Friday, March 9, 2012

ഉത്തരാഖണ്ഡില്‍ എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ നീക്കംതുടങ്ങി

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേപോലെ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമമാരംഭിച്ചതോടെ കുതിരക്കച്ചവടം ഉറപ്പായി. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32ഉം ബിജെപിക്ക് 31ഉം ആണ് അംഗബലം. മൂന്ന് ബിഎസ്പി എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും ഉത്തരാഖണ്ഡ് ക്രാന്തിദളിന്റെ ഏക എംഎല്‍എയുടെയും നിലപാടാണ് ഇവിടെ നിര്‍ണായകം. എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നതിന് ഏതറ്റവുംവരെ പോകാമെന്ന നിലപാടിലാണ് ബിജെപിയും കോണ്‍ഗ്രസും.

അതിനിടെ, തെരഞ്ഞെടുപ്പില്‍ തോറ്റ മുഖ്യമന്ത്രി ബി സി ഖണ്ഡൂരി ഗവര്‍ണറെ കണ്ട് രാജിസമര്‍പ്പിച്ചു. ബിജെപി നേതാവ് രാജ്നാഥ്സിങ് ബുധനാഴ്ച ഡറാഡൂണിലെത്തി പാര്‍ടി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. ഒരു സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന് യോഗത്തിനുശേഷം രാജ്നാഥ് സിങ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ ഭഗത്സിങ് ഘോഷിയാരിയും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ നിര്‍ദേശിക്കുമെന്ന കാര്യത്തില്‍ ബിജെപിയില്‍ ഭിന്നതയാണ്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ബി സി ഖണ്ഡൂരിയെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഭൂരിഭാഗം എംഎല്‍എമാരുടെയും നിലപാട്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നതിന് ഖണ്ഡൂരിക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കാമെന്ന് രണ്ട് എംഎല്‍എമാര്‍ നേതൃത്വത്തെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി രമേശ് പൊക്രിയാലും സജീവമായി രംഗത്തുണ്ട്. താന്‍ ജയിച്ച സാഹചര്യത്തില്‍ മറ്റാരെയും നിര്‍ദേശിക്കേണ്ടതില്ലെന്ന നിലപാടാണ് പൊക്രിയാലിന്. തര്‍ക്കം മുറുകിയാല്‍ ഒത്തുതീര്‍പ്പ് നിര്‍ദേശമെന്ന നിലയില്‍ ഘോഷിയാരിയുടെ പേര് മുന്നോട്ടുവയ്ക്കാമെന്ന ആലോചനയിലാണ് കേന്ദ്ര നേതൃത്വം. അതേസമയം, രമേശ് പൊക്രിയാലും മറ്റും ഗൂഢാലോചന നടത്തി ഖണ്ഡൂരിയുടെ തോല്‍വി ഉറപ്പിക്കുകയായിരുന്നുവെന്ന് ബിജെപിയില്‍ ഒരുവിഭാഗം ആരോപിക്കുന്നത്.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മോഹികളടക്കമുള്ള നേതാക്കള്‍ ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര പാര്‍ലമെന്ററി സഹമന്ത്രിയുമായ ഹരീഷ് റാവത്ത്, പിസിസി അധ്യക്ഷന്‍ യശ്പാല്‍ ആര്യ, പ്രതിപക്ഷ നേതാവ് ഹരക്സിങ് റാവത്ത് തുടങ്ങിയവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഹരീഷ് റാവത്തിന്റെ പേരിനാണ് മുന്‍തൂക്കം. ഇക്കാര്യത്തില്‍ സോണിയയുടെ അന്തിമതീരുമാനം വന്നശേഷം ഗവര്‍ണറെ കാണാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കുന്നത്. ജയിച്ച മൂന്ന് സ്വതന്ത്രരും സീറ്റ് കിട്ടാതെ കോണ്‍ഗ്രസില്‍നിന്ന് പിണങ്ങിപ്പോയവരായതിനാല്‍ തങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് കോണ്‍ഗ്രസിന്റെ ഉത്തരാഖണ്ഡ് ചുമതലക്കാരനായ വീരേന്ദ്ര ചൗധരി പറഞ്ഞു. മന്ത്രി പ്രസാദ് നെയ്താനി, ഹരീഷ്ചന്ദ് ദുര്‍ഗാപാല്‍ , ദിനേഷ് ദനായ് എന്നിവരാണ് ജയിച്ച സ്വതന്ത്രര്‍ . ഇവര്‍ക്കു പുറമെ ഉത്തരാഖണ്ഡ് ക്രാന്തിദളും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിഎസ്പിയുടെ പിന്തുണയ്ക്കും കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ യുപിക്കെതിരെ രാഷ്ട്രീയം കളിച്ചു: മായാവതി

ലക്നൗ: കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും യുപിക്കെതിരെ രാഷ്ട്രീയം കളിച്ചെന്ന് മായാവതി. കേന്ദ്രസര്‍ക്കാര്‍ യുപിയെ പൂര്‍ണ്ണമായും അവഗണിച്ചെന്നും അവര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റ പശ്ചാത്തലത്തില്‍ ഗവര്‍ണറെകണ്ട് രാജിക്കത്ത് നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍ .
യുപിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ആവും വിധം പ്രയത്നിച്ചെന്നും മായാവതി അവകാശപ്പെട്ടു. പുതിയ സര്‍ക്കാര്‍ സംസ്ഥാനത്തെ പുറകോട്ട് വലിക്കുമെന്നും അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ അഞ്ചുവര്‍ഷകാലാവതി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയാണ് മായാവതി.

deshabhimani 080312

No comments:

Post a Comment