Wednesday, March 7, 2012

കേരളത്തെ അപമാനിക്കുന്നതിന് ഉമ്മന്‍ചാണ്ടി കൂട്ടുനില്‍ക്കുന്നു: വി എസ്

കേരളത്തെ അപമാനിക്കുന്ന റയില്‍വെയുടെ നടപടികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. റയില്‍വെയുടെ വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് ജനപ്രതിനിധികള്‍ തമ്പാനൂര്‍ റയില്‍വെ സ്‌റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.
മംഗലാപുരം റയില്‍വെ ഡിവിഷനുവേണ്ടി പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കാന്‍ കേന്ദ്ര റയില്‍വേ സഹമന്ത്രി മുനിയപ്പയുടെ നേതൃത്വത്തില്‍ കരുനീക്കം നടക്കുകയാണ്. പാലക്കാട്ട് റയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ വാഗ്ദാനം ചെയ്തതാണ് കോച്ച്ഫാക്ടറി. അയ്യായിരം കോടിയുടെ മുതല്‍ മുടക്കും അയ്യായിരം പേര്‍ക്കുതൊഴിലുമെന്നായിരുന്നു അന്നത്തെ റയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവിന്റെ വാഗ്ദാനം. എന്നാല്‍ ഇത് ഇപ്പോള്‍ പത്തിലൊന്നായി കുറഞ്ഞു. പൊതുമേഖലയില്‍ നിര്‍മിക്കുമെന്ന പറഞ്ഞ കോച്ച് ഫാകട്‌റി സ്വകാര്യ മേഖലയിലുമായി. അത്യന്തം ജുഗുപ്‌സാവഹമായ ഇത്തരം നടപടികള്‍ റയില്‍വേ തുടരുന്നു. കേരളത്തെ അപമാനിക്കുന്ന ഇത്തരം നടപടികള്‍ക്ക് ഉമ്മന്‍ചാണ്ടി കൂട്ടുനില്‍ക്കുകയാണെന്നും വി എസ് പറഞ്ഞു.

പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവയും പൂര്‍ത്തിയായിട്ടില്ല. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാനും റയില്‍വേക്ക് കഴിയുന്നില്ല. റയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ ഇതില്‍ പ്രതികളാകുന്ന അവസ്ഥയുമാണ്. സ്ത്രീകള്‍ക്ക് മാന്യമായി യാത്ര ചെയ്യാനുള്ള അവസരമൊരുക്കണം. തിരുവനന്തപുരം റയില്‍വേ സ്‌റ്റേഷന്‍ ലോകനിലവാരത്തിലുള്ളതാക്കുമെന്ന വാഗ്ദാനവും പാഴായതായി വി എസ് പറഞ്ഞു.

റയില്‍വെ വികസനത്തിന്റെ കാര്യത്തില്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും  ഒന്നും പ്രാവര്‍ത്തികമാക്കുന്നില്ലെന്നും തുടര്‍ന്ന് സംസാരിച്ച സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിമാര്‍ എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും അതിന്റെ പ്രയോജനം  ലഭിക്കുന്നില്ല.  ഇന്ന് സ്ത്രീകള്‍ക്ക് ട്രെയിനില്‍ കയറി കേരളത്തില്‍ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ സുരക്ഷാപാളിച്ചയാണ് വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. അവകാശങ്ങള്‍ക്കായി ജനകീയ പ്രക്ഷോഭം ശക്തമാക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

മുന്‍മന്ത്രിമാരായ എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, സി പി ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, എം പി മാരായ എം പി അച്യുതന്‍, എ സമ്പത്ത്, ഡോ. ടി എന്‍ സീമ, മേയര്‍ കെ ചന്ദ്രിക, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍ നാടാര്‍, കരിങ്കളും വിജയകുമാര്‍, ആറ്റിങ്ങല്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.സി പി ഐ നേതാക്കളായ പി രാമചന്ദ്രന്‍നായര്‍, കുറ്റിയാനിക്കാട് മധു, പി കാര്‍ത്തികേയന്‍നായര്‍, ജി ആര്‍ അനില്‍, സോളമന്‍ വെട്ടുകാട്, ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. ജെ വേണുഗോപാലന്‍നായര്‍, കെ പി ശങ്കരദാസ്, എന്‍ രാജന്‍, എന്‍ ദാമോദരന്‍നായര്‍, ആര്‍ സുശീലന്‍, എം രാധാകൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി മേയര്‍ ജി ഹാപ്പികുമാര്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി പി ബീന, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കാലടി ജയചന്ദ്രന്‍, എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി. വിവിധ സംഘടനകളുശട നേതൃത്വത്തില്‍ അഭിവാദ്യ പ്രകടനം നടത്തി.

No comments:

Post a Comment