞ്ഞെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. പരിപാടിക്കിടെ നാസര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചതില്‍ രോഷംപൂണ്ട ഐഎന്‍ടിയുസിക്കാര്‍ കൂവാന്‍ തുടങ്ങി. ഉദയംപേരൂരിലെ സ്വകാര്യബസ് മുതലാളിയും ഗുണ്ടകളും ഒപ്പം കൂവി.

ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ എസ് കുര്യാക്കോസ്, ബിജെപി നേതാവ് പീതാംബരന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് രാഷ്ട്രീയ നേതാക്കള്‍ . കുടിവെള്ളവിതരണത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിനോട് ചോദ്യമുന്നയിച്ച നാട്ടുകാരനെ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ അതു തടുക്കാനാണ് സതീശന്‍ മുന്നോട്ടുവന്നത്. അതോടെ ഗുണ്ടകളുടെ അരിശം സതീശനു നേര്‍ക്കായി. സതീശനെ വളഞ്ഞിട്ടു മര്‍ദിച്ച ഗുണ്ടകള്‍ അസഭ്യവര്‍ഷവും നടത്തി. സംഘര്‍ഷമായതോടെ പരിപാടി നിര്‍ത്തി ചാനലുകാര്‍ സ്ഥലംവിട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സതീശനെ സിപിഐ എം നേതാക്കളായ എ വിജയരാഘവന്‍ , എളമരം കരീം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

എം ജെ നവീകരിച്ച ആശുപത്രി പിന്‍ഗാമികള്‍ക്ക് കറവപ്പശു

എം ജെ ജേക്കബ് എംഎല്‍എ ആയിരിക്കെ ദേശീയ നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ പിറവം താലൂക്ക് ആശുപത്രിക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതരുടെ വീഴ്ച. ചികിത്സ തേടിയെത്തുന്ന പ്രായമായവര്‍ക്ക് വിശ്രമിക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏഴരലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ജെറിയാട്രിക് സെന്റര്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സൗകര്യക്കുറവെന്ന പേരില്‍ ഇവിടെ പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഇപ്പോള്‍ ശ്രമം. എം ജെ ജേക്കബിന്റെ എംഎല്‍എ ഫണ്ടും ബ്ലോക്ക്പഞ്ചായത്ത് ഫണ്ടും എന്‍ആര്‍എച്ച്എം ഫണ്ടും ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ആശുപത്രിയില്‍ സ്വന്തമായി എക്സറേ സൗകര്യമെന്ന സ്വപ്നത്തോടും അധികൃതര്‍ മുഖംതിരിഞ്ഞുനില്‍ക്കുന്നു. 10 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയ മാലിന്യസംസ്കരണ പ്ലാന്റ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും പദ്ധതിയില്ല.
ചോര്‍ന്നൊലിക്കുന്ന കെട്ടിടവും ജീവനക്കാരുടെ അഭാവവുംമൂലം മൃതപ്രായമായിക്കിടന്ന ആശുപത്രിക്ക് എം ജെ എംഎല്‍എ ആയിരുന്ന കാലയളവിലാണ് ജീവന്‍വച്ചത്. പദ്ധതികള്‍ സംയോജിപ്പിച്ച് എം ജെ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ആശുപത്രിയുടെ മുഖച്ഛായ മാറ്റി. 93 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം, ലാബ്, ആംബുലന്‍സ്, 24 മണിക്കൂര്‍ അത്യാഹിത വിഭാഗം, പീഡിയാട്രിക്, ഡെന്റല്‍ , ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ , പോസ്റ്റ്മോര്‍ട്ടം റൂം, ഇസിജി തുടങ്ങി സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ നിലവില്‍ ആശുപത്രിക്ക് സ്വന്തം. എംഎല്‍എ ഫണ്ട്, നബാര്‍ഡ് ഫണ്ട്, പാമ്പാക്കുട ബ്ലോക്ക്പഞ്ചായത്ത് ഫണ്ട് എന്നിവ സംയോജിപ്പിച്ച് 1.62 കോടി രൂപ ചെലവിട്ടാണ് മൂന്നുനിലയുള്ള ആധുനിക കെട്ടിടം പൂര്‍ത്തിയാക്കിയത്. എന്‍ആര്‍എച്ച്എം ഫണ്ടില്‍നിന്ന് 65 ലക്ഷം മുടക്കി ഒപി കെട്ടിടവും പൂര്‍ത്തിയാക്കി. എന്‍ആര്‍എച്ച്എം ഫണ്ടില്‍നിന്ന് ലഭിച്ച തുകയില്‍ കേരളത്തില്‍ ആദ്യമായി പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടമെന്ന ഖ്യാതിയും ഈ ആശുപത്രിക്ക് സ്വന്തം. 2010ല്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചു. ഒമ്പത് ഡോക്ടര്‍മാരുള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും എം ജെയുടെ ഇടപെടലിനായി. വൃത്തിയുള്ള വാര്‍ഡുകളും പരിസരവുമാണ് ആശുപത്രിയുടെ മുഖമുദ്ര. ആധുനിക സൗകര്യമുള്ള എക്സറേ റൂം പുതിയ മൂന്നുനില കെട്ടിടത്തില്‍ പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ സൗകര്യങ്ങള്‍ പോരെന്നുപറഞ്ഞ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്്. ഇതാകട്ടെ എങ്ങുമെത്തിയിട്ടുമില്ല.

deshabhimani 070312

No comments:

Post a Comment