Friday, March 9, 2012

ഉറുദു പത്രപ്രവര്‍ത്തകന്റെ അറസ്റ്റില്‍ ദുരൂഹത

ഇസ്രയേല്‍ എംബസിയുടെ വാഹനം സ്ഫോടനത്തില്‍ തകര്‍ന്ന കേസില്‍ ഉറുദു പത്രപ്രവര്‍ത്തകനെ അറസ്റ്റുചെയ്ത ഡല്‍ഹി പൊലീസ് നടപടിക്ക് പിന്നില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മര്‍ദമാണെന്ന സംശയം ബലപ്പെടുന്നു. സംഭവം നടന്ന് ഒരു മാസമായിട്ടും ഒരാളെപോലും അറസ്റ്റുചെയ്യാതിരുന്ന പൊലീസ് കഴിഞ്ഞ ചൊവ്വാഴ്ച നാടകീയമായി ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളായ സയ്യദ് മുഹമദ് അഹമദ് കസ്മിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഫോടനം നടന്നതിന് പിന്നാലെ കസ്മി പലവട്ടം ഇറാനിലേക്ക് ഫോണില്‍ വിളിച്ചുവെന്ന കുറ്റമാണ് പൊലീസ് ഉന്നയിക്കുന്നത്. എന്നാല്‍ , റേഡിയോ തെഹ്റാന്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഡല്‍ഹിയില്‍നിന്ന് വാര്‍ത്തകള്‍ നല്‍കുന്ന വ്യക്തിയെന്ന നിലയില്‍ ഫോണ്‍വിളി തികച്ചും സ്വാഭാവികമാണെന്ന് കസ്മിയുടെ ബന്ധുക്കളും മാധ്യമസുഹൃത്തുക്കളും പറയുന്നു.

ഇറാനും സിറിയക്കുമെതിരെ സൈനിക നടപടിക്ക് അമേരിക്കയും ഇസ്രയേലും കോപ്പുകൂട്ടുന്ന ഘട്ടത്തിലാണ് ഡല്‍ഹിയില്‍ എംബസി വാഹനം സ്ഫോടനത്തില്‍ തകര്‍ന്നത്. ഇന്ത്യ ഇറാനോട് കടുത്ത സമീപനം സ്വീകരിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ അമേരിക്കയ്ക്കും ഇസ്രയേലിനുമുണ്ട്. ഡല്‍ഹിയില്‍വച്ച് ഇസ്രയേല്‍ വാഹനം ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഇന്ത്യയെ ഏതുവിധേനയും ഇറാനെതിരാക്കുകയെന്ന ഗൂഡലക്ഷ്യമുണ്ടെന്ന് ആരോപിക്കപ്പെടുന്നുണ്ട്. സംഭവത്തില്‍ അറസ്റ്റുവൈകുന്നതില്‍ ഇസ്രയേല്‍ പരസ്യമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സ്ഫോടനം ആസൂത്രണംചെയ്തത് ആരാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇറാനെ പിണക്കാതിരിക്കാന്‍ ഇത് പുറത്തുവിടാതിരിക്കുകയാണെന്നും ഇസ്രയേല്‍ പത്രം ഹാരറ്റ്സ് ഫെബ്രുവരി അവസാനം റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് കസ്മിയെ അറസ്റ്റുചെയ്തത്.
മൂന്ന് ദശകമായി ഡല്‍ഹിയിലെ മാധ്യമലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് കസ്മി. 2003 ലെ ഇറാഖ് യുദ്ധം ബിബിസിക്കും ദൂരദര്‍ശനും വേണ്ടി കസ്മി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഷിയാ വിഭാഗക്കാരനായ കസ്മി അറബി, പേഴ്സ്യന്‍ , ഉറുദു എന്നീ ഭാഷകളില്‍ പണ്ഡിതനാണ്. ആല്‍മി സഹാറ, സഹാഫത്, ഹമാര സമാജ് തുടങ്ങി രാജ്യത്തെ പ്രമുഖ ഉറുദു ദിനപത്രങ്ങളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതാറുള്ള കസ്മി അമേരിക്കയുടെ സാമ്രാജ്യത്വനിലപാടുകളെ എക്കാലവും എതിര്‍ത്തിരുന്നു. റേഡിയോ തെഹ്റാനും ഇര്‍നയ്ക്കും വേണ്ടി കസ്മി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം റിപ്പോര്‍ട്ടുചെയ്തിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അക്രഡിറ്റേഷനുമുണ്ട്. എല്ലാ സുരക്ഷാപരിശോധനയും കഴിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയംതന്നെയാണ് അക്രഡിറ്റേഷന്‍ ശുപാര്‍ശ ചെയ്യാറുള്ളത്. കസ്മിയെ അറസ്റ്റുചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാര്യ ജഹനാര പറഞ്ഞു. കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ മുസ്ലിംസ് എന്ന സംഘടന അടിയന്തരയോഗം ചേര്‍ന്ന് അറസ്റ്റില്‍ പ്രതിഷേധിച്ചു. മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് അറസ്റ്റുചെയ്യുന്നത് രാജ്യത്തെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുകയാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.

(എം പ്രശാന്ത്)

deshabhimani 090312

1 comment:

  1. ഇസ്രയേല്‍ എംബസിയുടെ വാഹനം സ്ഫോടനത്തില്‍ തകര്‍ന്ന കേസില്‍ ഉറുദു പത്രപ്രവര്‍ത്തകനെ അറസ്റ്റുചെയ്ത ഡല്‍ഹി പൊലീസ് നടപടിക്ക് പിന്നില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മര്‍ദമാണെന്ന സംശയം ബലപ്പെടുന്നു. സംഭവം നടന്ന് ഒരു മാസമായിട്ടും ഒരാളെപോലും അറസ്റ്റുചെയ്യാതിരുന്ന പൊലീസ് കഴിഞ്ഞ ചൊവ്വാഴ്ച നാടകീയമായി ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളായ സയ്യദ് മുഹമദ് അഹമദ് കസ്മിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഫോടനം നടന്നതിന് പിന്നാലെ കസ്മി പലവട്ടം ഇറാനിലേക്ക് ഫോണില്‍ വിളിച്ചുവെന്ന കുറ്റമാണ് പൊലീസ് ഉന്നയിക്കുന്നത്. എന്നാല്‍ , റേഡിയോ തെഹ്റാന്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഡല്‍ഹിയില്‍നിന്ന് വാര്‍ത്തകള്‍ നല്‍കുന്ന വ്യക്തിയെന്ന നിലയില്‍ ഫോണ്‍വിളി തികച്ചും സ്വാഭാവികമാണെന്ന് കസ്മിയുടെ ബന്ധുക്കളും മാധ്യമസുഹൃത്തുക്കളും പറയുന്നു.

    ReplyDelete