Thursday, March 8, 2012

കാടിന്‍ നടുവിലൊരു നിശബ്ദ വിപ്ലവം

കാണിമാരുടെ കരുത്തായി ഷീലയും ചെല്ലമ്മയും

കൊച്ചി: കോതമംഗലത്തിനടുത്ത് പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലുള്ളവരുടെ മൂപ്പന്‍ രാജപ്പന്‍ കാണിയാണ്. പക്ഷേ മൂപ്പനടക്കമുള്ളവരുടെ ശക്തി രണ്ട് സ്ത്രീകളാണ്. 65 കഴിഞ്ഞ സാമൂഹിക പ്രവര്‍ത്തക ചെല്ലമ്മയും കോളനിയിലെ ഏകാധ്യാപക സ്‌കൂളിലെ ടീച്ചര്‍ ഷീലയും.

പ്രാകൃതമായ ആചാരങ്ങളില്‍ കുരുക്കി ജീവിതം ഇരുട്ടിലേക്ക് തള്ളിവിടുന്നതിനെതിരായ പോരാട്ടത്തിലാണിവര്‍. മദ്യത്തിനം മയക്കുമരുന്നിനുമടിമപ്പെട്ടവരെ ബോധവല്‍ക്കരിക്കാനാണ് ചെല്ലമ്മ രാമന്‍ ആദ്യമായി സാമൂഹ്യപ്രവര്‍ത്തനത്തിനിറങ്ങിയത്. മദ്യപരുടെ അടിയും ചവിട്ടും കൊണ്ടതുമാത്രം മിച്ചം. എന്നിട്ടും ചെല്ലമ്മ പിന്‍മാറിയില്ല. അലസരും കുഴിമടിയന്‍മാരുമായ കോളനിയിലെ പുരുഷന്മാരെ എന്നെങ്കിലുമൊരിക്കല്‍ നന്നാക്കിയെടുക്കാനാവുമെന്ന പ്രതീക്ഷ അവര്‍ കൈവിട്ടിട്ടില്ല.വരും തലമുറയ്‌ക്കെങ്കിലും അവര്‍ക്ക് വിദ്യാഭ്യാസവും സംസ്‌കാരവും നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് ചെല്ലമ്മ രാമന്‍. കുട്ടികളെ വൃത്തിയായി നടക്കാനും നല്ല വസ്ത്രങ്ങള്‍ ധരിക്കാനും ഏകാധ്യാപിക സ്‌കൂളിലേക്ക് പറഞ്ഞുവിടാനും ഇവര്‍ ശ്രദ്ധാലുവാണ്.
പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലെ ഏകാധ്യാപിക സ്‌കൂളിലും ഇടമലയാര്‍ സ്‌കൂളിലുമാണ് പുതുതലമുറ വിദ്യാഭ്യാസം നടത്തുന്നത്. പൊങ്ങിന്‍ ചുവടിലെ ടീച്ചര്‍ ഷീല ആബാലവൃദ്ധം ജനങ്ങളെയും സാക്ഷരരാക്കാനുള്ള ശ്രമത്തിലാണ്. ലഹരിക്കെതിരായി കവിതകള്‍ എഴുതിയും കുട്ടികളെ അത് പാടിപഠിപ്പിച്ചും അവരെ ഈ മഹാവിപത്തിലകപ്പെടാതെ ബോധവല്‍ക്കരിക്കാനുള്ള തീവ്രയത്‌നം. തികച്ചും നിക്ഷരരായിരുന്ന പൊങ്ങിന്‍ചുവട് നിവാസികളില്‍ ചിലരെങ്കിലും എഴുത്തും വായനയും പഠിച്ചുവെന്നത് ടീച്ചറുടെ പ്രയത്‌നം സഫലമാകുന്നു എന്നതിന്റെ തെളിവാണ്.

കുട്ടികള്‍ക്ക് അറിവും വായനയും നേടിക്കൊടുക്കാന്‍ പ്രയത്‌നിക്കുന്ന ചെല്ലമ്മ അവര്‍ക്കൊപ്പമിരുന്നാണ് എഴുത്തും വായനയും പഠിച്ചത്. കോളനിയിലെ കുടുംബശ്രീ യോഗങ്ങളിലും കോളനിയില്‍ സര്‍ക്കാര്‍ ഒരുക്കുന്ന പരിപാടികളിലും പങ്കെടുത്ത് സഭാകമ്പമകറ്റിയ അവരിന്ന് ഭേദപ്പെട്ട പ്രാസംഗികയായി മാറിക്കഴിഞ്ഞു.കോളനിയില്‍ വായനശാല നിര്‍മ്മിക്കുക, റോഡ് സഞ്ചാരയോഗ്യമാക്കുക, കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കുക അങ്ങനെ നീളുന്നു ചെല്ലമ്മയുടെ ആവശ്യങ്ങള്‍. പൊങ്ങിന്‍ചുവട് നിവാസികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നേടാനും മുന്നിട്ടിറങ്ങാനും ചെല്ലമ്മയും ഷീല ടീച്ചറുമുണ്ടെങ്കിലും അധികാരിവര്‍ഗം കണ്ണടയ്ക്കുകയാണ്. എങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ നേടാതെ പിന്നോട്ടില്ലെന്നാണ് ഇവരുടെ പക്ഷം.
വനത്തിനുള്ളില്‍ ഈറ്റവെട്ടിയും തേന്‍ ശേഖരിച്ചും കൃഷിചെയ്തുമാണ് ഇവര്‍ ജീവിക്കുന്നത്. പക്ഷേ വേറെയും കുറച്ച് ആവശ്യങ്ങളുണ്ട്. അതു നേടിയാല്‍ സന്തോഷമെന്ന് ഈ കാടിന്റെ മക്കളുടെ വാദം.

ഇനി ചെല്ലമ്മയുള്‍പ്പെടെയുള്ളവരോട് നാട്ടില്‍ വന്നു താമസിച്ചുകൂടെ എന്നു ചോദിച്ചാല്‍ തീര്‍ന്നു. അവിടുത്തെ സൗകര്യങ്ങള്‍ പറഞ്ഞ് പ്രലോഭിപ്പിക്കണ്ട എന്നാവും മറുപടി.  ഫ്രിഡ്ജിലെ വെള്ളത്തിന്റെ തണുപ്പും എ സിയുടെ കുളിരും അറിഞ്ഞിട്ടുണ്ട്. എങ്കിലും അതിലും സുന്ദരം തങ്ങളുടെ കാടിന്റെ കുളിരാണെന്ന് പറയുന്നു.

അധ്വാനത്തിന്റെ കരുത്തില്‍ വിജയം വരിച്ച് പെണ്‍കൂട്ടം

കോട്ടയം: ഇത് കൈയില്‍ കരിവളയും കുപ്പിവളയുമണിഞ്ഞ് സൊറപറഞ്ഞു നടക്കുന്ന പെണ്ണുങ്ങളുടെ ജീവിതമല്ല. കത്തുന്ന വെയിലില്‍ നെറ്റിയിലേയ്ക്ക് ഇറ്റിറ്റു വീഴുന്ന വിയര്‍പ്പുകണങ്ങള്‍ തോര്‍ത്തുകൊണ്ട് തുടച്ച് കുട്ടികളെപ്പോറ്റുന്ന പെണ്‍കൂട്ടത്തിന്റെ കഥയാണ്. കൊയ്ത്തരിവാളും പിടിച്ച് വെളുക്കും മുമ്പേ പാടത്തേക്ക് താളം പിടിച്ചോടുന്ന പെണ്‍കാഴ്ചകള്‍ വരയില്‍ മാത്രം കാണുന്ന കാലത്താണ് കരണ്ടിയും ഉളിയും കൊട്ടുപടിയും പിടിച്ച്, ആമ്പ്രന്നോന്മാര്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കും ഇതൊക്കെ പറ്റുമെന്ന് ഒരു കൂട്ടം സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന വിമന്‍സെന്ററിന്റെ നേതൃത്വത്തിലാണ് മരപ്പണിയിലും മേസ്തിരിപ്പണിയിലും വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. ഓരോ വര്‍ഷവും അറുപതിലധികം സ്ത്രീകളാണ് ഇവിടെനിന്ന് പരിശീലനം നേടി സ്വന്തം അധ്വാനത്താല്‍ ജീവിക്കുന്നത്. ഒരു വനിതാ ദിനം കൂടി കടന്നുപോകുമ്പോള്‍ ഇവിടെ പരിശീലനം നേടുന്നവര്‍ക്ക് പറയാനേറെയുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും കുഞ്ഞുങ്ങളുടെ ജീവിതം പോറ്റിയവരുടെ കഥ, രോഗബാധിതനായ ഭര്‍ത്താവിനെ നോക്കിയവരുടെ കഥ അങ്ങനെ പോകുന്നു ഇവരുടെ അനുഭവങ്ങള്‍.

തടികടച്ചില്‍, ഫെറോസിമന്റ് ടെക്‌നോളജി, ബാംബു ടെക്‌നോളജി, ഹോളോബ്രിക്‌സ് നിര്‍മ്മാണം, തയ്യല്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ ഈ സെന്റര്‍ പരിശീലനം നടത്തുന്നുണ്ട്. നേരത്തേ ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ പലരും കെട്ടിയനിര്‍മ്മാണ മേഖലയില്‍ സജീവസാന്നിധ്യമായി നിലയുറപ്പിച്ചിരിക്കുകയാണ്. മേസ്തിരി പണിപഠിച്ച സ്ത്രീകള്‍ നിര്‍മ്മിച്ച വീടുകളുടെ ഉദ്ഘാടനം അടുത്തസമയത്ത് നടത്തിയിരുന്നു.

ആശാരിപ്പണിയില്‍ പരിശീലനം നേടിയ സ്ത്രീകളുടെ മൂന്ന് ബാച്ചുകളും കരകൗശലത്തിന്റെ ഒരു ബാച്ചും ഇപ്പോള്‍ പരിശീലനം നേടി പുറത്തിറങ്ങിയിട്ടുണ്ട്. വെട്ടിമുകളില്‍ ലംക്‌സംബര്‍ഗ് ആസ്ഥാനമായുള്ള ഏജന്‍സിയുടെ സഹായത്താല്‍ നിര്‍മ്മിച്ച പരിശീലന കേന്ദ്രത്തില്‍ താമസിച്ചാണ് ഇപ്പോള്‍ പലരും പഠനം നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വിവിധ തൊഴിലുകള്‍  അഭ്യസിക്കാനായി എത്തുന്നുണ്ട്.

സ്ത്രീകളെ പുതിയ തൊഴിലിടങ്ങള്‍ നേടാന്‍ പ്രാപ്തരാക്കുന്നതിന് പുരുഷന്മാര്‍ ചെയ്യുന്ന ജോലിയും പരിശീലിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു പറയുന്നു. ആശാരി മേസ്തിരിപ്പണികളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്. ഒബ്‌ളേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാനുക്കുലേറ്റ് എന്ന സന്യാസിനി സമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്നതാണ് സെന്റര്‍. സിസ്റ്റര്‍ ത്രസ്യാമ്മ മാത്യുവും അവര്‍ക്കൊപ്പമുണ്ടായിരുന്ന സന്യാസിനി സമൂഹവും ചേര്‍ന്നാണ് ആദ്യം തൃശൂരും പിന്നീട് വെട്ടിമുകളിലും സെന്റര്‍ ആരംഭിച്ചത്. ആശാരിപ്പണിക്ക് പരിശീലനം നല്‍കുന്നത് അമലഗിരി സ്വദേശി നാരായണന്‍ കുട്ടിയാണ്.

മേസ്തിരിപ്പണിയില്‍ ഇവിടെ പഠിച്ച നീണ്ടൂര്‍ സ്വദേശിനി ഓമന സോമനും പരിശീലനം നല്‍കുന്നു. നാടന്‍ പണിമുതല്‍ ഫോറിന്‍ പണിവരെ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ബാംബു ടെക്‌നോളജിയില്‍ ജര്‍മ്മന്‍ സ്വദേശി  പീറ്റര്‍ ഹോഗന്‍ ബര്‍ഗായിരുന്നു പരിശീലനം നല്‍കിയത്. സ്ത്രീകളെ കൂടുതല്‍ കരുത്തുള്ളവരാക്കി സമൂഹമധ്യത്തിലേയ്ക്ക് കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ത്രേസ്യാമ്മ പറയുന്നു.

janayugom 080312

1 comment:

  1. കോതമംഗലത്തിനടുത്ത് പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലുള്ളവരുടെ മൂപ്പന്‍ രാജപ്പന്‍ കാണിയാണ്. പക്ഷേ മൂപ്പനടക്കമുള്ളവരുടെ ശക്തി രണ്ട് സ്ത്രീകളാണ്. 65 കഴിഞ്ഞ സാമൂഹിക പ്രവര്‍ത്തക ചെല്ലമ്മയും കോളനിയിലെ ഏകാധ്യാപക സ്‌കൂളിലെ ടീച്ചര്‍ ഷീലയും.

    ReplyDelete