Sunday, March 25, 2012

ചന്ദ്രപ്പന്‍ ഇടതുപക്ഷ ഐക്യത്തിന് പ്രാധാന്യം നല്‍കിയ നേതാവ് : പിണറായി

ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട നേതാവായിരുന്നു സി കെ ചന്ദ്രപ്പനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെട്ടെന്ന് നികത്താവുന്ന വിടവല്ല സിപിഐക്ക് ഉണ്ടായിരിക്കുന്നത്. കൂട്ടായ പ്രയത്നത്തിലൂടെ ഈ വിടവ് നികത്താന്‍ കഴിയണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഒരു കമ്യൂണിസ്റ്റ് നേതാവിനുണ്ടാകേണ്ട ഗുണഗണങ്ങളെല്ലാം ഒത്തിണങ്ങിയ നേതാവായിരുന്നു ചന്ദ്രപ്പന്‍ . കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാനും അതനുസരിച്ച് നിലപാടെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ദീര്‍ഘകാലമായി അറിയാമെങ്കിലും ചന്ദ്രപ്പന്റെ പ്രവര്‍ത്തനമേഖല കേരളമായി നിശ്ചയിക്കപ്പെട്ടശേഷം യോഗങ്ങളില്‍ പങ്കെടുക്കുന്ന ഘട്ടത്തിലാണ് കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിച്ചത്. കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാന്‍ എപ്പോഴും അദ്ദേഹം തയ്യാറായിരുന്നു. ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഇടതുപക്ഷ ഐക്യത്തിന്റെ രാഷ്ട്രീയപ്രാധാന്യമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. അപ്രതീക്ഷിതമായിരുന്നു ചന്ദ്രപ്പന്റെ അന്ത്യം. മാരകരോഗവുമായി ഒരു സമരം തന്നെ നടത്തുകയായിരുന്നു അദ്ദേഹം. പിറവത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് അതിന്റെ ഏറ്റവും വലിയ തെളിവാണ്. സമീപകാലത്തെ നേതൃനിരയില്‍ , ദേശീയതലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നേതാവുകൂടിയായ ചന്ദ്രപ്പന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. വിശദമായി കാര്യങ്ങള്‍ പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ശീലം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിനു മുതല്‍ക്കൂട്ടായെന്നും പിണറായി പറഞ്ഞു.

പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അനുശോചനസന്ദേശം യോഗത്തില്‍ വായിച്ചു. സിഐടിയു നേതാവ് എം എം ലോറന്‍സ്, പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ , സി ദിവാകരന്‍ , വി സുരേന്ദ്രന്‍പിള്ള, ഡോ. നീലലോഹിതദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍ , എം വിജയകുമാര്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , അഡ്വ. പി രാമചന്ദ്രന്‍ നായര്‍ , കുറ്റിയാനിക്കാട് മധു, പി കാര്‍ത്തികേയന്‍ നായര്‍ , എം എം മാഹീന്‍ , കരമന ജയന്‍ , വെഞ്ഞാറമൂട് ശശി തുടങ്ങിയവരും സംസാരിച്ചു.

deshabhimani 250312

1 comment:

  1. ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട നേതാവായിരുന്നു സി കെ ചന്ദ്രപ്പനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെട്ടെന്ന് നികത്താവുന്ന വിടവല്ല സിപിഐക്ക് ഉണ്ടായിരിക്കുന്നത്. കൂട്ടായ പ്രയത്നത്തിലൂടെ ഈ വിടവ് നികത്താന്‍ കഴിയണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

    ReplyDelete