Friday, March 9, 2012

സൈനികരുടെ മോചനത്തിന് രഹസ്യശ്രമവും: ഇറ്റലി

ഇന്ത്യക്കാരായ രണ്ട് മീന്‍പിടിത്തക്കാരെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ മോചിപ്പിക്കുന്ന കാര്യത്തില്‍ പിറവം ഉപതെരഞ്ഞെടുപ്പ് തന്നെയാണ് തടസ്സമെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രി ഗിയുലിയോ ടെര്‍സി ആവര്‍ത്തിച്ചു. സൈനികരുടെ മോചനം ഉറപ്പാക്കുന്നതിന് നയതന്ത്ര നടപടികള്‍ക്ക് പുറമെ രഹസ്യസ്വഭാവത്തിലുള്ള നടപടികളും ആവശ്യമാണെന്ന് ഇറ്റാലിയന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ടെര്‍സി പറഞ്ഞു. സൈനികരെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് ടെര്‍സി വ്യക്തമാക്കി. സൈനികര്‍ക്കെതിരായ നടപടി നിയമവിരുദ്ധമാണെന്ന് ടെര്‍സി പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ ഏതൊരു അംഗരാജ്യത്തിനും യോജിക്കാവുന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്. അന്താരാഷ്ട്ര സമുദ്രത്തില്‍ കപ്പലിന്റെ പതാകയേതെന്ന് നോക്കിയാണ് നിയമാധികാരം നിശ്ചയിക്കുന്നത്. ഇക്കാര്യം കര്‍ക്കശമായിതന്നെ ഇന്ത്യന്‍ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ , സംഘര്‍ഷങ്ങള്‍ അനാവശ്യമായി ഊതിപ്പെരുപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. കാരണം സൈനികര്‍ക്ക് നല്ല പരിചരണം ലഭിക്കുന്നതിന് ഇന്ത്യയുടെ സഹകരണം ആവശ്യമാണ്. സൈനികര്‍ ജയിലിലാണെങ്കിലും ചില ഉറപ്പുകള്‍ നമ്മള്‍ വാങ്ങിയിട്ടുണ്ട്. മറ്റ് തരത്തിലുള്ള രഹസ്യ ഇടപെടലുകളും ഇനി വേണ്ടി വരും. രാഷ്ട്രീയ കാരണങ്ങളാല്‍ ഇപ്പോഴത്തെ അന്തരീക്ഷം നമുക്ക് അനുയോജ്യമല്ല എന്നതാണ് പ്രശ്നം. കേരളത്തില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുകയാണ്. പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ പെട്ടെന്ന് വികാരം ആളിപടരാവുന്ന വിധത്തിലാണ് കേരളത്തിലെ സാംസ്കാരിക- രാഷ്ട്രീയസങ്കീര്‍ണതകള്‍ . സൈനികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്ക് നിയമപരമായി അധികാരമില്ലെന്നതാണ് ഇറ്റലിയുടെ നിലപാട്. റോമിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചിട്ടുണ്ട്- ഇറ്റാലിയന്‍ വിദേശമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

നയതന്ത്ര സമ്മര്‍ദം ശക്തിപ്പെടുത്തുന്നതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി ബുധനാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി ഫോണില്‍ സംസാരിച്ചിരുന്നു. സൈനികരെ ഇന്ത്യയില്‍ പ്രോസിക്യൂട്ട് ചെയ്യുന്നത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്രനിയമങ്ങള്‍ക്ക് യോജിക്കാത്ത നിലപാട് ഇന്ത്യയില്‍നിന്നുണ്ടാകുന്നത് അന്താരാഷ്ട്ര സമാധാനദൗത്യങ്ങളിലും കടല്‍കൊള്ള വിരുദ്ധ ദൗത്യങ്ങളിലുമൊക്കെ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും. ഇത്തരം ദൗത്യങ്ങളില്‍ ഇന്ത്യന്‍ സൈനികരും പങ്കെടുക്കുന്നതാണെന്ന് ഓര്‍മിക്കണം- ഇറ്റാലിയന്‍ പ്രധാനമന്ത്രി കടുത്ത ഭാഷയില്‍ മന്‍മോഹന്‍സിങ്ങിനോട് പറഞ്ഞു.

ആരോപിക്കപ്പെടുന്ന സംഭവം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കുള്ളിലാണ് നടന്നത്. അതുകൊണ്ട് നിയമനടപടികള്‍ക്കുള്ള അധികാരം ഇറ്റലിയ്ക്കാണ്. അങ്ങേയറ്റം ശ്രദ്ധയോടെയും ആശങ്കയോടെയുമാണ് താന്‍ ഈ കേസിനെ നോക്കികാണുന്നത്- ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് മന്‍മോഹന്‍സിങ് മറുപടിയായി പറഞ്ഞു. സൈനികരെ ജയിലില്‍നിന്ന് മാറ്റി അവര്‍ക്ക് കൂടുതല്‍ അനുയോജ്യമായ ഏതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സാധ്യത ആരായാമെന്നും മന്‍മോഹന്‍സിങ് ഉറപ്പുനല്‍കി.

ഇറ്റലിക്കാരെ രക്ഷിക്കാന്‍ ഗൂഢാലോചന: മുസ്ലിംലീഗ്

മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചുകൊന്ന ഇറ്റലിക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍തല ഗൂഢാലോചന നടക്കുന്നുവെന്നും കേരളത്തില്‍ തമ്പടിച്ച ഇറ്റാലിയന്‍ മന്ത്രിയെ ജയിലിലടയ്ക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കുട്ടി അഹമ്മദ്കുട്ടി. കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്ക് ജയിലില്‍ സുഖസൗകര്യം ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല. കൊലപാതകികള്‍ക്ക് നല്‍കുന്ന പരിഗണന മാത്രമേ ഇവര്‍ക്ക് നല്‍കാവൂ. ഇവരെ ജയിലിലടക്കുന്നത് തടയാന്‍ ഇടപെട്ട ഇറ്റാലിയന്‍ മന്ത്രിയെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്ത് ജയിലിലടക്കണം-മുന്‍മന്ത്രിയും സീനിയര്‍ ലീഗ് നേതാവുമായ കുട്ടി അഹമ്മദ്കുട്ടി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇറ്റാലിയന്‍ മന്ത്രി ജയിലില്‍ തടവുകാരെ സന്ദര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടാണ് വെളിവാക്കുന്നത്. സ്വകാര്യ കമ്പനിയുടെ കപ്പലായതിനാല്‍ വെടിവയ്പ് നയതന്ത്ര വിഷയമായി കാണേണ്ടതില്ല. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചാണ് വെടിയുതിര്‍ത്തത്. അതുകൊണ്ട് കൊലക്കുറ്റം ചുമത്തണം. കേരളതീരത്ത് മീന്‍പിടിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടിയെടുക്കേണ്ട കോസ്റ്റ് ഗാര്‍ഡ് ഉറക്കം നടിക്കുകയാണ്. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍തീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയപ്പോള്‍തന്നെ മത്സ്യത്തൊഴിലാളികള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് അവഗണിച്ചു.

മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ് ആവര്‍ത്തിക്കുന്നത് സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലമാണ്. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ മറികടന്ന് ഇഷ്ടം പോലെ വിഹരിക്കാന്‍ കപ്പലുകള്‍ക്ക് ധൈര്യം നല്‍കുന്നത് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധമാണെന്ന് സംശയിക്കണം.ഇന്ത്യന്‍തീരത്തുള്ള കപ്പലുകളില്‍ ഉന്നത രാഷ്ട്രീയക്കാര്‍ക്ക് ഓഹരിയുള്ളതായി സംശയമുണ്ട്. ഇക്കാര്യം അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിന്റെ തീരസുരക്ഷ തീര്‍ത്തും ദുര്‍ബലമാണ്. തീരദേശ പൊലീസ് സ്റ്റേഷനുകള്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കാന്‍ മാത്രമുള്ളതാകരുതെന്നും കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മലും പങ്കെടുത്തു.

deshabhimani 090312

1 comment:

  1. ഇന്ത്യക്കാരായ രണ്ട് മീന്‍പിടിത്തക്കാരെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ മോചിപ്പിക്കുന്ന കാര്യത്തില്‍ പിറവം ഉപതെരഞ്ഞെടുപ്പ് തന്നെയാണ് തടസ്സമെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രി ഗിയുലിയോ ടെര്‍സി ആവര്‍ത്തിച്ചു. സൈനികരുടെ മോചനം ഉറപ്പാക്കുന്നതിന് നയതന്ത്ര നടപടികള്‍ക്ക് പുറമെ രഹസ്യസ്വഭാവത്തിലുള്ള നടപടികളും ആവശ്യമാണെന്ന് ഇറ്റാലിയന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ടെര്‍സി പറഞ്ഞു. സൈനികരെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് ടെര്‍സി വ്യക്തമാക്കി. സൈനികര്‍ക്കെതിരായ നടപടി നിയമവിരുദ്ധമാണെന്ന് ടെര്‍സി പറഞ്ഞു.

    ReplyDelete