Thursday, March 8, 2012

ഇന്ത്യന്‍ സ്ത്രീയുടെ അവകാശനിയമം കോള്‍ഡ് സ്റ്റോറേജില്‍ തുടരുന്നു

വനിതാസംവരണബില്‍ ലോകസഭയില്‍ പാസ്സാക്കണമെന്ന് രാജ്യത്തെ വനിതകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അതിപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണെന്നതില്‍ വനിതസംഘടനകള്‍ ശക്തിയായ പ്രതിഷേധം പ്രകടിപ്പിച്ചു. ലോകസഭയിലും നിയമസഭകളിലും 33 ശതമാനം സംവരണമെന്ന ആവശ്യം ഈ വനിതാദിനത്തിലും യാഥാര്‍ഥ്യമായില്ല. 2010 മാര്‍ച്ച് ഒന്‍പതിനാണ് രാജ്യസഭ ബില്‍ പാസാക്കിയത്. എന്നാല്‍ ലോകസഭ കൂടി പാസാക്കി ഇതൊരു നിയമമാക്കാന്‍ കഴിയുന്നില്ല എന്നത് അപഹാസ്യമായ ഒന്നാണെന്ന് വനിത പ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.

 ഇക്കഴിഞ്ഞ യു പി നിയമസഭ തിരഞ്ഞെടുപ്പില്‍ ഒന്‍പത് ശതമാനം വനിതകള്‍ മാത്രമാണ് സ്ഥാനാര്‍ഥികളായി ഉണ്ടായിരുന്നത്. രാഷ്ട്രീയ അധികാര കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ വരണമെന്ന ആവശ്യം രാജ്യത്ത് ശക്തമായി ഉയര്‍ന്ന് വന്നിട്ടുണ്ട്. അത് സ്വമേധയാ നല്‍കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവുന്നില്ല എന്നതാണ് യു പി അനുഭവം തെളിയിക്കുന്നത്.
1996ല്‍ വനിതാസംവരണ ബില്‍ 81ാം ഭേദഗതിയായി ആദ്യമായി ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട ശേഷം തുടര്‍ച്ചയായി അഞ്ച് വര്‍ഷങ്ങള്‍ ഈ ബില്ല് സഭയില്‍ വന്ന് പോയി. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ബില്ലിനനുകൂലം, പക്ഷേ പാസാക്കാന്‍ മാത്രം കഴിയുന്നില്ല എന്നത് വിരോധാഭാസമാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇതിനായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സമവായത്തിലെത്താന്‍ കഴിയാത്തത് അധികാരം കൈവിടാനുള്ള ചില കക്ഷികളുടെ വിമുഖതയാണ് ചൂണ്ടിക്കാണിക്കുന്നത്.

 ഇന്ന് 543 പേരുള്ള ലോക്‌സഭയില്‍ 43 സ്ത്രീകള്‍ മാത്രമാണുള്ളത്. പത്ത് ശതമാനത്തില്‍ താഴെ മാത്രം സ്ത്രീകളാണ് 55 കോടി സ്ത്രീകളെ പ്രതിനിധീകരിക്കുന്നത് ബാക്കി 55 ശതമാനം പുരുഷന്‍മാരെ 90 ശതമാനം പേര്‍ പ്രതിനിധീകരിക്കുന്നു.  ലോകസഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം നടപ്പിലാക്കാനുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ വനിതാദിനത്തില്‍ പ്രതിജ്ഞയെടുക്കുമെന്ന് വനിതാപ്രസ്ഥാനങ്ങള്‍ പറഞ്ഞു.

janayugom 080312

1 comment:

  1. വനിതാസംവരണബില്‍ ലോകസഭയില്‍ പാസ്സാക്കണമെന്ന് രാജ്യത്തെ വനിതകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അതിപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണെന്നതില്‍ വനിതസംഘടനകള്‍ ശക്തിയായ പ്രതിഷേധം പ്രകടിപ്പിച്ചു. ലോകസഭയിലും നിയമസഭകളിലും 33 ശതമാനം സംവരണമെന്ന ആവശ്യം ഈ വനിതാദിനത്തിലും യാഥാര്‍ഥ്യമായില്ല. 2010 മാര്‍ച്ച് ഒന്‍പതിനാണ് രാജ്യസഭ ബില്‍ പാസാക്കിയത്. എന്നാല്‍ ലോകസഭ കൂടി പാസാക്കി ഇതൊരു നിയമമാക്കാന്‍ കഴിയുന്നില്ല എന്നത് അപഹാസ്യമായ ഒന്നാണെന്ന് വനിത പ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.

    ReplyDelete