Saturday, March 24, 2012

ഇടതുപക്ഷ ഏകോപന സമിതി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

ഇടതുപക്ഷ ഏകോപന സമിതി തൃശൂര്‍ ജില്ലാകമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ സെക്രട്ടറി കെ പി പ്രേമനും പ്രസിഡന്റ് ടി എ രണദിവെയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യക്തി കേന്ദ്രീകൃതവും അധികാരാധിഷ്ഠിതവുമായ രാഷ്ട്രീയത്തിന്റെ വക്താക്കളായി വിമത ഇടതുകൂട്ടായ്മകളുടെ പ്രവര്‍ത്തകര്‍ മാറിയ സാഹചര്യത്തിലാണ് ജില്ലാഘടകം പിരിച്ചുവിടുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. സമിതി രൂപീകരണഘട്ടത്തില്‍ മുന്നോട്ടുവച്ച ബദല്‍ ഇടതുപക്ഷ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ മാറ്റമെന്നതിനാലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഭാവി പരിപാടി 30ന് ചേരുന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കും. പകല്‍ രണ്ടിന് കുന്നംകുളം വ്യാപാരഭവനിലാണ് കണ്‍വന്‍ഷന്‍ .

ഏകോപനസമിതി സംസ്ഥാനഘടകം ഒരു വര്‍ഷമായി നിര്‍ജീവമാണ്. തൃശൂര്‍ ജില്ലയില്‍ കുന്നംകുളം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം നടന്നിരുന്നത്. കുന്നംകുളത്ത് യുഡിഎഫ് നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയില്‍ ഏകോപനസമിതിക്ക് മൂന്ന് കൗണ്‍സിലര്‍മാരുണ്ട്. ഭരണത്തിന് പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കിയിരുന്നു. കുന്നംകുളത്തെ തുറക്കുളം മത്സ്യമാര്‍ക്കറ്റ് ബിഒടി വ്യവസ്ഥയില്‍ കരാര്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് തത്വത്തില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി മാര്‍ക്കറ്റ് ബിഒടി വ്യവസ്ഥയില്‍ നിര്‍മാണം നടക്കുന്നുണ്ട്. ഇത്തരം ജനവിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. സ്വകാര്യവല്‍ക്കരണവിരുദ്ധ നിലപാടുകളെ തള്ളിപ്പറയുന്ന വ്യക്തി കേന്ദ്രീകൃത നിലപാടാണ് ഏകോപനസമിതിയുടെ ബാനറില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്.

അടുത്തിടെ കുന്നംകുളം സ്വദേശിനിയായ യുവതി ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായവര്‍ക്കൊപ്പം ചേര്‍ന്ന് ഇരയെ വേട്ടയാടുന്ന സമീപനമാണ് ഈ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്. സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നതാണ് ഇത്തരം നിലപാടുകള്‍ . അവസരവാദപരവും ജനാധിപത്യവിരുദ്ധവുമായ ഇത്തരം പ്രവര്‍ത്തനങ്ങളോട് യോജിക്കാനാകാത്തതിനാലാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടുന്നതെന്നും പ്രേമനും രണദിവെയും പറഞ്ഞു..

deshabhimani 240312

1 comment:

  1. ഇടതുപക്ഷ ഏകോപന സമിതി തൃശൂര്‍ ജില്ലാകമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ സെക്രട്ടറി കെ പി പ്രേമനും പ്രസിഡന്റ് ടി എ രണദിവെയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യക്തി കേന്ദ്രീകൃതവും അധികാരാധിഷ്ഠിതവുമായ രാഷ്ട്രീയത്തിന്റെ വക്താക്കളായി വിമത ഇടതുകൂട്ടായ്മകളുടെ പ്രവര്‍ത്തകര്‍ മാറിയ സാഹചര്യത്തിലാണ് ജില്ലാഘടകം പിരിച്ചുവിടുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. സമിതി രൂപീകരണഘട്ടത്തില്‍ മുന്നോട്ടുവച്ച ബദല്‍ ഇടതുപക്ഷ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ മാറ്റമെന്നതിനാലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഭാവി പരിപാടി 30ന് ചേരുന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കും. പകല്‍ രണ്ടിന് കുന്നംകുളം വ്യാപാരഭവനിലാണ് കണ്‍വന്‍ഷന്‍ .

    ReplyDelete