Saturday, March 24, 2012

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ ഒത്തുകളി; പ്രതിപക്ഷം സഭ വിട്ടു

സ്വാശ്രയ മെഡിക്കല്‍ - എന്‍ജിനിയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും കാത്തലിക് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ നടത്തിയ ഒത്തുകളിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സ്വാശ്രയമേഖലയില്‍ ഏകീകൃത ഫീസ് ഘടന ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം മെറിറ്റ് സീറ്റ് എന്ന ആശയംതന്നെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മെറിറ്റ് സീറ്റ് ഇല്ലാതാക്കി മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് വിദ്യാര്‍ഥികളില്‍നിന്ന് കോടികള്‍ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയ കാര്യം ശൂന്യവേളയില്‍ എം എ ബേബിയാണ് അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ചത്.

ഏകീകൃതഫീസ് ഏര്‍പ്പെടുത്തുന്നതോടെ 50 ശതമാനം മെറിറ്റ് സീറ്റെന്നത് പൂര്‍ണമായും ഇല്ലാതായി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും കാത്തലിക് മാനേജ്മെന്റ് അസോസിയേഷനും എല്‍ഡിഎഫ് ഭരണകാലത്തും ഏകീകൃതഫീസെന്ന ആവശ്യം ഉന്നയിച്ചിരുന്നു. വിദ്യാര്‍ഥികളെ കൊള്ളയടിക്കാന്‍ സര്‍ക്കാരിന് കൂട്ടുനില്‍ക്കാനാകില്ലെന്നതുകൊണ്ടാണ് അന്ന് ധാരണയിലെത്താതിരുന്നത്. അന്ന് 25 ശതമാനം സീറ്റുവരെ മാനേജ്മെന്റ് വാഗ്ദാനം ചെയ്തതാണ്. എന്നാലിപ്പോഴിത് പത്ത് ശതമാനമായി കുറഞ്ഞുവെന്നും ബേബി ചൂണ്ടിക്കാട്ടി. ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായും കാത്തലിക് മാനേജ്മെന്റ് അസോസിയേഷനുമായും ധാരണയാകുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള നാല് മെഡിക്കല്‍ കോളേജിലും ഏകീകൃതഫീസ് ഘടനയായിരിക്കും. 3.75 ലക്ഷം രൂപയാണ് ഈ വര്‍ഷത്തെ വാര്‍ഷികഫീസ്. വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്ന ഫീസില്‍നിന്ന് 40 ലക്ഷം രൂപ മാനേജ്മെന്റ് സര്‍ക്കാരിന് നല്‍കും. കാത്തലിക് കോളേജ് മാനേജ്മെന്റ് അസോസിയേഷനുകീഴിലുള്ള 11 എന്‍ജിനിയറിങ് കോളേജില്‍ 75,000 രൂപയായിരിക്കും ഏകീകൃതഫീസ്. ഇതില്‍നിന്ന് ഓരോ കോളേജും മൂന്നുലക്ഷം രൂപവീതം സര്‍ക്കാരിന് നല്‍കും. മാനേജ്മെന്റുകള്‍ നല്‍കുന്ന തുക ഉപയോഗിച്ച് സ്റ്റൈപെന്‍ഡ് നല്‍കി ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ഫീസ് ഏര്‍പ്പെടുത്തും. മറ്റു താഴ്ന്നവരുമാനക്കാര്‍ക്കും ഫീസിളവ് നല്‍കും. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള കോളേജുകളില്‍ മൂന്നരലക്ഷം രൂപയായിരുന്നു ഫീസ്. ഇതാണ് 3.75 ലക്ഷമായി ഉയര്‍ത്തിയത്. എഐസിടിഇ മാനദണ്ഡം അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാനേജ്മെന്റുകള്‍ക്ക് കൂടുതല്‍ സാമ്പത്തികബാധ്യത ഉണ്ടാകും. സേവനമായല്ല ആരും കോളേജ് നടത്തുന്നത്. അതുകൊണ്ട് ഫീസ് വര്‍ധിപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമാണോ ഈ കൊള്ളയെന്ന് വ്യക്തമാക്കണമെന്നും ബേബി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അന്തിമതീരുമാനമെടുക്കുന്നതിനുമുമ്പ്, പ്രതിപക്ഷനേതാവുമായും മുന്‍ വിദ്യാഭ്യാസമന്ത്രിയെന്നനിലയില്‍ താനുമായും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ , ഒരു കാര്യവും ചര്‍ച്ചചെയ്തില്ല.

കഴിഞ്ഞവര്‍ഷം ന്യൂനപക്ഷപദവി ഇല്ലാത്ത മാനേജ്മെന്റുകള്‍ക്കുകൂടി ഇതേമാനദണ്ഡപ്രകാരം സീറ്റ് വിട്ടുനല്‍കിയതുവഴി 22,000ല്‍പ്പരം സംവരണ സീറ്റ് നഷ്ടപ്പെട്ടതായും ബേബി പറഞ്ഞു. അതേസമയം, ഇന്റര്‍ ചര്‍ച്ച് മെഡിക്കല്‍ മാനേജ്മെന്റുകള്‍ 40 ലക്ഷംവീതം സ്കോളര്‍ഷിപ് ഫണ്ടിലേക്ക് നല്‍കുമെന്നു പറയുന്നത് തട്ടിപ്പാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 100 കുട്ടികളുള്ള ഒരു മെഡിക്കല്‍ കോളേജില്‍ ഇത് ആകെ വാര്‍ഷികഫീസിന്റ 10 ശതമാനംമാത്രമേ വരൂ. ഇതിനര്‍ഥം ശരാശരി 10 ശതമാനം വിദ്യാര്‍ഥികള്‍ക്കുമാത്രം ആനുകൂല്യമെന്നാണ്. പകുതി സീറ്റില്‍ മെറിറ്റ്, കുറഞ്ഞ ഫീസ് സാമൂഹ്യനീതി എന്നത് തുച്ഛമായ 10 ശതമാനമാക്കുന്നു. കാത്തലിക് എന്‍ജിനിയറിങ് മാനേജ്മെന്റുകള്‍ 60 കുട്ടികളുള്ള ഒരു ബാച്ചിന് മൂന്നുലക്ഷംവീതം സ്കോളര്‍ഷിപ് ഫണ്ട് നല്‍കുമ്പോഴും ഇതേ 10 ശതമാനംമാത്രമേ വരൂ. രണ്ട് സ്വാശ്രയ കോളേജിനുപകരം ഒരു സര്‍ക്കാര്‍ കോളേജ് എന്ന എ കെ ആന്റണിയുടെ ആശയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അട്ടിമറിക്കുന്നത്. പകരം പത്ത് സ്വാശ്രയ കോളേജിനുപകരം ഒരു സര്‍ക്കാര്‍ കോളേജ് എന്നനിലയിലാകും. മാത്രമല്ല, ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലെ ഏകീകൃത ഫീസ് 3.75 ലക്ഷം രൂപയാക്കാന്‍ ധാരണയായ സാഹചര്യത്തില്‍ മറ്റ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും ഈ ആവശ്യമുയര്‍ത്തും. ഇതോടെ സാധാരണക്കാരും ഇടത്തരക്കാരുമായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്ടമാകും.

deshabhimani 240312

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ - എന്‍ജിനിയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും കാത്തലിക് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ നടത്തിയ ഒത്തുകളിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സ്വാശ്രയമേഖലയില്‍ ഏകീകൃത ഫീസ് ഘടന ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം മെറിറ്റ് സീറ്റ് എന്ന ആശയംതന്നെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മെറിറ്റ് സീറ്റ് ഇല്ലാതാക്കി മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് വിദ്യാര്‍ഥികളില്‍നിന്ന് കോടികള്‍ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയ കാര്യം ശൂന്യവേളയില്‍ എം എ ബേബിയാണ് അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ചത്.

    ReplyDelete