Wednesday, March 7, 2012

പിറവത്ത് പിറക്കാന്‍ പോകുന്ന പതിനേഴ്

പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള യു ഡി എഫും ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പും സമം സമം. ശൂന്യം, നിശ്ശൂന്യം. കൊയ്‌തൊഴിഞ്ഞ പാടംപോലെ എന്നൊരു അവസ്ഥാന്തരവുമുണ്ടെന്ന് നിരീക്ഷണ വൃത്തങ്ങള്‍. പ്രശ്‌നവശാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനംതൊട്ടേ പങ്കപ്പാട് തുടങ്ങിക്കഴിഞ്ഞു. മുഖ്യനും പ്രസിഡണ്ടും പരിവാരങ്ങളും പരിഹാരാദികര്‍മ്മങ്ങളില്‍ വ്യാപൃതരായി. പിള്ള -ഗണേഷ് ചെകിട്ടത്തടി കഴിഞ്ഞ് കൈ പിന്‍വലിച്ചതേയുള്ളു. കുഴമ്പും തൈലവുമിട്ട് പേശികള്‍ക്ക് ബലം കൊടുത്ത് അടുത്ത പോരിന് കളമൊരുക്കുംനേരത്താണ് തിരഞ്ഞെടുപ്പിന്റെ പുറപ്പാട്. അത് തീരുംവരെ സുല്ല്. കെ എസ് യു കുട്ടികളോടും യൂത്തമ്മാരോടും 'വിശാല'വും അല്ലാത്തവരുമായ 'അയ്യേ' ക്കാരോടും (കേളി കണ്ണൂരില്‍നിന്നേ കൊട്ടിത്തുടങ്ങി) കയ്യാങ്കളി നിര്‍ത്തി കളത്തില്‍നിന്ന് കേറാന്‍ കുറിപ്പ് കൊടുത്തിരിക്കയാണ്. കേട്ടെങ്കിലായി. (പറഞ്ഞാല്‍ കേള്‍ക്കണോര് പാര്‍ട്ടിയില്‍ പണ്ടേ കമ്മിയാണെന്നും നാലുകാശുണ്ടാക്കണ കാര്യമാണെങ്കില്‍ 'ദേണ്ടെ പിടിച്ചോ' മട്ടാണെന്നും അറിയാഞ്ഞിട്ടല്ല.)

ജനാധിപത്യം എങ്ങനെ കുഴിച്ചുമൂടാം എന്ന യുഡിഎഫ് തീസിസിന്റെ പ്രിലിമിനിറി  പരീക്ഷാ പേപ്പറുകള്‍ ഓരോന്നോരോന്ന് ഔട്ടായിക്കൊണ്ടിരിക്കയാണ്. ജില്ലാബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടതാണ് ഏറ്റവും ഒടുവിലത്തെ റിലീസ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുമുന്നണി ഭരണകാലത്ത് കര്‍ഷകആത്മഹത്യകള്‍ ഒന്നുപോലും ഉണ്ടായില്ല. മാത്രവുമല്ല, അതിനുമുന്‍പത്തെ യുഡിഎഫ് കാലത്ത് നടന്ന ആത്മഹത്യാപരമ്പരയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കാനും കടബാധിതരെ സഹായിക്കാനും കടാശ്വാസനിയമം കൊണ്ടുവന്ന് നടപ്പിലാക്കി. ഇടതുമുന്നണിസര്‍ക്കാര്‍ അധികാരത്തിലേറി ആദ്യംചെയ്ത നടപടി. ഇപ്പോഴിതാ മുന്‍ യുഡിഎഫ് ഭരണകാലം ആവര്‍ത്തിക്കുകയാണ്. കര്‍ഷകആത്മഹത്യകള്‍ ദിനംപ്രതി പെരുകുന്നു. പൗഡറിട്ട് കുട്ടപ്പന്മാരായി നടക്കുകയല്ലാതെ പരിഹാരപ്രവൃത്തികളോ ആശ്വാസനടപടികളോ ഒന്നുമില്ല. പാവപ്പെട്ടവര്‍ ജനമേ അല്ല അവരുടെ കണ്ണില്‍. അവര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നെങ്കിലല്ലേ അതുവേണ്ടൂ. ഇടതുമുന്നണി ഭരിച്ച അഞ്ചുവര്‍ഷത്തിനിടയില്‍  ഒരു ദിവസംപോലും പവര്‍കട്ട് ഉണ്ടായതേയില്ല. എന്നാല്‍ യുഡിഎഫ് അധികാരത്തിലേറിയിട്ട് ഇത്രനാളല്ലേ ആയുള്ളൂ. പവര്‍കട്ട് ഇടയ്ക്കിടെ. വടക്കുനിന്നാണെങ്കില്‍ അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന തീക്കാറ്റ്. ലാലൂരും വിളപ്പില്‍ശാലയും തോറ്റുമടങ്ങുന്ന അഗ്ലിയസ്റ്റ് ഗന്ധം. നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധന, പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധന ഇടയ്ക്കിടെ, ചില്ലറവ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാതിരിക്കുന്ന അനങ്ങാപ്പാറനയം. ജനം കണ്ണും തുറന്നിരുന്ന് കാണുകയാണ് ഭരണക്കാരുടെ ഈ ഉമ്മവെച്ചുള്ള ഒടുക്കത്തെ കളി. അമര്‍ന്നുകത്തുന്നതും ആളിക്കത്തുന്നതും തീയാണ്. അതിനരികെയാണ് അവരുടെ വാസം. 'ഒക്കേത്തിനും കണക്കുതീര്‍ത്ത് തന്നേക്കാം, മാര്‍ച്ച് പതിനേഴിന് പിറവത്ത്'. ഉറപ്പിച്ചുവെച്ചിരിക്കയാണ് അനുഭവസാക്ഷ്യം ജനങ്ങള്‍.

പിറവത്ത് യുഡിഎഫിന്റെ മരണം സ്ഥിരീകരിക്കുന്നതോടെ നൂല്‍പ്പാലത്തിലൂടെയായിരിക്കും പിന്നെ സര്‍ക്കാരിന്റെ സ്ഥൂലയാത്ര. അട്ടിമറിക്കാനില്ല എന്ന് എല്‍ഡിഎഫ് കട്ടായമായി പ്രഖ്യാപിച്ചെങ്കിലും പിടിച്ചുപിടിച്ചാണ് ഉമ്മനും കൂട്ടരും ശ്വാസംവിടുന്നത്. അട്ടിമറിക്കുന്നില്ല, ഭരിച്ച് മുടിച്ച് നാറി സ്വയം തീര്‍ന്നുകൊള്ളട്ടെ എന്ന് തീര്‍ത്തുപറഞ്ഞു കഴിഞ്ഞു. പിന്നെയൊക്കെ പണ്ടത്തെ കോണ്‍ഗ്രസ് ശേവുകം കാമരാജ് പറഞ്ഞപോലെ 'പാക്കലാം'. ഭരണത്തിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ജനമദ്ധ്യത്തിലാണ് ഇടതുമുന്നണി. മാന്‍ഡേറ്റ് തരും ഭരിക്കും. ഇതുവല്ലതുമുണ്ടോ ഇതുങ്ങള്‍ക്ക് പരിചയം. ഭരണം താലത്തില്‍വെച്ചു കിട്ടുംപോലെയായാല്‍ പിന്നെ ഉത്സവമായി. അതുവരെ മാളത്തില്‍. അതു കഴിഞ്ഞും തഥൈവ.
'സമദൂര'ത്തില്‍നിന്ന് 'ശരിദൂര'ത്തിലേക്കു പറന്ന സൊസൈറ്റിയുടെ അവസരവാദം ആര് ഉള്‍ക്കൊള്ളാന്‍. 'സുകുമാരാദികല'കളില്‍ വിശ്വാസമുള്ളവരാകണമല്ലോ എല്ലാവരും. പിറവത്തെ ഓര്‍ത്തഡോക്‌സുകളുടെ അടുത്ത് ഉമ്മന്റെ സമുദായക്കളി നടപ്പില്ല. ഇരു സഭക്കാരും തമ്മിലുള്ള തര്‍ക്കത്തിന്റെ കാര്യത്തില്‍ ഉമ്മന്റെ 'ആവണക്കെണ്ണ നയം' തീരെ പിടിക്കാത്തവരാണ് സ്വസമുദായക്കാര്‍. യുഡിഎഫിന് വോട്ടുകുത്തില്ല എന്ന് തലതൊട്ടപ്പന്മാര്‍ നടേ പറഞ്ഞുകഴിഞ്ഞു.

യുഡിഎഫ് സഖ്യത്തെ ഒരു കാര്‍ണിവെലിനോട് ഉപമിച്ച രസികനെ നമിക്കണം. അവിടെ കച്ചവടക്കാരും ആനയും മേളയും കാഴ്ചക്കാരും മുച്ചീട്ടുകളിക്കാരും നാടകുത്തുകാരും പോക്കറ്റടിക്കാരും എല്ലാംചേര്‍ന്ന സംഘമാണ് എന്ന് ദൃഷ്ടാന്തിച്ച് പറഞ്ഞത് എത്ര വാസ്തവം. ദീര്‍ഘകാലം ഇടതുമുന്നണിയില്‍ ഉണ്ടായിരുന്ന ഒരു കക്ഷിയുടെ നേതാവ് യുഡിഎഫില്‍ ചേക്കേറി കുറച്ചു കഴിഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞ് കുണ്ഠിതപ്പെട്ടു: ''ഒരു ഭ്രാന്താസ്പത്രിയില്‍ എത്തിപ്പെട്ടതുപോലെ''.

പിന്‍വായന:

പിറവത്ത് ജയം സുനിശ്ചിതം - ഉമ്മന്‍ചാണ്ടി

അതേ. ജയം ഇടതുമുന്നണിക്കാണെന്ന കാര്യത്തില്‍ ജനത്തിന് ഒട്ടും സംശല്യ.

വി എസ് വസന്തന്‍ janayugom 070312

1 comment:

  1. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള യു ഡി എഫും ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പും സമം സമം. ശൂന്യം, നിശ്ശൂന്യം. കൊയ്‌തൊഴിഞ്ഞ പാടംപോലെ എന്നൊരു അവസ്ഥാന്തരവുമുണ്ടെന്ന് നിരീക്ഷണ വൃത്തങ്ങള്‍. പ്രശ്‌നവശാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനംതൊട്ടേ പങ്കപ്പാട് തുടങ്ങിക്കഴിഞ്ഞു. മുഖ്യനും പ്രസിഡണ്ടും പരിവാരങ്ങളും പരിഹാരാദികര്‍മ്മങ്ങളില്‍ വ്യാപൃതരായി. പിള്ള -ഗണേഷ് ചെകിട്ടത്തടി കഴിഞ്ഞ് കൈ പിന്‍വലിച്ചതേയുള്ളു. കുഴമ്പും തൈലവുമിട്ട് പേശികള്‍ക്ക് ബലം കൊടുത്ത് അടുത്ത പോരിന് കളമൊരുക്കുംനേരത്താണ് തിരഞ്ഞെടുപ്പിന്റെ പുറപ്പാട്. അത് തീരുംവരെ സുല്ല്. കെ എസ് യു കുട്ടികളോടും യൂത്തമ്മാരോടും 'വിശാല'വും അല്ലാത്തവരുമായ 'അയ്യേ' ക്കാരോടും (കേളി കണ്ണൂരില്‍നിന്നേ കൊട്ടിത്തുടങ്ങി) കയ്യാങ്കളി നിര്‍ത്തി കളത്തില്‍നിന്ന് കേറാന്‍ കുറിപ്പ് കൊടുത്തിരിക്കയാണ്. കേട്ടെങ്കിലായി. (പറഞ്ഞാല്‍ കേള്‍ക്കണോര് പാര്‍ട്ടിയില്‍ പണ്ടേ കമ്മിയാണെന്നും നാലുകാശുണ്ടാക്കണ കാര്യമാണെങ്കില്‍ 'ദേണ്ടെ പിടിച്ചോ' മട്ടാണെന്നും അറിയാഞ്ഞിട്ടല്ല.)

    ReplyDelete