Wednesday, March 7, 2012

വീണ്ടും കപ്പലില്‍ നിന്നും വെടിവെപ്പ്

കൊല്ലത്ത് പുറംകടലില്‍ മല്‍സ്യത്തൊഴിലാളികളെ ലക്ഷ്യമാക്കി കപ്പലില്‍നിന്നും വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കില്ല. രണ്ടുവട്ടം വെടിയുതിര്‍ത്തതായി തൊഴിലാളികള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ പത്തിന് ജോനക കടപ്പുറത്തു നിന്നും പത്തുനോട്ടിക്കല്‍ മൈല്‍ ദൂരെയാണ് മീന്‍പിടിച്ചുകൊണ്ടിരുന്ന ഫൈബര്‍ ബോട്ടുകള്‍ക്കുനേരെ കപ്പലില്‍ നിന്നും വെടിയുതിര്‍ത്തത്. എതുകപ്പലാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഒരു എണ്ണക്കപ്പലില്‍ നിന്നുമാണ് തങ്ങളുടെ വള്ളങ്ങളെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇവര്‍ കരയിലെത്തിയശേഷം നീണ്ടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ് കൊല്ലം ജില്ലാകലക്ടര്‍ സ്ഥലത്തെത്തി. പൊലീസും റവന്യൂ അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. സെന്റ് ആന്റണി, ജ്വോഷ എന്നീ ഫൈബര്‍ബോട്ടുകള്‍ക്കാണ് വെടിയേറ്റത്. എണ്ണക്കപ്പലാണെന്നല്ലാതെ മറ്റുവിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. സെന്റ് ആന്റണിയില്‍ 3 പേരും ജോഷ്വയില്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്. വെടിവെപ്പുണ്ടായ ഉടന്‍ ഇവര്‍ കരയിലേക്കു മടങ്ങി. വെടിയുതിര്‍ത്തശേഷം കപ്പല്‍ വേഗത്തില്‍ പോയതായും തങ്ങള്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. രാവിലെ നടന്ന സംഭവമായതിനാല്‍ കപ്പല്‍ കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരിക്കും.

ആശ്രയമേകാതെ തീരസുരക്ഷാസേന

അമ്പലപ്പുഴ: കടലില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മത്സ്യത്തൊഴിലാളികളെ സഹായിക്കാനായി രൂപീകരിച്ച തീരസുരക്ഷാ സേന നിര്‍ജീവം. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണ് സീ റെസ്ക്യു സ്ക്വാഡ് (എസ്ആര്‍എസ്) രൂപീകരിച്ചത്. 2007 ഫെബ്രുവരിയില്‍ രൂപീകരിച്ച സേനയില്‍ കായംകുളം മുതല്‍ അരൂര്‍ വരെയുള്ള പ്രദേശങ്ങളിലെ പത്ത് മത്സ്യത്തൊഴിലാളികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പത്തുപേര്‍ സാധ്യതാലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലാണ് ഇത് രൂപീകരിച്ചത്. കടലില്‍വച്ച് അപകടത്തില്‍പ്പെടുകയോ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ ഇവരെ രക്ഷപെടുത്തുക എന്നതാണ് സേനാംഗങ്ങളുടെ പ്രധാനദൗത്യം. ഇതിനായി ഗോവയില്‍ നേവിയുടെ അധീനതയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്ന് അംഗങ്ങള്‍ക്ക് ഒരുമാസത്തെ പരിശീലനവും നല്‍കിയിരുന്നു. അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്ന പുനര്‍ജീവനകര്‍മം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പരിശീലനം നേടിയിരുന്നു. കലിതുള്ളുന്ന കൂറ്റന്‍ തിരമാലകളെ മുറിച്ച് അപകടത്തില്‍പ്പെട്ടവരെയും കൊണ്ട് കരക്കെത്താനും പരിശീലനം നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ടവരെയും കൊണ്ട് അടിത്തട്ടിലൂടെ വേഗത്തില്‍ നടക്കാനും ഇവര്‍ക്ക് പ്രത്യേക പരിശീലനമുണ്ട്.

കഴിഞ്ഞ കാലവര്‍ഷക്കാലത്ത് വലിയഴീക്കലില്‍ ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ വെള്ളപ്പനാട്ടുവീട്ടില്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള മൂന്നുപേര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിയിരുന്നു. സേന രൂപീകൃതമായതിനുശേഷം ഇത്തരം ചെറുതും വലുതുമായ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ച സേനയുടെ പ്രവര്‍ത്തനം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നിര്‍ജീവമായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടപകടങ്ങള്‍ നടന്നിട്ടും തീരസുരക്ഷാ സേനയുടെ സഹായം ആരുംതേടിയില്ല. സേനയുടെ പ്രവര്‍ത്തനം സജീവമായി നിലനിര്‍ത്തിയിരുന്നെങ്കില്‍ അപകടത്തില്‍പ്പെട്ട് കാണാതായവര്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ് ഇത്ര നീളില്ലായിരുന്നു. മത്സ്യബന്ധനബോട്ടുകളുടെ ഡ്രൈവര്‍ കൂടിയായ സേനാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് വാങ്ങിയ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളുടെ പരിശീലനവും കൂടി നല്‍കിയാല്‍ സേനയ്ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ ഓരോ അപകടം ഉണ്ടാകുമ്പോഴും തീരസുരക്ഷാസേനയെ ശക്തിപ്പെടുത്തുമെന്ന് പറയുന്നതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനായി നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് സേനാംഗമായ ഫ്രാന്‍സിസ് പറഞ്ഞു.

deshabhimani 070312

1 comment:

  1. കൊല്ലത്ത് പുറംകടലില്‍ മല്‍സ്യത്തൊഴിലാളികളെ ലക്ഷ്യമാക്കി കപ്പലില്‍നിന്നും വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കില്ല. രണ്ടുവട്ടം വെടിയുതിര്‍ത്തതായി തൊഴിലാളികള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ പത്തിന് ജോനക കടപ്പുറത്തു നിന്നും പത്തുനോട്ടിക്കല്‍ മൈല്‍ ദൂരെയാണ് മീന്‍പിടിച്ചുകൊണ്ടിരുന്ന ഫൈബര്‍ ബോട്ടുകള്‍ക്കുനേരെ കപ്പലില്‍ നിന്നും വെടിയുതിര്‍ത്തത്. എതുകപ്പലാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

    ReplyDelete